This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേതന (13-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേതന (13-ാം ശ.)

തെലുഗു സാഹിത്യകാരന്‍. മഹാകവി തിക്കനയുടെ സമകാലികനായ ഇദ്ദേഹത്തിന്റെ പൂര്‍ണ നാമധേയം മൂലഘടികകേതന എന്നാണ്. സംസ്കൃത കാവ്യശാസ്ത്രത്തിലും ശാസ്ത്ര സാഹിത്യത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ശിവഭക്തനായ കേതന, തെലുഗു, സംസ്കൃതം എന്നീ ഭാഷകളില്‍ ഒരുപോലെ അവഗാഹം നേടിയിരുന്നു.

ദശകുമാരചരിതമു, ആന്ധ്രഭാഷാഭൂഷണമു, വിജ്ഞാനേശ്വരീയമു എന്നിവയാണ് കേതനയുടെ മുഖ്യ കൃതികള്‍. ദണ്ഡിയുടെ 'സംസ്കൃത ദശകുമാരചരിത' ത്തെ അവലംബമാക്കി 12 ആശ്വാസങ്ങളിലായി ചമ്പൂശൈലിയില്‍ രചിക്കപ്പെട്ടതാണ് ദശകുമാരചരിതമു. ശൃംഗാര ഹാസ്യ രസപൂര്‍ണങ്ങളായ സാഹസിക കഥകളെ പ്രതിപാദിക്കുന്നതില്‍ മൂലകാരനായ ദണ്ഡിയുടേതുപോലുള്ള പ്രതിഭയാണ് കേതന പ്രദര്‍ശിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ 'അഭിനവദണ്ഡി' എന്ന പേരില്‍ ഇദ്ദേഹം തെലുഗു സാഹിത്യത്തില്‍ അറിയപ്പെടുന്നു. ആന്ധ്രാഭാഷഭൂഷണമു തെലുഗുഭാഷയില്‍ എഴുതിയ ആദ്യത്തെ തെലുഗു വ്യാകരണ ഗ്രന്ഥമാണ്. അതിനുമുമ്പുള്ള തെലുഗു വ്യാകരണഗ്രന്ഥങ്ങള്‍ സംസ്കൃതത്തിലായിരുന്നു എഴുതപ്പെട്ടിരുന്നത്. യാജ്ഞവല്ക്യസ്മൃതിയുടെയും അതിന്റെ വ്യാഖ്യാനമായ മിതാക്ഷരയുടെയും തെലുഗുഭാഷയിലുള്ള വിവര്‍ത്തനമാണ് വിജ്ഞാനേശ്വരീയമു. തെലുഗു ഭാഷയിലുള്ള ആദ്യത്തെ തെലുഗു വ്യാകരണ ഗ്രന്ഥം, ആദ്യത്തെ ധര്‍മശാസ്ത്ര ഗ്രന്ഥം, കഥാത്മക കാവ്യം എന്നിവയുടെ കര്‍ത്താവെന്ന നിലയില്‍ കേതന തെലുഗു സാഹിത്യത്തില്‍ അനശ്വരമായ സ്ഥാനം നേടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍