This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയ്റാ സഹകരണ സ്ഥാപനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയ്റാ സഹകരണ സ്ഥാപനങ്ങള്‍

Kaira Co-Operative Institutions

ആനന്ദ് മില്‍ക്ക് പ്ലാന്റ്

ഗുജറാത്തിലെ ആനന്ദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ഷീര വ്യവസായ സഹകരണസ്ഥാപനങ്ങള്‍. കെയ്റാ സഹകരണസ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ 'അമുല്‍' എന്ന പേരില്‍ പ്രശസ്തമാണ്.

ക്ഷീര സംസ്കരണ രംഗത്തും ക്ഷീരോത്പന്നങ്ങളുടെ വിപണന രംഗത്തും ആഗോള പ്രശസ്തി നേടിയ കെയ്റാ സഹകരണസ്ഥാപനങ്ങളുടെ വിജയകഥയ്ക്ക് രണ്ടു ദശകം നീണ്ടുനില്‍ക്കുന്ന ഒരു ചരിത്രമുണ്ട്. നൂറ്റാണ്ടുകളായി മധ്യവര്‍ത്തികളുടെ ചൂഷണത്തിനു വിധേയരായിരുന്ന ക്ഷീരോത്പാദകര്‍ ക്ഷീരസംസ്കരണത്തിനു വേണ്ടി 1955-56-ല്‍ ചെറിയ തോതില്‍ ആരംഭിച്ച സഹകരണ സ്ഥാപനമാണ് പില്ക്കാലത്ത് 'ആനന്ദ് ഡയറി' എന്ന പേരില്‍ പ്രശസ്തമായതും ഇന്ത്യയുടെ ധവള വിപ്ലവത്തിനു തുടക്കം കുറിച്ചതും.

കെയ്റാ സഹകരണ സ്ഥാപന ശൃംഖലയിലെ ഏറ്റവും താഴത്തെ പടിയിലുള്ള സ്ഥാപനം ഗ്രാമതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരോത്പാദക സഹകരണസംഘമാണ്. ഉത്പാദകര്‍ പ്രാഥമിക സംഘത്തില്‍ എത്തിക്കുന്ന പാല്‍ നിഷ്കൃഷ്ട പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്നു. മിച്ചം വരുന്ന പാല്‍ പ്രാഥമിക സംഘങ്ങള്‍ ജില്ലാ യൂണിയനിലെത്തിക്കുന്നു. അംഗങ്ങള്‍ എത്തിക്കുന്ന പാലിന് ഉടന്‍ തന്നെ വില നല്‍കാനുള്ള വ്യവസ്ഥകളുണ്ട്. മൃഗങ്ങള്‍ക്കാവശ്യമായ പ്രാഥമിക ശുശ്രൂഷ, കൃത്രിമ ബീജാധാനം, കാലിത്തീറ്റ വിതരണം എന്നിവയ്ക്കുള്ള സജ്ജീകരണങ്ങള്‍ പ്രാഥമിക-ജില്ലാ-തല സംഘങ്ങളിലുണ്ട്.

പ്രാഥമിക സംഘങ്ങളുടെ ജില്ലാതലത്തിലുള്ള സ്ഥാപനമാണ് കെയ്റാ ഡിസ്റ്റ്രിക്റ്റ് കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍. 1955-56-ല്‍ 64 പ്രാഥമിക സഹകരണസംഘങ്ങളുടേയും 22828 അംഗങ്ങളുടെയും സഹകരണത്തോടെ 1.1 കോടി കി.ഗ്രാം പാല്‍ കൈകാര്യം ചെയ്തിരുന്ന ജില്ലാ യൂണിയന്‍ 1961-62-ല്‍ നിര്‍ണായകമായ തോതില്‍ വളര്‍ന്നു. 1961-62-ലെ കണക്കനുസരിച്ച് ഈ സംഘത്തില്‍ 46,400 അംഗങ്ങള്‍ ഉള്‍പ്പെട്ട 219 പ്രാഥമിക സഹകരണ സംഘങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം യൂണിയന്‍ 3.53 കോടി കിലോഗ്രാം പാല്‍ കൈകാര്യം ചെയ്തു. 1961-62-ലാണ് കെയ്റാ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതും ക്ഷീരോത്പന്നങ്ങളുടെ നിര്‍മാണത്തില്‍ വൈവിധ്യമുണ്ടാക്കിയതും.

1981-82 ആയപ്പോഴേക്ക് ഈ യൂണിയനില്‍ 3.39 ലക്ഷം അംഗങ്ങളുള്ള 894 പ്രാഥമിക സംഘങ്ങള്‍ ഉണ്ടായി. ഇക്കാലത്തു പ്രതിവര്‍ഷം 16 കോടി കിലോഗ്രാം പാലാണ് അംഗങ്ങള്‍ സംഘത്തിലെത്തിച്ചത്. പ്രതിദിനം ശരാശരി 9 ലക്ഷം ലിറ്റര്‍ പാലാണ് പ്രാഥമിക സംഘങ്ങളില്‍ നിന്ന് ജില്ലാ യൂണിയനിലെത്തുന്നത്. വേനല്‍ക്കാലത്ത് ഇതിന്റെ അളവ് 3.5 ലിറ്റര്‍ ആയി കുറയും. യൂണിയനില്‍ എത്തുന്ന പാലിന്റെ 40 ശതമാനത്തോളം പാലായിത്തന്നെ ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്നു. ബാക്കി പാല്‍ ആനന്ദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ഷീര സംസ്കരണ പ്ലാന്റുകളിലൂടെ വിവിധതരം ക്ഷീരോത്പന്നങ്ങളായി സംസ്കരിച്ചെടുക്കുന്നു. പാല്‍പ്പൊടി, പാല്‍ക്കട്ടി, വെണ്ണ, ശിശുക്കള്‍ക്കുള്ള പാല്‍പ്പൊടി, ചോക്കലേറ്റ് എന്നിവയാണ് ആനന്ദില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ക്ഷീരോത്പന്നങ്ങള്‍. ഇന്ത്യയില്‍ ആദ്യമായി ശിശുക്കള്‍ക്കുള്ള പാല്‍പ്പൊടി, സാധാരണ പാല്‍പ്പൊടി, കണ്ടന്‍സ്ഡ് പാല്‍ എന്നിവ ഉത്പാദിപ്പിച്ച സ്ഥാപനവും ഇതുതന്നെയാണ്.

ഡോ. വര്‍ഗീസ് കുര്യന്‍

ക്ഷീരോത്പാദകരെ സഹകരണാടിസ്ഥാനത്തില്‍ ഒരുമിപ്പിക്കാന്‍ കഴിഞ്ഞതിനു പുറമേ ധവളവിപ്ലവത്തിന് ആക്കം വര്‍ധിപ്പിച്ചതും നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിനു തുടക്കം കുറിച്ചതും കെയ്റാ സഹകരണസ്ഥാപനങ്ങളാണ്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ പ്രേരണയോടെ 1965-ല്‍ ആരംഭിച്ച നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്തത് കെയ്റാ യൂണിയിന്റെ ജനറല്‍ മാനേജരായിരുന്ന ഡോ. വര്‍ഗീസ് കുര്യന്‍ ആണ്.

കെയ്റാ സഹകരണ സ്ഥാപനങ്ങള്‍ 1965-ല്‍ 'ആനന്ദ് പാറ്റേണ്‍' എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. കര്‍ഷക-അംഗങ്ങള്‍, ഗ്രാമ സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ രണ്ടു തട്ടുകളായുള്ള ഈ ജനകീയ-സഹകരണ സ്ഥാപനത്തിന്റെ ലക്ഷ്യം ക്ഷീരോത്പാദകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല; മിച്ചം വരുന്ന പാല്‍ ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ഷീരോത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും അവ ശാസ്ത്രീയമായ രീതിയില്‍ വിപണനം ചെയ്യുന്നതിനും ഉയര്‍ന്ന തോതില്‍ ക്ഷീരോത്പാദനം കൈവരിക്കുന്നതിനാവശ്യമായ സാങ്കേതിക വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനും മൃഗങ്ങള്‍ക്കാവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനും യൂണിയന്‍ പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. നോ. ധവളവിപ്ലവം, നാഷണല്‍ ഡയറി ഡവലപ്മെന്റ് ബോര്‍ഡ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍