This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെ(സെ)ഫാലോടാക്സേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെ(സെ)ഫാലോടാക്സേസി

Cephalotaxaceae

കെ(സെ)ഫാലോടാക്സേസിന്റെ കയോടു കൂടിയ ശാഖ

അനാവൃതബീജികളില്‍പ്പെടുന്ന ഒരു പുരാതന സസ്യകുടുംബം. മീസോസോയിക് മഹാകല്പത്തിലും സീനോസോയിക് മഹാകല്പത്തിലും കാണപ്പെട്ടിരുന്ന ഈ ജീനസുകള്‍ ഇന്നു സംരക്ഷിക്കപ്പെട്ടുവരുന്നു. കെഫാലോടാക്സസ് (cephalotaxus), അമന്റോ ടാക്സസ് (Amento taxus) എന്നീ ജീനസുകള്‍ ഈ കുടുംബത്തില്‍പ്പെട്ടവയാണ്. പ്ലം യൂ (Plum Yew) എന്നും ഈ സസ്യകുടുംബം അറിയപ്പെടുന്നുണ്ട്. കെഫാലോടാക്സസ് കൊറിയാന, കെ. ഫോര്‍ച്യൂണി എന്നിവ ചില പ്രധാന ഇനങ്ങളാണ്. കെഫാലോടാക്സോപ്സിസ് മാഗ്നിഫോളിയാ (Cephalotaxopsis magnifolia)യുടെ ജീവാശ്മങ്ങള്‍ ഇന്നു അമേരിക്കയിലെ വെര്‍ജീനയിലെ പറ്റൂക്സെന്ററില്‍ സുലഭമാണ്. ദക്ഷിണ ഡക്കോട്ട, കാലിഫോര്‍ണിയ, അലാസ്കാ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. ജര്‍മനിയില്‍ നിന്നും ലഭ്യമായ ടെറിഷ്യറി കല്പത്തിലെ പാറകളില്‍ അമെന്റോടാക്സസിന്റെ പര്‍ണവ്യൂഹത്തോടു സാദൃശ്യമുള്ളതും അതേ പരിചര്‍മ ഘടനയോടു കൂടിയതുമായ പര്‍ണവ്യൂഹം കാണപ്പെട്ടിട്ടുണ്ട്. ഇലയുടെ ആകൃതിയും ഘടനയും കാണിക്കുന്ന വസ്തുക്കള്‍ കാലിഫോര്‍ണിയയില്‍ നിന്നും ഇയോസിന്‍ യുഗത്തിലെ ലാപോര്‍ട്ടി (Laporte) സസ്യജാലത്തില്‍ നിലനിന്നിരുന്നതാണ്.

ജീവാശ്മ പഠനങ്ങളില്‍ നിന്നും കെഫാലോടാക്സസിന്റെ ചെടികളും ഇലകളും ഇന്നു കാണപ്പെടുന്ന ടാക്സസ് ജീനസിന്റേതു പോലെയാണെന്നു മനസ്സിലാക്കാം. നീളമുള്ള സരളപത്രങ്ങള്‍ മിനുസമുള്ളവയാണ്. ആണ്‍പൂക്കള്‍ ചെറിയ കൂട്ടങ്ങളായി കാണപ്പെടുന്നു. ഇവ ചെറിയ കാറ്റ്കിന്‍ പുഷ്പമഞ്ജരിയായിട്ടാണ് കാണപ്പെടുന്നത്. എല്ലാ പൂക്കളുംകൂടി വൃത്താകൃതിയുള്ള മാംസളമായ ഒരു തകിടില്‍ ക്രമീകരിച്ചിരിക്കുന്നതായി തോന്നും. നാലു കേസരങ്ങളുണ്ട്; മൂന്നുമുതല്‍ എട്ടുവരെ കേസരകോശങ്ങളും. പെണ്‍പൂക്കളില്‍ സ്പോറോഫില്ലുകള്‍ ഒരു ചെറിയ കാപ്പിറ്റുല ആയി ക്രമീകരിച്ചിരിക്കുന്നു. ഓരോ കക്ഷ്യത്തിലും ഓരോ കൂട്ടം സഹപത്രങ്ങളുണ്ട്. രണ്ടു ബീജാണ്ഡങ്ങള്‍ ഓരോ സഹപത്രത്തിന്റെയും കക്ഷ്യത്തില്‍ ഉണ്ടാവുന്നു. പക്ഷേ ഒരെണ്ണം മാത്രമേ പൂര്‍ണ വളര്‍ച്ചയെത്തുന്നുള്ളൂ. ബീജാണ്ഡം നേരെയുള്ളതും ഒറ്റ അധ്യാവരണം മാത്രമുള്ളതുമാണ്. സഹപത്രത്തിന്റെ അടിഭാഗം മുഴുവന്‍ മാംസളമായിത്തീര്‍ന്നിരിക്കുന്നു. കെഫാലോടാക്സസില്‍ രണ്ടു ഗള കോശങ്ങളേ കാണാറുള്ളൂ. ബീജാണ്ഡത്തിന്റെ ഒരുവശത്തു സംവഹന തന്തുക്കള്‍ കാണാറുണ്ട്. കായ്കള്‍ വലുതാണ്. ഡ്രൂപ്പ് പോലിരിക്കും. അണ്ഡാശയത്തിന്റെ പുറന്തോട് മാംസളമായിത്തീര്‍ന്നിരിക്കുന്നു. വിത്തുകള്‍ക്ക് രണ്ടു ബീജപത്രികളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍