This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെല്‍വിന്‍, വില്യം തോംസണ്‍ (1824 - 1907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെല്‍വിന്‍, വില്യം തോംസണ്‍ (1824 - 1907)

Kelvin, William Thomson

വില്യം തോംസണ്‍ കെല്‍വിന്‍

ഐറിഷ്-സ്ക്കോട്ടിഷ് ഭൗതിക ശാസ്ത്രജ്ഞനും എന്‍ജിനീയറും. ഗണിത ഭൗതികമാണ് (Mathematical Physics) ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. 1824 ജൂണ്‍ 26-നു ബെല്‍ഫാസ്റ്റില്‍ ജനിച്ച ഇദ്ദേഹം തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ പഠനത്തിനായി ചേര്‍ന്നു. അക്കാലത്ത് കെല്‍വിന്റെ പിതാവ് അവിടെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ പ്രൊഫസറായിരുന്നു. 1841-ല്‍ ഇദ്ദേഹം ഗ്ലാസ്ഗോ സര്‍വകലാശാല വിടുകയും 45-ല്‍ കേംബ്രിജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം സമ്പാദിക്കുകയും സ്മിത്സ് സമ്മാനത്തിന് അര്‍ഹനാകുകയും ചെയ്തു. അന്നു ബ്രിട്ടനില്‍ പ്രായോഗിക ഗവേഷണങ്ങള്‍ക്കു വളരെക്കുറച്ചു സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. തന്മൂലം കെല്‍വിന്‍ പാരിസിലേക്കു പോകുകയും അവിടെ നീരാവിയുടെ താപീയ ഗുണധര്‍മങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ വ്യാപൃതനായിരുന്ന എച്ച്. വി. റെയ്നോള്‍ട്ടി (1810-78) ന്റെ പരീക്ഷണശാലയില്‍ ജോലിനോക്കുകയും ചെയ്തു. 1846-ല്‍ ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രകൃതി ദര്‍ശനത്തിന്റെ (Natural Philosophy) പ്രൊഫസറായി ജോലി സ്വീകരിച്ച ഇദ്ദേഹം 53 വര്‍ഷക്കാലം അവിടെ തുടര്‍ന്നു.

1847-ല്‍ പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രസ്കോട്ട് ജൂളി (1818-89)നെ കെല്‍വിന്‍ പരിചയപ്പെടുകയുണ്ടായി. ഇതോടെ താപത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ജൂളിന്റെ വീക്ഷണങ്ങള്‍ കെല്‍വിനെ വളരെയധികം സ്വാധീനിക്കുകയും 1848-ല്‍ പദാര്‍ഥത്തിന്റെ താപവൈദ്യുത ഗുണധര്‍മങ്ങളെ ആശ്രയിക്കാത്ത ഒരു കേവല താപനില ഇദ്ദേഹം ആദ്യമായി കെല്‍വിന്‍ നിര്‍ണയിക്കുകയും ചെയ്തു.

1851-ല്‍ താപത്തിന്റെ ഗതികീയ സിദ്ധാന്തത്തെ (dynamical theory) സംബന്ധിച്ച  ഒരു  പ്രബന്ധം ഇദ്ദേഹം എഡിന്‍ബറോയിലെ റോയല്‍ സൊസൈറ്റിക്കു സമര്‍പ്പിച്ചു. താപഗതിക (thermodynamics) ത്തിന്റെ രണ്ടാം നിയമത്തില്‍ സംഗ്രഹിച്ചിട്ടുള്ള ഊര്‍ജവ്യയത്തിന്റെ അടിസ്ഥാന തത്ത്വം ഈ പ്രബന്ധം ഉള്‍ക്കൊണ്ടിരുന്നു.

അന്തര്‍വാഹി ടെലിഗ്രാഫിലൂടെ, പ്രയോഗത്തെ സംബന്ധിച്ച ഗവേഷണങ്ങളിലൂടെയാണ് കെല്‍വിന്‍ കൂടുതലായും അറിയപ്പെടുന്നത്. ടെലിഗ്രാഫിസ്റ്റുകള്‍ക്കിടയില്‍ 1854 മുതല്‍ കെല്‍വിന്‍ പ്രസിദ്ധനായി. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കയറുപിരിയുടെ രൂപത്തിലുള്ള ചാലകങ്ങള്‍ (standard form of conductors) രൂപപ്പെടുത്തിയത്. 1854-ല്‍ ജി. ജി. സ്റ്റോക്സിന് അയച്ച കത്തിലാണ് ഇദ്ദേഹം അന്തര്‍വാഹിനി ചക്രങ്ങള്‍ ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയത്തിന്റെ ഗണിതീയ സിദ്ധാന്തത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുള്ളത്. 1855-ല്‍ ഈ പ്രബന്ധം 'പ്രൊസീഡിങ്സ് ഒഫ് ദ റോയല്‍ സൊസൈറ്റി' യില്‍ പ്രസിദ്ധീകരിച്ചു. 1867-ല്‍ പേറ്റന്റു നല്‍കപ്പെട്ട മിറര്‍ ഗാല്‍വനോമീറ്ററും സൈഫണ്‍ റെക്കോര്‍ഡറും ഇദ്ദേഹത്തിന്റെ ഗവേഷണഫലമായാണ് ആവിഷ്കൃതമായത്.

1873-ല്‍ മാരിനേഴ്സ് കോംപസ്സിനെക്കുറിച്ചു ഗുഡ്വേര്‍ഡ്സിനുവേണ്ടി (Goodwords) ഒരു ലേഖന പരമ്പര തയ്യാറാക്കുവാന്‍ ശ്രമം ആരംഭിച്ച ഇദ്ദേഹം തന്റെ ആദ്യത്തെ പ്രബന്ധം വളരെ വേഗത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും കോംപസ്സിനെക്കുറിച്ച് ഉടലെടുത്ത സംശയങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ മൂലം അഞ്ചു കൊല്ലങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ പ്രബന്ധം പ്രസിദ്ധീകൃതമായത്. ഇതിനിടയില്‍ കോംപസ്സിനെ പരിപൂര്‍ണമായി പരിഷ്കരിക്കുവാനും കെല്‍വിനു സാധിച്ചു. കൂടാതെ വേലാ മാപി (tidal guage), വേലാ പ്രവാചകം (tidal predictor) എന്നിവയും ആഴക്കടലിലും തീരക്കടലിലും ശബ്ദം ഗ്രഹിക്കുന്നതിനുള്ള ഉപകരണവും ഇദ്ദേഹം കണ്ടുപിടിച്ചു. കടലില്‍ കപ്പലുകളുടെ സ്ഥാനം നിര്‍ണയിക്കുന്നതിനുള്ള 'സംനേഴ്സ് രീതി' (Sumners method) സരളമാക്കുന്നതിനു കെല്‍വിന്‍ തയ്യാറാക്കിയ പട്ടികയും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

1890-ല്‍ കെല്‍വിന്‍ റോയല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ശേഷം (1899) ബാള്‍ട്ടിമൂറിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രകാശത്തിന്റെ തരംഗ സിദ്ധാന്തത്തെക്കുറിച്ച് 1884-ല്‍ താന്‍ നടത്തിയിരുന്ന പ്രഭാഷണങ്ങളിലെ ആശയങ്ങളെ പരിഷ്കരിക്കുന്നതിനാണ് ഇദ്ദേഹം വ്യാപൃതനായത്. 1902-ല്‍ 'ഓര്‍ഡര്‍ ഒഫ് മെരിറ്റ്' എന്ന ബഹുമതിക്ക് അര്‍ഹനായ കെല്‍വിന്‍, 1904-ല്‍ ഗ്ലാസ്ഗോ സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിതനാവുകയും ചെയ്തു. 1907 ഡി. 17-ന് സ്കോട്ട്ലന്‍ഡില്‍ വച്ച് കെല്‍വിന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍