This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളനിയമസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളനിയമസഭ

കേരള നിയമസഭ മന്ദിരം

കേരള സംസ്ഥാനത്തെ പരമോന്നത നിയമനിര്‍മാണ സഭ. സംസ്ഥാന നിയമസഭയും ഗവര്‍ണറും ഉള്‍ക്കൊള്ളുന്നതാണ് നിയമനിര്‍മാണ സംവിധാനം. നിയമസഭയിലെ അംഗങ്ങളെ ജനങ്ങള്‍ നേരിട്ട് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. കേരള നിയമസഭയില്‍ നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളും ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍നിന്ന് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ഒരംഗവുമാണുള്ളത്. നിയമസഭ വിളിച്ചുചേര്‍ക്കാനും, നിര്‍ത്തിവയ്ക്കാനും പിരിച്ചുവിടാനുമുള്ള അധികാരം ഭരണഘടന അനുസരിച്ച് ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്നു. നിയമസഭയിലെ അംഗങ്ങളില്‍ നിന്ന് ഭൂരിപക്ഷതീരുമാനമനുസരിച്ച് സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നു. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറോ, അദ്ദേഹത്തിന്റെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കറോ, ചെയര്‍മാന്മാരുടെ പാനലിലെ അംഗമോ ആണ്. മുഖ്യമന്ത്രിയാണ് സഭാനേതാവ്. പ്രതിപക്ഷ കക്ഷികളില്‍ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ അംഗീകരിക്കുന്നു.

നിയമസഭയുടെ കാലാവധി അഞ്ചുവര്‍ഷമാണ്. പ്രഥമസമ്മേളനത്തിന്റെ ആദ്യദിവസം മുതല്‍ ഈ കാലാവധി കണക്കാക്കുന്നു. എന്നാല്‍ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളില്‍ നിയമസഭയുടെ കാലയളവ് ഒരു സമയം ഒരുവര്‍ഷംവരെ ദീര്‍ഘിപ്പിക്കാന്‍ നിയമനിര്‍മാണത്തിലൂടെ പാര്‍ലമെന്റിന് അധികാരമുണ്ട്.

സംസ്ഥാന പുനഃസംവിധാനപ്രകാരം 1956 ന. 1-ന് കേരള സംസ്ഥാനം രൂപം പ്രാപിച്ചുവെങ്കിലും ചരിത്ര പ്രധാനമായ ആ അവസരത്തില്‍ കേരളത്തില്‍ ഒരു നിയമസഭ നിലവിലില്ലായിരുന്നു. കേരളത്തിന്റെ ഭാഗമായിത്തീര്‍ന്ന തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്ത് 1956 മാര്‍ച്ച് 23 മുതല്‍ക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പുതിയ സംസ്ഥാനവും ആ ഭരണത്തിന്‍ കീഴിലായി. 1957-ലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഏപ്രില്‍ 1-ാം തീയതി ആണ് കേരളത്തില്‍ ആദ്യമായി ഒരു നിയമസഭ രൂപം കൊണ്ടത്.

കേരളം പിറന്നവേളയില്‍ ഒരു നിയമസഭയില്ലാതെ പോയെങ്കിലും കേരളീയര്‍ക്ക് ഉന്നതമായ ജനാധിപത്യ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയും. 1949 ജൂല. 1 വരെ രണ്ടു വ്യത്യസ്ത സംസ്ഥാനങ്ങളായി നിലക്കൊണ്ടിരുന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിയമനിര്‍മാണ സഭകള്‍ക്ക് അതിദീര്‍ഘവും അഭിമാനാര്‍ഹവുമായ ചരിത്രമാണുള്ളത്.

1888-ലെ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍. ശ്രീമൂലം തിരുനാള്‍ രാജാവ് തിരുവിതാംകൂര്‍ രാജ്യം ഭരിച്ചിരുന്ന കാലത്താണ് ഒരു നിയമനിര്‍മാണ സഭ രൂപവത്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ചെറുതും വലുതുമായ അറുനൂറില്‍പ്പരം നാട്ടുരാജ്യങ്ങള്‍ ചിതറിക്കിടന്നിരുന്ന ഇന്ത്യയെന്ന ഉപഭൂഖണ്ഡത്തിന്റെ ദക്ഷിണകോണില്‍ സ്ഥിതി ചെയ്തിരുന്ന തിരുവിതാംകൂറിലാണ് ആദ്യമായി ഒരു നിയമനിര്‍മ്മാണസഭ ഉദയം ചെയ്തത്. പരിഷ്കൃതാശയനായ ഒരു രാജാവിന്റെ മഹാമനസ്കത മാത്രമല്ല ഇതിനു കാരണം; വിദ്യാഭ്യാസത്തിലും സാമൂഹികാവബോധത്തിലും മുന്നിട്ടുനിന്നിരുന്ന തിരുവിതാംകൂറിലെ ഉദ്ബുദ്ധരായ ജനങ്ങളുടെ നിരന്തരവും നിര്‍ബന്ധപൂര്‍വവുമായ അഭ്യര്‍ഥനയുടെ പരിണതഫലമാണ് മൂന്ന് അനുദ്യോഗസ്ഥാംഗങ്ങളും അഞ്ച് ഉദ്യോഗസ്ഥാംഗങ്ങളും അടങ്ങുന്ന ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ രൂപവത്കരണം.

കൗണ്‍സിലിന്റെ പ്രഥമസമ്മേളനം 1888 ആഗ. 23-നു ഉച്ചയ്ക്ക് 12 മണിക്ക് ദിവാന്‍ജിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ആഫീസുമുറിയില്‍ ചേര്‍ന്നു. നിയമനിര്‍മാണകാര്യത്തില്‍ ഗവണ്‍മെന്റിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയായിരുന്നു കൗണ്‍സിലിന്റെ ചുമതല. കൗണ്‍സില്‍ രൂപം നല്‍കുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ അതിനു രാജാവിന്റെ അനുമതി ലഭിച്ചിരിക്കണമെന്നുണ്ടായിരുന്നു.

സ്വാതന്ത്ര്യരേച്ഛുക്കളായ ജനങ്ങളുടെ ജനകീയ ഭരണസ്ഥാപനത്തിനുവേണ്ടിയുള്ള ഉത്കടമായ അഭിവാഞ്ച്ഛയെയും അഭിനിവേശത്തെയും ഏറെക്കാലം തടഞ്ഞുനിര്‍ത്തുവാന്‍ ഒരു ശക്തിക്കും സാധ്യമല്ല. ജനകീയാഭിലാഷ പ്രകടനം ശക്തിമത്തായിത്തീര്‍ന്നപ്പോള്‍ രാജാവിനു കൗണ്‍സിലിന്റെ ഘടനയിലും അധികാര പരിധിയിലും കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു.

തിരുവിതാംകൂറിലെ ജനകീയപ്രക്ഷോഭങ്ങള്‍ക്ക് നാന്ദികുറിച്ച മലയാളിമെമ്മോറിയല്‍ സമര്‍പ്പണത്തെത്തുടര്‍ന്ന് 1898-ല്‍ കൗണ്‍സിലിന്റെ അംഗസംഖ്യ പരമാവധി പതിനഞ്ചായി ഉയര്‍ത്തി. 1913-ല്‍ മാത്രമാണ് പരമാവധി അംഗസംഖ്യയില്‍ എത്തിയത്; എട്ട് ഉദ്യോഗസ്ഥന്മാരും ഏഴ് അനുദ്യോഗസ്ഥന്മാരും. 1904-ല്‍ ശ്രീമൂലം തിരുനാള്‍ രാജാവ്, ഭരണവുമായി പരിമിതമായ തോതിലെങ്കിലും ജനങ്ങളെ ബന്ധപ്പെടുന്നതിന്, കൗണ്‍സിലിനു പുറമേ 100 അംഗങ്ങളുള്ള ശ്രീമൂലം പോപ്പുലര്‍ അസംബ്ലി (ശ്രീമൂലം പ്രജാസഭ) സ്ഥാപിച്ചത് നിയമസഭാചരിത്രത്തിലെ സുപ്രധാന സംഭവമാണ്. ശ്രീമൂലം പോപ്പുലര്‍ അസംബ്ലിയുടെ ആദ്യയോഗം 1904 ഒ. 22-ന് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ചേര്‍ന്നു.

സാമാന്യജനങ്ങള്‍ അവരുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരായി തുടങ്ങിയിരുന്നുവെങ്കിലും അവ അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടി പ്രക്ഷോഭണമാര്‍ഗം അവലംബിക്കാന്‍ സന്നദ്ധത കാട്ടിയിരുന്നില്ല. അതിനാല്‍ സമൂഹത്തില്‍ പ്രമാണിമാരായി പ്രത്യക്ഷപ്പെട്ടിരുന്നത് ഭൂവുടമകളും വ്യാപാരപ്രമുഖരുമായിരുന്നു. ഭരണം സുഗമമായി നടത്തുവാന്‍ അവരുടെ അഭിപ്രായങ്ങള്‍ ആരായേണ്ടതും ആവശ്യങ്ങള്‍ ഒരതിര്‍ത്തിവരെ അംഗീകരിക്കേണ്ടതായും അന്നത്തെ നിലയ്ക്ക് അനിവാര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീമൂലം പ്രജാസഭ രൂപവത്കൃതമായത്. നൂറു അംഗങ്ങളുള്ള പ്രജാസഭയില്‍ ഭൂവുടമകളുടെയും വര്‍ത്തകരുടെയും പ്രതിനിധികളായിരുന്നു ഭൂരിപക്ഷവും. വര്‍ഷത്തിലൊരിക്കല്‍ മാത്രം സമ്മേളിച്ചിരുന്ന സഭയ്ക്ക് നിയമനിര്‍മാണാധികാരം നല്‍കിയിരുന്നില്ല. ആദ്യവര്‍ഷം അംഗങ്ങളെ എല്ലാം ദിവാന്‍പേഷ്കാര്‍ തിരഞ്ഞെടുക്കുകയായിരുന്നു. 1905 ഒക്ടോബറിലെ സഭ മുതല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ജനങ്ങള്‍ക്കു ലഭിച്ചു. 1905 ആഗസ്റ്റില്‍ ആദ്യതിരഞ്ഞെടുപ്പ് നടന്നു. വനിതകള്‍ക്ക് ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളാകാനും പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുമുള്ള അവകാശം 1930-ല്‍ ലഭിച്ചു.

കൗണ്‍സിലിന്റെ അംഗസംഖ്യ 1919-ല്‍ ഇരുപത്തഞ്ചായി വര്‍ധിപ്പിച്ചു. എട്ടുപേര്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. 1920-ല്‍ ആദ്യതിരഞ്ഞെടുപ്പ് നടന്നു. 1921-ല്‍ അംഗസംഖ്യ 50 ആയി വര്‍ധിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 28 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട 22 പേരുമാണ് ഉണ്ടായിരുന്നത്. 1922-ലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് ഇദംപ്രഥമമായി സമ്മതിദാനത്തിനും സാമാജിക സ്ഥാനത്തിനും അര്‍ഹത ലഭിച്ചു. ഭൂനികുതിയായോ തൊഴില്‍ക്കരമായോ അഞ്ചു രൂപ 'കരം തീരുവ'യുള്ളവര്‍ക്കും സര്‍വകലാശാലാ ബിരുദധാരികള്‍ക്കും മാത്രമായിരുന്നു വോട്ടവകാശം. നിയമനിര്‍മാണാധികാരം കൂടാതെ, ബജറ്റ് വ്യവസ്ഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള അവകാശവും കൗണ്‍സിലംഗങ്ങള്‍ക്കു നല്‍കിയിരുന്നു. 1932 വരെ ഈ നില തുടര്‍ന്നു.

ശ്രീമൂലം അസംബ്ലിയും ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സിലും. ശ്രീ ചിത്തിരതിരുനാള്‍ രാജാവ് ഭരണം ഏറ്റെടുത്ത് അധികകാലം കഴിയുന്നതിനു മുമ്പായി നിയമനിര്‍മാണസഭയുടെ രൂപഭാവങ്ങളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. 1933 ജനു. 1-ന് ശ്രീമൂലം അസംബ്ലി (അധോമണ്ഡലം); ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ (ഉപരിമണ്ഡലം) എന്നീ പേരുകളില്‍ അറിയപ്പെട്ട ദ്വിമണ്ഡലസംവിധാനം നിലവില്‍വന്നു. 72 അംഗങ്ങളുള്ള ശ്രീമൂലം അസംബ്ലിയിലും 37 അംഗങ്ങളുള്ള ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സിലിലും അനുദ്യോഗസ്ഥാംഗങ്ങള്‍ക്കായിരുന്നു ഭൂരിപക്ഷം. അസംബ്ലിയിലെ 62 അനുദ്യോഗസ്ഥാംഗങ്ങളില്‍ 43 പേരും കൗണ്‍സിലിലെ 27 അനുദ്യോഗസ്ഥാംഗങ്ങളില്‍ 22 പേരും നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു. വോട്ടവകാശം കുറേക്കൂടി വിപുലപ്പെടുത്തുകയും ചെയ്തു. ഇരുസഭകളുടെയും എക്സ്-ഒഫീഷ്യോ ചെയര്‍മാന്‍ ദിവാനായിരുന്നു. ശ്രീമൂലം അസംബ്ലിയുടെ അവസാന സമ്മേളനം 1938 ആഗ. 6-ന് വി.ജെ.ടി. ഹാളില്‍ വച്ചുനടന്നു. സെക്രട്ടേറിയറ്റ് മന്ദിരത്തിലെ അസംബ്ലി ഹാളില്‍ വച്ചുള്ള അസംബ്ലിയുടെ പ്രഥമ സമ്മേളനം 1939 ഫെ. 9-ന് ചേര്‍ന്നു. ദ്വിമണ്ഡല സംവിധാനം 1947 സെപ്. 4-ന് മഹാരാജാവ് ഉത്തരവാദഭരണ പ്രഖ്യാപനം നടത്തുന്നതുവരെ തുടര്‍ന്നു. 1948 ഫെബ്രുവരിയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലമായി തിരുവിതാംകൂര്‍ പ്രതിനിധിസഭ എന്ന പേരില്‍ 120 അംഗ ഭരണഘടനാ നിര്‍മാണ സഭ രൂപീകൃതമായി. 1948 മാ. 24-ലെ വിളംബരപ്രകാരം പ്രതിനിധി സഭയെ നിയമസഭയായികൂടി അംഗീകരിച്ചു.

എ.ജെ. ജോണ്‍

സ്ഥിരാധ്യക്ഷനായ ദിവാന്‍ പ്രസിഡന്റിനെക്കൂടാതെ അസംബ്ലിക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു ഡെപ്യൂട്ടി പ്രസിഡന്റും ഉണ്ടായിരുന്നു. നിയമസഭാവേദിയില്‍ അംഗങ്ങള്‍ക്ക് എന്ത് അഭിപ്രായവുംസ്വതന്ത്രമായും നിര്‍ഭയമായും പ്രകടിപ്പിക്കാനുള്ള പരിപൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ബജറ്റിലെ വ്യവസ്ഥകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മാത്രമല്ല, ധനാഭ്യര്‍ഥനകള്‍ക്കെതിരായി വോട്ടു ചെയ്യാനും സഭയ്ക്ക് അധികാരം ഉണ്ടായിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശം വിനിയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭ തിരുവിതാംകൂറില്‍ നിലവില്‍ വന്നത് 1948 മാ. 20-ന് ആണ്. എ.ജെ. ജോണായിരുന്നു പ്രതിനിധിസഭയുടെ പ്രഥമയോഗത്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. 1948 മാ. 24-ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി അധികാരമേറ്റു. അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്ന് 1948 ഒ. 22-ന് പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തി. നിയമസഭയുടെ ഘടനയിലും അവകാശാധികാരപരിധി കല്പനയിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ മറ്റു പല നാട്ടുരാജ്യങ്ങളുടെയും മുന്നിലായിരുന്നു.

കൊച്ചിയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍. തിരുവിതാംകൂറിലെപ്പോലെ കൊച്ചിയിലും നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള എല്ലാ അധികാരങ്ങളും രാജാവില്‍ നിക്ഷിപ്തമായിരുന്നു.തിരുവിതാംകൂറില്‍ നടന്ന പ്രഥമ പരീക്ഷണത്തിനുശേഷം ഏകദേശം 37 വര്‍ഷം കഴിഞ്ഞാണ് കൊച്ചിയില്‍ ഒരു നിയമനിര്‍മാണസഭ രൂപംകൊണ്ടത്. എങ്കിലും തിരുവിതാംകൂറില്‍ ലഭിക്കാതിരുന്ന പല അധികാരങ്ങളും കൊച്ചിയിലെ നിയമനിര്‍മാണ സഭയ്ക്ക് തുടക്കത്തില്‍ത്തന്നെ വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നു. 1925-ല്‍ 45 അംഗങ്ങളുള്ള ആദ്യത്തെ ലെജിസ്ലേറ്റീവ് നിലവില്‍വന്നു. അതില്‍ 30 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും 15 പേര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. കൗണ്‍സിലില്‍ 30 പേരും സമ്മതിദായകര്‍ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു. പക്ഷേ സമ്മതിദാനാവകാശം ജന്മിമാരിലും തോട്ടമുടമകളിലും വ്യാപാരികളിലും വ്യവസായികളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ബജറ്റ് ചര്‍ച്ചചെയ്യുന്നതിനും പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിനും മറ്റും അംഗങ്ങള്‍ക്കു പൂര്‍ണമായ അവകാശമുണ്ടായിരുന്നു.

കൊച്ചി നിയമസഭമന്ദിരം

1935-ല്‍ നടപ്പില്‍ വരുത്തിയ ഭരണപരിഷ്കാര നടപടികളനുസരിച്ച് കൗണ്‍സിലിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുകയും അധികാരങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. രാഷ്ട്രനിര്‍മാണ കാര്യങ്ങളില്‍ ഗവണ്‍മെന്റിന് ആവശ്യമായ ഉപദേശം നല്‍കുവാനായി കൗണ്‍സിലിലെ അംഗങ്ങള്‍ (മൂന്നുപേര്‍ വീതം) അടങ്ങിയ നാലു കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചത് അന്നു പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. മൂന്നുവര്‍ഷം കഴിഞ്ഞ് 1938-ല്‍ ഡയാര്‍ക്കി സംവിധാനം നടപ്പിലാക്കിയതോടെ കൊച്ചിസംസ്ഥാനം ഭരണപരിഷ്കാരകാര്യത്തില്‍ നാട്ടുരാജ്യങ്ങളുടെ മുന്‍പന്തിയിലെത്തി. നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട ഒരംഗത്തെ (അമ്പാട്ട് ശിവരാമമേനോന്‍) മന്ത്രിയായി നിയമിക്കുവാനും ഭരണച്ചുമതല ഏല്പിക്കുവാനും രാജാവ് മുതിര്‍ന്നത് ജനകീയ യുഗത്തിന്റെ പറവിയായി ഉദ്ഘോഷിക്കപ്പെട്ടു. നിയമസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ പതിനൊന്നു പേര്‍ മാത്രമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ഒരു വര്‍ഷം മുമ്പ്, 1946-ല്‍ ദീര്‍ഘവീക്ഷണത്തോടെ കൊച്ചി രാജാവ് മന്ത്രിമാരുടെ എണ്ണം നാലായി വര്‍ധിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസം, പൊതുമരാമത്ത്, പൊതുജനാരോഗ്യം, ഭക്ഷ്യം, ഭൂനികുതി തുടങ്ങിയ എല്ലാ പ്രധാനവകുപ്പുകളുടെയും ചുമതല അവരെ ഏല്പിക്കുകയും ചെയ്തു. 1947 ആഗ. 14-ന് കൊച്ചിയില്‍ ഉത്തരവാദഭരണം അനുവദിക്കപ്പെട്ടു. 1947 സെപ്. 1-ന് പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍ വന്നു. തുടര്‍ന്ന് ഒ. 27-ന് ടി.കെ. നായര്‍ പ്രധാനമന്ത്രിയായി. 1948-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തിക്കൊണ്ട് ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ ലെജിസ്ലേറ്റീവ് അസംബ്ലിയായി പ്രഖ്യാപിക്കുകയും പിന്നീട് നടന്ന പൊതുതിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇക്കണ്ടവാര്യരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1948 സെപ്. 20-ന് അധികാരമേല്ക്കുകയും ചെയ്തു. തിരുവിതാംകൂര്‍-കൊച്ചി സംയോജനം വരെയും ഈ സംവിധാനം തുടര്‍ന്നു.

ടി.എം.വര്‍ഗീസ്
സി.കേശവന്‍

തിരുവിതാംകൂര്‍-കൊച്ചി നിയമസഭ. തിരുവിതാംകൂര്‍ രാജാവിനെ രാജ്യത്തലവനാക്കിക്കൊണ്ട് (രാജപ്രമുഖ്) 1949 ജൂല. 1-ന് തിരുവിതാംകൂര്‍-കൊച്ചി ഏകീകരണം നടന്നു. സംയോജനത്തിനുശേഷം രൂപം പൂണ്ട തിരുവിതാംകൂര്‍-കൊച്ചി നിയമസഭയില്‍ തിരുവിതാംകൂര്‍ പ്രതിനിധിസഭയിലെ 120 പേരും കൊച്ചി നിയമസഭയിലുണ്ടായിരുന്ന 58 പേരും അംഗങ്ങളായിരുന്നു. 1949 ജൂല. 11-ന് ആണ് തിരുവിതാംകൂര്‍-കൊച്ചി നിയമസഭയുടെ പ്രഥമയോഗം ചേര്‍ന്നത്. ഏകീകരിക്കപ്പെട്ട തിരുവിതാംകൂര്‍-കൊച്ചി രാജ്യത്തിന്റെ മുഖ്യമന്ത്രിയായി പറവൂര്‍ ടി.കെ. നാരായണപിള്ള സ്ഥാനമേല്ക്കുകയും സഭയുടെ ആദ്യസ്പീക്കറായി ടി.എം. വര്‍ഗീസ് 1949 ജൂല. 11-ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1951 ഫെ. 24-ന് രാജിവച്ചു. 1951 മാ. 3-ന് സ്ഥാനമേറ്റ സി. കേശവന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1952 മാ. 12 വരെ തുടര്‍ന്നു.

ഇന്ത്യന്‍ യൂണിയന്റെ ഭാഗമായതിനെത്തുടര്‍ന്ന് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതമൊട്ടാകെ നടന്ന പൊതുതിഞ്ഞെടുപ്പിനെത്തുടര്‍ന്ന് 1959 ഡിസംബറില്‍ 108 അംഗങ്ങള്‍ അടങ്ങിയ പുതിയ നിയമസഭ നിലവില്‍ വന്നു. 1952 മാ. 12-ന് എ.ജെ. ജോണിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മറ്റു ചില കക്ഷികളുടെയും സ്വതന്ത്രന്മാരുടെയും പിന്‍ബലത്തോടെ രൂപീകരിച്ച കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കെതിരായി ഒരു വിശ്വാസപ്രമേയം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം രാജപ്രമുഖന്‍ 1953 സെപ്. 22-ന് നിയമസഭ പിരിച്ചുവിട്ടു; അടുത്ത തിരഞ്ഞെടുപ്പില്‍ ജനഹിതം അറിയുന്നതുവരെ മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്നു.

പഴയ നിയമസഭ ഹാള്‍

പക്ഷേ ജനവിധി കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കെതിരായിരുന്നു. 118 അംഗങ്ങള്‍ ഉണ്ടായിരുന്ന പുതിയ നിയമസഭയില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. അതിനാല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ 19 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടി നേതാവായ പട്ടം താണുപിള്ള 1954 മാ. 16-ന് ഭരണാധികാരം ഏറ്റെടുത്തു. പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ മന്ത്രിസഭയ്ക്കും അധികകാലം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല. 1955 ഫെ. 14-ന് പട്ടം മന്ത്രിസഭ നിലംപതിച്ചതിനെത്തുടര്‍ന്ന് നിലവില്‍ വന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭയും അല്പായുസ്സായിരുന്നു. മന്ത്രിസഭാ പതനത്തെത്തുടര്‍ന്ന് 1956 മാ. 23-ന് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയുണ്ടായി. 1956 നവംബറില്‍ കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ സംസ്ഥാനത്തു ഒരു നിയമസഭ നിലവിലില്ലായിരുന്നു.

തിരുവിതാംകൂറിലെ ഏതാനും താലൂക്കുകള്‍ ഒഴികെയുള്ള മറ്റു പ്രദേശങ്ങളും കൊച്ചിയും മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്റ്റും കാസര്‍കോട് പ്രദേശവും (ഈ ഭാഗത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട 31 അംഗങ്ങള്‍ മദ്രാസ് നിയമസഭയില്‍ അംഗങ്ങളായിരുന്നു) കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ സംസ്ഥാനത്തിനു ജന്മം നല്‍കിയപ്പോള്‍ കേരളീയരുടെ ഒരു ചിരകാലസ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. പക്ഷേ ഉത്തരവാദ ഭരണസ്ഥാപനത്തോടുകൂടി തിരുവിതാംകൂറിനെയും പിന്നീട് തിരു-കൊച്ചിയെയും ബാധിച്ച രാഷ്ട്രീയാസ്ഥിരതയും അനിശ്ചിതത്വവും കേരളത്തെയും ഗ്രസിക്കുകയുണ്ടായി. തത്ഫലമായി ആദ്യത്തെ ഒരു വ്യാഴവട്ടക്കാലത്തു കേരളത്തില്‍ രൂപവത്കൃതമായ നിയമസഭകളെല്ലാം അല്പായുസ്സുകളായി; ഭരണാധികാരമേറ്റെടുത്ത മന്ത്രിസഭകളെല്ലാം അകാലചരമമടയുകയും ചെയ്തു.

ഒന്നാം കേരളനിയമസഭ. 128 അംഗങ്ങളുള്ള ഒന്നാമത്തെ കേരള നിയമസഭ നിലവില്‍ വന്നത് 1957 ഏ. 1-ന് ആണ്. ഒരു വര്‍ഷത്തിലധികകാലം നീണ്ടുനിന്ന രാഷ്ട്രപതിഭരണത്തിനുശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കും പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാര്‍ക്കും കൂടി പകുതിയിലേറെ സ്ഥാനങ്ങള്‍ ലഭിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 11 അംഗ മന്ത്രിസഭ ഏപ്രില്‍ 5-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒന്നാം കേരള നിയമസഭയുടെ സ്പീക്കറായി ആര്‍. ശങ്കരനാരായണന്‍ തമ്പി 1957 ഏ. 27-നും കെ.ഒ. ഐഷാഭായി മേയ് 6-ന് ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. പി.ടി. ചാക്കോ ആയിരുന്നു പ്രതിപക്ഷനേതാവ്.

ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണാധികാരം ലഭിച്ച ഈ സംഭവം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ സവിശേഷ ശ്രദ്ധയ്ക്കു പാത്രീഭവിച്ചു. 'കേരളത്തില്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രൂപവത്കരണം മറ്റു സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല ഇന്ത്യയ്ക്കൊട്ടാകെതന്നെ വലിയ പാഠമായി പരിണമിക്കാവുന്ന മഹത്തായ ഒരു പരീക്ഷണമാണ്' എന്ന് അനുമോദനരൂപത്തില്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തിരുവനന്തപുരത്തു വച്ച് പ്രസ്താവിക്കുകയുണ്ടായി.

പക്ഷേ തുടക്കത്തില്‍ പ്രകടമായ ഈ പരസ്പര വിശ്വാസവും സന്മനോഭാവവും ദീര്‍ഘകാലം നീണ്ടുനിന്നില്ല. പുതിയ ഗവണ്‍മെന്റിന്റെ നയപരിപാടികളോടും സമീപനരീതിയോടും ഒരു വലിയ ജനവിഭാഗം ആദ്യം മുതല്‍ക്കേ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ക്രമേണ എതിര്‍പ്പിന്റെ ആക്കം വര്‍ധിക്കുകയും ചെയ്തു. ഒടുവില്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും അണിനിരത്തിക്കൊണ്ട് ഗവണ്‍മെന്റിനെതിരായി നടത്തിയ 'വിമോചന സമരം' വിജയപ്രാപ്തിയിലെത്തി.

1959 ജൂല. 31-ന് ഇ. എം. എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു; നിയമസഭ പിരിച്ചുവിട്ടുകൊണ്ട് സംസ്ഥാനത്തു വീണ്ടും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നടപടിക്കു കേന്ദ്രഗവണ്‍മെന്റ് മുതിര്‍ന്നത്. അതിന്റെ നിയമപരവും ഭരണഘടനാപരവുമായ സാധുതയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.

സംഭവബഹുലമായ 28 മാസക്കാലത്ത് ഒന്നാം കേരള നിയമസഭ 175 ദിവസം സമ്മേളിക്കുകയുണ്ടായി. ഇ. എം.എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, ടി. വി. തോമസ്, കെ. ആര്‍.ഗൗരി, ജോസഫ് മുണ്ടശ്ശേരി, വി. ആര്‍. കൃഷ്ണയ്യര്‍ മുതലായ പ്രഗല്ഭമതികള്‍ ഒരു വശത്തും പട്ടംതാണുപിള്ള, പി.റ്റി. ചാക്കോ മുതലായ അതികായന്മാര്‍ എതിര്‍വശത്തും നിലയുറപ്പിച്ചുകൊണ്ടു നടത്തിയ വാക്സമരങ്ങളും സംഘട്ടനങ്ങളും അന്നത്തെ നിയമസഭാ നടപടികളെ സജീമാക്കിയിരുന്നു. നിയമസഭയില്‍ ഭരണകക്ഷിക്കു രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷംമാത്രം ഉണ്ടായിരുന്നതിനാല്‍ ഗവണ്‍മെന്റും പ്രതിപക്ഷവും സഭാനടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ഒന്നാം കേരളനിയമസഭ 88 നിയമങ്ങള്‍ പാസാക്കി. കേരളത്തിലും പുറത്തും അക്കാലത്ത് വളരെയേറെ ഒച്ചപ്പാടുണ്ടാക്കിയ വിദ്യാഭ്യാസ നിയമവും ഭൂപരിഷ്കരണ സമാരംഭങ്ങള്‍ക്ക് ഉത്തേജനം നല്‍കിയ കാര്‍ഷിക ബന്ധനിയമവും അക്കൂട്ടത്തില്‍പ്പെടുന്നു.

രണ്ടാം കേരളനിയമസഭ. നിയമസഭ പിരിച്ചുവിട്ടശേഷം 1960 ഫെബ്രുവരിയില്‍ നടത്തിയ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു 29 സ്ഥാനങ്ങള്‍ മാത്രമേ നേടുവാന്‍ കഴിഞ്ഞുള്ളൂ. ഫെ. 22-ന് രണ്ടാം കേരളനിയമസഭ രൂപവത്കൃതമായി. 22-ന് പട്ടംതാണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി സംയുക്തമന്ത്രിസഭ ഭരണാധികാരം ഏറ്റെടുക്കുകയും ചെയ്തു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു പ്രതിപക്ഷനേതാവ്. മുസ്ലിംലീഗ് നേതാവ് സീതി സാഹിബ് നിയമസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. എ. നഫീസത്ത് ബീവി ആയിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. സീതിസാഹിബിന്റെ ആകസ്മികമായ നിര്യാണത്തെത്തുടര്‍ന്ന് സി. എച്ച്. മുഹമ്മദ്കോയ സഭാധ്യക്ഷസ്ഥാനത്ത് അവരോധിതനായി. ആറു മാസത്തിനു ശേഷം ഇദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍പ്പെട്ട അലക്സാണ്ടര്‍ പറമ്പിത്തറയെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുത്തു.

അലക്സാണ്ടര്‍ പറമ്പിത്തറ

മൂന്നാമത്തെ പട്ടം മന്ത്രിസഭ 31 മാസക്കാലം അധികാരത്തില്‍ തുടര്‍ന്നു. പട്ടംതാണുപിള്ളയെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചതിനെത്തുടര്‍ന്നു മന്ത്രിസഭ രാജിവച്ചു. ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ രൂപവത്കരിച്ച കോണ്‍ഗ്രസ് മന്ത്രിസഭ 1962 സെപ്. 26-ന് ഭരണഭാരം ഏറ്റെടുത്തു. എന്നാല്‍ ശങ്കര്‍ മന്ത്രിസഭയ്ക്കു നിയമസഭയുടെ കാലാവധിവരെ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല.

എ.നഫീസത്ത് ബീവി

നിയമസഭയില്‍ ഭരണകക്ഷിക്കു സൗകര്യപ്രദമായ ഭൂരിപക്ഷമുണ്ടായിരുന്നു. പട്ടംതാണുപിള്ള, ആര്‍.ശങ്കര്‍, പി.റ്റി. ചാക്കോ മുതലായ പരിചയസമ്പന്നരും പരിണതപ്രജ്ഞരുമായ സമുന്നത നേതാക്കന്മാരുടെ സാരഥ്യവും ലഭിച്ചിരുന്നു. എങ്കിലും ആഭ്യന്തരമായ അസ്വാസ്ഥ്യം ആദ്യന്തം അലട്ടിക്കൊണ്ടിരുന്നതിനാല്‍ മന്ത്രിസഭയ്ക്കു പ്രതീക്ഷയ്ക്കൊത്തവിധം പ്രവര്‍ത്തനവിജയം നേടാന്‍ കഴിയാതെ പോയി.

ഭരണ കക്ഷിക്കുള്ളില്‍ വളര്‍ന്നുവന്ന വിഭാഗീയ ചിന്താഗതിയും അഭിപ്രായ ഭിന്നതകളും മൂര്‍ധന്യാവസ്ഥയിലെത്തിയതിനെത്തുടര്‍ന്ന് മന്ത്രിസഭയ്ക്കെതിരായി നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ഭരണകക്ഷിയിലെ ഒരു വിഭാഗം കൂടി അനുകൂലിക്കുകയും അതിന്റെ ഫലമായി മന്ത്രിസഭ നിലംപതിക്കുകയും ചെയ്തു. 1964 സെപ്. 9-ന് രണ്ടാം കേരളനിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നു. കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി.

നിയമനിര്‍മാണകാര്യത്തില്‍ രണ്ടാം കേരളനിയമസഭയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം അഭിമാനിക്കാവുന്നതാണ്. നാലു വര്‍ഷക്കാലത്തിനിടയ്ക്ക് നിയമസഭ 300 ദിവസങ്ങള്‍ സമ്മേളിക്കുകയും 161 നിയമങ്ങള്‍ പാസ്സാക്കുകയും ചെയ്തു. പി.റ്റി. ചാക്കോ അവതരിപ്പിച്ചു പാസാക്കിയ ഭൂപരിഷ്കരണ നിയമം, പഞ്ചായത്തു നിയമം, മുനിസിപ്പാലിറ്റി നിയമം എന്നീ സുപ്രധാന നിയമങ്ങള്‍ അക്കൂട്ടത്തില്‍പ്പെടുന്നു.

ആറു മാസക്കാലം നീണ്ടുനിന്ന രാഷ്ട്രപതിഭരണത്തിനുശേഷം 1965 മാ. 4-ന് നടത്തിയ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഏതെങ്കിലും കക്ഷിക്കോ കക്ഷികള്‍ കൂട്ടൂചേര്‍ന്നോ മന്ത്രിസഭ രൂപവത്കരിക്കാന്‍ സാധ്യമല്ലാതെവന്ന പരിതഃസ്ഥിതിയില്‍, രാഷ്ട്രപതിഭരണം തുടരേണ്ടതായിവന്നു. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുകയും അതിനുശേഷം നിയമസഭ രൂപവത്കരിക്കാന്‍ സാധിക്കാതെ വരികയും ചെയ്ത ഏക സന്ദര്‍ഭമായിരുന്നു ഇത്. അക്കാര്യത്തിലും കേരളവും കേരളനിയമസഭയും ചരിത്രം സൃഷ്ടിക്കുകയുണ്ടായി.

മൂന്നാം കേരളനിയമസഭ. 1967 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്)യുടെ നേതൃത്വത്തില്‍ രൂപമെടുത്ത ഐക്യമുന്നണി ബഹുഭൂരിപക്ഷം സ്ഥാനങ്ങളും നേടി. 133 അംഗങ്ങളുള്ള നിയമസഭയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്), ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി, കര്‍ഷകത്തൊഴിലാളി പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് നിയമസഭയില്‍ 116 അംഗങ്ങളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. 116-ല്‍ 3 പേര്‍ മാര്‍ക്സിസ്റ്റ് അനുഭാവികളായ സ്വതന്ത്രന്മാരായിരുന്നു.

രണ്ടര വര്‍ഷക്കാലം നീണ്ടുനിന്ന രാഷ്ടപതിഭരണത്തിനു വിരാമമിട്ടുകൊണ്ട് 1967 മാ. 3-ന് കേരളനിയമസഭ രൂപവത്കൃതമായി. ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ മന്ത്രിസഭ 6-ന് സംസ്ഥാന ഭരണമേറ്റെടുത്തു. നിയമസഭയുടെ പ്രഥമസമ്മേളനത്തില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍പ്പെട്ട ഡി. ദാമോദരന്‍ പോറ്റി സ്പീക്കറും എം.പി. മുഹമ്മദ് ജാഫര്‍ഖാന്‍ ഡെപ്യൂട്ടി സ്പീക്കറുമായി തെരഞ്ഞെടുക്കപ്പെട്ടു. കെ. കരുണാകരനായിരുന്നു പ്രതിപക്ഷനേതാവ്.

രാഷ്ട്രീയ തത്ത്വശാസ്ത്രത്തിലും സാമ്പത്തിക പ്രമാണങ്ങളിലും വ്യത്യസ്തമായ സമീപനവും വിശ്വാസവും പുലര്‍ത്തുന്ന വിവിധ കക്ഷികള്‍ യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തുകയും അതിലേക്കു സഹായകമായ പരിപാടികള്‍ ആവിഷ്കരിച്ചു നിശ്ചിതമായ ഒരു കാലയളവിനുള്ളില്‍ അവ നടത്തിപ്പില്‍വരുത്തുകയും ചെയ്യുകയെന്നത് ശ്രമകരവും ദുഷ്കരവുമായ ഒരു രാഷ്ട്രീയാഭ്യാസമാണ്. ഘടക കക്ഷിള്‍ തമ്മില്‍ പരസ്പരധാരണയും സഹകരണവും വേണ്ടുവോളം ഉണ്ടായിരിക്കുകയും വിട്ടുവീഴ്ചാമനോഭാവത്തോടുകൂടി പ്രശ്നങ്ങള്‍ കൈരാര്യം ചെയ്യുവാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ വിജയിക്കുകയുള്ളു.

1967-ലെ പൊതു തിരഞ്ഞെടുപ്പിനെത്തുടര്‍ന്നു പല സംസ്ഥാനങ്ങളിലും സംയുക്ത വിധായക്ദള്‍ മന്ത്രി സഭകള്‍ നിലവില്‍ വന്നുവെങ്കിലും അവയെല്ലാം അകാല ചരമമടയുകയാണുണ്ടായത്. കേരളത്തിലെ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് മുപ്പത്തിയൊന്നു മാസക്കാലം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞു. പക്ഷേ കേരളത്തിലെ പരീക്ഷണവും പൂര്‍ണ വിജയത്തിലെത്തിയില്ല. ഘടക കക്ഷികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കാലം കഴിയുന്തോറും അധികരിച്ചു വരികയും ക്യാബിനറ്റു ഭരണ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായ കൂട്ടുത്തരവാദിത്തം അസാധ്യമായിത്തീരുകയും ചെയ്തു. 1969 ഒ. 24-ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് രാജി സമര്‍പ്പിച്ചു.

കാലാവധിയെത്തുന്നതിനു മുമ്പായി നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്നാണ് പൊതുവേ കരുതപ്പെട്ടതെങ്കിലും പ്രതീക്ഷയ്ക്കു വിപരീതമായി ഒരാഴ്ചയ്ക്കുള്ളില്‍ സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, മുസ്ലിംലീഗ്, ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് ഒരു എട്ടംഗ മന്ത്രിസഭ രൂപവത്കൃതമായി. കോണ്‍ഗ്രസ്സും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും മന്ത്രിസഭയ്ക്കു പുറമേ നിന്നു പിന്തുണ നല്‍കി. സ്പീക്കറായിരുന്ന ദാമോദരന്‍പോറ്റിയും ഡെപ്യൂട്ടി സ്പീക്കറായിരുന്ന ജാഫര്‍ഖാനും തല്‍സ്ഥാനങ്ങളില്‍ തുടര്‍ന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു പ്രതിപക്ഷ നേതാവ്. കൂറുമാറ്റവും ചേരിമാറ്റവും മന്ത്രിസഭയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു കണ്ടപ്പോള്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ ജനവിധി തേടുവാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് അഭ്യര്‍ഥിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിച്ചുകൊണ്ട് 1970 ജൂണ്‍ 26-ന് മൂന്നാം കേരളനിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. മന്ത്രിസഭ രാജിവച്ചതിനെത്തുടര്‍ന്ന് കേരളഭരണത്തിന്റെ ചുമതല 1970 ആഗ. 4-ന് വീണ്ടും രാഷ്ട്രപതിക്ക് ഏറ്റെടുക്കേണ്ടി വന്നു.

മൂന്നാം കേരള നിയമസഭ 211 ദിവസങ്ങള്‍ സമ്മേളിച്ച് ഭേദഗതി നിയമങ്ങള്‍ ഉള്‍പ്പെടെ 102 നിയമങ്ങള്‍ക്ക് ജന്മമേകി. ഇ. എം. എസ്. മന്ത്രിസഭയുടെ അവസാന നാളുകളില്‍ കെ. ആര്‍. ഗൗരി പൈലറ്റുചെയ്തു പാസാക്കിയ ഭൂപരിഷ്കരണ (ഭേദഗതി) നിയമം, കേരള സര്‍വകലാശാലാനിയമം, കാലിക്കറ്റ് സര്‍വകലാശാലാനിയമം, മലയാളഭാഷയില്‍ കരടുനിയമം തയ്യാറാക്കി നിയമസഭയില്‍ അവതരിപ്പിക്കാനും പാസാക്കാനും അധികാരം നല്‍കുന്ന ഔദ്യോഗിക ഭാഷാ (നിയമനിര്‍മാണ) നിയമം എന്നിവ അക്കൂട്ടത്തില്‍പ്പെടുന്നു. രണ്ടു മാസക്കാലം മാത്രമേ രാഷ്ട്രപതി ഭരണം നീണ്ടുനിന്നുള്ളൂ. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിക്കു നിയമസഭയില്‍ 69 സ്ഥാനങ്ങള്‍ ലഭിച്ചു; കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്), സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, കേരള കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷകക്ഷികള്‍ക്കെല്ലാംകൂടി അറുപത്തിനാലും.

നാലാം കേരള നിയമസഭ. സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ 1970 ഒ. 4-ന് നിലവില്‍ വന്ന നാലാം കേരളനിയമസഭയുടെ പ്രഥമ യോഗം 22-നു ചേര്‍ന്നു. മുസ്ലിം ലീഗിലെ അംഗമായ കെ. മൊയ്തീന്‍കുട്ടി ഹാജി സ്പീക്കറായും ആര്‍.എസ്. ഉണ്ണി ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു പ്രതിപക്ഷനേതാവ്. ഭരണ കക്ഷികളുമായുണ്ടായ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് 1975 മേയ് 8-ന് സ്പീക്കര്‍ മൊയ്തീന്‍കുട്ടി ഹാജി സ്വസ്ഥാനം വിട്ടൊഴിഞ്ഞു. അതിനുശേഷം ഭരണഘടനാ വ്യവസ്ഥപ്രകാരം ഡെപ്യൂട്ടി സ്പീക്കര്‍ ആര്‍. എസ്. ഉണ്ണി സ്പീക്കറുടെ ചുമതലകള്‍ നിര്‍വഹിച്ചുപോന്നു. 1976 ഫെ. 17-നു കേരള കോണ്‍ഗ്രസ്സിലെ അംഗമായ ടി. എസ്. ജോണിനെ നിയമസഭാധ്യക്ഷനായി തെരഞ്ഞെടുത്തു. ചരിത്രം സൃഷ്ടിച്ച നാലാം കേരളനിയമസഭ പല പുതുമകളും കാഴ്ചവച്ചു. പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു. പല സവിശേഷ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയും ചെയ്തു.

കേരള ചരിത്രത്തില്‍ ഇദംപ്രഥമമായി ഒരു നിയമസഭ അതിന്റെ സാധാരണ കാലാവധി പൂര്‍ത്തിയാക്കിയെന്നു മാത്രമല്ല, മൂന്നുപ്രാവശ്യം കാലാവധി ദീര്‍ഘിപ്പിച്ചതിനെത്തുടര്‍ന്നു ആറര വര്‍ഷക്കാലത്തോളം (1970 ഒ. 4 1977 മാ. 25) തുടരുകയും ചെയ്തു.

ഘടക കക്ഷികളില്‍ അംഗബലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനായിരുന്നുവെങ്കിലും മന്ത്രിസഭാ രൂപവത്കരണവേളയില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിനിധികള്‍ മന്ത്രിസഭയില്‍ ചേരുകയുണ്ടായില്ല. 1971-ല്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴാണ് അഞ്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ മന്ത്രിമാരായത്. കേരള കോണ്‍ഗ്രസ് ഭരണപങ്കാളിത്തം വഹിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ 1975-ല്‍ വീണ്ടും മന്ത്രിസഭ വികസിപ്പിക്കുകയുണ്ടായി. കൂടാതെ ചില മന്ത്രിമാരുടെ ആകസ്മികമായ മരണത്തെയും രാജിയെയും തുടര്‍ന്ന് മന്ത്രിസഭയുടെ ഘടനയില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വേണ്ടിവന്നു. നിയമസഭയുടെ കാലാവധി മുഴുവനും മന്ത്രിസഭയില്‍ തുടര്‍ന്നത് മുഖ്യമന്ത്രിയെക്കൂടാതെ മറ്റു മൂന്നു മന്ത്രിമാര്‍ മാത്രമായിരുന്നു.

ടി.എസ്.ജോണ്‍

ഭരണത്തില്‍ പങ്കാളിത്തം വഹിക്കുന്ന വിവിധ കക്ഷികളും അവരുടെ പ്രതിനിധികളുമായ മന്ത്രിസഭാംഗങ്ങളും ഭരണനേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയില്‍ അര്‍പ്പിക്കുന്ന പരിപൂര്‍ണവും അചഞ്ചലവുമായ വിശ്വാസവുമാണ് ഒരു കൂട്ടുകക്ഷി മന്ത്രിസഭയുടെ നിലനില്പിനും സുഗമവും ഫലപ്രദവുമായ പ്രവര്‍ത്തനത്തിനും മുഖ്യാധാരമായിട്ടുള്ളത്. വ്യത്യസ്ത കക്ഷികളില്‍പ്പെട്ടവരും ഭിന്ന പ്രകൃതക്കാരുമായ സഹപ്രവര്‍ത്തകരുടെ വിശ്വാസാദരങ്ങള്‍ നേടുവാന്‍ തന്റെ അനുപമമായ പ്രവര്‍ത്തന ശൈലിമൂലം അച്യുതമേനോന് കഴിഞ്ഞു. അദ്ദേഹത്തിന്റെ പരിപക്വമായ നേതൃത്വത്തോടൊപ്പം ടി.വി. തോമസ്, ടി.കെ. ദിവാകരന്‍ കെ. കരുണാകരന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, സി.എച്ച്. മുഹമ്മദുകോയ, ബേബിജോണ്‍ മുതലായ ഭാവനാസമ്പന്നരും കര്‍മകുശലരുമായ മന്ത്രിസഭാംഗങ്ങളുടെ ഭരണനൈപുണ്യവും കൂട്ടുകക്ഷി മന്ത്രിസഭയുടെ പ്രവര്‍ത്തന വിജയത്തിനു കാരണമായിരുന്നു.

നാലാം കേരള നിയമസഭ 322 ദിവസങ്ങളില്‍ സമ്മേളിച്ച് 226 നിയമങ്ങള്‍ നിയമപുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തു. ആസൂത്രിതമായ ഒരു നിയമനിര്‍മാണ പരിപാടിയുടെ ഭാഗമായിട്ടല്ലെങ്കിലും, സാമൂഹിക ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ആശാവഹവും പുരോഗനാത്മകവുമായ പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ പ്രേരകവും സഹായകരവുമായിത്തീര്‍ന്ന പല നിയമങ്ങള്‍ക്കും രൂപം നല്കാന്‍ ആറരവര്‍ഷക്കാലത്തിനുള്ളില്‍ നിയമസഭയ്ക്കു കഴിഞ്ഞു. ഭൂപരിഷ്കരണ നടപടികള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് ഉപയുക്തമായ ഭൂപരിഷ്കാര (ഭേദഗതി) നിയമങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയും മാര്‍ഗനിര്‍ദേശിയുമായിത്തീര്‍ന്ന കര്‍ഷകത്തൊഴിലാളി നിയമം, അടിമവേല നിര്‍ത്തലാക്കല്‍ നിയമം, സര്‍വകലാശാലാനിയമങ്ങള്‍, ഗുരുവായൂര്‍ ദേവസ്വം നിയമം എന്നിവയെല്ലാം നിയസഭ ഈ കാലഘട്ടത്തില്‍ രൂപം നല്കിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു.

നിയമസഭയുടെ സുപ്രധാനകര്‍ത്തവ്യം ഭരണകൂടത്തിന്റെ നയപരിപാടികളെയും വിവിധ പ്രവര്‍ത്തനങ്ങളെയും വിമര്‍ശനബുദ്ധ്യാ പരിശോധിക്കുകയും ആവശ്യമെന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വേണ്ടുന്ന നിയന്ത്രണങ്ങള്‍ കല്പിക്കുകയുമാണ്. മന്ത്രിസഭ അവതരിപ്പിക്കുന്ന വാര്‍ഷികബജറ്റുകള്‍ ചര്‍ച്ചചെയ്യുന്നതിനും ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി നാലാം കേരള നിയമസഭ മുന്നൂറ്റി ഇരുപത്താറു മണിക്കൂര്‍ വിനിയോഗിക്കുകയുണ്ടായി. ഭരണകാര്യങ്ങളെക്കുറിച്ച് അംഗങ്ങള്‍ ചോദിച്ച 31,348 ചോദ്യങ്ങള്‍ക്കു മന്ത്രിമാര്‍ ഉത്തരം നല്കുകയും ചെയ്തു. സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കുവാന്‍ നിയുക്തമായ നിയമസഭാകമ്മറ്റികള്‍ വിശദവും സൂക്ഷ്മവുമായ പഠനത്തിനുശേഷം 117 റിപ്പോര്‍ട്ടുകളാണ് സഭയില്‍ സമര്‍പ്പിച്ചത്.

1977 മാര്‍ച്ചില്‍ നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ ഭരണത്തില്‍ പങ്കാളിത്തം വഹിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, കേരളാകോണ്‍ഗ്രസ്, ഇന്ത്യന്‍യൂണിയന്‍ മുസ്ലിംലീഗ്, റവല്യൂഷണറി സോഷ്യലിസ്റ്റ്പാര്‍ട്ടി, പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിക്കു 111 സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്), ജനത മുതലായ കക്ഷികള്‍ക്കെല്ലാംകൂടി 29 സ്ഥാനങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ.

അഞ്ചാം കേരളനിയമസഭ. 1977 മാ. 22-ന് അഞ്ചാം കേരള നിയമസഭ രൂപീകൃതമായി. മാര്‍ച്ച് 25-ന് കോണ്‍ഗ്രസ് നേതാവായ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു പ്രതിപക്ഷനേതാവ്. സ്പീക്കറായി ചാക്കീരി അഹമ്മദ്കുട്ടി മാര്‍ച്ച് 28-നും ഡെപ്യൂട്ടി സ്പീക്കറായി പി.കെ. ഗോപാലകൃഷ്ണന്‍ ജൂലൈ 6-നും തെരഞ്ഞെടുക്കപ്പെട്ടു.

നാലാം കേരളനിയമസഭയുടെ പ്രവര്‍ത്തനകാലഘട്ടത്തില്‍ അസുലഭമായ ഭരണസ്ഥിരതയാണ് അനുഭവപ്പെട്ടതെങ്കില്‍, അവിചാരിതമായ മന്ത്രിസഭാമാറ്റങ്ങള്‍ കൊണ്ടുണ്ടായ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷത്തിലാണ് അഞ്ചാം കേരളനിയമസഭയ്ക്കു അടുത്ത രണ്ടര വര്‍ഷക്കാലം പ്രവര്‍ത്തിക്കേണ്ടിവന്നത്. 'രാജന്‍കേസി'നോടു ബന്ധപ്പെട്ട ഒരു കോടതിവിധിയെത്തുടര്‍ന്ന് ഒരു മാസത്തിനുശേഷം കെ. കരുണാകരന് മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്നു. ഏ. 27-ന് എ.കെ. ആന്റണി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു സംയുക്തമന്ത്രിസഭ രൂപവത്കരിച്ചു. ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ആന്റണി. വളരെ പ്രതീക്ഷകളുണര്‍ത്തിയ ആന്റണി മന്ത്രിസഭയുടെ ഭരണകാലവും പക്ഷേ ഹ്രസ്വമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ആന്റണി 1978 ഒ. 27-ന് രാജിവയ്ക്കുകയുണ്ടായി. അതേത്തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട മറ്റൊരു കൂട്ടുകക്ഷി മന്ത്രിസഭ കേരളഭരണം ഏറ്റെടുത്തു. കക്ഷിബന്ധങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമായി 1979 ഒ. 7-ന് മൂന്നാമത്തെ മന്ത്രിസഭയും ഭരണം കൈയൊഴിഞ്ഞു.

ചാക്കീരി അഹമ്മദു കുട്ടി
പി.കെ.ഗോപാലകൃഷ്ണന്‍

മുസ്ലിംലീഗ് നേതാവായ സി.എച്ച്. മുഹമ്മദുകോയയുടെ നേതൃത്വത്തിലുള്ള പുതിയൊരു മന്ത്രിസഭ ഒ.12-ന് ഭരണം കൈയേറ്റുവെങ്കിലും ഏതാനും ആഴ്ചക്കാലത്തേക്കു മാത്രമേ അധികാരത്തില്‍ തുടരുവാന്‍ കഴിഞ്ഞുള്ളൂ. കക്ഷിബന്ധങ്ങളില്‍ വന്ന മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നിയമസഭ പിരിച്ചുവിട്ടു പുതിയൊരു ജനവിധി തേടുവാന്‍ അവസരം നല്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ഗവര്‍ണര്‍ സ്വീകരിക്കുകയും ന. 30-ന് നിയമസഭ പിരിച്ചുവിടുകയും ചെയ്തു. ഡി. 1-ന് മന്ത്രിസഭ രാജി സമര്‍പ്പിച്ചതോടെ കേരളഭരണം ഒരിക്കല്‍ക്കൂടി രാഷ്ട്രപതി ഏറ്റെടുത്തു.

മന്ത്രിസഭകള്‍ മാറിമറിഞ്ഞെങ്കിലും അഞ്ചാം കേരള നിയമസഭയുടെ കാലത്തുടനീളം ചാക്കീരി അഹമ്മദ്കുട്ടി ഹാജിയും പി.കെ. ഗോപാലകൃഷ്ണനുമായിരുന്നു യഥാക്രമം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നത്.

അഞ്ചാം കേരളനിയമസഭ ആകെ 143 ദിവസം സമ്മേളിച്ചു. 87 നിയമങ്ങള്‍ നിര്‍മിച്ചു. നിയമസഭയുടെ ചരിത്രത്തിലാദ്യമായി മലയാളഭാഷയില്‍ തയ്യാറാക്കി സഭയില്‍ അവതരിപ്പിച്ചു പാസാക്കിയ കേരളവനോത്പന്ന (വില്പന നികുതി നിജപ്പെടുത്തല്‍) നിയമം, അധികാരവികേന്ദ്രീകരണത്തിനു നാന്ദി കുറിക്കുന്ന ജില്ലാഭരണനിയമം എന്നീ നിയമങ്ങള്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

മാറുകയും മറിയുകയും ചെയ്ത മന്ത്രിസഭകളും മാറിമാറി വന്ന മന്ത്രിസഭാംഗങ്ങളും അഞ്ചാം കേരളനിയമസഭയുടെ പ്രത്യേകതയായിരുന്നു. മുപ്പത്തിരണ്ടു മാസക്കാലത്ത് നാലു മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ മുപ്പതു മന്ത്രിമാരാണ് കേരളഭരണം നടത്തിയത്. ആവശ്യമായ ഭരണപരിചയം നേടുന്നതിനും നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും അവ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിനും അവരില്‍ പലര്‍ക്കും അവസരം ലഭിക്കാതെ പോയി.

ആറാം കേരളനിയമസഭ. 1980 ജനു. 21-ന് നടന്ന ഇടക്കാല തിരെഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്)യുടെ നേതൃത്വത്തില്‍ മത്സരിച്ച സപ്തകക്ഷി മുന്നണിക്ക് തൊണ്ണൂറിലധികം സ്ഥാനങ്ങള്‍ ലഭിച്ചു. ആറാം കേരളനിയമസഭ 1980 ജനു. 25-ന് രൂപവത്കൃതമായി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായുള്ള പതിനേഴംഗ മന്ത്രിസഭ അന്നേ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്ക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി(മാര്‍ക്സിസ്റ്റ്)യെക്കൂടാതെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, കേരളാകോണ്‍ഗ്രസ് (എം), അഖിലേന്ത്യാ മുസ്ലിംലീഗ്, കേരളാകോണ്‍ഗ്രസ് (പി) എന്നീ കക്ഷികളുടെ പ്രതിനിധികളും മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. കെ. കരുണാകരനായിരുന്നു പ്രതിപക്ഷനേതാവ്. ഫെബ്രുവരി 15-ന് സമ്മേളിച്ച നിയമസഭ ആദ്യദിവസം തന്നെ എ. പി. കുര്യനെ സഭാധ്യക്ഷനായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കറായി എം.ജെ. സക്കറിയ ഫെബ്രുവരി 21-ന് തെരഞ്ഞെടുക്കപ്പെട്ടു.

എ.പി.കുര്യന്‍
എം.ജെ.സക്കറിയ

നായനാര്‍ മന്ത്രിസഭയ്ക്ക് 22 മാസക്കാലം മാത്രമേ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞുള്ളൂ. ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ്സി(യു)ലും കേരളാകോണ്‍ഗ്രസ്സി(എം)ലും പെട്ട മന്ത്രിമാര്‍ രാജിവയ്ക്കുകയും പ്രസ്തുത കക്ഷികളുടെ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ 1981 ഒ. 20-ന് മുഖ്യമന്ത്രി നായനാര്‍ അധികാരം വിട്ടൊഴിഞ്ഞു. കേരളം വീണ്ടും രാഷ്ട്രപതിഭരണത്തിന്‍ കീഴിലായി. പക്ഷേ ഇത്തവണ നിയമസഭ പിരിച്ചുവിടപ്പെടുകയുണ്ടായില്ല.

കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1981 ഡി. 28-ന് ഒരു പുതിയ മന്ത്രിസഭ ഭരണാധികാരം ഏറ്റെടുത്തു. ഫെ. 1-ന് എ. പി. കുര്യന്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ചു. രണ്ടുദിവസം കഴിഞ്ഞ് എ.സി. ജോസ് സ്പീക്കറായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ഭരണപക്ഷത്തും പ്രതിപക്ഷത്തും എഴുപതു അംഗങ്ങള്‍ വീതം ഉണ്ടായിരുന്നതിനാല്‍ മന്ത്രിസഭയുടെ നിലനില്പിന് എല്ലായ്പ്പോഴും സ്പീക്കറുടെ കാസ്റ്റിങ് വോട്ടിനെ ആശ്രയിക്കേണ്ടിവന്നു. ഭരണപക്ഷത്തുള്ള ഒരംഗം നാടകീയമായി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ രണ്ടാമത്തെ കരുണാകരന്‍ മന്ത്രിസഭ രണ്ടര മാസക്കാലം മാത്രം നീണ്ടുനിന്ന ഹ്രസ്വകാലഭരണത്തിനു ശേഷം 1982 മാ. 17-ന് രാജിസമര്‍പ്പിച്ചു. ആറാം കേരളനിയമസഭയും അതോടെ അവസാനിച്ചു. കേരളപ്പിറവിക്കുശേഷം സംസ്ഥാന ഭരണം എട്ടാമതു തവണ രാഷ്ട്രപതിക്കു ഏറ്റെടുക്കേണ്ടതായും വന്നു.

എ.സി.ജോസ്

ആറാം കേരളനിയമസഭ ഏഴു സമ്മേളനങ്ങളിലായി 112 ദിവസം യോഗം ചേരുകയുണ്ടായി. ഈ കാലഘട്ടത്തില്‍ 47 നിയമങ്ങള്‍ നിര്‍മിച്ചുവെങ്കിലും ഇവയില്‍ ബഹുഭൂരിപക്ഷവും ഭേദഗതിനിയമങ്ങളും ധനവിനിയോഗനിയമങ്ങളുമായിരുന്നു. ആറാം കേരളനിയമസഭയെ നിത്യസ്മരണീയമാക്കിത്തീര്‍ത്തത് 'സബ്ജക്റ്റ് കമ്മിറ്റി' എന്ന പുതിയതരം നിയമസഭാകമ്മറ്റികളുടെ രംഗപ്രവേശനമാണ്. ഇവയുടെ രൂപവത്കരണം ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ ഒരു നൂതനാധ്യായത്തിനു തുടക്കം കുറിക്കുകയുണ്ടായി.

അഞ്ചാം കേരളനിയമസഭയുടെ പ്രവര്‍ത്തനകാലത്തുതന്നെ സബ്ജക്റ്റ് കമ്മിറ്റിയുടെ രൂപീകരണം സംബന്ധിച്ച അണിയറ പ്രവര്‍ത്തനങ്ങള്‍പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സ്പീക്കര്‍ ചാക്കീരി അഹമ്മദ്കുട്ടി നിയമിച്ച ഒരു സര്‍വകക്ഷി നിയമസഭാകമ്മറ്റി സബ്ജക്റ്റ് കമ്മിറ്റി രൂപവത്കരിക്കണമെന്നു ശിപാര്‍ശ ചെയ്തിരുന്നു. സബ്ജക്റ്റ് കമ്മിറ്റികളുടെ ഘടനയെയും ചുമതലകളെയും സംബന്ധിക്കുന്ന ചട്ടങ്ങള്‍ക്കും രൂപം നല്കി. അഞ്ചാം കേരളനിയമസഭ പിരിയുന്നതിനുമുമ്പായി പ്രസ്തുത ശിപാര്‍ശകളെല്ലാം അംഗീകരിക്കപ്പെടുകയും നിയമസഭാചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്തിരുന്നു.

ആറാം കേരളനിയമസഭ നിലവില്‍ വന്നതിനുശേഷം ഏതാനും വാരക്കാലത്തിനുള്ളില്‍ സബ്ജക്റ്റ് കമ്മിറ്റികള്‍ ഇദംപ്രഥമമായി രൂപവത്കൃതമായി. നിയമസഭയില്‍ അവതരിക്കപ്പെടുന്ന ബജറ്റ് രേഖകള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുക, പ്രാരംഭ ചര്‍ച്ചയ്ക്കു ശേഷം ബില്ലുകളിലെ വ്യവസ്ഥകള്‍ സസൂക്ഷ്മം പഠിച്ച് ഭേദഗതികള്‍ നിര്‍ദേശിക്കുക, ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുക, റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യുക മുതലായവ സബ്ജക്റ്റ് കമ്മിറ്റികളുടെ പ്രധാനപ്പെട്ട ചുമതലകളാണ്. നിയമസഭയ്ക്ക് ഭരണകൂടത്തിന്മേലുള്ള നിയന്ത്രണം കൂടുതല്‍ ഫലവത്താകുന്നതിനുവേണ്ടി കേരള നിയമസഭയില്‍ ആരംഭിച്ച ഈ നൂതനപരീക്ഷണം പാര്‍ലമെന്റിന്റെയും മറ്റു സംസ്ഥാന നിയമസഭകളുടെയും സവിശേഷശ്രദ്ധ ആകര്‍ഷിച്ചു.

വി.എം. സുധീരന്‍
കൊരമ്പയില്‍ അഹമ്മദ് ഷാജി

ഏഴാം കേരളനിയമസഭ. രണ്ടു മാസക്കാലം മാത്രമേ ഇത്തവണ രാഷ്ട്രപതി ഭരണം നീണ്ടുനിന്നുള്ളൂ. 1982 മേയ് 19-ന് നടന്ന തിരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സി(ഐ)ന്റെ നേതൃത്വത്തില്‍ രൂപവത്കൃതമായ ഐക്യമുന്നണിക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ നേടുവാന്‍ കഴിഞ്ഞു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ മൂന്നാമത്തെ മന്ത്രിസഭ മേയ് 24-ന് സത്യപ്രതിജ്ഞ ചെയ്തു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി ഇരുപതിലേറെ ചെറുതും ചെറുതില്‍ ചെറുതുമായ പാര്‍ട്ടികള്‍ അണിനിരന്നതാണ് ഏഴാമതു കേരളനിയമസഭ. ഭരണ നേതൃത്വം നല്കിയ കക്ഷിക്കുതന്നെയും നിയമസഭയില്‍ ആദ്യം ഇരുപതില്‍ താഴെ അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; പതിനഞ്ചോളം കക്ഷികള്‍ക്കു പത്തില്‍ താഴെ അംഗങ്ങളുടെ പിന്‍ബലം അവകാശപ്പെടാനേ കഴിഞ്ഞുള്ളൂ; ഇവയില്‍ അഞ്ചെണ്ണമാകട്ടെ ഏകാംഗ കക്ഷികളും. ഏകാംഗകക്ഷികളില്‍ രണ്ടെണ്ണത്തിനു മന്ത്രിസഭയില്‍ സ്ഥാനവും ലഭിച്ചു. ഇ.കെ. നായനാര്‍ ആയിരുന്നു പ്രതിപക്ഷനേതാവ്.

പി.പി.തങ്കച്ചന്‍

1982 ജൂണ്‍ 24-ന് സ്പീക്കറായി വക്കം പുരുഷോത്തമനും ജൂണ്‍ 30-ന് ഡെപ്യൂട്ടി സ്പീക്കറായി കെ.എം. ഹംസക്കുഞ്ഞും തെരെഞ്ഞെടുക്കപ്പെട്ടു. 1984 അവസാനം നടന്ന ലോകസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതിനെത്തുടര്‍ന്ന് വക്കം പുരുഷോത്തമന്‍ ഡിസംബര്‍ 28-ന് സ്പീക്കര്‍ സ്ഥാനം രാജിവച്ചു. 1985 മാ. 8-ന് വി.എം. സുധീരനെ സ്പീക്കറായി തെരെഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.എം. ഹംസക്കുഞ്ഞ്, വി.എം. സുധീരന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ സ്പീക്കറുടെ ചുമതലകള്‍ നിര്‍വഹിച്ചു. കൊരമ്പയില്‍ അഹമ്മദ് ഹാജി 1986 ഒ. 20 മുതല്‍ 1987 മാ. 25 വരെ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു.

1982 സെപ്തംബറില്‍ കേരള നിയമസഭയുടെ രജതജൂബിലി സമുചിതമായി ആഘോഷിക്കപ്പെട്ടു. ഒരാഴ്ചക്കാലം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി ഗ്യാനി -സെയില്‍സിങ്ങായിരുന്നു.

കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് പൊതുതിരഞ്ഞെടുപ്പിനുശേഷം 1987 മാ. 25-ന് രാജിവച്ചു. ഏഴാം കേരള നിയമസഭ 249 ദിവസം സമ്മേളിച്ചു. 1983-ലെ അഴിമതി നിരോധനബില്‍, 1984-ലെ ഗാന്ധിജി സര്‍വകലാശാലാ ബില്‍, 1986-ലെ കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല ബില്‍ ഉള്‍പ്പെടെ 118 ബില്ലുകള്‍ ഇക്കാലയളവില്‍ നിയമമായി.

തേറമ്പില്‍ രാമകൃഷ്ണന്‍
കെ.നാരായണക്കുറുപ്പ്

എട്ടാം കേരള നിയമസഭ. എട്ടാം കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 1987 മാ. 23-ന് നടന്നു. തിരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് 42-ഉം കോണ്‍ഗ്രസിന് 33-ഉം സി.പി.ഐ.യ്ക്ക് 17-ഉം മുസ്ലിം ലീഗിന് 15-ഉം കേരള കോണ്‍ഗ്രസി(ജോസഫ്)ന്5-ഉം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് 4-ഉം ജനതാദളിന് 7-ഉം സ്വതന്ത്രര്‍ക്ക് 5-ഉം സീറ്റുകള്‍ ലഭിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1987 മാ. 26-ന് സ്ഥാനമേറ്റു. കെ. കരുണാകരനായിരുന്നു പ്രതിപക്ഷ നേതാവ്. നിയമസഭാ സ്പീക്കറായി വര്‍ക്കല രാധാകൃഷ്ണന്‍ 1987 മാ. 30-ന് തെരഞ്ഞെടുക്കപ്പെട്ടു. ഭാര്‍ഗവി തങ്കപ്പനായിരുന്നു എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍. കേരള നിയമനിര്‍മാണസഭയുടെ 30-ാം വാര്‍ഷികസമ്മേളനം 1988 ആഗസ്റ്റ് മാസത്തില്‍ സമുചിതമായി ആഘോഷിക്കപ്പെട്ടു. ആഘോഷപരിപാടികളുടെ സമാപനത്തില്‍ നീലം സഞ്ജീവറെഡ്ഡി പങ്കെടുക്കുകയുണ്ടായി. കാലാവധി പൂര്‍ത്തിയാക്കുവാന്‍ ഒരു വര്‍ഷം ശേഷിക്കവേ മന്ത്രിസഭയുടെ ശിപാര്‍ശപ്രകാരം 1991 ഏ. 5-ന് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു.

എം.വിജയകുമാര്‍
സി.എ.കുര്യന്‍‎

312 ദിവസം സമ്മേളിച്ച 8-ാം കേരള നിയമസഭയുടെ കാലയളവില്‍ കയര്‍ തൊഴിലാളി ക്ഷേമനിധിബില്‍, പൊതുപ്രവര്‍ത്തകരുടെ അഴിമതി നിരോധനബില്‍, ഖാദി തൊഴിലാളി ക്ഷേമനിധി ബില്‍, കൈത്തറി തൊഴിലാളി ക്ഷേമനിധി ബില്‍, നിര്‍മാണതൊഴിലാളി ക്ഷേമനിധി ബില്‍, കേരള ഗ്രന്ഥശാലാസംഘം ബില്‍, കേരള വനിതാകമ്മീഷന്‍ ബില്‍ ഉള്‍പ്പെടെ 129 ബില്ലുകള്‍ പാസാകുകയുണ്ടായി.

ഒന്‍പതാം കേരള നിയമസഭ. 1991 ജൂണ്‍ 12-ന് ഒന്‍പതാം കേരള നിയമസഭയിലേക്കു നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടിയ ഐക്യജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1991 ജൂണ്‍ 24-ന് അധികാരമേറ്റു. ജൂല. 1-ന് പി.പി. തങ്കച്ചന്‍ നിയമസഭാസ്പീക്കറായും ജൂല. 19-ന് കെ. നാരായണക്കുറുപ്പ് ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. 1991-92 കാലയളവില്‍ ഇ.കെ. നായനാരും 1992-96 കാലയളവില്‍ വി.എസ്. അച്യുതാനന്ദനുമായിരുന്നു പ്രതിപക്ഷനേതാവ്. 1995 മാ. 16-ന് കെ. കരുണാകരന്‍ രാജിവച്ചതിനെത്തുടര്‍ന്ന് 1995 മാ. 22-ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി ചുമതലയേറ്റു. തുടര്‍ന്നുണ്ടായ മന്ത്രിസഭാ പുനര്‍രൂപീകരണത്തിന്റെ ഭാഗമായി പി.പി. തങ്കച്ചന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുകയും പകരം തേറമ്പില്‍ രാമകൃഷ്ണന്‍ ചുമതലയേല്ക്കുകയും ചെയ്തു.


1996 ഏ. 27-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഒന്‍പതാം കേരള നിയമസഭ മേയ് 14-ന് പിരിച്ചുവിടപ്പെട്ടു. കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ബില്‍, കേരള പഞ്ചായത്ത് രാജ് ബില്‍, കേരള മുനിസിപ്പാലിറ്റീസ് ബില്‍, ശ്രീ ശങ്കരാചാര്യ സര്‍വകലാശാലാ ബില്‍ എന്നിവ ഉള്‍പ്പെടെ 84 ബില്ലുകള്‍ 264 ദിവസം സമ്മേളിച്ച 9-ാം കേരള നിയമസഭയുടെ കാലയളവില്‍ പാസാക്കി. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറുടെ നയപ്രസംഗവും ബജറ്റ് പ്രസംഗവും റെക്കോര്‍ഡ് ചെയ്യപ്പെടുകയും സംപ്രക്ഷേപണം ചെയ്യുകയുമുണ്ടായി.

എന്‍.സുന്ദരന്‍ നാടാര്‍

പത്താം കേരളനിയമസഭ. 1996 ഏ. 27-ന് പത്താം നിയമസഭയിലേക്കു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇടതുജനാധിപത്യ മുന്നണി ഭൂരിഭാഗം സീറ്റുകള്‍ നേടുകയും ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ 1996 മേയ് 20-ന് മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. എ.കെ. ആന്റണിയായിരുന്നു പ്രതിപക്ഷ നേതാവ്. മേയ് 30-ന് എം. വിജയകുമാര്‍ സ്പീക്കറായും ജൂല. 17-ന് സി.എ. കുര്യന്‍ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പ്രസിഡണ്ട് പദവിയിലെത്തിയ ആദ്യ മലയാളിയായ കെ. ആര്‍. നാരായണനെ സഭ ആദരിക്കുകയും അദ്ദേഹം സഭയെ 1997 സെപ്. 18-ന് അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രസിഡണ്ട് എന്ന നിലയില്‍ കെ. ആര്‍. നാരായണനാണ് കേരള നിയമസഭയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് (1998 മേയ് 22). 1998 ജൂണ്‍ 29-നായിരുന്നു ഗവ. സെക്രട്ടേറിയറ്റില്‍ വച്ച് അവസാനമായി നിയമസഭാ സമ്മേളനം നടന്നത്. പുതിയ നിയമസഭാ മന്ദിരത്തില്‍ 1998 ജൂണ്‍ 30-നാണ് നിയമസഭാ സമ്മേളനം ആദ്യമായി നടന്നത്. 2001 ഫെ. 24-ന് ഉപരാഷ്ട്രപതി കിഷന്‍കാന്ത് പഴയ അസംബ്ലി മന്ദിരം ചരിത്രസ്മാരകമായി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

നിയമസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രിവിലേജ് കമ്മിറ്റി, പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയായും ശിശുക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്ന കമ്മിറ്റിക്ക് വികലാംഗക്ഷേമത്തിന്റെകൂടി അധികച്ചുമതല നല്‍കി. 1997 ഏ. 17-ലെ ഉത്തരവുപ്രകാരം നിയമസഭ ചേരുന്ന വേളയില്‍ ഒരംഗത്തിന് ഒരു ദിവസം ചോദിക്കാവുന്ന പരമാവധി ചോദ്യങ്ങളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തി. റാഗിങ് നിരോധനബില്‍ 1998, കേരള ലോകായുക്ത ബില്‍ 1999, അധികാര വികേന്ദ്രീകരണബില്‍ 2000 എന്നിവയടക്കം 104 ബില്ലുകള്‍ക്കാണ് 268 ദിവസം സമ്മേളിച്ച പത്താം കേരള നിയമസഭ അംഗീകാരം നല്‍കിയത്. 2001 മേയ് 10-ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി വിജയിച്ചതോടെ 2001 മേയ് 13-ന് ഇ.കെ. നായനാര്‍ രാജിവയ്ക്കുകയും മേയ് 16-ന് നിയമസഭ പിരിച്ചുവിടപ്പെടുകയും ചെയ്തു.

പതിനൊന്നാം കേരള നിയമസഭ. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2001 മേയ് 17-ന് അധികാരമേറ്റു. വി.എസ്. അച്യുതാനന്ദനായിരുന്നു പ്രതിപക്ഷ നേതാവ്. 2001 ജൂണ്‍ 6-ന് വക്കം പുരുഷോത്തമന്‍ സ്പീക്കറായും ജൂല. 4-ന് എന്‍. സുന്ദരന്‍ നാടാര്‍ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. 2001 ഡി. 3-നാണ് കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ www.niyamasabha.org നിലവില്‍ വന്നത്. ലോക്കല്‍ഫണ്ട് എക്കൗണ്ട്സ് കമ്മിറ്റി, ഔദ്യോഗിക ഭാഷാ കമ്മിറ്റി എന്നീ രണ്ട് സുപ്രധാന കമ്മിറ്റികള്‍ നിലവില്‍ വന്നത് പതിനൊന്നാം കേരള നിയമസഭയുടെ കാലയളവിലാണ്. 2004 ആഗ. 29-ന് എ.കെ. ആന്റണി മുഖ്യമന്ത്രി പദവി രാജിവച്ചതിനെത്തുടര്‍ന്ന് 2004 ആഗ. 31-ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ മന്ത്രിയായതിനെത്തുടര്‍ന്ന് നിയമസഭാംഗമായ തേറമ്പില്‍ രാമകൃഷ്ണന്‍ 2004 സെപ്. 16-ന് പുതിയ സ്പീക്കറായി ചുമതലയേറ്റു. 2005 ജൂല. 28-ന് രാഷ്ട്രപതി ഏ.പി.ജെ. അബ്ദുള്‍കലാം നിയമസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയുണ്ടായി. കേരളത്തിന്റെ വികസനം ലക്ഷ്യംവയ്ക്കുന്ന പത്തിന പരിപാടികളായിരുന്നു പ്രസംഗത്തിന്റെ കാതല്‍.

കെ.രാധാകൃഷ്ണന്‍

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിയമസഭാസന്ദര്‍ശനവും മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ പ്രതിമകളുടെ അനാച്ഛാദനവും (2005 സെപ്. 3), മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമാ അനാച്ഛാദനം (2006 മാ. 15), നിയമസഭാ ലൈബ്രറിയുടെ കംപ്യൂട്ടര്‍വത്കരണം, നിമയസഭാ മ്യൂസിയത്തിന്റെ ഉദ്ഘാടനം എന്നിവയാണ് പതിനൊന്നാം നിയമസഭാ കാലയളവില്‍ നടന്ന ഇതര സുപ്രധാന പരിപാടികള്‍. കേരള കാര്‍ഷിക കടാശ്വാസ ബില്‍ 2001, കേരള അണ്‍ എയ്ഡഡ് പ്രൊഫഷണല്‍ കോളേജുകളിലെ തലവരി നിരോധനബില്‍ 2004, കേരള കിസാന്‍ പാസ് ബുക്ക് ബില്‍ 2005 എന്നിവയടക്കം 165 ബില്ലുകള്‍ക്കാണ് 257 ദിവസം സമ്മേളിച്ച പതിനൊന്നാം കേരള നിയമസഭ അംഗീകാരം നല്‍കിയത്. 2006 ഏപ്രില്‍ 22, 29, മേയ് 3 എന്നീ തീയതികളിലായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സി.പി.ഐ.(എം)ന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. മുന്നണി ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചതിനെത്തുടര്‍ന്ന് 2006 മേയ് 12-ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരം വിട്ടൊഴിഞ്ഞു.

ജോസ് ബേബി‌

പന്ത്രണ്ടാം കേരള നിയമസഭ. പന്ത്രണ്ടാം കേരള നിയമസഭ 2006 മേയ് 13-ന് രൂപീകൃതമായി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ 2006 മേയ് 18-ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഉമ്മന്‍ചാണ്ടിയായിരുന്നു പ്രതിപക്ഷ നേതാവ്. 2006 മേയ് 24-ന് മന്ത്രിസഭയുടെ ആദ്യയോഗം നടന്നു. 2006 മേയ് 25-ന് കെ. രാധാകൃഷ്ണന്‍ സ്പീക്കറായും 2006 ജൂണ്‍ 20-ന് ജോസ് ബേബി ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.

ചിത്രം:Governorlist.png

നിയമസഭയുടെ സുവര്‍ണജൂബിലിയാഘോഷങ്ങള്‍ ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ 2007 ഏ. 27-ന് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം നിയമസഭയുടെ കാലത്ത് നാലു സബ്ജക്ട് കമ്മിറ്റികളും നാല് ക്ഷേമസമിതികളും സ്ഥാപിതമായി. മത്സ്യത്തൊഴിലാളി ക്ഷേമം, യുവജനക്ഷേമം, വയോജനക്ഷേമം, പ്രവാസികാര്യക്ഷേമം എന്നീ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്. 17 സെഷനുകളിലായി 253 ദിവസം സമ്മേളിച്ച പന്ത്രണ്ടാം കേരള നിയമസഭ കാര്‍ഷിക കടാശ്വാസ ബില്‍, 2007-ലെ ക്ഷീരകര്‍ഷക ക്ഷേമനിധി ബില്‍, 2007-ലെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ബില്‍, 2007-ലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ബില്‍, 2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമബില്‍, 2010-ലെ പ്രിസണുകളും സംശുദ്ധീകരണ സന്മാര്‍ഗീകരണ സേവനങ്ങളും (നിര്‍വഹണം) ബില്‍, 2010-ലെ ആരോഗ്യത്തിനും അനുബന്ധ ശാസ്ത്രങ്ങള്‍ക്കും ഉള്ള സര്‍വകലാശാല ബില്‍, 2010-ലെ കേരളാ പൊലീസ് ബില്‍, 2010-ലെ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബില്‍, 2010-ലെ വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാലാ ബില്‍ അടക്കം 139 ബില്ലുകള്‍ പാസാക്കുകയുണ്ടായി.

2011 ഏ. 13-ന് പതിമൂന്നാം കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഭൂരിപക്ഷം നേടിയതിനെത്തുടര്‍ന്ന് 2011 മേയ് 14-ന് വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭ അധികാരം വിട്ടൊഴിഞ്ഞു.

പതിമൂന്നാം കേരള നിയമസഭ. 2011 മേയ് 14-ന് പതിമൂന്നാം കേരള നിയമസഭ നിലവില്‍ വന്നു. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭ 2011 മേയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായി. 2011 മേയ് 18-നായിരുന്നു ആദ്യമന്ത്രിസഭായോഗം. സ്പീക്കറായി ജി. കാര്‍ത്തികേയന്‍ 2011 ജൂണ്‍ 2-നും ഡെപ്യൂട്ടി സ്പീക്കറായി എന്‍. ശക്തന്‍ 2011 ജൂണ്‍ 28-നും തെരഞ്ഞെടുക്കപ്പെട്ടു.

ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബ് മത്സരിച്ച് ജയിക്കുകയും മന്ത്രിസഭയില്‍ 2012 ഏ. 12-ന് അംഗമാവുകയും ചെയ്തു; മഞ്ഞളാംകുഴി അലിയും അന്നേദിവസം മന്ത്രിസഭാംഗമായി. നെയ്യാറ്റിന്‍കര എം.എല്‍.എ. ആര്‍. ശെല്‍വരാജ് സി.പി.എം.-ല്‍ നിന്നും രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച് അദ്ദേഹം വീണ്ടും നിയമസഭാംഗമായി. വനം-സ്പോര്‍ട്സ്-സിനിമ വകുപ്പുമന്ത്രി കെ.ബി. ഗണേശ്കുമാര്‍ 2013 ഏ. 2-ന് രാജിവയ്ക്കുകയുണ്ടായി. കെ.പി.സി.സി. പ്രസിഡണ്ടും എം.എല്‍.എ.യുമായ രമേശ് ചെന്നിത്തല 2014 ജനു. 1-ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റു.

ജി.കാര്‍ത്തികേയന്‍
എന്‍. ശക്തന്‍

2014 ഫെ. 6 വരെ 10 സെഷനുകളിലായി 145 ദിവസം സഭ സമ്മേളിച്ചു. ഇക്കാലയളവില്‍ കേരള സംസ്ഥാന സേവനാവകാശ ബില്‍ 2012, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ബില്‍ 2012, കേരള ആധാരമെഴുത്ത് വെണ്ടര്‍മാരുടെ ക്ഷേമനിധി ബില്‍ 2012, ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ 2012, കേരള ലിഫ്റ്റ് ആന്‍ഡ് എസ്കലേറ്റേഴ്സ് ബില്‍ 2013, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ബില്‍ 2013 ഉള്‍പ്പെടെ 91 ബില്ലുകള്‍ പാസാക്കുകയുണ്ടായി.

നിയമസഭയുടെ ഘടനയും പ്രവര്‍ത്തനവും. കേരള നിയമസഭയില്‍ ഇപ്പോള്‍ തിരെഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളും ഭരണഘടനാവ്യവസ്ഥപ്രകാരം നോമിനേറ്റ് ചെയ്യപ്പെട്ട ഒരംഗവുമാണുള്ളത്. നോമിനേറ്റ് ചെയ്യപ്പെട്ട അംഗം ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളാണ്.

നിയമസഭ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമായി ശരാശരി 53 ദിവസം സമ്മേളിക്കാറുണ്ട്. ജൂണ്‍-ജൂലായ് മാസങ്ങളില്‍ ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ പാസാക്കുന്നതിനാണ് നിയമസഭ കൂടുതല്‍ ദിവസം സമ്മേളിക്കുന്നത്. മറ്റു സമ്മേളനങ്ങള്‍ നിയമനിര്‍മാണത്തിനും മറ്റു നടപടികള്‍ക്കുമാണ് വിനിയോഗിക്കുക. നിയമസഭയുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടരമണിമുതല്‍ ഒന്നര മണിവരെയാണ്. അപൂര്‍വമായി ഉച്ചയ്ക്കു ശേഷവും നിയമസഭ സമ്മേളിക്കാറുണ്ട്. വെള്ളിയാഴ്ച മാത്രം സഭാനടപടികള്‍ പന്ത്രണ്ടരമണിക്ക് അവസാനിപ്പിക്കുന്നു. ശനിയും ഞായറും മറ്റു പൊതു-അവധി ദിവസങ്ങളിലും സഭ സമ്മേളിക്കാറില്ല.

ചിത്രം: Speaker.png

നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങളില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ ചോദ്യോത്തരസമയമാണ്. ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അംഗങ്ങള്‍ നേരത്തേ എഴുതി അയയ്ക്കുന്ന ചോദ്യങ്ങള്‍ക്കു ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ മറുപടി പറയുന്നു. വളരെക്കുറച്ചു ചോദ്യങ്ങള്‍ക്കു മാത്രമേ നിയമസഭാതലത്തില്‍ വച്ചു മന്ത്രിമാര്‍ക്കു മറുപടി നല്കാന്‍ കഴിയുകയുള്ളൂ. മറ്റു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സഭയുടെ മേശപ്പുറത്തു വയ്ക്കുന്നു. സഭയില്‍ ചോദിക്കുവാന്‍ അവസരം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉപചോദ്യങ്ങള്‍ ചോദിക്കാമെന്നൊരു പ്രത്യേകതയുമുണ്ട്. നിയമസഭ ഏറ്റവും സജീവമാകുന്നതു ചോദ്യോത്തരവേളയിലാണ്.

നിയമസഭാ മ്യൂസിയം

നിയമനിര്‍മാണം. നിയമസഭയില്‍ നിക്ഷിപ്തമായ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം നിയമനിര്‍മാണമാണ്. നിയമവാഴ്ചയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തില്‍ ഭരണമണ്ഡലത്തിലെ വിവിധതലങ്ങളില്‍ അധികാരവിനിയോഗം നിര്‍വഹിക്കുന്നവരുടെ നടപടികള്‍ നിയമവ്യവസ്ഥകളും ചട്ടങ്ങളുംമൂലം വ്യാപകമായ തോതില്‍ നിയന്ത്രിക്കേണ്ടതുണ്ട്. നിയമസമാധാനപാലനം മാത്രം ഗവണ്‍മെന്റിന്റെ കര്‍ത്തവ്യമായി കരുതിയിരുന്ന കാലഘട്ടത്തില്‍ നിയമങ്ങളുടെ എണ്ണം പരിമിതമായിരുന്നു. എന്നാല്‍ സ്ഥിതിസമത്വസിദ്ധാന്തത്തിലധിഷ്ഠിതമായ ഒരു സാമൂഹിക ഘടനയും സമ്പദ്വ്യവസ്ഥയും ലക്ഷ്യമായി നാം അംഗീകരിച്ചതോടെ ഗവണ്‍മെന്റിന്റെ അധികാരസീമയും പ്രവര്‍ത്തനമേഖലയും വിപുലപ്പെടാതെ തരമില്ല. ഭരണകൂടത്തിന്റെ പ്രവര്‍ത്തനം പുതിയ മണ്ഡലങ്ങളിലേക്കു വ്യാപിക്കുന്നതോടൊപ്പം നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനായി നിയമസംഹിതയുടെ വലുപ്പവും വര്‍ധിപ്പിക്കേണ്ടതായിവരുന്നു. ജനായത്തഭരണം നിലവില്‍ വന്നതിനുശേഷം നിയമനിര്‍മാണരംഗം അമ്പരപ്പിക്കുന്ന വിധത്തില്‍ സജീവമായി തീര്‍ന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

ചിത്രം:Deputy_speaker.png‎

ഈ നിയമങ്ങളെല്ലാം വിവിധ ജനവിഭാഗങ്ങളുടെ അവകാശാധികാരങ്ങളെയും ചുമതലകളെയും നിയന്ത്രിക്കുകയോ നിര്‍ണയിക്കുകയോ ചെയ്യുന്നവയാണ്. ചില നിയമങ്ങള്‍ ജനങ്ങളെയൊട്ടാകെ ബാധിക്കുന്നവയായിരിക്കും. മൂന്നാം കേരള നിയമസഭ പാസാക്കിയതും പില്ക്കാലത്ത് അനവധി തവണ ഭേദഗതിക്കു വിധേയമായതുമായ ഭൂപരിഷ്കരണ നിയമം ഇതിനൊരുദാഹരണമാണ്. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ക്കഴിയുന്ന ജനവിഭാഗങ്ങളുടെ അവകാശാധികാരങ്ങളില്‍ അത്രയും സമൂലവും പ്രകടവുമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപ്തമായില്ലെങ്കില്‍ക്കൂടിയും മറ്റു നിയമങ്ങളും വിഭിന്നവും വ്യത്യസ്തവുമായ രീതിയില്‍ ജനജീവിതത്തെ സാരമായി സ്പര്‍ശിക്കുന്നവയാണ്. കഴിഞ്ഞ ദശകത്തില്‍ നിയമസഭ രൂപം നല്കിയിട്ടുള്ള വിവിധ തൊഴില്‍നിയമങ്ങളും സര്‍വകലാശാലാനിയമങ്ങളും ഉദാഹരണങ്ങളാണ്.

നിയമസഭാ ഹാള്‍

ബ്രിട്ടീഷ് മാതൃകയിലുള്ള ക്യാബിനറ്റ് ഭരണസമ്പ്രദായം നാം സ്വീകരിച്ചിട്ടുള്ളതിനാല്‍ നമ്മുടെ നിയമസഭ പാസാക്കുന്ന നിയമങ്ങളില്‍ അധികവും സഭയില്‍ അവതരിപ്പിക്കുന്നതു ഗവണ്‍മെന്റു ഭാഗത്തു നിന്നാണ് (യു.എസ്സില്‍ സെനറ്റിലും പ്രതിനിധിസഭയിലും ബില്ലുകള്‍ അവതരിപ്പിക്കുന്നതും അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമെല്ലാം സാധാരണ സാമാജികന്മാരാണ്). അനൗദ്യോഗികാംഗങ്ങള്‍ക്ക് സഭയുടെ അനുമതിയോടുകൂടി ബില്ലുകള്‍ അവതരിപ്പിക്കാനുള്ള അവകാശം ഉണ്ടെങ്കിലും അത് ഫലപ്രാപ്തിയിലെത്തുവാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. കേരള നിയമസഭയുടെ സമീപകാലചരിത്രത്തില്‍ ഇത്തരം ഒരു സന്ദര്‍ഭം ഉണ്ടായിട്ടില്ല. 1958-ലെ ശമ്പളവും ബത്തകളും നല്‍കല്‍ (ഭേദഗതി) ബില്‍ ആണ് കേരള നിയമസഭ പാസാക്കിയ ഏക അനൗദ്യോഗിക ബില്‍ (ഉമേഷ് റാവു നോട്ടീസ് നല്‍കിയത്).

ജവഹര്‍ലാല്‍ നെഹ്റു കേരള നിയമസഭയെ അഭിസംബോധന ചെയ്യുന്നു

ഭരണകൂടത്തിന്റെ പ്രവര്‍ത്തനമേഖല വിപുലപ്പെടുന്നതോടൊപ്പം വര്‍ധിച്ചുവരുന്ന ഭരണാധികാരത്തിന്റെ വിനിയോഗ സമ്പ്രദായത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ കല്പിക്കേണ്ട ചുമതല ജനങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്ന നിയമസഭയ്ക്കുണ്ട്. നിയമസഭയില്‍ നിക്ഷിപ്തമായ ഈ കര്‍ത്തവ്യം നിര്‍വഹിക്കുന്നത് പ്രധാനമായും നിയമസഭയുടെ വിവിധ കമ്മിറ്റികളില്‍ക്കൂടിയാണ്. നിയമസഭാംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതും നിയമസഭയോടു പൂര്‍ണമായ ഉത്തരവാദിത്തവും വിധേയത്വവും ഉള്ളതുമായ ഈ കമ്മിറ്റികള്‍ നിയമസഭയുടെ കൊച്ചു പതിപ്പുകളാണ്. നിഷ്കൃഷ്ടവും സൂക്ഷ്മവുമായ പരിശോധനയ്ക്കും പഠനത്തിനും ശേഷം ഈ കമ്മിറ്റികള്‍ രൂപവത്കരിക്കുന്ന അഭിപ്രായങ്ങള്‍ ശിപാര്‍ശകളുടെ രൂപത്തില്‍ നിയമസഭയ്ക്കു സമര്‍പ്പിക്കപ്പെടുന്നു. ഈ റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകള്‍ നടപ്പില്‍വരുത്തുവാന്‍ ഗവണ്‍മെന്റ് കടമപ്പെട്ടിരിക്കുന്നു.

നിയമസഭാ മന്ദിരത്തിനു മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമ

നിയമസഭാ കമ്മിറ്റികള്‍. നിലവില്‍ 14 സബ്ജക്റ്റ് കമ്മിറ്റികളെക്കൂടാതെ കേരള നിയമസഭയ്ക്ക് 23 കമ്മിറ്റികളാണുള്ളത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുളള കമ്മിറ്റി, ലോക്കല്‍ ഫണ്ട്സ് അക്കൗണ്ട്സ് കമ്മിറ്റി എന്നീ ധനകാര്യക്കമ്മിറ്റികളാണ് ഇവയില്‍ പ്രധാനപ്പെട്ടവ. സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി, പ്രിവിലേജസും എഥിക്സും സംബന്ധിച്ച സമിതി, റൂള്‍സ് കമ്മിറ്റി, പട്ടികജാതി-പട്ടികവര്‍ഗക്ഷേമക്കമ്മിറ്റി, കാര്യോപദേശകക്കമ്മിറ്റി, അനൗദ്യോഗികാംഗങ്ങളുടെ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച കമ്മിറ്റി, സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി, പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി, യുവജന ക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി, പരിസ്ഥിതി സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഹര്‍ജികള്‍ സംബന്ധിച്ച സമിതി, ഗവണ്‍മെന്റ് നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി, മേശപ്പുറത്ത് വച്ച കടലാസുകള്‍ സംബന്ധിച്ച സമിതി എന്നിവയാണ് മറ്റു നിയമസഭാകമ്മിറ്റികള്‍. ഈ കമ്മിറ്റികളിലെല്ലാം നിയമസഭയുടെ മസ്തിഷ്കമായി പ്രവര്‍ത്തിക്കുന്നു.

നിയമസഭാ സ്പീക്കറുടെ ചേംബര്‍

നിയമസഭാ സെക്രട്ടേറിയറ്റ്. സംസ്ഥാന ഭരണത്തിന്റെ ഉന്നതതലനിര്‍വഹണത്തിന് ഒരു സെക്രട്ടേറിയറ്റ് ഉള്ളതുപോലെ നിയമസഭയ്ക്കുമുണ്ട് പ്രത്യേകമൊരു സെക്രട്ടേറിയറ്റ്. നിയമസഭസംബന്ധമായ ജോലികള്‍ നിര്‍വഹിക്കുകയാണ് ഈ സെക്രട്ടേറിയറ്റിന്റെ ചുമതല. ഓരോ സംസ്ഥാനത്തെയും നിയമസഭയ്ക്ക് പ്രത്യേകം സെക്രട്ടേറിയല്‍ സ്റ്റാഫ് ഉണ്ടായിരിക്കണമെന്ന് ഭരണഘടനയുടെ 187-ാം ആര്‍ട്ടിക്കിള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭരണഘടന നിയമസഭകള്‍ക്കു പ്രദാനം ചെയ്തിട്ടുള്ള പ്രമുഖപദവിയും നിയമസഭാംഗങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കണമെന്നുള്ളതും കണക്കിലെടുത്തുള്ളതാണ് ഈ വ്യവസ്ഥ.

ആദ്യകാലങ്ങളില്‍ നിയമസഭയുടെ ജോലികള്‍ നിര്‍വഹിച്ചിരുന്നത് ഗവണ്‍മെന്റ് താത്കാലികമായി നിയോഗിച്ചിരുന്ന സ്റ്റാഫായിരുന്നു. 1948-ലാണ് തിരുവിതാംകൂര്‍ നിയമസഭാഓഫീസ് സംഘടിപ്പിക്കപ്പെട്ടത്. ആ ഓഫീസിന്റെ ഭരണപരമായ നിയന്ത്രണം അന്ന് ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്കായിരുന്നു. 1949-ല്‍ തിരു-കൊച്ചി സംയോജനത്തോടുകൂടി ആ ഓഫീസ് പുനഃസ്ഥാപിക്കപ്പെട്ടു.

നിയമസഭാ കോംപ്ലക്സില്‍ സ്ഥാപിച്ച ഡോ.അംബേദ്ക്കറുടെ പ്രതിമ
രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി നിയമസഭയെ അഭിസംബോധന ചെയ്യുന്നു (2012)

ഭരണഘടന നിലവില്‍വന്നതിനുശേഷം 1950 ഡി. 12-ന് തിരു-കൊച്ചി നിയമസഭയ്ക്കുവേണ്ടി പ്രത്യേകമൊരു സെക്രട്ടേറിയറ്റ് സ്ഥാപിക്കപ്പെട്ടു. 1953-ല്‍ ഭരണഘടനയുടെ 187-ാം ആര്‍ട്ടിക്കിളിലെ മൂന്നാം വകുപ്പ് അനുസരിച്ച് തിരു-കൊച്ചി നിയമസഭാസെക്രട്ടേറിയറ്റ് (റിക്രൂട്ട്മെന്റും സേവനവ്യവസ്ഥകളും) ചട്ടങ്ങള്‍ 1950 ഡി. 12 മുതല്‍ക്കുള്ള മുന്‍കാലപ്രാബല്യത്തോടെ നിലവില്‍വന്നു. നിയമസഭാസെക്രട്ടറിയുടെ തസ്തിക ഉള്‍പ്പെടെ സെക്രട്ടേറിയറ്റിലെ എല്ലാ തസ്തികകളിലേക്കുമുള്ള നിയമനങ്ങളടക്കം എല്ലാ അധികാരങ്ങളും ആ ചട്ടപ്രകാരം സ്പീക്കറില്‍ നിക്ഷിപ്തമായി. സെക്രട്ടേറിയറ്റ് സ്റ്റാഫിന്മേലുള്ള അച്ചടക്കനിയന്ത്രണവും സെക്രട്ടേറിയറ്റിന്റെ സ്വതന്ത്രമായ സ്വഭാവത്തിന് നിയമാധിഷ്ഠിതമായ അംഗീകാരവും കൈവന്നു. എന്നാല്‍ 1979-ല്‍ കേരള നിയമസഭാസെക്രട്ടേറിയറ്റ് (റിക്രൂട്ട്മെന്റും സേവനവ്യവസ്ഥകളും) റൂള്‍സ് നിലവില്‍വന്നപ്പോള്‍ സെക്രട്ടറിയുടെ തസ്തികയിലെയും ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിക്കു മുകളിലുള്ള ഗസറ്റഡ് തസ്തികകളിലെയും നിയമനങ്ങള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചായിരിക്കണം നടത്തേണ്ടതെന്നുകൂടി വ്യവസ്ഥ ചെയ്യപ്പെട്ടു. പക്ഷേ നിയമനങ്ങളിലും ജീവനക്കാരുടെ മേലുള്ള അച്ചടക്കനിയന്ത്രണത്തിലും അന്തിമതീരുമാനമെടുക്കുന്ന അതോറിറ്റി സ്പീക്കറില്‍തന്നെ നിലനിര്‍ത്തി.

നിയമസഭാ സെക്രട്ടറിയാണ് സെക്രട്ടേറിയറ്റിന്റെ സാരഥ്യം വഹിക്കുന്നത്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പ്രധാനജോലികള്‍ ചുരുക്കത്തില്‍ ഇവയാണ്: സഭയെ സംബന്ധിച്ചുള്ള ജോലികളുടെ നടത്തിപ്പ്, നിയമനിര്‍മാണം സംബന്ധിച്ച ജോലികള്‍, ചോദ്യങ്ങളും പ്രമേയങ്ങളും പ്രോസസ് ചെയ്യല്‍, നിയമസഭാ കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിനുവേണ്ടിവരുന്ന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കല്‍, സഭാനടപടികളുടെ റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, അവ അച്ചടിച്ച് സഭാംഗങ്ങള്‍ക്കു ലഭ്യമാക്കല്‍, സഭാംഗങ്ങളുടെ ആവശ്യങ്ങളും സൗകര്യങ്ങളും നിറവേറ്റിക്കൊടുക്കല്‍, ലൈബ്രറി, ഗവേഷണവിഭാഗം, റഫറന്‍സ് സര്‍വീസസ്, സെക്രട്ടേറിയറ്റിന്റെ ഭരണം എന്നിങ്ങനെ ആ ജോലികളെ തരംതിരിക്കാം.

നിയമസഭാ സാമാജികരുടെ തലസ്ഥാനത്തെ വാസസ്ഥലം

സഭാസമ്മേളനം നടക്കുമ്പോള്‍ സഭയുടെ ദൈനംദിന പരിപാടികള്‍ സംബന്ധിച്ച രേഖകള്‍ തയ്യാറാക്കുന്നതിനും അത് സഭാംഗങ്ങള്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിനും 'ടേബിള്‍ സെക്ഷന്‍' എന്ന ഒരു വിഭാഗം സെക്രട്ടേറിയറ്റിലുണ്ട്. സഭയ്ക്കകത്ത് മെമ്പര്‍മാരുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കേണ്ടതും, വിവിധ നിയമസഭാകമ്മിറ്റികളിലേക്ക് മെമ്പര്‍മാരെ സെലക്റ്റ് ചെയ്യുന്നതിനും ഗവണ്‍മെന്റ് ആവശ്യപ്പെടുന്നതിനനുസരിച്ച് വിവിധ സ്റ്റാറ്റ്യൂട്ടറി ബോഡികളിലേക്കും മറ്റ് ബോര്‍ഡുകളിലേക്കും നിയമസഭാമെമ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതും ടേബിള്‍ സെക്ഷനാണ്. കാര്യോപദേശക സമിതി, പ്രിവിലേജസ് കമ്മിറ്റി, റൂള്‍സ് കമ്മിറ്റി എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യേണ്ടതും ഈ വിഭാഗമാണ്.

നിയമനിര്‍മാണങ്ങള്‍ സംബന്ധിച്ച ജോലികള്‍ നിര്‍വഹിക്കുന്നതിന് 'ലെജിസ്ളേറ്റീവ് സെക്ഷന്‍' എന്നൊരു വിഭാഗമുണ്ട്. നിയമനിര്‍മാണത്തിനുള്ള ബില്ലുകളുടെ പ്രസിദ്ധീകരണവും അവതരണം മുതല്‍ അവയുടെ പാസാക്കിയ രൂപത്തിലുള്ള കോപ്പികള്‍ രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ അനുമതിക്കായി അയയ്ക്കുന്നതിന് തയ്യാറാക്കുന്നതുവരെയുള്ള ജോലികള്‍ ഈ സെക്ഷനാണ് നിര്‍വഹിക്കുന്നത്. നിയമസഭാംഗങ്ങളില്‍ നിന്നും സര്‍വകലാശാലാ സെനറ്റുകളില്‍ അംഗങ്ങള്‍ രാജ്യസഭയിലേക്കും രാഷ്ട്രപതിപദവിയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളില്‍ നിയമസഭാംഗങ്ങള്‍ വോട്ടുരേഖപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നതടക്കമുള്ള ജോലികളും നിര്‍വഹിക്കുന്നതും ഈ വിഭാഗത്തിന്റെ കൃത്യനിര്‍വഹണത്തില്‍പ്പെടുന്നു.

നിയമസഭയുടെ ശതോത്തര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എ.കെ.ആന്റണി നിര്‍വഹിക്കുന്നു

മന്ത്രിമാരില്‍നിന്നും മറുപടി ലഭിക്കാന്‍ നിയമസഭാമെമ്പര്‍മാര്‍ നിയമസഭാസെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുന്ന ചോദ്യങ്ങള്‍ അവയുടെ സ്വഭാവവും പ്രാധാന്യവും കണക്കിലെടുത്ത് തരംതിരിച്ച് മന്ത്രിമാര്‍ക്കു ലഭ്യമാക്കുന്നതിനും അവയ്ക്കുള്ള മന്ത്രിമാരുടെ മറുപടികള്‍ അച്ചടിച്ച് ചോദ്യകര്‍ത്താക്കള്‍ക്കു വിതരണം ചെയ്യുന്നതിനും മറ്റുമായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. അരമണിക്കൂര്‍ ചര്‍ച്ചയ്ക്കുള്ള നടപടികളും അഷ്വറന്‍സ് കമ്മിറ്റി സംബന്ധിച്ച ജോലികളും കൈകാര്യം ചെയ്യുന്നതും 'ക്വസ്റ്റ്യന്‍ സെക്ഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗമാണ്. വിവിധ നിയമസഭാക്കമ്മിറ്റികളുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിനുള്ള വിഭാഗങ്ങളും സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നു.

രാഷ്ട്രപിതാവ് മഹാത്മജിയുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നിയമസഭാ മ്യൂസിയത്തിലെ പ്രത്യേക വിഭാഗം‌

നിയമസഭാസമ്മേളനനടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനും എഡിറ്റു ചെയ്യുന്നതിനും അച്ചടിച്ചു തയ്യാറാക്കുന്നതിനുമുള്ളതാണ് മറ്റൊരു വിഭാഗം. സഭാനടപടികള്‍ (സഭയില്‍ നടക്കുന്ന ചര്‍ച്ചകളും വാദപ്രതിവാദങ്ങളും സ്പീക്കറുടെ റൂളിങ്ങുകളും മറ്റും) പദാനുപദം റിപ്പോര്‍ട്ടു ചെയ്യണം, നിയമസഭാക്കമ്മിറ്റികളുടെ യോഗങ്ങളും റിപ്പോര്‍ട്ടു ചെയ്യേണ്ടതാണ്. അതിന് ചുരുക്കെഴുത്തു പരിശീലിച്ചിട്ടുള്ളവരെ റിപ്പോര്‍ട്ടര്‍മാരായി നിയമിച്ചിട്ടുണ്ട്. അവര്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കാര്യങ്ങള്‍ എഡിറ്റു ചെയ്യുകയാണ് ഈ സെക്ഷന്റെ മറ്റൊരു പ്രധാനജോലി. എഡിറ്റു ചെയ്യപ്പെട്ട റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട മെമ്പര്‍മാരെയും വകുപ്പുമന്ത്രിമാരെയും കാണിച്ച് അവരുടെ അംഗീകാരം ലഭിച്ച് സ്പീക്കറുടെ അനുമതിയും കിട്ടിയതിനുശേഷം മാത്രമേ അത് സഭയുടെ രേഖയാക്കുകയുള്ളൂ. സഭാനടപടികളുടെ സംഗ്രഹവും സഭാധ്യക്ഷന്റെ പ്രധാന തീരുമാനങ്ങളും പ്രസിദ്ധീകരണത്തിന് തയ്യാറാക്കുന്നതും ഈ വിഭാഗമാണ്.

നിയമസഭ മ്യൂസിയം

നിയമസഭാംഗങ്ങളുടെ സുഖസൗകര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്തുകൊടുക്കുന്നതിന് പ്രത്യേകവിഭാഗവും (മെമ്പേഴ്സ് അമനിറ്റീസ്) പ്രവര്‍ത്തിക്കുണ്ട്. നിയമസഭ സമ്മേളിക്കുന്ന അവസരത്തില്‍ എം.എല്‍.എ.മാര്‍ക്ക് തിരുവനന്തപുരത്തു പാര്‍പ്പിടസൗകര്യം ലഭ്യമാക്കുക (അതിന് ഇപ്പോള്‍ എം.എല്‍.എ. ക്വാര്‍ട്ടേഴ്സ് ഉണ്ട്), അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ചികിത്സയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക, ടെലിഫോണ്‍ സൗകര്യം ലഭ്യമാക്കുക, അവരുടെ ഡി.എ., ടി.എ. ബില്ലുകള്‍ തയ്യാറാക്കിക്കൊടുക്കുക, മുന്‍ എം.എല്‍.എ. മാര്‍ക്കുള്ള പെന്‍ഷന്‍, മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റ് എന്നിവ സംബന്ധിച്ച ജോലികള്‍ നിര്‍വഹിക്കുക എന്നിവയും ഈ വിഭാഗത്തിന്റെ കൃത്യനിര്‍വഹണത്തില്‍പ്പെടുന്നു. ഹൌസ് കമ്മിറ്റിയുടെ ജോലികളും ചുമതലയും ലെജിസ്ളേച്ചേഴ്സ് ഹോസ്റ്റലിന്റെ (എം.എല്‍.എ. ക്വാര്‍ട്ടേഴ്സ്) നടത്തിപ്പും ഭരണപരമായ ചുമതലയും ഈ വിഭാഗത്തിനാണ്.

നിയമസഭയ്ക്ക് പ്രത്യേകമായൊരു സുരക്ഷാവിഭാഗം നിയമസഭാസെക്രട്ടേറിയറ്റുമായി ബന്ധപ്പെടുത്തി നിലനിര്‍ത്തിയിട്ടുണ്ട്. ചീഫ് മാര്‍ഷല്‍ എന്ന പേരില്‍ ഒരു മേധാവിയും ആ വിഭാഗത്തിനുണ്ട്. പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് ഒരു നിശ്ചിതകാലയളവിലേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെടുന്നവരാണ് ഈ സുരക്ഷാവിഭാഗത്തിലെ സ്റ്റാഫ്. നിയമസഭ സമ്മേളിക്കുമ്പോള്‍, അവിടത്തെ സുരക്ഷാജോലികള്‍ നിര്‍വഹിക്കുകയാണ് ഈ സുരക്ഷാ സ്റ്റാഫിന്റെ പ്രധാനജോലി. സഭ സമ്മേളിക്കാതിരിക്കുന്ന അവസരങ്ങളില്‍ അവരെ നിയമസഭയുടെയും നിയമസഭാസെക്രട്ടേറിയറ്റിന്റെയും കാവല്‍ജോലിക്കായും നിയോഗിക്കുന്നു.

നിയമസഭാ സുവര്‍ണജൂബിലി മെമ്മോറിയല്‍ മ്യൂസിയം

നിയമസഭാ കോംപ്ലക്സ്. തിരുവിതാംകൂറില്‍ 1939 മുതല്‍ കേരളപ്പിറവിക്കുശേഷം 1998 വരെ നിയമസഭയുടെയും നിയമസഭാസെക്രട്ടേറിയറ്റിന്റെയും മന്ദിരങ്ങള്‍ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് കോംപ്ളക്സിന്റെ ഭാഗമായിരുന്നു. 1939-ലായിരുന്നു ആ മന്ദിരവിഭാഗം നിര്‍മിച്ചത്. അതാകട്ടെ, അന്നുണ്ടായിരുന്ന ഏതാണ്ട് 70 നിയമസഭാസാമാജികരുടെ ആവശ്യം നിറവേറ്റാന്‍വേണ്ടി ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു.

പിന്നീട് കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ 1977 മുതല്‍ നിയമസഭാസാമാജികരുടെ എണ്ണം 140 ആയി ഉയര്‍ന്നു. നിയമസഭാ കമ്മിറ്റികളുടെ എണ്ണവും ഏറെയായി. അവയുടെയും പ്രവര്‍ത്തനത്തത്തിന്റെ വൈവിധ്യത്തിനും വൈപുല്യത്തിനും അനുസൃതമായി നിയമസഭാസെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ അംഗസംഖ്യയിലും വര്‍ധനവുണ്ടായി. സ്ഥലപരിമിതിമൂലം നിയമസഭാസെക്രട്ടേറിയറ്റിനു ചുറ്റുമുള്ള വരാന്തകള്‍ കെട്ടിയടച്ച് ഓഫീസ് മുറികളാക്കി.

മേല്‍ഭാഗത്തും വശങ്ങളിലും പലകത്തുണ്ടുകള്‍ തറച്ചുണ്ടാക്കിയ ഒരു 'മരക്കൂടാ'യിരുന്നു സഭാധ്യക്ഷന്റെ ചേമ്പര്‍. സഭയില്‍ ആധ്യക്ഷ്യം വഹിക്കാത്തപ്പോള്‍ അവിടെ ഇരുന്നായിരുന്നു അദ്ദേഹം കാര്യവിചാരം നടത്തിയിരുന്നത്. സഭയുടെ കാര്യോപദേശകസമിതി യോഗം ചേര്‍ന്നിരുന്നതും അവിടെ വച്ചായിരുന്നു. ആസ്ബറ്റോസ് ഷീറ്റുകള്‍ തറച്ച് ചെറിയ മുറികളിലായിരുന്നു സഭാനേതാവായ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സന്ദര്‍ശകരെ സ്വീകരിക്കുകയും മറ്റും ചെയ്തിരുന്നത്. മറ്റു കക്ഷിനേതാക്കന്മാര്‍ക്കും കമ്മിറ്റി ചെയര്‍മാന്മാര്‍ക്കും അവരുടെ കര്‍ത്തവ്യനിര്‍വഹണത്തിനുള്ള മുറികള്‍ നല്‍കാന്‍ നിയമസഭാമന്ദിരത്തില്‍ വേണ്ടത്ര ഇടമുണ്ടായിരുന്നില്ല. അങ്ങനെ എല്ലാ പ്രകാരത്തിലും, അന്നത്തെ നിയമസഭാമന്ദിരം നിയമസഭയുടെയും മെമ്പര്‍മാരുടെയും നിയമസഭാകമ്മിറ്റികളുടെയും ലൈബ്രറി, റഫറന്‍സ് സര്‍വീസസ്, പ്രസ് റൂം, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റ് എന്നിവയുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും അപര്യാപ്തമായിത്തീര്‍ന്ന സാഹചര്യത്തിലാണ് 1971-ല്‍ കേരള നിയമസഭയ്ക്ക് ഒരു പുതിയ നിയമസഭാ കോംപ്ലക്സ് ഉണ്ടാകണമെന്ന ആശയം ഉടലെടുത്തത്. തുടര്‍ന്ന് എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത്, 1979 ജൂണ്‍ 4-ന് പുതിയ നിയമസഭാ കോംപ്ലക്സിന് രാഷ്ട്രപതി നീലംസഞ്ജീവറെഡ്ഡി തറക്കല്ലിടുകയും ചെയ്തു. അടുത്ത നൂറുവര്‍ഷക്കാലത്തിനുള്ളില്‍ ഉണ്ടാകാവുന്ന നിയമസഭയുടെ പ്രവര്‍ത്തനവൈപുല്യവും തദനുസൃതമായി വര്‍ധിച്ചുവരാവുന്ന ആവശ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ടായിരുന്നു അന്ന് ആ കോംപ്ലക്സിന് രൂപകല്പന നടത്തിയത്. പ്രധാനമായും രണ്ടു ബ്ലോക്കുകള്‍-അസംബ്ലി ബ്ളോക്കും അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും-അടങ്ങുന്നതാണ് പുതിയ നിയമസഭാ കോംപ്ലക്സ്. അസംബ്ലി ചേംബര്‍, ഗാലറികള്‍, സ്പീക്കറുടെ ചേംബര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്നിവര്‍ക്കുള്ള മുറികള്‍, കാബിനറ്റ് റൂം, പ്രസ് ഫെസിലിറ്റീസ് റൂം, എം.എല്‍.എ. മാര്‍ക്കുള്ള ലൗഞ്ച് എന്നിവയടങ്ങുന്നതാണ് അസംബ്ലി ബ്ലോക്ക്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്, കമ്മിറ്റിമുറികള്‍, നിയമസഭാ കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ക്കുള്ള മുറികള്‍, ഗവേഷണത്തിനും റഫറന്‍സിനുമുള്ള സജ്ജീകരണങ്ങളോടുകൂടിലെജിസ്ളേച്ചര്‍ ലൈബ്രറി, നിയമസഭയ്ക്കുമാത്രമായ അച്ചടിപ്രസ് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

1979 ജൂണില്‍ തറക്കല്ലിട്ട നിയമസഭാ കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയായത് പത്താം കേരള നിയമസഭയുടെ (1996-2001) കാലത്താണ്. പുതിയ കോംപ്ലക്സിന്റെ ഔപചാരികമായ ഉദ്ഘാടനം 1998 മേയ് 22-ന് രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ നിര്‍വഹിച്ചു.

ചിത്രം: Cm.png‎


നിയമസഭാ വളപ്പില്‍ 2006 മേയ് 5-ന് നിയമസഭാ മ്യൂസിയം ഉദ്ഘാടനം ചെയ്യുകയുണ്ടായി. നിയമസഭയുമായി ബന്ധപ്പെട്ട സുവര്‍ണ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്മരണ നിലനിര്‍ത്തുന്ന ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗവും ഭരണഘനാവിഭാഗവും ഉള്‍ക്കൊള്ളുന്ന നിയമസഭാ മ്യൂസിയത്തിന്റെ പുതിയ കെട്ടിടം 2012-ല്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. കേരള സംസ്ഥാനത്തിന്റെ രാഷ്ട്രീയവും ചരിത്രപരവുമായ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും സാങ്കേതിക മികവോടെ ഈ മ്യൂസിയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിയമനിര്‍മാണ സഭയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതോത്തര ജൂബിലി ആഘോഷങ്ങള്‍ 2013-ല്‍ സമാപിച്ചു.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരവും പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാക്ഷരത, പൗരബോധം തുടങ്ങിയവയ്ക്കടിസ്ഥാനമായ സാമൂഹ്യസാഹചര്യങ്ങളും നിയമനിര്‍മാണങ്ങളും സാധ്യമാക്കിവരുന്നതില്‍ കേരള നിയമസഭ സുപ്രധാനമായ പങ്കാണ് വഹിച്ചുവരുന്നത്. ഭരണഘടനയോടും ജനങ്ങളോടും പ്രതിബദ്ധത പുലര്‍ത്തുന്ന നിയമസഭാ ഉദ്യോഗസ്ഥവൃന്ദവും ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരും കേരളീയ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരുമായി പ്രവര്‍ത്തിച്ചുവരുന്ന ഓരോ നിയമസഭാ സാമാജികരും ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയ്ക്കും രാജ്യത്തെ മറ്റു സംസ്ഥാനനിയമസഭകള്‍ക്കും ഉത്തമമായ മാതൃകയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍