This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളവര്‍മ, സി.ആര്‍. (1913-81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളവര്‍മ, സി.ആര്‍. (1913-81)

സി.ആര്‍.കേരളവര്‍മ

ഉപന്യാസകാരനും ഹാസ്യസാഹിത്യകാരനും. പരുത്തിപ്ര തെക്കേപ്പാട്ടു കൃഷ്ണന്‍ നമ്പൂതിരിയുടെയും കുഞ്ചിനമ്പിഷ്ഠാതിരിയുടെയും പുത്രനായി 1913 ഒ. 14-ന് ഇടപ്പള്ളി പൂക്കോട്ടു മഠത്തില്‍ ജനിച്ചു. ഇടപ്പള്ളിയിലും തൃപ്പൂണിത്തുറയിലും സ്കൂള്‍ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ് കോളജിലും തിരുവനന്തപുരം മഹാരാജാസ് കോളജിലും ഉന്നതവിദ്യാഭ്യാസവും നടത്തി. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛികവിഷയമായെടുത്തു ബി.എ. ഓണേഴ്സ് പരീക്ഷയില്‍ ഒന്നാമനായി പാസായി രാമറാവുസ്വര്‍ണമെഡല്‍ നേടി. തുടര്‍ന്ന് ഇദ്ദേഹം തൃപ്പൂണിത്തുറ, നെന്മാറ, ചിറ്റൂര്‍ എന്നീ ഹൈസ്കൂളുകളില്‍ അധ്യാപകനായും ഒരുകൊല്ലം ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ ലക്ചററായും ജോലി നോക്കി. 1943 മുതല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ ലക്ചററായും പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. 1973-ല്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചതിനുശേഷം ഇടപ്പള്ളിയില്‍ സ്ഥിരതാമസമാക്കി.

ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ അവഗാഹം നേടിയിരുന്ന ഇദ്ദേഹം ചെറുകഥ, ഉപന്യാസം, രേഖാചിത്രം എന്നീ സാഹിത്യവിഭാഗങ്ങളിലായി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. നെയ്യുണ്ണി മൂപ്പീന്ന്, വയ്യാവേലി, നന്നാവില്ലെന്നോ എന്നീ മൂന്നു ഹാസ്യനോവലുകളും ഫ്രേസറുടെ ദ ഗോള്‍ഡന്‍ ബൗ എന്ന കൃതിക്ക് മതവും മന്ത്രവാദവും എന്ന പേരില്‍ ഒരു വിവര്‍ത്തനവും ഒന്നാം ക്ലാസ്, ഭംഗി, ഓണക്കാലം, സാരമില്ല മുതലായ ആറു ചെറുകഥാസമാഹാരങ്ങളും ചിരി, ചിരിയും കരച്ചിലും എന്നീ നിരൂപണഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ കൃതികളാണ്. ഇദ്ദേഹത്തിന്റെ പോസ്തുമസ് പേപ്പേഴ്സ് (Posthumous Papers) എന്ന ഇംഗ്ലീഷ് ഉപന്യാസസമാഹാരം മരണാനന്തരം പ്രസിദ്ധീകൃതമായി. 'വിക്രമന്‍' എന്ന തൂലികാ നാമത്തില്‍ ഫലിതലേഖനങ്ങള്‍ എഴുതിയിരുന്ന സി.ആര്‍. കേരളവര്‍മയുടെ ഫലിതം ആലോചനാമൃതമാണ്. ഇദ്ദേഹം 1981 ഏ. 8-ന് അന്തരിച്ചു.

(ഡോ. കെ. രത്നമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍