This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെസ്റ്റ്നര്‍, എറിക്ക് (1899 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെസ്റ്റ്നര്‍, എറിക്ക് (1899 - 1974)

Kastner, Erich

എറിക്ക് കെസ്റ്റ്നര്‍

ജര്‍മ്മന്‍ സാഹിത്യകാരന്‍. 1899 ഫെ. 25-ന് ജര്‍മനിയിലെ ഡ്രെസ്ഡണ്‍ പട്ടണത്തില്‍ ജനിച്ചു. രണ്ടു ലോകയുദ്ധങ്ങളുടെ ഇടയ്ക്കുള്ള കാലഘട്ടത്തില്‍ എഴുത്തുകാരനായും കവിയായും പേരെടുത്ത ഇദ്ദേഹം രണ്ടാംലോക യുദ്ധത്തിനുശേഷം മ്യൂണിക്കില്‍ താമസമുറപ്പിച്ചു. ന്യൂ സെയ്തുങ് (New Zeitung), പിന്‍ഗ്വിന്‍ (Pinguin) തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വിവിധ റേഡിയോ ശൃംഖലകളിലും സാഹിത്യസൃഷ്ടി നടത്തിയിരുന്നെങ്കിലും ബാലസാഹിത്യ കൃതികളാണ് ഇദ്ദേഹത്തിനു കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്. കെസ്റ്റ്നര്‍ കൃതികള്‍ വാങ്ങി സൂക്ഷിക്കാതിരുന്ന ജര്‍മന്‍ ഗൃഹങ്ങള്‍ അക്കാലത്ത് വളരെ ചുരുക്കമായിരുന്നു. ഇദ്ദേഹത്തിന്റെ പല കഥകളും ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. ഇന്നത്തെ സംസ്കാരം യാന്ത്രികവും മര്‍ദനപരവുമാണെന്നും, യുദ്ധങ്ങള്‍ക്കും മറ്റു കുറ്റകരമായ നടപടികള്‍ക്കും അത് ഉത്തരവാദിയാണെന്നും കെസ്റ്റ്നര്‍ കരുതുന്നു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മാര്‍ഗത്തിലേക്കുള്ള സാമൂഹ്യപരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇദ്ദേഹം യുവതലമുറയെ ആഹ്വാനം ചെയ്തു.

'എമിലും കുറ്റാന്വേഷകരും' (എമില്‍ ഉണ്‍ഡ്ഡി ഡിക്ടറ്റിവെ-1928), 'ചെറിയൊരു കാര്യവും ആന്റണും' (പ്യൂങ്റ്റന്‍ ഉണ്‍ഡ് ആന്റൊണ്‍-1931), 'പറക്കുന്ന ക്ലാസ്മുറി' (ദസ് പ്ലീഗെന്‍ഡെ ക്ലാസ്സൈന്‍ ഡിറച്ചര്‍-1933) 'ചെറിയലോട്ട് രണ്ടായിട്ട്' (ദസ്ഡൊപ്പെല്‍റ്റെ ലോട്ട് ഹെന്‍-1945) എന്നീ ബാലസാഹിത്യ കൃതികളും;'ഹൃദയം അരക്കെട്ടില്‍' (ഹെര്‍സ് ഒഫ് റ്റൈലെ-1928), 'കണ്ണാടിയിലെ ആരവം' (ലേം ഇം ഷ് പീഗല്‍-1929), കസേരകള്‍ക്കിടയ്ക്കുള്ള ഗാനാലാപം (ഗിസാംഗ് സ്വിഷന്‍ ഡീന്‍ സ്റ്റൂലെന്‍-1932), 'കുറച്ചൊരു സ്വാതന്ത്ര്യം ' (ദ് ക്ളൈനെ ഫ്രൈഹൈറ്റ്-1952) എന്നീ കവിതകളും; 'ഫാബിയന്‍' (ഫാബിയന്‍-1931), 'മഞ്ഞില്‍ മൂന്നു മനുഷ്യര്‍' (ഡ്രൈമെന്നര്‍ ഇംഷ് നീ-1934), 'അതിര്‍ത്തിയിലെ കുറച്ചൊരു വാഹന ഗതാഗതം' (ഡെയ ക്ലൈനെ ഗ്രെന്‍ഡ്ഫെര്‍ക്കര്‍-1938-49) എന്നീ നോവലുകളും; 'സ്വേച്ഛാധിപതികളുടെ സ്കൂള്‍' (ഷൂലെ ഡെയ ഡിക്റ്റോറിന്‍-1956) എന്ന നാടകവും; 'അടിക്കുറിപ്പുകള്‍' (നോട്ടാബെനെ-1945), 'ഒരു ഡയറി' (ഐനെറ്റാഗെ ബുഹ്-1961) എന്നീ ഉപന്യാസ സമാഹാരങ്ങളുമാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍. ഇതില്‍ ഫാബിയാന്‍, ദസ് ദൊപ്പല്‍ ലോട്ട്മെന്‍, വെന്‍ ഐ വോസ് എ ബോയ് തുടങ്ങിയ ചലച്ചിത്രങ്ങളായിട്ടുണ്ട്.

1951-ല്‍ മികച്ച തിരക്കഥയ്ക്കുള്ള ഫിലിംബാന്‍ഡ് പുരസ്കാരം, 1957-ല്‍ ജോര്‍ജ് ബുച്നര്‍ പുരസ്കാരം, ഹാന്‍സ് ക്രിസ്റ്റിന്‍ ആന്‍ഡേഴ്സന്‍ പുരസ്കാരം (1968), ലെവിസ് കാരോള്‍ ഷെല്‍ഫ് അവാര്‍ഡ് (1981) തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള എറിക്കിനെ ജര്‍മന്‍ സര്‍ക്കാര്‍ 1959-ല്‍ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' നല്‍കി ആദരിച്ചിട്ടുണ്ട്. 1974 ജൂല. 29-ന് എറിക് കെസ്റ്റ്നര്‍ അന്തരിച്ചു.

(ഡോ. ഡബ്ല്യു . ആദം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍