This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേമ്പിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേമ്പിയം
Cambium
സസ്യങ്ങളിലെ സംവഹനവ്യൂഹത്തിന്റെ ഭാഗമായുള്ള ഒരു പ്രധാന കല. വളരുന്ന സസ്യങ്ങളില്‍ കാണ്ഡത്തിനും വേരിനും വണ്ണം കൂട്ടുകയും അവയെ വലുതാക്കുകയും ചെയ്യുന്ന ഒരു പാര്‍ശ്വസ്ഥ മെരിസ്റ്റമാണിത്. ദ്വിബീജപത്രികളില്‍ കാണ്ഡത്തിലും വേരിലും ഖരവ്യൂഹ (xylem)ത്തിനും മൃദുവ്യൂഹ (phloem)ത്തിനുമിടയില്‍ കാണുന്ന കട്ടികുറഞ്ഞ ഭിത്തികളുടെ കോശങ്ങളാണിവ. കാണ്ഡത്തിന്റെ മുഴുവന്‍ നീളത്തിലും കാണപ്പെടുന്ന ഒരു പ്രാഥമിക മെരിസ്റ്റ (primary meristem)മാണിത്. സസ്യങ്ങളുടെ പ്രാഥമിക വളര്‍ച്ചയ്ക്കു നിദാനം ശീര്‍ഷസ്ഥ മെരിസ്റ്റമാണ്. ഇതില്‍ നിന്നു പ്രാഥമിക സ്ഥിരകലകളുണ്ടാകുകയും ചെടികള്‍ക്ക് നീളം വര്‍ധിക്കുകയും ചെയ്യുന്നു. സാധാരണ ദാരുലതകളിലും ദുര്‍ബല സസ്യങ്ങളിലും ശരീരം മുഴുവന്‍ ഉള്ള സ്തരമാണ് കേമ്പിയം. എന്നാല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അഗ്രഭാഗങ്ങളില്‍ കേമ്പിയം ഇല്ല. ഓഷധികളായ ആവൃത ബീജികളിലും പരിണാമപരമായി താഴ്ന്ന സംവഹന സസ്യങ്ങളിലും കേമ്പിയം സാധാരണ കാണാറില്ല. ഏകബീജപത്രികളില്‍ പ്രോകേമ്പിയകോശങ്ങളുടെ വിഭജനവും വിഭേദനവും കാരണം പ്രാഥമിക സംവഹനകലകള്‍ ഉണ്ടാവുന്നു. ദ്വിബീജപത്രികളിലും നഗ്നബീജികളിലും വളര്‍ച്ച ഇതില്‍നിന്നും വ്യത്യസ്തമാണ്. ഇവയുടെ ശരീരഭാഗങ്ങള്‍ക്ക് കാലക്രമേണ വണ്ണം കൂടുന്നു. ഇതിനെ ദ്വിതീയ വളര്‍ച്ച എന്നു പറയും. കേമ്പിയം, കോര്‍ക്ക് കേമ്പിയം എന്നീ രണ്ടു പാര്‍ശ്വസ്ഥമെരിസ്റ്റമിക കലകളുടെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. കേമ്പിയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ദ്വിതീയ സൈലം, ദ്വിതീയ ഫ്ളോയം എന്നീ ദ്വിതീയ സംവഹന കലകളും ചില ഭാഗങ്ങളില്‍ ദ്വിതീയ മജ്ജാകിരണങ്ങളുമുണ്ടാകുന്നു. കോര്‍ക്ക് കേമ്പിയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പരിചര്‍മം ഉണ്ടാകുന്നു.
ഏകബീജ പത്രികളില്‍ ദ്വിതീയ കേമ്പിയം ഉണ്ടാകുന്നില്ല. അതിനാല്‍ ദ്വിതീയ വളര്‍ച്ചയില്ല. എന്നാല്‍ ദ്വിബീജപത്രികളിലും നഗ്നബീജികളിലും പ്രോകേമ്പിയത്തിലെ ചില കോശങ്ങള്‍ പ്രാഥമിക വളര്‍ച്ചയ്ക്കുശേഷവും മെരിസ്റ്റമിക പ്രകൃതി നിലനിര്‍ത്തുന്നു. പ്രോകേമ്പിയത്തില്‍ നിന്നാണ് പ്രാഥമിക കാണ്ഡത്തില്‍ സംവഹനകലയുണ്ടാകുന്നത്. ഒരു സംവഹനവ്യൂഹത്തിലെ പ്രാഥമിക ഫ്ളോയത്തിനും പ്രാഥമിക സൈലത്തിനുമിടയ്ക്കുള്ള മെരിസ്റ്റത്തിനെ സംവഹനവ്യൂഹ കേമ്പിയം (fascicular cambium) എന്നു പറയുന്നു. ദ്വിതീയകേമ്പിയം രണ്ടു സംവഹന വ്യൂഹങ്ങള്‍ക്കിടയില്‍ ഉണ്ടാകുമ്പോള്‍ അതിനെ സംവഹന വ്യൂഹാന്തരകേമ്പിയം (inter fascicular cambium) എന്നാണു വിളിക്കുക. ആദ്യം പ്രവര്‍ത്തിക്കുന്നത് സംവഹനവ്യൂഹ കേമ്പിയമായിരിക്കും. കുറച്ചു വളര്‍ന്നതിനുശേഷമേ സംവഹന വ്യൂഹാന്തരകേമ്പിയം ഉണ്ടാകുന്നുള്ളൂ. ഇവയുടെ വിഭജനം പൂര്‍ത്തിയായാല്‍ കുറുകെയുള്ള ഛേദത്തില്‍ കേമ്പിയം ഒരു വലയമായി കാണപ്പെടും. പ്രാഥമിക സംവഹന വ്യൂഹങ്ങള്‍ ഈ വലയത്തില്‍ കോര്‍ത്ത മണികള്‍ പോലെയാണ് കുറുകെയുള്ള ഛേദത്തില്‍ കാണുന്നത്.
കേമ്പിയ കോശങ്ങള്‍ സൂക്ഷ്മവും ദീര്‍ഘചതുരാകൃതിയോടു കൂടി പരന്നവയുമാണ്. കോശത്തിലെ പ്രോട്ടോപ്ളാസത്തില്‍ സാധാരണ വലുപ്പം കൂടിയ ഒരു രിക്തികയും കട്ടി കുറഞ്ഞ ഒരു പരിധീയസ്തരമായി സൈറ്റോപ്ളാസവും കണ്ടുവരുന്നു. ശീതകാലമൊഴിച്ച് മറ്റു കാലങ്ങളിലെല്ലാം പ്രോട്ടോപ്ളാസ്-പ്രവാഹം ഉണ്ട്. ന്യൂക്ളിയസ് വലുപ്പം കൂടിയതാണ്.
സംവഹന കേമ്പിയത്തില്‍ രണ്ടുതരം കോശങ്ങളാണുള്ളത്. ശംഖാകാരപ്രാരംഭകങ്ങള്‍ (Fusiform initials), കിരണപ്രാരംഭകങ്ങള്‍ (Ray initials). ശംഖാകാരപ്രാരംഭകങ്ങള്‍ നീളം കൂടി കീലാകൃതിയുള്ളവയാണ്. ഇവ വിഭജിച്ച് ദ്വിതീയ സംവഹന കലകള്‍ ഉണ്ടാകുന്നു. ഇവ സസ്യങ്ങളില്‍ നെടുകെയുള്ള (കുത്തനെ) ഒരു കലാവ്യൂഹം രൂപവത്കരിക്കുന്നു. ഇതില്‍ സൈലം നാളങ്ങള്‍, ഫൈബറുകള്‍, സൈലം പാരന്‍കൈമ, സീവനാളങ്ങള്‍, സഹായകോശങ്ങള്‍, ഫ്ളോയം പാരന്‍കൈമ മുതലായവ കാണുന്നു. കിരണ പ്രാരംഭക കോശങ്ങള്‍ വലുപ്പം കുറഞ്ഞവയും ഏതാണ്ട് സമവ്യാസീയവും ആണ്. ഇവയുടെ വിഭജനത്താല്‍ സൈലം കിരണങ്ങളും ഫ്ളോയം കിരണങ്ങളുമുണ്ടാകുന്നു. ഇവ ചെടിയുടെ നെടുകെയുള്ള അക്ഷത്തിനു കുറുകെ സമകോണില്‍ വ്യാപിച്ചു കിടക്കുന്നു. ഇത് ക്ഷൈതിജ കലാവ്യൂഹമാണ്.
കേമ്പിയം യഥാര്‍ഥത്തില്‍ ഒരു ഏകപംക്തി സ്തരമാണെങ്കിലും വേഗം വളരുമ്പോള്‍ കോശങ്ങളുടെ വിഭജനം വഴി വ്യുത്പന്ന കോശങ്ങളുണ്ടാവുകയും യഥാര്‍ഥ കേമ്പിയസ്തരവും വ്യുത്പന്ന കോശങ്ങളും അടങ്ങുന്ന ഒരു കേമ്പിയ മണ്ഡലമുണ്ടാവുകയും ചെയ്യുന്നു. ഈ കേമ്പിയ മണ്ഡലത്തെ സ്പര്‍ശ രേഖീയ ദൃശ്യത്തില്‍ കാണുന്ന കോശങ്ങളുടെ വിന്യാസരീതിയെ അടിസ്ഥാനമാക്കി കേമ്പിയത്തെ സ്തരിതമെന്നും അസ്തരിതമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
സ്തരിത കേമ്പിയത്തില്‍ ശംഖാകാര പ്രാരംഭകങ്ങള്‍ ക്ഷൈതിജമായ സോപാനരൂപത്തിലാണ്. ഒരു സോപാനത്തിലെ എല്ലാ ഫ്യൂസിഫോം പ്രാരംഭകങ്ങളുടെയും അഗ്രഭാഗങ്ങള്‍ ഒരേ തരത്തിലാകുന്നു. അസ്തരിത കേമ്പിയത്തിന് നീളംകൂടിയ ശംഖാകാര പ്രാരംഭകങ്ങളാണുള്ളത്. ക്ഷൈതിജ സോപാനങ്ങളായിട്ടല്ല ഇവ വിന്യസിച്ചിരിക്കുന്നത്. ഇവയുടെ നേര്‍ത്ത അഗ്രഭാഗങ്ങള്‍ അന്യോന്യം അതിവ്യാപനം ചെയ്തിരിക്കുന്നു.
വിഭജിച്ച് അന്തര്‍ഭാഗത്തേക്കും ബഹിര്‍ഭാഗത്തേക്കും വ്യുത്പന്നകോശങ്ങളെ ഉത്പാദിപ്പിക്കുന്നതോടൊപ്പം തന്നെ സ്വയം നിലനില്‍ക്കുകയും ചെയ്യുന്നുവെന്നതാണ് കേമ്പിയത്തിന്റെ പ്രത്യേകത. ഉള്‍ഭാഗത്ത് ക്രമത്തില്‍ സ്ഥാനം പിടിക്കുന്ന വ്യുത്പന്നകോശങ്ങള്‍ സൈലമായും പുറഭാഗത്തേക്ക് നിര്‍മിതമാകുന്നവ ഫ്ളോയമായും രൂപപ്പെടുന്നു. ഇത് ഇടതടവില്ലാതെ നടക്കുന്ന പ്രക്രിയയാണ്. രണ്ടാമതുണ്ടാകുന്ന ഈ കലകളെ ദ്വിതീയ സൈലമെന്നും ദ്വിതീയഫ്ളോയമെന്നും പറയുന്നു. ദ്വിതീയഫ്ളോയത്തെക്കാള്‍ വളരെ വേഗത്തിലാണ് ദ്വിതീയസൈലം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇവ രണ്ടും പ്രാഥമിക കലകളെക്കാള്‍ കൂടുതല്‍ പുഷ്ടിപ്പെടുന്നു. ഇവ കൂടുതലുണ്ടാകുന്നതിനാലാണ് കാണ്ഡം വണ്ണം വയ്ക്കുന്നത്. സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജലവും ഭക്ഷ്യവസ്തുക്കളും എത്തിക്കേണ്ട ചുമതല ദ്വിതീയ സംവഹനവ്യൂഹം ഏറ്റെടുക്കുന്നതോടെ വളര്‍ച്ചയും വണ്ണവും കൂടുന്നു. ദ്വിതീയസൈലം പ്രാഥമിക സൈലത്തെ മധ്യഭാഗത്തേക്കും ദ്വിതീയഫ്ളോയം പ്രാഥമികഫ്ളോയത്തെ പുറഭാഗത്തേക്കും തള്ളിമാറ്റുന്നു.
കാണ്ഡം വണ്ണം വയ്ക്കുന്നതനുസരിച്ച് ഉപരിവൃതി കോശങ്ങള്‍ വിഭജിക്കാറാകുമ്പോള്‍ ആവൃതിയിലെ ബാഹ്യനിരയിലൊന്നിലെ പാരന്‍കൈമകോശങ്ങള്‍ കോര്‍ക്ക് കേമ്പിയം അഥവാ ഫെല്ലോജന്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഇത് കാണ്ഡത്തിന്റെ പുറം പരിധിക്കു സമാന്തരമായി വിഭജിച്ച് ഉള്‍ഭാഗത്തേക്കും പുറഭാഗത്തേക്കും വ്യുത്പന്ന കോശങ്ങളെ ഉണ്ടാക്കുന്നു. ഉള്‍ഭാഗത്തേക്ക് ഉണ്ടായവ ആവൃതിയിലെ സാധാരണ പാരന്‍കൈമയാകുന്നു. ഇവയെ കോര്‍ക്കുചര്‍മ കോശങ്ങള്‍ (phelloderm cells) എന്നു വിളിക്കുന്നു. ഇവയെല്ലാം കൂടിയുണ്ടാകുന്ന ആവരണ കലയാണ് കോര്‍ക്ക് ചര്‍മം (phelloderm). കോര്‍ക്ക് കേമ്പിയം പുറഭാഗത്തേക്കുണ്ടാകുന്ന കോശങ്ങള്‍ കുറേ പ്രാവശ്യം അനുസ്പര്‍ശകമായും (anticlinal) അപസ്പര്‍ശകമായും (periclinal) വിഭജിച്ച് നിര്‍ജീവകങ്ങളായ കോര്‍ക്കു കോശങ്ങളായിത്തീരുന്നു. കോര്‍ക്കു ചര്‍മകോശങ്ങള്‍, ഫെല്ലോജന്‍, കോര്‍ക്കു ചര്‍മം ഇവയെല്ലാംകൂടി പരിചര്‍മം എന്ന പേരിലറിയപ്പെടുന്നു. ഇത് ഉപരിവൃതി നഷ്ടപ്പെടുന്നതുകൊണ്ട് സസ്യങ്ങള്‍ക്കുണ്ടായേക്കാവുന്ന അപകടങ്ങളില്‍ നിന്ന് അവയെ രക്ഷിക്കുന്നു.
വിഭജനത്തെക്കാള്‍ കൂടുതല്‍ വേഗത്തില്‍ വിഭേദനം നടക്കുമ്പോഴാണ് കേമ്പിയം പ്രവര്‍ത്തനോന്മുഖമാകുന്നത്. ഓക്സിനുകളും ഗിബറിലിനുകളും ഉപയോഗിച്ച് ഇതിനെ കൂടുതല്‍ പ്രവര്‍ത്തനനിരതമാക്കാവുന്നതാണ്. ഗിബറിലിന്‍ വിഭജനത്തെയും ഓക്സിനുകള്‍ വിഭേദനത്തെയും ത്വരിതപ്പെടുത്തുന്നു.
ചെടി മുറിച്ചാല്‍ കേമ്പിയം കലയില്‍ നിന്നും കാലസ് (callus) ഉണ്ടാകുന്നു. ഈ കാലസ് മാര്‍ദവമുള്ള പാരന്‍കൈമയാണ്. ഇത് ഫ്ളോയം, ആവൃത്തി തുടങ്ങിയ കലകളിലെ പാരന്‍കൈമയുടെ വിഭജനംമൂലമാണുണ്ടാകുന്നത്. ഇങ്ങനെയുണ്ടാകുന്ന കാലസിന് ഒരു നേരിയ ആവരണം രൂപപ്പെട്ടുവരികയും അതിനുള്ളില്‍ കേമ്പിയം പുതിയ സംവഹന കലകളുണ്ടാക്കുകയും ചെയ്യുന്നു.