This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെല്ലര്‍, ഹെലന്‍ ആഡംസ് (1880 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെല്ലര്‍, ഹെലന്‍ ആഡംസ് (1880 - 1968)

Keller, Helen Adams

ഹെലന്‍ ആഡംസ് കെല്ലര്‍

വികലാംഗരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച അമേരിക്കന്‍ രാഷ്ട്രീയപ്രവര്‍ത്തകയും സാഹിത്യകാരിയും അധ്യാപികയും. സംസാരിക്കാനും കേള്‍ക്കാനും കാണാനുമുള്ള കഴിവില്ലാതിരുന്നിട്ടുകൂടി നിരന്തര പരിശ്രമത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ആതുരസേവനത്തിനായി ജീവിതം മുഴുവന്‍ നീക്കിവയ്ക്കുകയും ചെയ്ത ഇവര്‍ ലോകജനതയ്ക്കു മുന്നില്‍ ആത്മവിശ്വാസത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതീകമാണ്.

പട്ടാള ഉദ്യോഗസ്ഥനായ ആര്‍തര്‍ കെല്ലറുടെ മകളായി 1880 ജൂണ്‍ 27-നു അമേരിക്കയില്‍ വടക്കുപടിഞ്ഞാറ് അലബാമായിലെ ടസ്ക്കംബിയാ എന്ന ചെറു പട്ടണത്തില്‍ ഹെലന്‍ ജനിച്ചു. 19 മാസം പ്രായമുള്ളപ്പോള്‍ മാരകമായ രോഗം പിടിപെട്ടതിനെത്തുടര്‍ന്ന് ഹെലന് കാഴ്ചയും ശ്രവണ, ഭാഷണ ശക്തിയും പൂര്‍ണമായി നഷ്ടപ്പെട്ടു. ഡോ. ഗ്രഹാം ബെല്ലിന്റെ നിര്‍ദേശമനുസരിച്ച് 1887 മുതല്‍ മിസ്സ്. ആനി സള്ളിവന്‍ എന്ന അതിസമര്‍ഥയായ അധ്യാപികയാണ് ഹെലന് വിദ്യാഭ്യാസം നല്‍കിയത്. അക്ഷരങ്ങളും മറ്റും തപ്പിത്തപ്പി പഠിച്ച ഹെലന്‍ 11 വയസ്സായപ്പോഴേക്കും ബ്രെയില്‍ സമ്പ്രദായത്തിലുള്ള ടൈപ്പ്റൈറ്ററില്‍ ടൈപ്പു ചെയ്യാന്‍ തുടങ്ങി. ഇത്തരത്തിലുള്ള പഠനരീതിയിലൂടെ ഫ്രഞ്ച്, ജര്‍മന്‍, ലാറ്റിന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചരിത്രം, ഗണിതം എന്നിവയിലും പ്രാവീണ്യം നേടിയ അവര്‍ റാഡ് ക്ലിഫ് കോളജിലേക്കു പ്രവേശനപരീക്ഷയില്‍ ഉന്നതവിജയം നേടുകയും 24-ാം വയസ്സില്‍ ഹാര്‍വെഡ് സര്‍വകലാശാലയില്‍ നിന്ന് ഓണേഴ്സ് ബിരുദം നേടുകയും ചെയ്തു.

കൈവെള്ളയില്‍ എഴുതിയ ആശയവിനിമയമായിരുന്നു ഹെലന്‍ ജീവിതത്തിലുടനീളം പിന്തുടര്‍ന്നത്. ഓര്‍മശക്തിയും മനസ്സാന്നിധ്യവും നര്‍മബോധവുമായിരുന്നു അവരുടെ ഉന്നതമായ വ്യക്തിത്വത്തെ സവിശേഷമാക്കിയ മറ്റു ഘടകങ്ങള്‍.

അമ്മയും വാര്‍ത്തയുമായിരുന്നു ബാല്യത്തില്‍ ഹെലന്റെ സുഹൃത്തുക്കളായിരുന്നത്. പിന്നീട് അധ്യാപികയായ ആനി ഇവരുടെ ആത്മമിത്രമായി. ഹെലന്റെ ആത്മകഥാരചനയില്‍ പങ്കാളിയായ മേസിയുമായുള്ള ആനിയുടെ വിവാഹത്തോടെ ആ സൗഹൃദാന്തരീക്ഷം ഹെലന് കൂടുതല്‍ സന്തോഷവും ആത്മധൈര്യവുമേകി. എന്നാല്‍ 1913-ല്‍ ആനിയും മേസിയും വിവാഹമോചിതരായത് ആനിയെ എന്നപോലെ ഹെലനെയും മാനസികമായി തളര്‍ത്തി. തുടര്‍ന്ന് മേരി ആഗ്നസ് തോംസണ്‍ ഹെലന്റെ പരിചരണത്തിനായും പീറ്റര്‍ ഫാഗന്‍ എന്ന ചെറുപ്പക്കാരന്‍ ഇവരുടെ സെക്രട്ടറിയായും ചുമതലയേറ്റു.

വൈകല്യം തന്റെ വിവാഹജീവിതത്തിനു തടസ്സമാകുമെന്നു കരുതിയിരുന്ന ഹെലനെ വിവാഹം കഴിക്കുവാന്‍ സെക്രട്ടറിയായ പീറ്റര്‍ ഫാഗന്‍ തയ്യാറായി. എന്നാല്‍ കുടുംബാംഗങ്ങളുടെ കടുത്ത എതിര്‍പ്പുമൂലം ഈ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഹെലന്‍ തയ്യാറായി.

1909-ല്‍ ഹെലന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി. മേസിയില്‍ നിന്നാണ് ഹെലന്‍ തന്റെ രാഷ്ട്രീയവീക്ഷണം പരുവപ്പെടുത്തിയത്. 1915-ല്‍ ഇവര്‍ ജോര്‍ജ് കെസ്ലറുമായി ചേര്‍ന്ന് വികലാംഗക്ഷേമത്തിനായി ഒരു അന്താരാഷ്ട്രാ സംഘടന രൂപവത്കരിച്ചു.

ആത്മാര്‍ഥത നിറഞ്ഞ അവരുടെ പ്രവര്‍ത്തനങ്ങളാണ് ഈ രംഗത്ത് ഇന്നു കാണുന്ന മാറ്റങ്ങള്‍ക്കു വഴിയൊരുക്കിയത്. അന്ധരുടെയും ബധിരരുടെയും മൂകരുടേയും കറുത്തവരുടെയും ജീവിതോന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനുവേണ്ടി ആറു പ്രാവശ്യം ഇവര്‍ ലോകപര്യടനം നടത്തുകയുണ്ടായി. 1960-ല്‍ ഹെലന്‍ ഇന്ത്യയില്‍ എത്തി പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രുവിനെക്കണ്ട് വികലാംഗരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു സഹായം അഭ്യര്‍ഥിക്കുകയുണ്ടായി.

കോളജ് പഠനകാലയളവിലാണ് ഹെലന്‍ തന്റെ ആത്മകഥാരചനയ്ക്കു തുടക്കമിട്ടത്. ലേഡീസ് ഹൗസ് ജേര്‍ണല്‍ എന്ന മാസികയില്‍ അഞ്ച് ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ദ സ്റ്റോറി ഒഫ് മൈ ലൈഫ് 1902-ല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. 44 ഭാഷകളില്‍ ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദ് വേള്‍ഡ് ഐ ലിവ് ഇന്‍ (1908), ലൈറ്റ് ഇന്‍ മൈ ഡാര്‍ക്ക്നസ്, മിസ്റ്റിസിസം തുടങ്ങി 12 പുസ്തകവും അനേകം ലേഖനങ്ങളും ഹെലന്‍ രചിക്കുകയുണ്ടായി. ധന്യമായ ആ ജീവിതത്തെക്കുറിച്ച് കേട്ടറിയുകയും നേരില്‍ മനസ്സിലാക്കുകയും ചെയ്ത പല ലോക രാഷ്ട്രങ്ങളും അവരെ ബഹുമാനിക്കുകയുണ്ടായി. 1931-ല്‍ 'സെയ്ന്റ് സീവാ ഓര്‍ഡര്‍' എന്ന ബഹുമതി നല്‍കി യൂഗോസ്ലാവിയന്‍ സര്‍ക്കാര്‍ ഇവരെ ആദരിച്ചു. 1932-ല്‍ ഗ്ലാസ്ഗോ, സര്‍വകലാശാല ഹെലന് 'ഡോക്ടര്‍ ഒഫ് ലാസ്' ബിരുദം നല്‍കി. ഫ്രാന്‍സിന്റെയും (ഷെവലിയര്‍ ലീജന്‍ ഒഫ് ഓണര്‍ 1952) ബ്രസീലിന്റെയും (സതേണ്‍ ക്രോപ്-1953) ഉന്നത കീര്‍ത്തിമുദ്രകളും ഹെലനു ലഭിച്ചു. അന്ധര്‍ക്കായുള്ള 'അമേരിക്കന്‍ ഫൗണ്ടേഷ' നുവേണ്ടി നടത്തിയ സേവനങ്ങളെ മാനിച്ച് അമേരിക്കയിലെ സിവിലിയന്‍ ബഹുമതികളില്‍ ഏറ്റവും ഉന്നതമായ 'മെഡല്‍ ഒഫ് ഓണറും' ഇവര്‍ക്കു ലഭിച്ചു.

ആനിക്കുശേഷം പരിചാരകയും ആത്മമിത്രവുമായി മാറിയ മേരി തോംസണ്‍ന്റെ മരണം ഹെലനെ വീണ്ടും മാനസികമായി തളര്‍ത്തി. 1961-ല്‍ ഇവര്‍ക്ക് പക്ഷാഘാതമുണ്ടായി. തുടര്‍ന്ന് പല തവണ ഇതു തുടര്‍ന്നു. ഇതോടെ ആശയവിനിമയശേഷിപോലും പൂര്‍ണമായും ക്ഷയിച്ച ഹെലന്‍ 1968 ജൂണ്‍ 1-ന് തന്റെ 88-ാം വയസ്സില്‍ കണക്റ്റികട്ടിലെ വെസ്റ്റ്പോര്‍ട്ടിലുള്ള ആര്‍ക്കന്‍ റിഡ്ജില്‍ വച്ച് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍