This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയിന്‍സ്, ജോണ്‍ നെവില്‍ (1852 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയിന്‍സ്, ജോണ്‍ നെവില്‍ (1852 - 1949)

Keynes, John Neville

ജോണ്‍ നെവില്‍ കെയിന്‍സ്

ബ്രിട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനും. 1852 ആഗ. 31-ന് സാലിസ്ബറിയില്‍ ജനിച്ചു. കേംബ്രിജിലെ പെംബ്രോക്ക് കോളജില്‍ ചേര്‍ന്ന് ഗണിതശാസ്ത്രവും സദാചാരതത്ത്വശാസ്ത്രവും പഠിച്ചു. 1879-ല്‍ ബിരുദം നേടിയ കെയിന്‍സ് ആ വര്‍ഷം തന്നെ പെംബ്രോക്ക് കോളജിലെ ഫെലോയും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഓണററി ഫെലോയുമായി. സാമ്പത്തികശാസ്ത്രം സദാചാരധര്‍മശാസ്ത്രത്തിന്റെ ഒരു ഭാഗമായി കരുതിയിരുന്ന അക്കാലത്ത് സദാചാരധര്‍മശാസ്ത്ര ഫാക്കല്‍റ്റിയുടെ അംഗമായാണ് കെയിന്‍സ് സാമ്പത്തികശാസ്ത്രം പഠിച്ചത്. മികച്ച സാമ്പത്തികശാസ്ത്രാധ്യാപകന്‍ എന്ന പ്രശസ്തി നേടിയിരുന്ന കെയിന്‍സിന്റെ പേര് ഓക്സ്ഫഡിലെ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ സ്ഥാനത്തേക്കും ഇക്കണോമിക് ജേണലിന്റെ പത്രാധിപസ്ഥാനത്തേക്കും നിര്‍ദേശിക്കപ്പെട്ടു. ഇദ്ദേഹത്തിനു പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് മാര്‍ഷലിന്റെ ഒത്താശയുണ്ടായിട്ടും ഈ രണ്ടു സ്ഥാനങ്ങളും എഫ്.വൈ. എഡ്ജ്വര്‍ത്തിനാണു ലഭിച്ചത്.

കേംബ്രിജില്‍ നിന്ന് എം.എ ബിരുദവും എസ്.സി.ഡി. ബിരുദവും (1891) സമ്പാദിച്ച കെയിന്‍സ് 1892-ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ സെനറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1893-ല്‍ സര്‍വകലാശാലയുടെ സെക്രട്ടറിയും 1910-ല്‍ രജിസ്റ്റ്രാറുമായി ഉയര്‍ത്തപ്പെട്ട ഇദ്ദേഹം 1925-ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിക്കുന്നതുവരെ തത് സ്ഥാനത്തു തുടര്‍ന്നു.

കെയിന്‍സ് തയ്യാറാക്കിയ ആദ്യത്തെ ഗ്രന്ഥം സ്റ്റഡീസ് ആന്‍ഡ് എക്സര്‍സൈസസ് ഇന്‍ഫോര്‍മല്‍ ലോജിക് (1884) ആണ്.

അക്കാലത്തു നിലവിലിരുന്ന സാമ്പത്തികശാസ്ത്രത്തിന്റെ വിശ്വസ്തതയും വിശദവുമായ ഒരു പ്രതിരൂപമാണ് കെയിന്‍സിന്റെ ദ സ്കോപ് ആന്‍ഡ് മെത്തേഡ് ഒഫ് പൊളിറ്റിക്കല്‍ ഇക്കോണമി (1891) എന്ന ഗ്രന്ഥം. സാമ്പത്തികശാസ്ത്രത്തിലുള്ള പാണ്ഡിത്യവും തര്‍ക്കശാസ്ത്രത്തിലുള്ള പാടവവും ഒത്തിണങ്ങിയ ഇദ്ദേഹത്തിനു ക്ലാസ്സിക്കല്‍ സാമ്പത്തികശാസ്ത്രത്തെ യുക്ത്യധിഷ്ഠിതമാക്കാന്‍ കഴിഞ്ഞുവെന്നതിനു തെളിവാണ് ഈ ഗ്രന്ഥം. സാമ്പത്തികശാസ്ത്രത്തില്‍ ഗണിതശാസ്ത്രത്തിന്റെയും സാംഖ്യികത്തിന്റെയും ഉപയോഗം ആവശ്യമാണെന്നും ഇദ്ദേഹം മനസ്സിലാക്കിയിരുന്നു. സാമ്പത്തികശാസ്ത്രം സാമൂഹികശാസ്ത്രങ്ങളുടെ ഒരു ഭാഗമാണെന്നു സമ്മതിക്കുന്നുണ്ടെങ്കിലും സാമൂഹികശാസ്ത്ര (Sociology)ത്തിന്റെ ഒരു ശാഖയാണു സാമ്പത്തികശാസ്ത്രം എന്ന കോംറ്റെയുടെ വാദഗതിയെ കെയിന്‍സ് തള്ളിക്കളയുകയാണുണ്ടായത്.

സാമ്പത്തികശാസ്ത്രത്തിനു വ്യക്തമായ ഒരു വഴിത്തിരിവുണ്ടാക്കിയ ജോണ്‍ മെയ്നാഡ് കെയിന്‍സ് ഇദ്ദേഹത്തിന്റെ പുത്രനാണ്. ജോണ്‍ നെവില്‍ കെയിന്‍സ് 1949 ന. 15-ന് കേംബ്രിജില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍