This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയിന്‍, സര്‍ തോമസ് ഹെന്റി ഹാള്‍ (1853 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയിന്‍, സര്‍ തോമസ് ഹെന്റി ഹാള്‍ (1853 - 1931)

Caine, Sir Thomas Henry Hall

സര്‍ തോമസ് ഹെന്റി ഹാള്‍ കെയിന്‍

ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവര്‍ത്തകനും. തോമസ് ഹെന്റി ഹാള്‍ കെയിന്‍ എന്നാണ് പൂര്‍ണനാമം. ഇംഗ്ലണ്ടിലെ ചെഷയറിലുള്ള റണ്‍കോണിലെ ഒരിടത്തരം കുടുംബത്തില്‍ 1853 മേയ് 14-ന് ജനിച്ചു. വിദ്യാഭ്യാസാനന്തരം കുറേക്കാലം ഒരു വാസ്തുശില്പിയായും പത്രപ്രവര്‍ത്തകനായും അധ്യാപകനായും പ്രവര്‍ത്തിച്ചു. ഡി.ജി. റൊസ്സെറ്റി എന്ന കവിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ട് കുറച്ചുകാലം ലണ്ടനില്‍ താമസിക്കുകയും റൊസ്സെറ്റിയുടെ മരണ (1882) ശേഷം ഐല്‍ ഒഫ് മാന്‍ (Isle of Man) എന്ന ദ്വീപില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.

കെയിനിന്റെ ആദ്യകാല കൃതികളില്‍ പ്രധാനപ്പെട്ടതാണ് 'റൊസ്സെറ്റിയെക്കുറിച്ചുള്ള സ്മരണകള്‍' (Recollections of Rossetti - 1882). ഇദ്ദേഹത്തിന്റെ നിരൂപണഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രശസ്തമായ നിരൂപണത്തിന്റെ ലൂതാവലയങ്ങള്‍ (Cob webs of criticism) എന്ന കൃതി 1883-ലും ആദ്യത്തെ നോവലായ ഒരു കുറ്റത്തിന്റെ നിഴല്‍ (The Shadow of a cime) 1885-ലും പ്രസിദ്ധീകൃതമായി. 1887-ല്‍ ഡീമ്സറ്റര്‍ (Deemster) എന്ന നോവല്‍ പ്രസിദ്ധീകരിച്ചതോടുകൂടി ഇദ്ദേഹം പ്രശസ്തിയുടെ ഉച്ചകോടിയിലെത്തി. ദ് മാങ്സ്മാന്‍ (The Manx-man, 1954), ദ് ക്രിസ്റ്റ്യന്‍ (The Christian - 1897), മുടിയനായ പുത്രന്‍ (The Prodigal Son - 1904) ശാശ്വതനഗരം (The Eternal city - 1901), നാക്കാറ്റോവിലെ സ്ത്രീ (The Women of Knockatoe - 1923) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റുചില പ്രധാനപ്പെട്ട നോവലുകള്‍.

1918-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇദ്ദേഹത്തിന് 'സര്‍' സ്ഥാനം നല്‍കി. 1931 ആഗ. 31-ന് ഇദ്ദേഹം ഐല്‍ ഒഫ് മാനിലെ ഗ്രീബാ കാസിലില്‍ അന്തരിച്ചു. ജീവിത സായാഹ്നത്തില്‍ ഇദ്ദേഹം രചിച്ച ക്രിസ്തുവിന്റെ ജീവചരിത്രം (Life of Christ) എന്ന കൃതി 1938-ല്‍ പ്രസിദ്ധപ്പെടുത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍