This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെവാവെ (1929 - 2009)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെവാവെ (1929 - 2009)

Kawawa

കെവാവെ

താന്‍സാനിയന്‍ രാഷ്ട്രീയനേതാവ്. സോങ്കിയ ജില്ലയില്‍ ഒരു ആനവേട്ടക്കാരന്റെ മകനായി കെവാവെ റഷീദിമ്ഫൗവെ (Kawawa Rashidi Mfaume) 1929-ല്‍ ജനിച്ചു. ദാര്‍ എസ്സലാം ജൂനിയര്‍ സ്കൂള്‍, തബോറ ഗവണ്‍മെന്റ് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം പൊതുമരാമത്തു വകുപ്പില്‍ ഗുമസ്തനായി. ഒരു മൊബൈല്‍ ഫിലിംയൂണിറ്റില്‍ ജോലി ലഭിച്ചതോടെ സര്‍ക്കാരിന്റെ സാക്ഷരതാ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഫിലിം യൂണിറ്റ് വിദ്യാഭ്യാസ പരിപാടി ആരംഭിച്ചപ്പോള്‍ താന്‍സാനിയായിലെ ഏറ്റവും വലിയ അഭിനേതാവായി കെവാവെ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് തിരക്കഥാ രചയിതാവും പ്രൊഡ്യൂസറുമായി പ്രവര്‍ത്തിച്ചു. പിന്നീടു സെന്‍ട്രല്‍ താന്‍സാനിയായിലെ കിക്കുയുകാരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നതോടെയാണ് ഇദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1951-ല്‍ താങ്കനിക്ക ആഫ്രിക്കന്‍ ഗവണ്‍മെന്റ് സര്‍വിസസ് അസോസിയേഷന്റെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയായിത്തീര്‍ന്ന ഇദ്ദേഹം 1955-ല്‍ അതിന്റെ പ്രസിഡന്റായി. രാജ്യവ്യാപകമായി തൊഴിലാളികളെ സംഘടിപ്പിക്കുവാനായി താങ്കനിക്ക ഫെഡറേഷന്‍ ഒഫ് ലേബര്‍ എന്ന സംഘടനയ്ക്കു രൂപം നല്‍കി. ഈ സംഘടനയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയും (1955) കെവാവെ തന്നെയായിരുന്നു. താങ്കനിക്ക ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍, ജൂലിയസ് നൈരേരെയുടെ നേതൃത്വത്തില്‍ താങ്കനിക്കന്‍ സ്വാതന്ത്ര്യ സമരം നടത്തുന്ന ഘട്ടമായിരുന്നു അത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുവാന്‍ പ്രയാസമാണെന്നു കണ്ട ഇദ്ദേഹം ആ ജോലി രാജിവച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. താങ്കനിക്ക ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്റെ സെന്‍ട്രല്‍ കമ്മിറ്റി (1957) യില്‍ അംഗമായ കെവാവെ 1960-ല്‍ വൈസ് പ്രസിഡന്റുമായി. ഇതിനിടയില്‍ നിയമസഭയിലംഗമായി തിരഞ്ഞെടുക്കപ്പെട്ട (1957) ഇദ്ദേഹം 1960 വരെ ആ പദവി വഹിച്ചു; 1960 സെപ്തംബറില്‍ മന്ത്രിസഭാംഗമായി. 1962-ല്‍ താങ്കനിക്കയുടെ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നൈരേരെ സ്ഥാനത്യാഗം ചെയ്തപ്പോള്‍ (കുറച്ചു കാലത്തേക്ക്) പ്രധാനമന്ത്രി പദം വഹിച്ചിരുന്നതു കെവാവെയായിരുന്നു. 1964-നു ശേഷം താന്‍സാനിയയുടെ (യുണൈറ്റഡ് താങ്കനിക്ക ആന്‍ഡ് സാന്‍സിബാര്‍) രണ്ടാം വൈസ് പ്രസിഡന്റായ ഇദ്ദേഹം നാഷണല്‍ അസംബ്ലിയുടെ നേതാവും നൈരേരെയുടെ വലംകൈയുമായി പ്രവര്‍ത്തിച്ചു. 1985-ല്‍ രാഷ്ട്രീയത്തോടു വിടപറഞ്ഞ ഇദ്ദേഹം 2009 ഡി. 31-ന് അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%86%E0%B4%B5%E0%B4%BE%E0%B4%B5%E0%B5%86_(1929_-_2009)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍