This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളമിത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളമിത്രം

പത്തൊമ്പതാം ശതകത്തില്‍ കൊച്ചിയില്‍ നിന്നു മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു വാരിക. ഗുജറാത്ത് സ്വദേശിയും വാണിജ്യപ്രമുഖനുമായ ദേവ്ജി ഭീമ്ജി (1829-94) ആയിരുന്നു ഇതിന്റെ സ്ഥാപകന്‍. കേരളമിത്രം എന്ന പേരില്‍ ഇദ്ദേഹം മട്ടാഞ്ചേരിയില്‍ നടത്തിവന്ന ലിത്തോഗ്രാഫിക് പ്രസ്സില്‍ ഹിന്ദുമതഗ്രന്ഥങ്ങളാണ് പ്രധാനമായും അച്ചടിച്ചിരുന്നത്. പിന്നീട് ഇദ്ദേഹം ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് വലിയ ഒരു കൊളംബിയന്‍ പ്രസ്സും മറ്റു സാമഗ്രികളും സജ്ജമാക്കി നവീനരീതിയില്‍ മറ്റൊരു മുദ്രണാലയം തുടങ്ങി. ഇവിടെ നിന്ന് വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രം ആരംഭിച്ചു. കുറച്ചുകാലത്തിനുശേഷം ഈ പത്രവുമായുള്ള ബന്ധം വേര്‍പെടുത്തിയ ഭീമ്ജി തന്റെ കേരളമിത്രം പ്രസ്സിലെ സജ്ജീകരണങ്ങള്‍ വിപുലീകരിച്ചു. അന്ന് കൊച്ചി രാജ്യത്തു ഭരണതലത്തില്‍ നടന്നുവന്നിരുന്ന അഴിമതികളും തന്നിമിത്തം ജനങ്ങള്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങളും വെളിച്ചത്തു കൊണ്ടുവരുന്നതിനുവേണ്ടി ഒരു വര്‍ത്തമാനപത്രം തുടങ്ങണമെന്നു ഭീമ്ജി ആഗ്രഹിച്ചു. അതിന്റെ ഫലമായാണ് 1881 ജനുവരി മുതല്‍ പ്രതിവാരപ്പതിപ്പായി കേരളമിത്രം ആരംഭിച്ചത്. പില്ക്കാലത്ത് മലയാളമനോരമയുടെ സ്ഥാപകനായിത്തീര്‍ന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയായിരുന്നു കേരളമിത്രത്തിന്റെ പ്രഥമപത്രാധിപര്‍ (1881-85). ഇദ്ദേഹത്തിനു ശേഷം പത്രാധിപത്യം വഹിച്ചിരുന്നത് കെ. രാമന്‍പിള്ളയും കുഞ്ഞുണ്ണി ആശാനുമായിരുന്നു. ഭീമ്ജിയുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ അവകാശികളുടെ ചുമതലയില്‍ ഇതിന്റെ പ്രസിദ്ധീകരണം തുടര്‍ന്നെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മുടങ്ങിപ്പോയി.

ഉള്ളടക്കത്തിന്റെ വ്യത്യസ്തതയിലും മലയാളത്തിലെ ആദ്യത്തെ വാരിക എന്ന നിലയിലും കേരളമിത്രം സവിശേഷതയാര്‍ജിച്ചിരുന്നു. ലോകവാര്‍ത്തകള്‍, വൈജ്ഞാനികലേഖനങ്ങള്‍, വിമര്‍ശനങ്ങള്‍, സാഹിത്യപരമായ സംവാദങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ സ്ഥാനം പിടിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍