This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയ് ലി, ആര്‍തര്‍ (1821 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയ് ലി, ആര്‍തര്‍ (1821 - 95)

Cayley, Arthur

ആര്‍തര്‍ കെയ്ലി

ആധുനിക ഗണിതശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളിലൊരാള്‍. മാട്രിക്സ് സിദ്ധാന്തം (Matrix Theory),n-വിമീയ ജ്യാമിതി (n-dimensional geometry), ഇന്‍വേരിയന്റ് തിയറി എന്നിവയാണ് ഇദ്ദേഹം ഗണിതശാസ്ത്രത്തിനു നല്കിയ സംഭാവനകള്‍. ഇംഗ്ലണ്ടിലെ റിച്മണ്ട് എന്ന സ്ഥലത്തു വളരെ പ്രസിദ്ധമായ ഒരു പ്രാചീന കുടുംബത്തില്‍ 1821 ആഗ. 16-ന് ഇദ്ദേഹം ജനിച്ചു. കച്ചവടക്കാരനായിരുന്ന പിതാവ് ആ രംഗത്തു നിന്നു പിരിഞ്ഞതിനു ശേഷം ലണ്ടനില്‍ സ്ഥിരതാമസമാക്കിയതിനാല്‍ കെയ്ലിയുടെ വിദ്യാഭ്യാസം ലണ്ടനിലായിരുന്നു. സമര്‍ഥനായ ഒരു ഗണിതശാസ്ത്ര വിദ്യാര്‍ഥിയായിരുന്നതിനാല്‍ കച്ചവടത്തിലേക്കു തിരിയാതെ കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു വിദ്യാഭ്യാസം തുടരുകയാണുണ്ടായത്. ഗണിതശാസ്ത്രത്തില്‍ കെയ്ലിയുടെ അടുത്തെങ്ങും സഹപാഠികള്‍ക്ക് എത്തുവാന്‍ കഴിഞ്ഞിരുന്നില്ലെന്നു മുഖ്യ പരീക്ഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1842-ല്‍ ഗണിതവിഷയാധ്യേതാക്കളില്‍ ഒന്നാം റാങ്കുകാരനായി (Senior Wrangler of Tripos) കെയ്ലി അംഗീകരിക്കപ്പെട്ടു. 1848 മുതല്‍ പതിനാലു വര്‍ഷക്കാലം നിയമരംഗത്തു പ്രവര്‍ത്തിച്ചുവെങ്കിലും ഇദ്ദേഹം ഗണിതശാസ്ത്ര രംഗത്തെ തന്റെ താത്പര്യം ഒട്ടും മങ്ങാതെ നിലനിര്‍ത്തി. ഈ കാലഘട്ടത്തില്‍ ഗണിതശാസ്ത്രപരമായ പല ഉപരി ഗവേഷണങ്ങളും നടത്തുവാനും 200-നും 300-നുമിടയ്ക്ക് ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

1863-ല്‍ കേംബ്രിജ് സര്‍വകലാശാലയിലെ ഗണിത ശാസ്ത്ര വകുപ്പില്‍ പുതുതായി ഏര്‍പ്പെടുത്തിയ 'സാഡ്ലേറിയന്‍' പ്രൊഫസറുടെ പദവിയിലേക്കു കെയ്ലി തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ സൂസന്‍ മോളീന്‍ (Susan Moline) എന്ന വനിതയെ വിവാഹം കഴിക്കുകയും കേംബ്രിജില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഗണിതശാസ്ത്ര ഗവേഷണത്തില്‍ മുഴുകി ശാന്തമായ ജീവിതം നയിച്ചു വന്നിരുന്ന ഇദ്ദേഹത്തിന്റെ നീതിബോധവും സത്യസന്ധതയും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. സര്‍വകലാശാലയില്‍ നിയമപരമായ ഏതെങ്കിലും പ്രശ്നം വരുമ്പോള്‍ അധികാരികള്‍ കെയ്ലിയെ സമീപിച്ചു പരിഹാരം കണ്ടെത്തുക പതിവായിരുന്നു.

1881-ല്‍ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ഒരു പ്രസംഗ പരമ്പര നടത്താന്‍ കെയ്ലി ക്ഷണിക്കപ്പെട്ടു. തന്റെ പഴയ സ്നേഹിതനും പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനുമായ സില്‍വെസ്റ്ററായിരുന്നു അന്ന് അവിടത്തെ പ്രൊഫസര്‍. 1892-ല്‍ കെയ്ലി പിരിയുന്നതുവരെ കേംബ്രിജിലെ പ്രൊഫസര്‍ പദവിയില്‍ തുടര്‍ന്നു.

കെയ്ലി ഒരു ഗണിതജ്ഞന്‍ മാത്രമായിരുന്നില്ല; സഞ്ചാരം, മലകയറ്റം, പെയിന്റിങ്, വാസ്തുവിദ്യ, സാഹിത്യം മുതലായവയിലും തത്പരനായിരുന്നു.

ആര്‍തര്‍ കെയ്ലിക്ക് 'റോയല്‍ സൊസൈറ്റി വക റോയല്‍ മെഡലും' (1859), കോപ്ലി മെഡലു (1881) മുള്‍പ്പെടെ നാട്ടിലും വിദേശത്തും നിരവധി ബഹുമതികള്‍ ലഭിക്കുകയുണ്ടായി. സര്‍വകലാശാലകളും സയന്‍സ് അക്കാദമികളും കെയ്ലിയുടെ മൗലികമായ ഗണിതശാസ്ത്ര സംഭാവനകളെ ആസ്പദമാക്കി ഇദ്ദേഹത്തെ അനുമോദിച്ചിട്ടുണ്ട്. പ്രാഥമികമായ ചില അടിസ്ഥാനങ്ങളില്‍ നിന്നാരംഭിച്ച് ആധുനികവും ഉദാത്തവുമായ ബീജീയ-ജ്യാമിതീയ പദ്ധതികളിലെത്തുന്ന രീതിയിലാണ് കെയ്ലിയുടെ ഗവേഷണങ്ങള്‍. ഏ ട്രീറ്റീസ് ഓണ്‍ എലിപ്ടിക് ഫങ്ഷന്‍സ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം. 1858-ല്‍ 'ഫിലസോഫിക്കല്‍ ട്രാന്‍സാക്ഷന്‍സ് ഒഫ് ദി റോയല്‍ സൊസൈറ്റി ഒഫ് ലണ്ടന്‍' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകൃതമായ 'എ മൊമോയര്‍ ഓണ്‍ ദ തിയറി ഒഫ് മാട്രിസ'സില്‍ അവതരിപ്പിക്കപ്പെട്ട മാട്രിക്സ് തിയറി ഇന്നും ആധുനിക ഗണിത ശാസ്ത്രത്തില്‍ വ്യാപകമായി പ്രയോഗിച്ചു വരുന്നു. കെയ്ലിയുടെ സംഭാവനകള്‍ കൊണ്ടു സമ്പന്നമാകാത്ത ശുദ്ധ ഗണിത ശാസ്ത്ര മേഖല ഒന്നുപോലുമില്ലെന്നു പറയാം. പതിമൂന്നു വാല്യങ്ങളായി ആകെ 967 ഗവേഷണ ലേഖനങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. 1895 ജനു. 26-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍