This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയ്റ്റല്‍, വില്‍ഹെമ് (1882 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയ്റ്റല്‍, വില്‍ഹെമ് (1882 - 1946)

Keitel Wilhelm

വില്‍ഹെമ് കെയ്റ്റല്‍

ജര്‍മന്‍ ഫീല്‍ഡ്മാര്‍ഷല്‍. പൂര്‍ണനാമം: വില്‍ഹെമ് ബോഡ്വിന്‍ ജൊഹാന്‍ ഗുസ്തമ് കെയ്റ്റല്‍. ഹാര്‍സ് പര്‍വതപ്രദേശങ്ങളിലെ ഗ്രാമമായ ഹെല്‍മ്ഷെറോഡയില്‍ 1882 സെപ്. 22-ന് ജനിച്ചു. ഒന്നാംലോകയുദ്ധ കാലത്തു പട്ടാളത്തില്‍ ക്യാപ്റ്റനായി സേവനമുഷ്ഠിച്ചിരുന്ന ഇദ്ദേഹം, യുദ്ധാനന്തരം ജര്‍മന്‍ സൈന്യം പുനഃസംഘടിപ്പിക്കാന്‍ തീവ്രശ്രമം നടത്തി. ഹിറ്റ്ലര്‍ അധികാരത്തില്‍ (1933) വന്നപ്പോള്‍ ഇദ്ദേഹമായിരുന്നു ഹിറ്റ്ലറുടെ ഏറ്റവും പ്രിയങ്കരനായ ജനറല്‍. 1935 മുതല്‍ 1938 വരെ യുദ്ധ കാര്യാലയത്തിലെ ഓഫീസിന്റെ തലവന്‍ ഇദ്ദേഹമായിരുന്നു. 1938-ല്‍ ജര്‍മന്‍ സായുധസൈന്യത്തിന്റെ ചീഫ് സുപ്രീം കമാണ്ട് പദവി ഇദ്ദേഹത്തിനു ലഭിച്ചു; 1945 വരെ ആ പദവിയില്‍ തുടര്‍ന്നു. 1938-ലെ മ്യൂസിച് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യുദ്ധകാര്യാലയത്തിന്റെ തലവനായി. പോളണ്ട് ആക്രമണം തുടങ്ങിയുള്ള മറ്റു ജര്‍മന്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ കെയ്റ്റലായിരുന്നു. ആസ്റ്റ്രിയയുടെ മേല്‍ സമര്‍ദം ചെലുത്തി; ചെക്കോസ്ലൊവാക്കിയ കീഴടക്കി. 1938 ഒ.21-ന് ബെല്‍ജിയവും നെതര്‍ലന്‍ഡ്സും ആക്രമിക്കാനുള്ള രേഖയില്‍ ഒപ്പുവച്ചു. ബാള്‍ക്കനില്‍ ആവിഷ്ക്കരിക്കേണ്ട യുദ്ധതന്ത്രവും തയ്യാറാക്കി. ആക്രമിച്ച പ്രദേശങ്ങളിലെ ജനതയെ കൂട്ടക്കൊല നടത്തിയതായും നഗരങ്ങള്‍ നശിപ്പിച്ചതായും ആരോപണങ്ങളുണ്ടായി. ന്യൂറംബര്‍ഗ് വിചാരണവേളയില്‍, താന്‍ രാഷ്ട്രത്തിന്റെ കല്പനകള്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളുവെന്ന് ഇദ്ദേഹം വാദിച്ചു. പത്ത് മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്കുശേഷം കെയ്റ്റല്‍ കുറ്റക്കാരനെന്ന് ട്രിബ്യൂണല്‍ വിധിച്ചു. 1946 ഒ. 16-ന് ന്യൂറംബര്‍ഗ് ജയിലില്‍വച്ച് കെയ്റ്റലിനെ തൂക്കിക്കൊന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍