This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെസല്‍റിങ്, ആല്‍ബര്‍ട്ട് (1885 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെസല്‍റിങ്, ആല്‍ബര്‍ട്ട് (1885 - 1960)

Kesselring, Albert

ആല്‍ബര്‍ട്ട് കെസല്‍റിങ്

ജര്‍മന്‍ സൈനികനേതാവ്. 1885 ന. 20-ന് ബെവേറിയയിലെ മാര്‍ക്ക് സ്റ്റെഡ്റ്റില്‍ ജനിച്ചു. 1904-ല്‍ സൈന്യത്തില്‍ ചേര്‍ന്ന കെസല്‍റിങ് ഒന്നാംലോക യുദ്ധകാലത്ത് ഒരു വൈമാനികനായി പ്രവര്‍ത്തിച്ചു. 1936-ല്‍ 'ലുഫ്ട് വാഫി'ല്‍ (നാസിഭരണ കാലത്തെ ജര്‍മന്‍-വ്യോമസേന) ചീഫ് ഒഫ് സ്റ്റാഫായി നിയമിക്കപ്പെടുന്നതോടെയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ പട്ടാളജീവിതം തുടങ്ങുന്നത്. ഈ പദവിയിലിരുന്നു ഇദ്ദേഹം ചില വ്യോമസേനാ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കി. ഇതിനു കരസേനാ വിഭാഗത്തില്‍ നിന്നു വേണ്ടത്ര സഹകരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കെസല്‍റിങ് രാജി വച്ചു. 1939 ഫെബ്രുവരിയില്‍ ഇദ്ദേഹത്തിന്റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി ഇദ്ദേഹത്തെ വീണ്ടും ഉദ്യോഗത്തില്‍ നിയമിച്ചു. രണ്ടാംലോകയുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്നു പോളണ്ടിലെയും ഫ്രാന്‍സിലെയും  വ്യോമസേനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. 1940 ജൂണ്‍ 30-ന് കെസല്‍റിങ്ങിനെ ഒരു ഫീല്‍ഡ് മാര്‍ഷലാക്കി ഉയര്‍ത്തി. ബ്രിട്ടനുമായുള്ള യുദ്ധത്തില്‍ വിജയിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. 1941-ല്‍ ജര്‍മന്‍ വ്യോമസേനയെ റഷ്യന്‍ മുന്നണിയിലേക്ക് നയിച്ച ഇദ്ദേഹത്തെ 1941 സെപ്തംബറില്‍ ഇറ്റലിയിലേക്കു മാറ്റി. അവിടെയിരുന്നുകൊണ്ട് മാള്‍ട്ട ദ്വീപിനെതിരെയുള്ള ആക്രമണം നിയന്ത്രിക്കുകയും (അതേ സമയം) വ്യോമ മാര്‍ഗം സൈനികരെ അയച്ച് ഉത്തര ആഫ്രിക്കയിലെ ജര്‍മന്‍ ഫീല്‍ഡ്മാര്‍ഷല്‍ റോമലിനെ സഹായിക്കുകയും ചെയ്തു. 1942 മുതല്‍ 1943 വരെ മെഡിറ്ററേനിയന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന കെസല്‍റിങ്, റോമല്‍ ഇറ്റലിയില്‍ നിന്നു പിന്‍വാങ്ങിയപ്പോള്‍, അവിടത്തെ സുപ്രീം കമാന്‍ഡറായി നിയമിക്കപ്പെട്ടു. 1945 മാര്‍ച്ചില്‍ ജര്‍മനിയുടെ അന്തിമ പരാജയത്തിന് അല്‍പം മുമ്പ് മാര്‍ഷല്‍ കാള്‍ഫൊണ്‍റുങ്സ്റ്റെറ്റീനെ മാറ്റി, കെസല്‍റിങ്ങിനെ പശ്ചിമ ഭാഗത്തെ ജര്‍മന്‍ സര്‍വസൈന്യാധിപനായി നിയമിച്ചു. 1945 മേയില്‍ യു. എസ്. സൈന്യത്തിനു കീഴടങ്ങിയ ഇദ്ദേഹത്തെ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്തു. 1947 മേയ് 6-ന് വെനീസില്‍ വച്ച് ബ്രിട്ടിഷ് മിലറ്ററി ട്രിബ്യൂണല്‍ ഇദ്ദേഹത്തെ വിചാരണ ചെയ്തു വെടിവച്ചുകൊല്ലാന്‍ വിധിച്ചുവെങ്കിലും പിന്നീടു ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു. അനാരോഗ്യംമൂലം 1952-ല്‍ ഒക്ടോബറില്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഇദ്ദേഹം 1960 ജൂല. 16-ന് ബെവേറിയയിലെ ബേഡ് നൗഹീമില്‍ വച്ച് അന്തരിച്ചു. ദ് മെമ്മോയേഴ്സ് ഒഫ് ഫീല്‍ഡ് മാഷല്‍ കെസല്‍റിങ് (1953) എന്ന പേരിലും കെസല്‍റിങ്: എ സോള്‍ജേഴ്സ് റിക്കാര്‍ഡ് (1954) എന്ന പേരിലും ഇദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍