This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെസ്റ്റലര്‍, ആര്‍തര്‍ (1905 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെസ്റ്റലര്‍, ആര്‍തര്‍ (1905 - 83)

Koestler, Arthur

ആര്‍തര്‍ കെസ്റ്റലര്‍

ഹംഗേറിയന്‍-അമേരിക്കന്‍ സാഹിത്യകാരന്‍. 1905 സെപ്. 5-ന് ഹംഗറിയിലെ ബുന്നാപെസ്റ്റില്‍ ജനിച്ചു. വിയന്നാ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ജര്‍മനിയിലെ ഏതാനും വാര്‍ത്താപത്രങ്ങളുടെ മധ്യേഷ്യാലേഖകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്നു പാരിസില്‍ പത്രലേഖകനായും ബര്‍ലിനില്‍ പത്രാധിപരായും സേവനമനുഷ്ഠിച്ചു. 1930-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. അതിഥിയെന്ന നിലയില്‍ 1932-33-ല്‍ സോവിയറ്റ് റഷ്യയിലാകമാനം സഞ്ചരിച്ചു. 1936-ല്‍ ലണ്ടനിലെ ന്യൂസ്ക്രോണിക്കിളിനുവേണ്ടി സ്പെയിനിലെ ആഭ്യന്തര യുദ്ധവാര്‍ത്തകള്‍ ശേഖരിക്കാനായി അവിടേക്കു പോവുകയും ചാരനെന്നാരോപിക്കപ്പെട്ട് അറസ്റ്റിനു വിധേയനാവുകയും ചെയ്തു. വിചാരണ കൂടാതെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇദ്ദേഹം നിരവധി സ്നേഹിതന്മാരുടെ ശ്രമഫലമായി മൂന്നുമാസങ്ങള്‍ക്കു ശേഷം ജയില്‍ മോചിതനായി. 1937-ല്‍ പ്രസിദ്ധീകരിച്ച സ്പാനിഷ് ടെസ്റ്റമെന്റ് ഇദ്ദേഹത്തിന്റെ ജയില്‍ ജീവിതകാലത്തെ രചനയാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തനായതിനെത്തുടര്‍ന്ന് കെസ്റ്റലര്‍ പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകയും 1938-ല്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ ജര്‍മന്‍ വാരികയുടെ എഡിറ്ററായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1939-ല്‍ പ്രസിദ്ധീകരിച്ച ദി ഗ്ളാഡിയേറ്റേഴ്സ് എന്ന കൃതിയില്‍ ഇദ്ദേഹം വിപ്ലവത്തിലുള്ള വിശ്വാസരാഹിത്യം പ്രകടമാക്കി. രണ്ടാം ലോകയുദ്ധകാലത്തു ഫ്രാന്‍സില്‍ തടവുകാരനാക്കപ്പെട്ട ഇദ്ദേഹം 1940-ല്‍ മോചനം നേടി ഇംഗ്ലണ്ടില്‍ എത്തുകയും 1941-ല്‍ ബ്രിട്ടിഷ് ആര്‍മിയില്‍ ചേരുകയും ചെയ്തു. 1951-ല്‍ അമേരിക്കയില്‍ സ്ഥിരമായി താമസിക്കുവാനുള്ള അനുവാദം ഇദ്ദേഹത്തിനു ലഭിച്ചു.

1941-ല്‍ പ്രസിദ്ധീകരിച്ച ഡാര്‍ക്ക്നസ് അറ്റ് നൂണ്‍ എന്ന കൃതിയിലെ പ്രതിപാദ്യ വിഷയം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ശുദ്ധീകരണമാണ്. അറൈവല്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ (1943), ദി റൂട്ട്സ് ഒഫ് കോഇന്‍സിഡന്‍സ് (1972) തുടങ്ങിയ ശാസ്ത്ര സംബന്ധമായ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ മറ്റനേകം കൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മനുഷ്യനെയും, കല, ശാസ്ത്രം എന്നിവയെയും ഒരു ദാര്‍ശനിക ഭാവത്തോടെ വീക്ഷിക്കുന്ന ലേഖനങ്ങളും പഠനങ്ങളുമാണ് ഇദ്ദേഹത്തിന്റെ അവസാനകാലത്തെ പ്രസിദ്ധീകരണങ്ങളധികവും. കെസ്റ്റലറുടെ ഡാര്‍ക്ക്നസ് അറ്റ് നൂണ്‍, നട്ടുച്ചയ്ക്കിരുട്ട് എന്ന പേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. 1983 മാ. 4-ന് ഇദ്ദേഹവും ഭാര്യ സിന്തിയയും ലണ്ടനിലുള്ള ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍