This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളവര്‍മ, മാവേലിക്കര (1791-1824)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളവര്‍മ, മാവേലിക്കര (1791-1824)

തിരുവിതാംകൂറിലെ അവിട്ടംതിരുനാള്‍ ബാലരാമവര്‍മയുടെ (ഭ.കാ. 1798-1810) അനന്തരാവകാശിയായ ഇളയരാജാവ്. ബാലരാമവര്‍മയുടെ നിര്യാണത്തെത്തുടര്‍ന്ന് രാജ്യാവകാശിയായ കേരളവര്‍മ മുറപ്രകാരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ പടിയേറ്റവും മാതുലന്റെ ശേഷക്രിയകളും നടത്തി രാജാവായി നടപടികള്‍ തുടങ്ങി. എന്നാല്‍ ബ്രിട്ടീഷുകാര്‍ അക്കാര്യത്തില്‍ കൈകടത്തി. അവര്‍ യഥാര്‍ഥാവകാശിയെ ബഹിഷ്കരിക്കാന്‍ പരിപാടി തയ്യാറാക്കി. ബ്രിട്ടീഷ്വൈരിയാണ് കേരളവര്‍മയെന്ന് മണ്‍റോ കല്‍ക്കട്ടയ്ക്ക് എഴുതി.

1798-ല്‍ ഏഴു വയസ്സുള്ളപ്പോഴാണ് കേരളവര്‍മയെ ദത്തെടുത്തത്. ചൗളവും ഉപനയനവും നടത്തി ആ രാജകുമാരനെ അനന്തരാവകാശിയെന്നു പ്രഖ്യാപനം ചെയ്തു. അന്നു മുതല്‍ 1810 വരെ രാജ്യാവകാശിയായിത്തന്നെ കഴിഞ്ഞു. ഇളയരാജാവിന്റെ അവകാശങ്ങളെല്ലാം മുറപ്രകാരം അനുഭവിച്ചു വന്നു. മുന്‍നടപടികളെയെല്ലാം മറയത്തു തള്ളിയിട്ട് മദ്രാസ് ഗവണ്‍മെന്റ് കേരളവര്‍മ രാജ്യാവകാശിയല്ലെന്നു പ്രഖ്യാപിക്കുകയും പട്ടാള അകമ്പടിയോടുകൂടി ഇദ്ദേഹത്തെ തലശ്ശേരിക്കയയ്ക്കുകയും ചെയ്തു.

റാണി ലക്ഷ്മിഭായിയെ തിരുവിതാംകൂര്‍ റാണിയായി മണ്‍റോ പ്രഖ്യാപിച്ചു. അതിനുമുമ്പ് തൃശൂര്‍ നടുവിലേമഠം സ്വാമിയാര്‍ അടങ്ങിയ മുപ്പത്തിമൂന്നു പ്രാമാണികന്മാരെ വിളിച്ചുകൂട്ടി ആരാണ് അടുത്ത അവകാശിയെന്ന് ആരാഞ്ഞു. അവര്‍ നിസ്സന്ദേഹം പ്രസ്താവിച്ചു. കേരളവര്‍മയാണ് അടുത്ത അവകാശിയെന്ന്. അത് മണ്‍റോയ്ക്കു തൃപ്തികരമാകാത്തതുകൊണ്ട് രണ്ടാമതു നാല്പത്തിയൊന്നു പേരെ വിളിച്ചുകൂട്ടി യഥാര്‍ഥാവകാശി റാണി ലക്ഷ്മീഭായി ആണെന്ന് മണ്ഡപത്തിലെ വെള്ളിമണി പിടിച്ചുസത്യം ചെയ്യിച്ചു പറയിച്ചു.

കേരളവര്‍മയെ ബഹിഷ്കരിച്ച് തലശ്ശേരി കളക്ടര്‍ ബേബറുടെ മേല്‍നോട്ടത്തിലാണ് ആദ്യം തടങ്കലില്‍ പാര്‍പ്പിച്ചത്. താമസിയാതെ ഇദ്ദേഹത്തെ അവിടെനിന്നും ചെങ്കല്‍പ്പേട്ട കളക്ടര്‍ ബാബിന്റെ മേല്‍നോട്ടത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു.

കേരളവര്‍മ നീതിക്കുവേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിലെ ഉന്നതാധികാരികളോടെല്ലാം അഭ്യര്‍ഥിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. 1824-ല്‍ ഇദ്ദേഹം അന്തരിച്ചു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍