This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയ്, ജെ.ഡബ്ലിയു. (1814 - 76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയ്, ജെ.ഡബ്ലിയു. (1814 - 76)

Keye, J. W

ഇന്ത്യാചരിത്രകാരനായ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍. ജോണ്‍ വില്യം കെയ് എന്നാണ് പൂര്‍ണനാമം. 1814-ല്‍ ലണ്ടനില്‍ ഒരു അഭിഭാഷകന്റെ മകനായി ജനിച്ചു. ഈറ്റണ്‍ (Eton), ആഡിസ് കോംബ് (Addis Combe) എന്നിവിടങ്ങളിലെ കലാശാലകളില്‍ നിന്നും വിദ്യാഭ്യാസം നേടി. 1832 മുതല്‍ കുറച്ചുകാലം ബംഗാള്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് ജെ.എസ്. മില്ലിന്റെ പിന്‍ഗാമിയായി ഈസ്റ്റ് ഇന്ത്യാ ആഫീസിലെ രാഷ്ട്രീയകാര്യ-രഹസ്യവകുപ്പില്‍ (Political and Secret Department) സെക്രട്ടറിയായി ജോലിനോക്കി. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നേടിയെടുത്ത മേധാവിത്വം നാട്ടുരാജ്യങ്ങളെ ചൂഷണം ചെയ്യാനുള്ളതല്ല എന്ന അഭിപ്രായക്കാരനായിരുന്ന ഇദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തോട് അനുകമ്പാപൂര്‍വം പ്രതികരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു. 'സര്‍' സ്ഥാനം കൊണ്ടു ബഹുമാനിതനായിട്ടുള്ള ഇദ്ദേഹം ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ദ വാര്‍ ഇന്‍ അഫ്ഗാനിസ്താന്‍ (The War in Afganisthan, 1851), അഡ്മിനിസ്ട്രേഷന്‍ ഒഫ് ദ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി (Adminstration of the East India Company, 1858) തുടങ്ങിയവയാണ് ശ്രദ്ധേയമായ കൃതികള്‍. ദ സിപോയ് വാര്‍ ഇന്‍ ഇന്‍ഡ്യ (The Sepoy War in India) എന്ന പേരില്‍ 1857-ലെ ശിപായിലഹളയെപ്പറ്റി എഴുതിത്തുടങ്ങിയ ഗ്രന്ഥം ഇദ്ദേഹത്തിനു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; ജി.ബി. മാലിസന്‍ (G.B. Malleson) ആണ് ഈ ഗ്രന്ഥം പിന്നീട് ദ ഹിസ്റ്ററി ഒഫ് ഇന്‍ഡ്യന്‍ മ്യൂട്ടിണി (The History of Indian Mutiny)എന്ന പേരില്‍ ആറു വാല്യങ്ങളായി പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത് (1890). 1876 ജൂല. 24-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍