This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേദാരനാഥന്‍, കെ. ആര്‍ (1925 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേദാരനാഥന്‍, കെ. ആര്‍ (1925 - 2007)

കെ. ആര്‍ കേദാരനാഥന്‍

സംഗീതവിദ്വാന്‍. 1925 ഒ. 28-ന് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കേട്ടവരം പാളയത്ത് കെ. രംഗനാഥയ്യരുടെയും ലക്ഷ്മി അമ്മാളുടെയും മകനായി ജനിച്ചു. മൈലാപ്പൂരിലെ പി. എസ്. ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം.

സ്വന്തം ജ്യേഷ്ഠനും തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീതകോളജിലെ പ്രിന്‍സിപ്പലുമായിരുന്ന കെ. ആര്‍. കുമാരസ്വാമി അയ്യര്‍ ആയിരുന്നു ആദ്യഗുരു. ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ ശിക്ഷണത്തില്‍ ഗുരുകുലസമ്പ്രദായം അനുസരിച്ചു സംഗീതാഭ്യസനം തുടര്‍ന്ന ഇദ്ദേഹം തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജില്‍ നിന്നും ഗായക പരീക്ഷ പാസാവുകയും കേന്ദ്രഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പു നേടുകയും ചെയ്തു.

പാലക്കാട് ശ്രീചെമ്പൈ സ്മാരക സംഗീതകോളജില്‍ വായ്പാട്ടു വിഭാഗത്തില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുള്ള കേദാരനാഥന്‍, ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ പ്രോഗ്രാം, സംഗീത സമ്മേളനം എന്നിവയില്‍ തന്റെ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ളതു കൂടാതെ കുചേലോപാഖ്യാനം, രാധാമാധവം, കൃഷ്ണഗാഥ എന്നീ സംഗീതനാടകങ്ങള്‍ (ഓപ്പറ) സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. കുചേലോപാഖ്യാനം നാഷണല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരുന്നു. തമിഴ്, സംസ്കൃതം, തെലുഗ്, മലയാളം എന്നീ ഭാഷകളില്‍ കൃതികള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം അഞ്ചു രാഗങ്ങളില്‍ ത്യാഗരാജചരിത പഞ്ചരത്നം എന്ന കൃതിയും രചിച്ചിട്ടുണ്ട്. സ്വാതിതിരുനാളിന്റെ ഹിന്ദുസ്ഥാനി ഭജന്‍, ലക്ഷ്മീകൃഷ്ണയുടെ ഗാനകുസുമാഞ്ജലി, അംബുജം കൃഷ്ണയുടെ (പാര്‍ട്ട് 4-5) ഗീതമാല, സൗന്ദര്യലഹരി, അക്കിത്തത്തിന്റെ ചില രചനകള്‍ എന്നിവയ്ക്ക് ഇദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. 2007 ജനു. 6-ന് ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. മോഹനചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍