This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളവര്‍മ പഴശ്ശിരാജ (1753-1805)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളവര്‍മ പഴശ്ശിരാജ (1753-1805)

ഇംഗ്ലീഷുകാര്‍ക്കെതിരായി പടപൊരുതി ജീവത്യാഗം ചെയ്ത മലബാറിലെ ഒരു ധീരനാടുവാഴി. കോട്ടയം രാജകുടുംബത്തില്‍പ്പെട്ട പഴശ്ശിയിലെ നാടുവാഴി എന്നനിലയില്‍ 'പഴശ്ശിത്തമ്പുരാന്‍' എന്ന പേരിലാണ് ഇദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്. 'പൈച്ചിരാജ'യെന്നും 'കൊട്ട്യോട്ടുരാജ'യെന്നുമാണ് കമ്പനിരേഖകളില്‍ കാണുന്നത്. ഇദ്ദേഹം പടിഞ്ഞാറേ കോവിലകത്ത് 1753-ല്‍ ജനിച്ചു. ഹൈദരാലി 1766-ല്‍ മലബാര്‍ ആക്രമിച്ചപ്പോള്‍ കോട്ടയം തുടങ്ങിയ രാജകുടുംബങ്ങള്‍ തിരുവനന്തപുരത്ത് അഭയം പ്രാപിച്ചു. മൈസൂര്‍ ഭരണത്തിനെതിരായ കലാപങ്ങളില്‍ കോട്ടയവും പങ്കെടുത്തു. ഇവിടെ ഈ സമരങ്ങള്‍ക്കു നേതൃത്വം കൊടുത്തത് പഴശ്ശിയായിരുന്നു. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന നിലയില്‍ രണ്ടാം ആംഗ്ലോ- മൈസൂര്‍ യുദ്ധകാലത്ത് (1780-84) തലശ്ശേരി ഇംഗ്ലീഷു ഫാക്ടറിക്കാവശ്യമായ സഹായസഹകരണങ്ങള്‍ ഇദ്ദേഹം ചെയ്തുകൊടുത്തു. സര്‍ദാര്‍ ഖാന്‍ തലശ്ശേരി ആക്രമിച്ചപ്പോള്‍ കമ്പനിക്കു തന്റെ സൈന്യങ്ങളെ പഴശ്ശി വിട്ടുകൊടുത്തു. മുട്ടുങ്ങല്‍, കുറ്റ്യാടി തുടങ്ങിയ മൈസൂറിന്റെ സൈനികപോസ്റ്റുകള്‍ ഈ സൈന്യം പിടിച്ചെടുത്തു. ഈ യുദ്ധങ്ങള്‍ക്കു ശേഷം കോട്ടയത്തു ജനക്ഷേമകരമായ ഒരു ഭരണം സ്ഥാപിക്കുന്നതിന് പഴശ്ശി പരിശ്രമിച്ചു. വീണ്ടും ആംഗ്ലോ -മൈസൂര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ 1790 മേയ് 4-ന് തലശ്ശേരിയിലെ ഇംഗ്ലീഷുമുഖ്യനില്‍ നിന്നും കോട്ടയം സംരക്ഷിക്കുന്നതിനായുള്ള ഒരു കരാര്‍ സ്വീകരിച്ചു. ഈ കരാര്‍ പ്രകാരം ബോംബെ ഗവര്‍ണര്‍ അബര്‍ കോംബ്രിയെ സഹായിക്കുവാന്‍ പഴശ്ശി ബാധ്യസ്ഥനായി. ഇദ്ദേഹത്തിന്റെ സൈന്യങ്ങളെ പഴശ്ശി കണ്ണൂര്‍വരെ അനുഗമിച്ചു. മൈസൂര്‍ സൈന്യം മലബാറില്‍ നിന്നും വിട്ടുപോയതോടെ കോട്ടയത്തു കര്‍ഷകകുടുംബങ്ങളെ കുടിയിരുത്തുവാനും കാര്‍ഷികാഭിവൃദ്ധി കൈവരിക്കുവാനും ആവശ്യമായ പദ്ധതികള്‍ ഇദ്ദേഹം ആസൂത്രണം ചെയ്തു. മലബാര്‍ 1792-ല്‍ പൂര്‍ണമായും കമ്പനിക്കു വിട്ടുകിട്ടിയതോടുകൂടി ഒരു സാമ്രാജ്യനയം കമ്പനി നടപ്പിലാക്കി.

കേരളവര്‍മ പഴശ്ശിരാജ

അധീശത്വവും നികുതിപിരിവും സംബന്ധിച്ച പുതിയ കരാറുകള്‍ കമ്പനിയുമായി പഴശ്ശിക്കും ചെയ്യേണ്ടിവന്നു. പക്ഷേ കമ്പനിയാവശ്യപ്പെട്ടപോലെ നികുതി വര്‍ധിപ്പിക്കുവാന്‍ ഇദ്ദേഹം തയ്യാറായില്ല. 'വടക്കന്‍ രാജാക്കന്മാരില്‍ വച്ച് പാട്ടിലാക്കുവാന്‍ വിഷമമുള്ള, യുക്തിയില്ലായ്മ ഏറ്റവുമധികം കാണിക്കുന്ന രാജാവ് പഴശ്ശി കേരളവര്‍മയാണ്' (ജോയിന്റ് കമ്മിഷന്‍ റിപ്പോര്‍ട്ട് ഖണ്ഡിക 136). വയനാടുള്‍പ്പെട്ട പുല്‍ക്കൂര്‍ (പൂതാടി) താലൂക്ക് ടിപ്പു കമ്പനിക്കു വിട്ടുകൊടുത്തിട്ടില്ലായിരുന്നു. ടിപ്പുവിന്റെ കിലേദാരുമായി ബന്ധപ്പെട്ടുകൊണ്ട് വയനാട്ടില്‍ തന്റെ ആധിപത്യം സ്ഥാപിക്കുവാനും പഴശ്ശി ഈ അവസരത്തില്‍ പരിശ്രമിച്ചു. ഒരു ഭാഗത്ത് ആധിപത്യം സ്ഥാപിക്കുവാന്‍ ഒരുങ്ങി നില്‍ക്കുന്ന കമ്പനി; മറുഭാഗത്ത് തന്റെ രാഷ്ട്രീയാവകാശങ്ങള്‍ നിലനിര്‍ത്തുവാന്‍ വെമ്പുന്ന പഴശ്ശി. മലബാര്‍ സൂപ്പര്‍വൈസര്‍ സ്റ്റീവന്‍സ് മലബാറിന്റെ നികുതി 1794-95 മുതല്‍ 1798-99 വരെ അഞ്ചു വര്‍ഷത്തേക്കു വീണ്ടും വ്യവസ്ഥ ചെയ്തപ്പോള്‍ കോട്ടയം പഴശ്ശിരാജാവില്‍ നിന്നും പൂര്‍ണമായി ഓഴിവാക്കി. കുറുമ്പ്രനാട്ടിലേക്കു ദത്തെടുക്കപ്പെട്ടിരുന്ന ഒരു കോട്ടയം രാജാവായ വീരവര്‍മ, താനാണു കോട്ടയത്തിന്റെ അവകാശിയെന്നു പ്രഖ്യാപിക്കുകയും കമ്പനിയുടെ നിബന്ധനകള്‍ പൂര്‍ണമായും അനുസരിക്കുവാന്‍ തയ്യാറാവുകയും ചെയ്തു. കമ്പനി പ്രതിനിധിയായ ഈ വീരവര്‍മയുടെ ഭരണവും പിരിവും ഇല്ലാതാക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ പഴശ്ശി ഏര്‍പ്പെട്ടു. അതൊരു സായുധകലാപത്തിലേക്കു നയിക്കുകയും പഴശ്ശിയെ അറസ്റ്റ് ചെയ്യുവാന്‍ ക്യാപ്റ്റന്‍ ജെയിംസ് ഗോര്‍ഡന്‍ നിയോഗിക്കപ്പെടുകയും ചെയ്തു. പഴശ്ശി കുറ്റ്യാടിചുരം പിടിച്ചെടുത്തുകൊണ്ട് വയനാടും സമതലവുമായുള്ള ബന്ധങ്ങള്‍ ഇല്ലാതാക്കി. കമ്പനിയുടെ നികുതിനയത്തിനെതിരായിരുന്ന കണ്ണോത്തു ശേഖരന്‍ നമ്പ്യാര്‍, കൈതേരി അമ്പു, കൈതേരി കമ്മാരന്‍, കൈതേരി എമ്മന്‍ തുടങ്ങിയ പ്രമാണിമാര്‍ പഴശ്ശിക്കുവോണ്ടി പടപൊരുതി. "നായര്‍ പ്രമാണിമാരും ഈ രാജ്യത്തിലെ കര്‍ഷകരും പഴശ്ശിരാജാവിനെ സംരക്ഷിക്കുവാനായി ആയുധമെടുത്തിരിക്കുകയാണ്; നമ്മളെ പുറത്തേക്കോടിക്കുവാനും എന്നും ക്യാപ്റ്റന്‍ ഇംഗ്ലിസ് റിപ്പോര്‍ട്ടു ചെയ്തു. സമാധാനം പുനഃസ്ഥാപിക്കുവാന്‍ ബോംബെ ഗവര്‍ണര്‍ ഡങ്കന്‍ മലബാറില്‍ വരുകയും 1797 ജൂല. 22-ന് കോട്ടയം ഭരണം വീരവര്‍മയില്‍ നിന്നൊഴിവാക്കിക്കൊണ്ടും പഴശ്ശിക്കു 8,000 ക. വാര്‍ഷിക ജീവനാംശം അനുവദിച്ചുകൊണ്ടും ഒരു സന്ധിയിലെത്തിച്ചേരുകയും ചെയ്തു.

ടിപ്പുവിനെ വധിച്ചുകൊണ്ട് 1799-ല്‍ കമ്പനി വയനാട് പിടിച്ചെടുത്തപ്പോള്‍ വീണ്ടും പഴശ്ശിയുമായി ഒരു സംഘട്ടനത്തിലെത്തി. കുറിച്ച്യര്‍, കുറുമര്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാര്‍ പഴശ്ശിക്കുവേണ്ടി ആയുധമെടുത്തു. ഒരു ഘട്ടത്തില്‍ കമ്പനിയുടെ സൈനികനടപടികള്‍ക്കു നേതൃത്വം കൊടുത്തത് കേണല്‍ ആര്‍തര്‍ വെല്ലസ്ലി ആയിരുന്നു. മക്ലിയോഡ് മലബാര്‍ കളക്ടര്‍ ആയപ്പോള്‍ നാണയവിനിമയ നിരക്ക് വര്‍ധിപ്പിക്കുകയുണ്ടായി. ഇതു കര്‍ഷകരില്‍ വലിയ അസന്തുഷ്ടിയുണ്ടാക്കി. പഴശ്ശികലാപത്തില്‍ അനേകം കര്‍ഷകര്‍ പങ്കെടുത്തു. ഉണ്ണിമൂത്ത, അത്തന്‍ഗുരിക്കള്‍ തുടങ്ങിയ മാപ്പിള പ്രമാണിമാര്‍ പഴശ്ശിയെ സഹായിച്ചു. കമ്പനി പട്ടാളനിയമം നടപ്പിലാക്കിയും മികച്ച ആയുധശക്തി പ്രയോഗിച്ചും മറ്റു മലബാര്‍ രാജാക്കന്മാരുടെ സഹായമാര്‍ജിച്ചും ഈ കലാപങ്ങളടിച്ചമര്‍ത്തി. പുല്പള്ളിയിലെ മാവിലത്തോട്ടില്‍ വച്ച് മലബാര്‍ സബ്കളക്ടര്‍ ബേബറുടെ ശിപായിമാരുമായി ഏറ്റുമുട്ടിക്കൊണ്ടു 1805 ന. 30-ന് പഴശ്ശി വീരചരമം പ്രാപിച്ചു. ജീവനോടെ ശത്രുഹസ്തത്തില്‍ പെടരുതെന്നു ദൃഢനിശ്ചയം ചെയ്തിരുന്ന പഴശ്ശി തമ്പുരാന്‍ തന്നെ ശത്രുക്കള്‍ പിടികൂടുമെന്നു തീര്‍ച്ചയായപ്പോള്‍ രത്നമോതിരത്തിലെ രത്നം അടര്‍ത്തിയെടുത്തുവിഴുങ്ങിമരിച്ചു എന്നാണ് (പഴമക്കാര്‍ പറഞ്ഞുവരുന്നത്) കേട്ടുകേള്‍വി. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം മാനന്തവാടിയില്‍ സംസ്കരിക്കപ്പെട്ടു. ബേബര്‍ തന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി: 'കമ്പനിക്കെതിരായി ഏതാണ്ട് ഒമ്പതുവര്‍ഷത്തിലധികം കാലം സമരനടപടികള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞ ഒരു മനുഷ്യന്റെ ജീവിതചര്യ അങ്ങനെ അവസാനിച്ചു. അതിനിടയില്‍ ആയിരക്കണക്കില്‍ വിലപ്പെട്ട ജീവത്യാഗങ്ങളും എല്ലാവിധ കണക്കുകൂട്ടലിനുമപ്പുറം വരുന്ന സമ്പദ് വ്യയവും ആവശ്യമായിവന്നു.... അദ്ദേഹത്തെപ്പറ്റി ഇന്ത്യയിലും ഇംഗ്ലണ്ടിലുമുള്ള രേഖകള്‍ വരുംതലമുറയ്ക്ക് ഏതാണ്ടൊരു സങ്കല്പമുണ്ടാക്കാനുപകരിക്കും'.

ഈ സമരങ്ങളില്‍ പങ്കെടുത്ത പ്രധാന വര്‍ഗങ്ങള്‍ നാട്ടുപ്രമാണിമാരും ജന്മിമാരും കര്‍ഷകരും ചെറുകിടവ്യാപാരികളും മറ്റുമായിരുന്നു. ഏതാണ്ട് പത്തുവര്‍ഷം നീണ്ടുനിന്ന ഈ കലാപങ്ങള്‍ക്കു കാര്‍ഷികകലാപങ്ങളുടെ സ്വഭാവം കാണാം. അവയുടെ നേതൃത്വം പഴശ്ശിയില്‍ നിക്ഷിപ്തമായി. ഇരുപതാം നൂറ്റാണ്ടില്‍ നമ്മുടെ ദേശീയപ്രസ്ഥാനത്തെ ശക്തമാക്കുന്നതില്‍ ആശയപരമായ ഒരു പങ്കു വഹിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ സമരങ്ങളായിരുന്നു.

(ഡോ. കെ.കെ.എന്‍. കുറുപ്പ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍