This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെരന്‍സ്കി, അലക്സാണ്ടര്‍ ഫെദൊരോവിച്ച് (1881 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെരന്‍സ്കി, അലക്സാണ്ടര്‍ ഫെദൊരോവിച്ച് (1881 - 1970)

Kerensky, Alexander Fedorovich

അലക്സാണ്ടര്‍ ഫെദൊരോവിച്ച്

റഷ്യന്‍ സോഷ്യലിസ്റ്റു വിപ്ലവകാരി. 1881 മേയ് 2ന് വോള്‍ഗാ നദിക്കു സമീപമുള്ള സിംബിര്‍സ്കില്‍ ജനിച്ചു. 1917 ജൂലായ് മുതല്‍ ഒക്ടോബര്‍ വരെ ഇദ്ദേഹം റഷ്യയിലെ താത്കാലിക സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്നു.

സെന്റ് പീറ്റേഴ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ത്തന്നെ കെരന്‍സ്കി നരോദ്നിക് വിപ്ലവ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1904-ല്‍ ഇദ്ദേഹം ബിരുദധാരിയായി. 1905-ല്‍ 'സോഷ്യലിസ്റ്റു റവലൂഷണറി പാര്‍ട്ടി'യില്‍ ഇദ്ദേഹത്തിന് അംഗത്വം ലഭിച്ചു. ഒരു പ്രശസ്ത അഭിഭാഷകനായിത്തീര്‍ന്ന ഇദ്ദേഹം രാഷ്ട്രീയക്കുറ്റം ചുമത്തപ്പെട്ട വിപ്ലവകാരികളുടെയും കലാപകാരികളായ പടയാളികളുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും വക്കാലത്തു സ്വീകരിച്ച് അവര്‍ക്കു വേണ്ടി വാദിച്ചു. 1912-ല്‍ ഇദ്ദേഹം സാരാനോവ് പ്രവിശ്യയില്‍ നിന്നും ട്രുദേവിക്കി (തൊഴിലാളി ഗ്രൂപ്പ്)യുടെ പ്രതിനിധിയായി 4-ാം ദൂമാ (ജനപ്രതിനിധി സഭ) യിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

തീവ്രവാദികളായ സോഷ്യലിസ്റ്റുകളുടെ നിലപാടിനു വിരുദ്ധമായി ഒന്നാം ലോകയുദ്ധത്തില്‍ റഷ്യയുടെ പങ്കാളിത്തത്തെ പിന്താങ്ങിയെങ്കിലും സാര്‍ ഭരണകൂടത്തിന്റെ യുദ്ധശ്രമത്തില്‍ ഇദ്ദേഹം അതൃപ്തനായിരുന്നു. 1917 ഫെബ്രുവരിയില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇദ്ദേഹം രാജവാഴ്ച അവസാനിപ്പിക്കണമെന്നു വാദിച്ചു. അതേസമയം പെട്രോഗ്രാഡ് തൊഴിലാളി-സൈനിക പ്രതിനിധികളുടെ വൈസ്  ചെയര്‍മാന്‍ സ്ഥാനവും ദൂമായില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട താത്കാലിക സര്‍ക്കാരിലെ നീതിന്യായ വകുപ്പുമന്ത്രി സ്ഥാനവും സ്വീകരിക്കുകയും ചെയ്തു. രണ്ടു സമാന്തര സര്‍ക്കാരുകളിലും സ്ഥാനം ലഭിച്ച കെരന്‍സ്കി ഇവ രണ്ടും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ചു. റഷ്യയിലുടനീളം ഇദ്ദേഹം സാമാന്യമായ പൗര സ്വാതന്ത്ര്യങ്ങളനുവദിച്ചു. ഈ നടപടി ഇദ്ദേഹത്തെ പ്രശസ്തനും സ്വീകാര്യനുമായ നേതാവായി ഉയര്‍ത്തി.

1917 മേയില്‍ റഷ്യയുടെ യുദ്ധലക്ഷ്യങ്ങള്‍ (കെരന്‍സ്കിയും കൂടെ അംഗികരിച്ചത്) പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ജനരോഷം പല മന്ത്രിമാരുടെയും രാജിയില്‍ കലാശിച്ചപ്പോള്‍ കെരന്‍സ്കി യുദ്ധകാര്യ മന്ത്രിയായിത്തീര്‍ന്നു. ഇദ്ദേഹം പുതിയ യുദ്ധ പദ്ധതി തയ്യാറാക്കുകയും യുദ്ധ മുന്നണിയിലൂടെ സഞ്ചരിക്കുകയും ചെയ്തതോടെ ഭടന്മാരുടെ മനോവീര്യം ഉയരുകയും വിപ്ലവ സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനുള്ള ആവേശം അവരില്‍ അലടിച്ചുയരുകയും ചെയ്തു. എന്നാല്‍ സൈനികരുടെ യുദ്ധക്ഷീണവും അച്ചടക്കരാഹിത്യവും കാരണം കെരന്‍സ്കിയുടെ ഗലീഷ്യന്‍ ആക്രമണം പരാജയപ്പെട്ടു.

താത്കാലിക സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ കെരന്‍സ്കിയുടെ വാഗ്മിത്വവും വര്‍ധിച്ചുവരുന്ന ജനപിന്തുണയും പ്രത്യയ ശാസ്ത്രപരമായ വിട്ടുവീഴ്ചാമനോഭാവവും ഇദ്ദേഹത്തെ വിവിധ പാര്‍ട്ടികള്‍ക്കു സ്വീകാര്യനാക്കി; ഇദ്ദേഹം പ്രധാനമന്ത്രിയായി. എന്നാല്‍ എല്ലാ പാര്‍ട്ടികളെയും യോജിപ്പിക്കുന്നതിനുള്ള ഇദ്ദേഹത്തിന്റെ ശ്രമം വിജയിച്ചില്ല. സര്‍വസൈന്യാധിപനായിരുന്ന ജനറല്‍ കോര്‍നിലോവിനെ പിരിച്ചുവിട്ടു തത്സ്ഥാനം സ്വയം ഏറ്റെടുത്ത നടപടി മിതവാദികളുടെയും സൈനികോദ്യാഗസ്ഥരുടെയും അപ്രീതിക്കു കാരണമായി. പുരോഗമനപരമായ സാമൂഹിക സാമ്പത്തിക പരിപാടികള്‍ നടപ്പിലാക്കാന്‍ കൂട്ടാക്കാതിരിക്കുകയും സ്വേച്ഛാപരമായ അധികാരങ്ങള്‍ കൈയടക്കുവാന്‍ ശ്രമിക്കുകയും ചെയ്തതു കാരണം ഇടതുപക്ഷ വിഭാഗങ്ങളും ഇദ്ദേഹത്തിനെതിരായിത്തീര്‍ന്നു.

ഒക്ടോബര്‍ (1917) വിപ്ലവത്തിലൂടെ ബോള്‍ഷേവിക്കുകള്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ കെരന്‍സ്കി യുദ്ധമുന്നണിയിലേക്കു പലായനം ചെയ്യുകയും സൈന്യത്തെ സമാഹരിച്ചു തന്റെ സര്‍ക്കാരിനെ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ആ ശ്രമം വിജയിച്ചില്ല. 1918 മേയ് വരെ ഒളിവില്‍ കഴിഞ്ഞ ഇദ്ദേഹം പശ്ചിമ യൂറോപ്പിലേക്കു കടക്കുകയും പുസ്തക രചനയിലും പത്രപ്രസാധനത്തിലും മുഴുകുകയും ചെയ്തു. പാരിസില്‍ ജീവിച്ചിരുന്ന കാലത്ത് ഇദ്ദേഹം സോവിയറ്റ് ഭരണകൂടത്തിനെതിരായി പ്രചരണം നടത്തിപ്പോന്നു. 1940-ല്‍ ഇദ്ദേഹം യു.എസ്സിലേക്കു താമസം മാറ്റി. അവിടെ സര്‍വകലാശാലകളില്‍ പഠിപ്പിച്ചും പുസ്തകമെഴുതിയും കഴിച്ചുകൂട്ടി. 1970 ജൂണ്‍ 11-നു കെരന്‍സ്കി നിര്യാതനായി. പ്രെലൂഡ് റ്റു ബോള്‍ഷെവിസം, ദ് കോര്‍ നിലോപ് റിവോര്‍ട്ട്, ദ് ക്രൂസിഫീക്ഷന്‍ ഒഫ് ലിബര്‍ട്ടി, ദ് കെരാന്‍സ്കി മെമ്മൊയേഴ്സ്, റഷ്യ ആന്‍ഡ് ഹിസ്റ്ററീസ് ടേണിങ് പോയിന്റ് ഇവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍