This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേഡ്ജാക്ക് (? 1450)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേഡ്ജാക്ക് (? 1450)

Cade, Jack

സെയ് , സീലി എന്നിവരെ കേഡ് ജാക്കിനു മുന്നിൽ കൊണ്ടുവരുന്നു - പെയിന്റിംഗ്

ഇംഗ്ലണ്ടിലെ ഹെന്റി VI - ന് എതിരായി 1450 മേയില്‍ കെന്റില്‍ വച്ചു നടന്ന സായുധ ലഹളയുടെ നേതാവ്. ഇദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. മേയ് 2-നു സഫക്കിലെ പ്രഭുവായിരുന്ന വില്യം ഡിലാപോളിന്റെ വധത്തെത്തുടര്‍ന്നുള്ള പ്രതികാര നടപടിയായിട്ടാണ് കെന്റിലെ ലഹള പൊട്ടിപ്പുറപ്പെട്ടത്; കൂടാതെ, ഹെന്റി VI-ന്റെ മന്ത്രിമാരായ ജെയിംസ് ഫെന്നീസ്, സെയ്പ്രഭു, സീലിപ്രഭു എന്നിവരുടെ അഴിമതിക്കും മര്‍ദനത്തിനുമെതിരായുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. കേഡിന്റെ നേതൃത്വത്തിലുള്ള പട്ടാളം ജൂണ്‍ 10-ന് ആഷ്ഫോര്‍ഡില്‍ നിന്നും ബ്ലാക്ക് ഹീത്തിലേക്ക് മുന്നേറി. എന്നാല്‍ രാജകീയ സൈന്യം കേഡിനെ പിന്തിരിപ്പിച്ചു. ജൂണ്‍ 18-ന് വീണ്ടും സെവനോക്സില്‍ വച്ച് ഇരു സൈന്യവും ഏറ്റുമുട്ടുകയും രാജകീയ സൈന്യത്തില്‍ ഒരു വിഭാഗത്തെ കേഡ് കീഴ്പ്പെടുത്തുകയും ചെയ്തു. അതിനുശേഷം കേഡ് ലണ്ടനില്‍ പ്രവേശിച്ചു. അപ്പോഴേക്കും ഹെന്റി VI-മന്‍ ഭരണത്തില്‍ നിന്നും വിരമിച്ചു കെനില്‍വര്‍ത്ത് കൊട്ടാരത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. വിപ്ലവകാരികള്‍ സെയ്പ്രഭുവിനെയും അദ്ദേഹത്തിന്റെ മരുമകനും കെന്റിലെ ഷെറീഫും ആയിരുന്ന വില്യം ക്രൌണറെയും വധിച്ചു. ഇതറിഞ്ഞ ലണ്ടന്‍ നിവാസികള്‍ അദ്ദേഹത്തിന്റെ അനുയായികളെ സിറ്റിയില്‍ നിന്നും സൗത്ത് വേര്‍ക്കിലേക്ക് ഓടിച്ചു. തങ്ങള്‍ക്കു മാപ്പു നല്‍കാമെന്നു ഗവണ്‍മെന്റില്‍ നിന്നും വാഗ്ദാനമുണ്ടായതനുസരിച്ചു വിപ്ലവകാരികള്‍ കീഴടങ്ങി. പക്ഷേ കേഡ് മാത്രം എതിരിട്ടുനിന്നു. അവസാനം 1450 ജൂല. 12-ന് കെന്റിലെ പുതിയ ഷെറീഫായ അലക്സാണ്ടര്‍ ഐഡന്‍ കേഡിനെ വധിച്ചു.

കേഡ് ആരാണെന്ന വസ്തുത ഇന്നും ഒരു വിവാദ വിഷയമത്രേ. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനോടനുബന്ധിച്ചുണ്ടായ പ്രഖ്യാപനത്തില്‍ ഒരു ഐറിഷ്കാരനായി ചിത്രീകരിച്ചിരുന്നു. അയര്‍ലണ്ടിലെ സസെക്സില്‍ താമസമുറപ്പിച്ചിരുന്ന ഇദ്ദേഹം ഒരു സ്ത്രീയെ കൊലചെയ്തശേഷം ഫ്രാന്‍സിലേക്കു പലായനം ചെയ്യുകയാണുണ്ടായത്. ജോണ്‍ അലീമര്‍ എന്ന പേരില്‍ ഇദ്ദേഹം ഒരു ഭിഷഗ്വരനായിരുന്നതായും പറയപ്പെടുന്നു. ഗ്രിഗറിയുടെ അഭിപ്രായത്തില്‍ സെവനോക്സിലെ യുദ്ധത്തിനു ശേഷം ലണ്ടനിലേക്കു നയിച്ച വിപ്ലവത്തിന്റെ ശരിയായ നേതാവ് കേഡ് ആയിരുന്നില്ല. മോര്‍ട്ടിമര്‍ എന്നാണ് കേഡ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇത് യോര്‍ക്കിലെ ഡ്യൂക്ക് ആയിരുന്ന റിച്ചാര്‍ഡിന്റെ കുടുംബമായ ഏള്‍സ് ഒഫ് മാര്‍ച്ചിന്റെ മറ്റൊരു നാമധേയമാണ്. അതുകൊണ്ട് ട്യൂഡര്‍ ചരിത്രത്തില്‍ കേഡിനു റിച്ചാഡുമായി ബന്ധമുണ്ടായിരുന്നുവെന്ന ഒരഭിപ്രായവും നിലവിലുണ്ട്.

(കെ. ജി. വിജയലക്ഷ്മി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍