This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയ്റോ സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയ്റോ സര്‍വകലാശാല

Cairo University

കെയ്റോ സര്‍വകലാശാല

ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്റോയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാല. 19-ാം ശതകത്തിന്റെ അന്ത്യത്തിലും 20-ാം ശതകത്തിന്റെ ആരംഭത്തിലുമായി സ്ഥാപിതമായതും മറ്റു സര്‍വകലാശാലകളുമായി അഫിലിയേറ്റു ചെയ്തിട്ടില്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് 1908-ല്‍ ഈ സര്‍വകലാശാല നിലവില്‍ വന്നു. 1937 മുതല്‍ 1953 വരെ 'ഫുത്തഡ് സര്‍വകലാശാല' (Futad University) എന്ന പേരിലാണ് ഇതു അറിയപ്പെട്ടിരുന്നത്. ഈജിപ്ഷ്യന്‍ ജനതയുടെ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി കാല്‍നൂറ്റാണ്ടോളം അശ്രാന്ത പരിശ്രമം നടത്തിയിരുന്ന ഫുത്തഡ് II-ാമനോടുള്ള ബഹുമാനാര്‍ഥമാണ് സര്‍കലാശാലയ്ക്ക് ഈ പേര്‍ നല്‍കിയിരുന്നത്.

മാനവിക വിഷയങ്ങള്‍ക്കും ശാസ്ത്രവിഷയങ്ങള്‍ക്കും സര്‍കലാശാലയില്‍ പ്രത്യേക വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൃഷി, പുരാവസ്തു, കല, വാണിജ്യം, കംപ്യൂട്ടര്‍ സയന്‍സ്, വിവരസാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എന്‍ജിനീയറിങ്, നിയമം, ഫാര്‍മസി, ഫിസിയോതെറാപ്പി, നഗര-പ്രാദേശികാസൂത്രണം, മൃഗചികിത്സ, മാധ്യമപഠനം എന്നീ വിഷയങ്ങള്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ ഉണ്ട്. സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മറ്റൊരു പ്രശസ്ത സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്റ്റാറ്റിസ്റ്റിക്കല്‍ സ്റ്റഡീസ് ആന്‍ഡ് റിസെര്‍ച്ച്.

വൈദ്യശാസ്ത്രം ഒഴികെയുളള സര്‍വകലാശാലയുടെ പഠനവിഭാഗങ്ങളെല്ലാം കെയ്റോ നഗരത്തിന്റെ തെക്കു-കിഴക്കു ഭാഗത്തുള്ള ഒര്‍മാന്‍ ഗാര്‍ഡനിലാണു (Orman Garden) സ്ഥിതി ചെയ്യുന്നത്. സര്‍വകലാശാലയുടെ കാര്യനിര്‍വഹണ സ്ഥാപനങ്ങള്‍, സ്റ്റേഡിയം, പ്രധാന ലൈബ്രറി എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള ജന്തുശാസ്ത്ര ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കാര്‍ഷിക മ്യൂസിയം എന്നിവ വളരെ പ്രശസ്തങ്ങളാണ്.

സര്‍വകലാശാലയുടെ വൈദ്യശാസ്ത്രവിഭാഗവും അതിനോടനുബന്ധിച്ചുള്ള ആശുപത്രിയും കെയ്റോ നഗരത്തിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്നു. വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഈ വിഭാഗത്തെ പല പ്രത്യേക ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവയില്‍ മെഡിസിന്‍, ഹൈജീന്‍ ആന്‍ഡ് ട്രോപിക്കല്‍ മെഡിസിന്‍, ഫാര്‍മക്കോളജി, നഴ്സിങ് എന്നിവയ്ക്കു വളരെ വിപുലമായ സജ്ജീകരണങ്ങളാണുള്ളത്. 'കാസ്-അല്‍-ഐനി', 'കിങ് ഫുത്തഡ്- ക' എന്നീ ആശുപത്രികളും കുട്ടികള്‍ക്കായുള്ള മറ്റൊരു പ്രത്യേക-ആശുപത്രിയും വൈദ്യശാസ്ത്രവിഭാഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുന്നു.

1970 അധ്യയനവര്‍ഷത്തില്‍ 3000-ല്‍ അധികം അധ്യാപകര്‍ പ്രവര്‍ത്തിച്ചിരുന്ന കെയ്റോ സര്‍വകലാശാലയില്‍ നിലവില്‍ (2012) അധ്യാപകരടക്കം 12,158 ജീവനക്കാരും 20,000 വിദ്യാര്‍ഥികളുമുണ്ട്. അറബിയും ഫ്രഞ്ചും ഇംഗ്ലീഷുമാണ് അധ്യയന മാധ്യമങ്ങള്‍.

ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍വകലാശാലയ്ക്ക് ഖദിവേ ഇസ്മെയില്‍ പാഷ (Khedive Ismail Pasha)യുടെ മകള്‍ ഫാത്തിമയുടെ വില്‍പ്പത്രപ്രകാരം വമ്പിച്ച തോതിലുള്ള സാമ്പത്തിക സഹായവും ലഭിച്ചു വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍