This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേയ്സണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേയ്സണ്‍

Caison

പാലങ്ങളുടെ അസ്തിവാര നിര്‍മാണത്തിനുപയോഗിക്കുന്ന ഒരു രീതി. വെള്ളത്തിനടിയില്‍ അസ്തിവാരം നിര്‍മിക്കേണ്ടിവരുമ്പോള്‍ ഈ രീതി തികച്ചും അനുയോജ്യമാണ്. അസ്തിവാര നിര്‍മാണത്തിനുപകരിക്കുന്ന കേയ്സണുകള്‍ അവസാനം അസ്തിവാരത്തിന്റെ ഒരു ഭാഗമായി മാറുന്നു. കേയ്സണുകള്‍ പ്രധാനമായി മൂന്നു തരത്തിലാണുള്ളത്- കീഴ്ഭാഗം മൂടിയ കേയ്സണ്‍ (Box type caison), കീഴ്ഭാഗം തുറന്ന കേയ്സണ്‍ (Well type caison), ന്യൂമാറ്റിക് കേയ്സണ്‍ (Pneumatic type caison).

കീഴ്ഭാഗം മൂടിയ കേയ്സണ്‍. വെള്ളം കടക്കാത്ത വിധത്തിലുള്ളതും ഉറപ്പുള്ളതും അടിഭാഗം മൂടിയതുമായ ഒരു പാത്രം പോലെയാണിത്. ഇത്തരം കേയ്സണുകള്‍ നിര്‍മിക്കാന്‍ കോണ്‍ക്രീറ്റ്, ഉരുക്ക്, മരം എന്നിവയിലേതെങ്കിലും ഉപയോഗിച്ചുവരുന്നു. ജലാശയത്തിന്റെ അടിത്തട്ടില്‍ നിന്നും അധികം താഴെയല്ലാതെ നല്ല ഉറപ്പുള്ള മണ്ണോ പാറയോ ഉള്ളപ്പോള്‍, ജലത്തിന്റെ ആഴം എത്ര കൂടുതലായാലും ഇത്തരം അസ്തിവാരമാണുചിതം. കേയ്സണിന്റെ അടിഭാഗം ഉറച്ചിരിക്കത്തക്കവിധത്തില്‍ തറ നിരപ്പാക്കിയിരിക്കണം. കേയ്സണ്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാകയാല്‍ ഇത് വെള്ളത്തില്‍ ക്കൂടി യഥാസ്ഥാനം എത്തിക്കാന്‍ എളുപ്പമാണ്. ഒരുവശത്ത് മുന്‍കൂട്ടി പണിതിട്ടുള്ള ചെറിയ വാതില്‍ തുറന്ന് ഉള്ളില്‍ ജലം പ്രവേശിപ്പിച്ചാണ് ഇത് താഴ്ത്തുന്നത്. തൃപ്തികരമായ രീതിയില്‍ കേയ്സണ്‍ തറയില്‍ സ്ഥാപിച്ചശേഷം മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ വശത്തുള്ള വാതില്‍ അടച്ച് അതിലെ വെള്ളം പമ്പു ചെയ്തു പുറത്തുകളയുന്നു. കേയ്സണ്‍ വെള്ളത്തില്‍ വീണ്ടും പൊങ്ങിവരുന്നു. തുടര്‍ന്ന്, കല്ലോ കോണ്‍ക്രീറ്റോ ഉപയോഗിച്ച് കേയ്സണിന്റെ അടിഭാഗത്തു നിന്നും പണി ആരംഭിക്കുന്നു. ഭാരം കൂടുന്നതോടെ കേയ്സണ്‍ അടിത്തട്ടില്‍ വീണ്ടും സ്ഥാപിതമാകുന്നു. കല്ലുകൊണ്ടോ കോണ്‍ക്രീറ്റുകൊണ്ടോ കെട്ടി നിറച്ച്, മുകളില്‍ കോണ്‍ക്രീറ്റുകൊണ്ട് സീല്‍ചെയ്ത ശേഷം പാലത്തിന്റെ തൂണുകള്‍ അതിനു മുകളില്‍ പണി തുടങ്ങാവുന്നതാണ്.

കീഴ്ഭാഗം തുറന്ന കേയ്സണ്‍. ഇതിന്റെ മുകള്‍ഭാഗവും അടിഭാഗവും ഒരുപോലെ തുറന്നിരിക്കും. ആകൃതി ചതുരമോ ദീര്‍ഘചതുരമോ വൃത്തമോ മറ്റേതെങ്കിലും രൂപമോ ആകാം. ജലാശയത്തിന്റെ അടിത്തട്ടില്‍ നിന്നും വളരെത്താഴെ മാത്രമാണ് പാറയുള്ളതെങ്കില്‍ ഈ അസ്തിവാരമാണ് അനുയോജ്യം. ഭാഗികമായി മാത്രം നിര്‍മിച്ചിട്ടുള്ളതും മൂര്‍ച്ചയുള്ള വക്കോടുകൂടിയതുമായ കേയ്സണിന്റെ അടിഭാഗം വെള്ളത്തില്‍ താഴ്ത്തുന്നു. ഉള്ളില്‍ നിന്ന് മണ്ണ് തുരന്നെടുത്തു പുറത്തുകളയുമ്പോള്‍ കേയ്സണ്‍ കീഴ്പോട്ടിരിക്കുന്നു. നിര്‍മിതഭാഗം ഇപ്രകാരം ഇറക്കിക്കഴിഞ്ഞാല്‍ മുകള്‍ഭാഗത്ത് ഒന്നുരണ്ടു മീറ്റര്‍ കൂടി പണിതുയര്‍ത്തുന്നു. ഉള്ളില്‍ നിന്ന് വീണ്ടും മണ്ണുമാറ്റി കേയ്സണ്‍ താഴേക്കിറക്കുന്നു. ആവശ്യമായ ആഴം വരെ കേയ്സണ്‍ ഇപ്രകാരം താഴ്ത്താന്‍ കഴിയും.

ഇത്തരം കേയ്സണുകള്‍ക്കുള്ളില്‍ നിന്നും മണ്ണ് തുരന്നെടുക്കാന്‍ ക്ലാംഷെല്‍ ബക്കറ്റുകളും മറ്റുപകരണങ്ങളുമാണ് ഉപയോഗിച്ചു വരുന്നത്. കേയ്സണ്‍ പാറയില്‍ എത്തിയാല്‍ മുങ്ങല്‍വിദഗ്ധര്‍ അടി നിരപ്പാക്കുന്നു. കേയ്സണിന്റെ അടിഭാഗം കോണ്‍ക്രീറ്റുപയോഗിച്ച് സീല്‍ ചെയ്യുന്നതും ഇവരാണ്. വെള്ളം പമ്പു ചെയ്തുകളഞ്ഞശേഷം കോണ്‍ക്രീറ്റ്, കല്ല്, മണല്‍ എന്നിവയിലേതെങ്കിലും ഒന്നുകൊണ്ട് കേയ്സണ്‍ നിറയ്ക്കുന്നു. കോണ്‍ക്രീറ്റ് നിറയ്ക്കേണ്ടപ്പോള്‍ പൈപ്പുകള്‍ വഴിയോ പ്രത്യേകതരം ബക്കറ്റുകള്‍ വഴിയോ കോണ്‍ക്രീറ്റ് താഴേക്കെത്തിക്കുന്നു. തുടര്‍ന്ന്, കേയ്സണ്‍ കോണ്‍ക്രീറ്റുകൊണ്ടു മൂടി പാലത്തിനുവേണ്ട തൂണുകളുടെ പണി തുടങ്ങാം. ഇത്തരം കേയ്സണുകള്‍ക്ക് കിണര്‍ അസ്തിവാര (well foundation) ങ്ങളെന്നും പേരുണ്ട്.

ന്യൂമാറ്റിക് കേയ്സണ്‍. കേയ്സണിന്റെ അടിഭാഗത്ത്, താത്കാലികമോ സ്ഥിരമോ ആയ ഒരു തട്ട് നിര്‍മിച്ച് അടി തുറന്ന ഒരു അറയുണ്ടാക്കി, അതില്‍ മര്‍ദിതവായുവിന്റെ സഹായത്തോടെ മണ്ണുമാന്താന്‍ ജോലിക്കാര്‍ക്ക് സൗകര്യം നല്‍കുന്ന ഒരു നിര്‍മിതിയാണ് ന്യൂമാറ്റിക് കേയ്സണ്‍. ഉരുക്കോ കോണ്‍ക്രീറ്റോ കൊണ്ടാണ് അറയുണ്ടാക്കുന്നത്. ഏകദേശം 2 മീ. ഉയരമുള്ള ഈ അറയിലേക്ക് ജോലി ചെയ്യുന്നവര്‍ക്കു പ്രവേശിക്കാനും പണിസാധനങ്ങള്‍ എത്തിക്കുവാനും മാന്തിയെടുക്കുന്ന മണ്ണു പുറത്തേക്കു കടത്തുവാനും ബലമായ കുഴലുകളുണ്ട്. ഈ കുഴലുകളുടെ മുകളറ്റത്ത് വായു നിബദ്ധമാക്കാവുന്ന ഓരോ അറയുണ്ട്. ഇവയിലെ മര്‍ദം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാനായി മര്‍ദിനികളുമായി ഇവയെ ഘടിപ്പിച്ചിരിക്കും.

ആദ്യമായി മര്‍ദിതവായു പ്രവേശിപ്പിച്ച് താഴെയുള്ള പണിയറയില്‍ നിന്നു വെള്ളം പുറത്തേക്കു തള്ളിനീക്കുന്നു. മുകളിലെ വാതില്‍ തുറന്ന് ജോലിക്കാര്‍ മുകളറയില്‍ പ്രവേശിക്കുന്നു. മുകളിലെ വാതിലടച്ച് താഴേക്കുള്ള വാതില്‍ തുറക്കുന്നു. ക്രമേണ കുഴലിലും പണിയറയിലും മുകളിലെ അറയിലും മര്‍ദം ഒരുപോലെ ആയിത്തീരുന്നു. ജോലിക്കാര്‍ കുഴല്‍വഴി പണിയറയില്‍ പ്രവേശിച്ച് മണ്ണും കല്ലും മറ്റും വെട്ടിയും തുരന്നും നീക്കം ചെയ്യുന്നു. അവ കുഴല്‍ വഴി മുകളിലേക്കും അവിടെ നിന്നു പുറത്തേക്കും കൊണ്ടുപോകുന്നു. പണി നിര്‍ത്തുമ്പോള്‍ ജോലിക്കാര്‍ വായു നിറഞ്ഞ അറയില്‍ പ്രവേശിക്കുന്നു. അവിടത്തെ മര്‍ദം കുറച്ച് ക്രമേണ അന്തരീക്ഷ മര്‍ദമാക്കി അവര്‍ പുറത്തുവരുന്നു.

35 മീറ്ററോളം ആഴത്തില്‍ ഇത്തരം കേയ്സണുകള്‍ ഉപയോഗിച്ച് അസ്തിവാരം ഉണ്ടാക്കാം. കിണര്‍-അസ്തിവാരത്തിലെന്നപോലെയാണ് ഇതിലും ഉള്‍ഭാഗം നിറയ്ക്കുന്നതും പാലത്തിന്റെ തൂണ് നിര്‍മിക്കുന്നതും. ചെലവു കൂടുതലും പണി സാവധാനത്തിലും ആയിരിക്കുമെന്നതാണ് ഈ രീതിയുടെ പ്രധാന ദോഷങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍