This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേപ് വെര്‍ദെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേപ് വെര്‍ദെ

The Republic of Cape Verde

പികോ ഡൊ ഫോഗോ അഗ്നിപര്‍വതം

അത് ലാന്തിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹവും റിപ്പബ്ലിക്കും. പശ്ചിമാഫ്രിക്കയുടെ തീരത്ത് നിന്ന് 570 കി.മീ. അകലെ സ്ഥിതിചെയ്യുന്ന കേപ് വെര്‍ദെ മൈക്രോനേഷ്യ ഭൗമമേഖലയുടെ ഭാഗമാണ്. വടക്കേ അക്ഷാംശം 14° 18' പടിഞ്ഞാറ് രേഖാംശം 22°26' നും മധ്യേ സ്ഥിതിചെയ്യുന്ന കേപ് വെര്‍ദെ ദ്വീപസമൂഹത്തില്‍ കുതിരലാടത്തിന്റെ ആകൃതിയിലുള്ള 10 ദ്വീപുകളും എട്ട് ചെറു ദ്വീപുകളുമാണുള്ളത്. വലിയ ദ്വീപുകളില്‍ ഒന്‍പതുകളിലും മനുഷ്യവാസമുണ്ട്. ഭൂമിശാസ്ത്രസവിശേഷതകളാല്‍ രണ്ടായി വിഭജിച്ചിരിക്കുന്ന ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് സാന്തിയാഗോ (Santiago) ആണ്. രാഷ്ട്രതലസ്ഥാനമായ പ്രയാ (Praia) സ്ഥിതിചെയ്യുന്നത് ഈ ദ്വീപിലാണ്. ജനസംഖ്യ: 505,000 (2012); വിസ്തൃതി: 4,033 ച.കി.മീ.

സാന്തിയാഗോ ദ്വീപ്

ഭൂപ്രകൃതികൊണ്ടും സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ സമീപനംകൊണ്ടും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വിഭിന്നത പുലര്‍ത്തുന്ന കേപ് വെര്‍ദെ 1975 വരെ പോര്‍ച്ചുഗലിന്റെ കോളനിയായിരുന്നു. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇവിടെ എത്തിയ പോര്‍ച്ചുഗീസുകാരാണ് ഹരിതാഭമായ മുനമ്പ് എന്ന അര്‍ഥം വരുന്ന കേപ്-വെര്‍ജ് എന്ന പേരുനല്‍കിയത്. ക്രമേണ പ്രധാന ദ്വീപുമായി തൊട്ടൊരുമ്മിക്കിടക്കുന്ന മറ്റു ഒമ്പതു ദ്വീപുകള്‍ക്കും ഇതേ പേരുലഭിച്ചു. ആഫ്രിക്കന്‍ വന്‍കരയിലെ ഗിനി-ബിസാവുമായി അഞ്ചുവര്‍ഷത്തോളം സഖ്യമുണ്ടായിരുന്ന കേപ് വെര്‍ദെ ആ ജനതയുമൊത്താണ് പോര്‍ച്ചുഗലിനെതിരായ സ്വാതന്ത്ര്യസമരത്തില്‍ അണിനിരന്നത്. 1975 ജൂല. 5-ന് രാജ്യം സ്വതന്ത്രപരാമാധികാര രാഷ്ട്രമായത്.

ചിത്രം:Cap verde.png

കേപ് വെര്‍ദെ ദ്വീപില്‍ നടന്ന ഭൂവിജ്ഞാനീയപഠനങ്ങള്‍ക്ക് 125-150 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് സൂചിപ്പിക്കുന്നു. ഏറ്റവും പഴക്കംചെന്ന ശിലകള്‍ക്ക് 128-131 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ട്. മയോസീനിലാണ് ഇവിടെ ആദ്യം അഗ്നിപര്‍വതം ഉണ്ടായതും ദ്വീപസമൂഹം അതിന്റെ പൂര്‍ണവികാസത്തില്‍ എത്തുന്നതും. ഫോഗോ ദ്വീപില്‍ ഇപ്പോഴും അഗ്നിപര്‍വതം ഉണ്ടാകാറുണ്ട്. അഗ്നിപര്‍വതത്തോടൊപ്പം ഉണ്ടായ ഉഷ്ണനീരുറവയും കടത്തറയുടെ തള്ളലുമാകാം ദ്വീപസമൂഹത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചത് എന്നാണ് ഭൂവിജ്ഞാനികളുടെ മതം. ദ്വീപസമൂഹത്തിലെ എല്ലാ ദ്വീപുകളും അഗ്നിപര്‍വതത്തിന്റെ ഫലമായാണ് രൂപപ്പെട്ടതെങ്കിലും അവയുടെ പ്രതല സവിശേഷതകള്‍ തികച്ചും വ്യത്യസ്തമാണ്. 1995-ല്‍ പൊട്ടിത്തെറിച്ച പികോ ഡൊ ഫോഗോയാണ് ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതം. ഏതാണ്ട് എട്ട് കി.മീ. ചുറ്റളവുള്ള ഈ അഗ്നിപര്‍വതം സമുദ്രനിരപ്പില്‍നിന്ന് 2,829 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ആഗ്നേയശിലകളാണ് ദ്വീപസമൂഹത്തില്‍ കൂടുതല്‍. ഒപ്പം ആഗ്നേയ ഘടനകളോടുകൂടിയ ഭൂരൂപങ്ങളും കാണപ്പെടുന്നുണ്ട്.

ആഫ്രിക്കന്‍ വന്‍കരയില്‍നിന്നും വ്യത്യസ്തമായ, തികച്ചും മിതമായ കാലാവസ്ഥ കേപ് വെര്‍ദെയില്‍ അനുഭവപ്പെടുന്നുണ്ട്. ദ്വീപസമൂഹം മൊത്തത്തില്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാലാണ് ഇത്. താപനിലയുടെ ശരാശരി ജനുവരിയില്‍ 20°C, സെപ്തംബറില്‍ 29°C. സഹേലിയന്‍ ആര്‍ദ്രമേഖലയുടെ ഭാഗമാണെങ്കിലും ഇവിടെ ലഭിക്കുന്ന മഴയുടെ തോത് വന്‍കരയില്‍ ലഭിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്. ആഗസ്റ്റ്-ഒക്ടോബര്‍ കാലയളവില്‍ ഇടവിട്ടിടവിട്ട് മഴ ലഭിക്കുന്നു. ചിലപ്പോള്‍ ശക്തമായ മഴ ലഭിക്കാറുണ്ട്. മൊത്തത്തില്‍ ഉപമരുഭൂമിയില്‍ അനുഭവപ്പെടുന്ന കാലാവസ്ഥയോട് കേപ് വെര്‍ദെയുടെ മഴക്കാലത്തെ താരതമ്യപ്പെടുത്താം.

അത് ലാന്തിക് സമുദ്രത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന കേപ് വെര്‍ദെയുടെ സ്ഥാനം, ദ്വീപസമൂഹത്തെ തദ്ദേശജീവജാതികളുടെ ആവാസകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. മനുഷ്യ ഇടപെടലുകള്‍മൂലം വംശനാശഭീഷണിയെ അഭിമുഖീകരിക്കുന്ന ഒട്ടനവധി പക്ഷികളും ഉരഗങ്ങളും ഈ ദ്വീപസമൂഹത്തില്‍ കാണപ്പെടുന്നുണ്ട്. ബൂര്‍ണീസ്, ഹെറോണ്‍, റാസോലാര്‍ക്, കേപ് വെര്‍ദെ ബാര്‍ബ്ളര്‍, ലാഗേ സ്പാരോ എന്നിവ ഉദാഹരണങ്ങളാണ്. ഷിയര്‍വാട്ടെര്‍ എന്ന പ്രത്യേകയിനം കടല്‍പ്പക്ഷിയുടെ പ്രജനനകേന്ദ്രവും വെര്‍ദെ ജെക്കേ എന്ന ഉരഗത്തിന്റെ ആവാസകേന്ദ്രവും കൂടിയാണ് കേപ് വെര്‍ദെ.

18-ാം നൂറ്റാണ്ടിലുണ്ടായ കടുത്ത വരള്‍ച്ചയിലും ക്ഷാമത്തിലും ഒരുലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. 1832-ല്‍ ചാള്‍സ് ഡാര്‍വിന്‍ ഇവിടം സന്ദര്‍ശിക്കുകയുണ്ടായി. 19-ാം നൂറ്റാണ്ടില്‍ അടിമക്കച്ചവടം നിരോധിക്കപ്പെട്ടതോടെ കേപ് വെര്‍ദിനോടുള്ള വിദേശികളുടെ താത്പര്യവും അസ്തമിച്ചു. 1900-ലും 1948-ലും ഉണ്ടായ വരള്‍ച്ചയിലും അസംഖ്യം ജനങ്ങള്‍ മരണമടഞ്ഞു. തുടര്‍ന്ന് പോര്‍ച്ചുഗീസുകാരും ആഫ്രിക്കന്‍ വംശജരുമായി വിവാഹം നടക്കുകയും സങ്കരഭാഷയായ ക്രിയോള്‍ (Creole) രൂപംകൊള്ളുകയും ജനതയില്‍ ബഹുഭൂരിപക്ഷം കത്തോലിക്കാ മതവിശ്വാസികളാവുകയും ചെയ്തു. പോര്‍ച്ചുഗീസ് കോളനികളില്‍ വച്ച് ആദ്യമായി ഹൈസ്കൂള്‍ സ്ഥാപിതമായത് കേപ് വെര്‍ദെയിലായിരുന്നു. 1950-കളോടെ ദേശീയബോധം ഉണര്‍ന്നുതുടങ്ങി. പോര്‍ച്ചുഗീസ് ഗിനി(ഗിനി-ബിസാവു)യുമായി ചേര്‍ന്ന് സ്വാതന്ത്ര്യപ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. അമില്‍സാര്‍ കബ്രാളിന്റെ നേതൃത്വത്തില്‍ പാര്‍ടിഡോ ആഫ്രിക്കാനോ ദാ ഇന്‍ഡിപെന്‍ഡന്‍സിയ ദാ ഗിനി ഇ കാബോ വെര്‍ദെ (PAIGCV) എന്ന സംഘടന രൂപംകൊണ്ടു. 1960-കളില്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ഗറില്ലാ യുദ്ധങ്ങള്‍ വിജയകരമായിരുന്നു. 1975-ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ആഭിമുഖ്യമുള്ള പോര്‍ച്ചുഗീസ് ഭരണകൂടം, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഏറ്റവും നീണ്ട സ്വാതന്ത്ര്യപോരാട്ടത്തോട് അനുകൂലനിലപാടു സ്വീകരിച്ചുകൊണ്ട് കേപ് വെര്‍ദെക്ക് സ്വാതന്ത്ര്യം അനുവദിച്ചു. തുടര്‍ന്ന് 1974-ല്‍ സ്വതന്ത്രയായ ഗിനി-ബിസാവുമായി ചേര്‍ന്ന് മേഖലയില്‍ ഒരു സഖ്യത്തിനു രൂപംനല്‍കി. 1980-ല്‍ ഗിനി-ബിസാവുവിലുണ്ടായ പട്ടാള അട്ടിമറിയോടെ ഈ സഖ്യം തകരുകയും ഗിനി-ബിസാവുവും കേപ് വെര്‍ദെയും പ്രത്യേക രാഷ്ട്രങ്ങളാവുകയും ചെയ്തു.

പുതുതായി രൂപംകൊണ്ട പാര്‍ടിഡോ ആഫ്രിക്കാനോ ദാ ഇന്‍ഡിപെന്‍ഡന്‍സിയ ദാ കാബോ വെര്‍ദെ (PAICV) ആയിരുന്നു കേപ് വെര്‍ദെയിലെ ഭരണമുന്നണി. 1981-ല്‍ നിലവില്‍ വന്ന ഭരണഘടനപ്രകാരം ഏകകക്ഷി ജനാധിപത്യമായിരുന്നു കേപ് വെര്‍ദെയിലെ രാഷ്ട്രീയ സംവിധാനം. എന്നാല്‍ 1990 സെപ്തംബറില്‍ കൂടിയ ദേശീയ അസംബ്ലി രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പ് അനുവദിച്ചു. തുടക്കത്തില്‍ കാര്‍ഷിക രാഷ്ട്രമായിരുന്നു കേപ് വെര്‍ദെ. തൊണ്ണൂറുകളില്‍ നടപ്പിലാക്കിയ തുറന്ന കമ്പോള വ്യവസ്ഥ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍