This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെമാല്‍, മുസ്തഫാ (1881 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെമാല്‍, മുസ്തഫാ (1881 - 1938)

Kamal, Mustafa

മുസ്തഫാ കെമാല്‍

ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍. 1923-38 കാലത്ത് തുര്‍ക്കിയുടെ പ്രസിഡന്റും സൈനിക മേധാവിയും ആയിരുന്ന മുസ്തഫാ കെ(ക)മാലിനെ ജീവിതകാലത്തുതന്നെ സ്വന്തം ജനങ്ങള്‍ 'തുര്‍ക്കികളുടെ പിതാവ്' എന്നര്‍ഥം വരുന്ന അത്താതുര്‍ക്ക് എന്ന അപരാഭിധാനം നല്കി ആദരിച്ചിരുന്നു.

മുസ്തഫാ 1881-ല്‍ സലോണിക്കായില്‍ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ചു. സലോണിക്കായിലെ സൈനിക-അക്കാദമിയില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ വികാരങ്ങളും വിഷമതകളും മനസ്സിലാക്കാനും അവയ്ക്കു പരിഹാരം കാണാനും മുസ്തഫാ കെമാല്‍ ശ്രമിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ തന്റെ വ്യക്തിഗതമായ അഭിപ്രായങ്ങള്‍ തുറന്നടിക്കാന്‍ ഇദ്ദേഹം മടിച്ചിരുന്നില്ല. സൈനിക-അക്കാദമിയില്‍ ആയിരുന്നപ്പോള്‍ത്തന്നെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി രൂപവത്കരിച്ചിരുന്ന പല രഹസ്യ സംഘടനകളിലും അംഗമായിരുന്നുന്നെങ്കിലും, അവയുടെ പല പരിപാടികളോടും ഇദ്ദേഹം വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. 1908-ല്‍ യുവതുര്‍ക്കികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇദ്ദേഹത്തെ തലസ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിനുവേണ്ടി ലിബിയയിലേക്കും (1911-12) പിന്നീട് ബള്‍ഗേറിയയിലേക്കും ബര്‍ളിനിലേക്കും ഒന്നാംലോക യുദ്ധകാലത്തു ഗാലിപൊളി (1915), കോക്കസസ് (1916), സിറിയ (1917) എന്നീ സ്ഥലങ്ങളിലേക്കും അയയ്ക്കുകയുണ്ടായി. തന്റെ കീഴിലുള്ള സൈനികര്‍ക്കു തന്നിലുള്ള വിശ്വാസം, നിര്‍ണായക ഘട്ടങ്ങളില്‍ സൈനിക നീക്കങ്ങളെപ്പറ്റി തനിക്കുള്ള അനിതരസാധാരണമായ അറിവ് എന്നിവ പല പ്രശസ്ത വിജയങ്ങളും നേടുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു. നേതൃത്വത്തിലേക്കുയരാന്‍ സഹായിച്ച മറ്റൊരു ഗുണം ആദ്യമാദ്യം ചെയ്യേണ്ടകാര്യങ്ങള്‍ ആദ്യം ചെയ്യുന്നതില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന അതീവ ശ്രദ്ധയായിരുന്നു. ഹ്രസ്വകാല പദ്ധതികള്‍ നടപ്പിലാക്കി ജനങ്ങളെ ദീര്‍ഘകാല പദ്ധതികള്‍ക്കുവേണ്ടി തയ്യാറാക്കുക എന്ന പരിപാടിയായിരുന്നു ഇദ്ദേഹം സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യസമരകാലത്ത് എല്ലാ ഗ്രൂപ്പുകളുടെയും സഹകരണം നേടുന്നതിനായി തുര്‍ക്കി സുല്‍ത്താന്റെ അധികാരം പുനരുദ്ധരിക്കുന്നതിനു വേണ്ടിയാണ് താന്‍ യുദ്ധം ചെയ്തിരുന്നത് എന്നാണ് ഇദ്ദേഹം പ്രസ്താവിച്ചത്. അങ്കാറായില്‍ സമാന്തര ഗവണ്‍മെന്റ് സ്ഥാപിച്ചതുതന്നെ ഐക്യ കക്ഷികളുടെ പിടിയില്‍ അമര്‍ന്നിരുന്ന സുല്‍ത്താന് തുര്‍ക്കി രാഷ്ട്രത്തെ രക്ഷിക്കാനാവാത്തതുകൊണ്ടാണ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രചാരണം. ഗ്രീക്കുകാരെ തുര്‍ക്കിയുടെ മണ്ണില്‍ നിന്നു തുരത്തി ജനങ്ങളുടെ അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ നേടിയതിനു ശേഷമേ സുല്‍തനത് (സുല്‍ത്താന്റെ അധികാരം) അവസാനിപ്പിക്കാന്‍ ഇദ്ദേഹം ശ്രമിച്ചുള്ളൂ. ലൗസന്‍ (Lausanne) കോണ്‍ഫറന്‍സിനു ശേഷം രാഷ്ട്രത്തിന്റെ നില സുരക്ഷിതമാണെന്നു കണ്ടതിനു ശേഷമാണ് ഖിലാഫത്ത് (മതനേതൃത്വാധികാരം) അവസാനിപ്പിക്കാന്‍ നടപടികള്‍ കൈക്കൊണ്ടത്. ഇപ്രകാരമുള്ള സമയക്രമീകരണം തുര്‍ക്കി റിപ്പബ്ലിക്കിനെ ബാല്യാരിഷ്ടതകളില്‍ നിന്നും സംരക്ഷിക്കാന്‍ ഇദ്ദേഹത്തെ വളരെയധികം സഹായിച്ചു.

മുസ്തഫായുടെ രാഷ്ട്രീയ തത്ത്വസംഹിത ഇദ്ദേഹം നടത്തിയ നൂറുകണക്കിനുള്ള പ്രസംഗങ്ങളിലും പ്രസിദ്ധപ്പെടുത്തിയ ലഘുലേഖകളിലും നിന്നു വ്യക്തമാണ്. 1937 ഫെബ്രുവരിയില്‍ നടപ്പിലാക്കിയ ഭരണഘടനയിലെ രണ്ടാം വകുപ്പില്‍ അതിനെ ഇപ്രകാരം നിര്‍വചിച്ചിരിക്കുന്നു: ജനാധിപത്യവത്കരണം (Republicanism), ദേശീയത (Nationalism), ജനവാദി പരിപാടി (Populism), പരിവര്‍ത്തനവാദം (Revolutionism), മതനിരപേക്ഷത (Secularism), രാഷ്ട്രവാദം (Statism) ഈ തത്ത്വങ്ങളാണ് ഇദ്ദേഹവും അനുയായികളും 1923 മുതല്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.

ജനാധിപത്യവത്കരണം എന്നതുകൊണ്ട് മുസ്തഫാ ഉദ്ദേശിച്ചത് സുല്‍തനത് ഭരണം മാറ്റി ഒരു റിപ്പബ്ലിക്കന്‍ ഭരണം സ്ഥാപിക്കണം എന്നു മാത്രമല്ല, ഒട്ടൊമന്‍ ഭരണത്തില്‍ കുറച്ച് ആളുകള്‍ ലക്ഷക്കണക്കിന് ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന ഭരണ സമ്പ്രദായം മാറ്റി പൊതുജന സഹകരണത്തോടുകൂടിയുള്ള ഒരു ഭരണം സ്ഥാപിക്കണമെന്നും കൂടിയായിരുന്നു. സുല്‍തനതും ഖിലാഫത്തും ഒഴിവാക്കാനുള്ള ശ്രമംതന്നെ അവയ്ക്കാധാരമായ ഭരണസമ്പ്രദായം ഒട്ടാകെ ഉന്മൂലനം ചെയ്യണമെന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു.

ഒന്നാംലോക യുദ്ധത്തില്‍ തുര്‍ക്കിക്കുണ്ടായ ഭൂവിഭാഗങ്ങളുടെ നഷ്ടത്തിന്റെയും തുര്‍ക്കിയിലെ ന്യൂനപക്ഷങ്ങള്‍ അവരുടെ വിഭാഗീയ വാദങ്ങള്‍ ഉപേക്ഷിക്കാനുള്ള വൈമുഖ്യത്തിന്റെയും അടിസ്ഥാനത്തില്‍ തുര്‍ക്കികള്‍ അവരുടെ ദേശീയതയ്ക്കു രൂപം നല്കി. 1927-ലെ കാനേഷുമാരി കണക്കനുസരിച്ച് ജനസംഖ്യയില്‍ 97.3 ശതമാനവും മുസ്ലിങ്ങളാണെന്നു വ്യക്തമായപ്പോള്‍ തുര്‍ക്കി റിപ്പബ്ളിക്കിനെ ഒരു സജാതീയ ജനപദമാക്കിത്തീര്‍ത്തു.

മുസ്തഫാ കെമാല്‍ നടപ്പാക്കിയ ജനവാദി പരിപാടിയുടെ അനിവാര്യഘടകം ഭരണവര്‍ഗമല്ല, ഭരണീയരാണ് രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗം എന്ന തത്ത്വമായിരുന്നു. ഭരണഘടനയുടെ 88-ാം വകുപ്പിന്‍പ്രകാരം വര്‍ഗം, മതം, ജോലി എന്നിവയുടെ വ്യത്യസ്തത പരിഗണിക്കാതെ റിപ്പബ്ലിക്കിലെ പ്രജകളെല്ലാം തുല്യരാണ്. തുര്‍ക്കി പ്രജകളായ ജൂതന്മാരും അര്‍മീനിയക്കാരും ഗ്രീക്കുകാരും അവരുടെ വിഭാഗീയവാദങ്ങള്‍ ഉപേക്ഷിക്കുകയുണ്ടായി. ഈ അടിസ്ഥാനത്തിലാണ് 1928-ല്‍ തുര്‍ക്കി റിപ്പബ്ലിക് ഒരു മതനിരപേക്ഷ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്.

കെമാലിന്റെ മറ്റൊരു സിദ്ധാന്തം പരിവര്‍ത്തനവാദമായിരുന്നു. ഒട്ടോമന്‍ ഭരണ സമ്പ്രദായത്തില്‍ നിന്ന് ഒരൊറ്റ തലമുറകൊണ്ട് റിപ്പബ്ളിക്കന്‍ സമ്പ്രദായത്തിലേക്ക് തുര്‍ക്കി ജനതയെ പരിവര്‍ത്തനം ചെയ്യിക്കുക എന്നതായിരുന്നു ലക്ഷ്യം. 1919 ല്‍ തുടങ്ങിയ വിപ്ലവം പൂര്‍ണവിജയത്തിലെത്തിക്കാനായി വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരു സംയോജിത പരിപാടി മുസ്തഫാ കെമാല്‍ തയ്യാറാക്കി നടപ്പിലാക്കി.

പാരമ്പര്യ വിഭാഗങ്ങളില്‍നിന്നു വിടര്‍ത്തി, സമൂഹത്തെയും രാഷ്ട്രത്തെയും പുരോഗതിയിലേക്കു നയിക്കുക എന്നതായിരുന്നു മതനിരപേക്ഷതകൊണ്ട് ഇദ്ദേഹം ഉദ്ദേശിച്ചത്. ഖിലാഫത്തിന്റെ ഉന്മൂലനത്തോടുകൂടി മതവും രാഷ്ട്രവുമായുള്ള ബന്ധം വിടര്‍ത്തി മതാധികാരികള്‍ക്കു ഭരണകാര്യങ്ങളില്‍ ഉണ്ടായിരുന്ന നിയന്ത്രണം അവസാനിപ്പിച്ചു. മദ്രസാവിദ്യാഭ്യാസം ദേശീയ വിദ്യാഭ്യാസത്തില്‍ ലയിപ്പിച്ചു. ശരീഅത്തു കോടതികള്‍ നിര്‍ത്തലാക്കി, അവയുടെ അധികാരം സിവില്‍ കോടതികള്‍ക്കു നല്കി. തുര്‍ക്കിയിലെ സിവില്‍ നിയമം, ക്രിമിനല്‍നിയമം, വാണിജ്യനിയമം എന്നിവ സ്വിസ്സ്, ഇറ്റാലിയന്‍, ജര്‍മന്‍ മാതൃകകള്‍ക്കനുസൃതമായി നിര്‍മിച്ചു. ബഹുഭാര്യാത്വം നിരോധിച്ചു; വിവാഹമോചനം കോടതി വഴിയായിരിക്കണമെന്നതു നിര്‍ബന്ധിതമാക്കി; ഫെസ് തൊപ്പിയും തലപ്പാവും നിരോധിച്ചു; പര്‍ദ നിരുത്സാഹപ്പെടുത്തി; സിവില്‍ വിവാഹം നിര്‍ബന്ധിതമാക്കി; മുസ്ലിം സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കി; പബ്ളിക് സ്കൂളുകളിലും ഗവണ്‍മെന്റ് സര്‍വീസിലും സ്ത്രീകള്‍ക്കു പ്രവേശനം നല്കി; ഇസ്ലാമിക കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു; മദ്യനിര്‍മാണവും വില്പനയും നിയമവിധേയമാക്കി.

1928 ന. 1-ന് തുര്‍ക്കി ഭാഷയ്ക്ക് അറബി ലിപിക്കുപകരം ലാറ്റിന്‍ ലിപി സ്വീകരിച്ചു. പ്രാര്‍ഥന തുര്‍ക്കിഭാഷയില്‍ ആവണമെന്നു നിര്‍ദേശിച്ചു. തുര്‍ക്കികളെല്ലാവരും ഒരു കുടുംബനാമം സ്വീകരിക്കണമെന്നും നിയമമുണ്ടാക്കി. ഇതനുസരിച്ച് മുസ്തഫാ കെമാലിനു അത്താ തുര്‍ക്ക് എന്ന നാമധേയം തുര്‍ക്കി അസംബ്ലി തന്നെ നല്കി. പാഷാ, ബെ, എഫന്‍ദി എന്നീ പദവിനാമങ്ങള്‍ നിരോധിച്ചു. പാശ്ചാത്യ വസ്ത്രധാരണരീതി സ്വീകരിക്കപ്പെട്ടു. വെള്ളിയാഴ്ചയ്ക്കു പകരം ഞായറാഴ്ച അവധി ദിവസമാക്കി. ഈ പരിഷ്കാരങ്ങളെല്ലാം ഒട്ടൊമന്‍ പാരമ്പര്യത്തില്‍ നിന്നും മതനേതാക്കന്മാരുടെ സ്വാധീനതയില്‍ നിന്നും ജനങ്ങളെ വിമുക്തരാക്കുന്നതിന് സ്വീകരിച്ച നടപടികളായിരുന്നു.

വിദ്യാഭ്യാസ പ്രചാരണത്തിനു വമ്പിച്ച ഒരു പരിപാടിയും മുസ്തഫാ കെമാല്‍ നടപ്പാക്കി. വിദ്യാഭ്യാസം മുഴുവനായി മതനേതാക്കന്മാരുടെ നിയന്ത്രണത്തില്‍ നിന്നു മോചിപ്പിച്ചു. നിര്‍ബന്ധിത പ്രൈമറി വിദ്യാഭ്യാസം ഏര്‍പ്പെടുത്തി. ധാരാളം സ്കൂളുകളും ട്രെയിനിങ് സ്കൂളുകളും സ്ഥാപിച്ചു. ഈ പരിപാടികളുടെ ഫലമായി 1923-നും 40-നും ഇടയ്ക്ക് സ്കൂളുകളുടെ എണ്ണം 5062-ല്‍ നിന്ന് 11040 ആയും അധ്യാപകരുടെ എണ്ണം 12,458-ല്‍ നിന്ന് 28,298 ആയും വിദ്യാര്‍ഥികളുടെ എണ്ണം 3,52,668-ല്‍ നിന്നും 10,501,59 ആയും വര്‍ധിച്ചു. 1927ല്‍ സാക്ഷരതാ നിരക്ക് ജനസംഖ്യയുടെ 10.6 ശതമാനം (പു. 17.4 ശതമാനം., സ്ത്രീ. 4.7 ശതമാനം) ആയിരുന്നത് 1940-ല്‍ 22.4 ശതമാനം (പു. 33.9 ശതമാനം, സ്ത്രീ. 11.2 ശതമാനം) ആയി വര്‍ധിച്ചു. 1923-നും 40-നും മധ്യേ ഉന്നതവിദ്യാഭ്യാസ നിലവാരവും ഉയരുകയുണ്ടായി. ഉന്നതവിദ്യാഭ്യാസ വിഭാഗങ്ങള്‍ 9-ല്‍ നിന്ന് 20 ആയും അധ്യാപകര്‍ 328-ല്‍ നിന്ന് 1013 ആയും വിദ്യാര്‍ഥികള്‍ 2914-ല്‍ നിന്ന് 12147 ആയും വര്‍ധിച്ചു.

സ്റ്റേറ്റിന്റെ നിയന്ത്രണപരിധി രാഷ്ട്രീയ സാമ്പത്തിക മേഖലകളിലേക്കു വ്യാപിപ്പിക്കുന്ന ഒരു പരിപാടി(രാഷ്ട്രവാദം)ക്ക് മുസ്തഫാ കെമാല്‍ രൂപംകൊടുത്തു. തുര്‍ക്കി സമ്പദ്ഘടനയുടെ പ്രധാനഭാഗം കൃഷിയായിരുന്നു. നവീന കൃഷിസമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കൃഷിമന്ത്രി കാര്യാലയവും കര്‍ഷകര്‍ക്കു കടം നല്കുന്നതിനായി ഒരു കാര്‍ഷിക ബാങ്കും സ്ഥാപിക്കപ്പെട്ടു. പുതിയ കൃഷി-ആയുധങ്ങളും കൃഷി രീതികളും സ്വീകരിക്കുകവഴി കാര്‍ഷിക വികസനം 1923-നും 32-നും ഇടയ്ക്ക് 58 ശതമാനം വര്‍ധിച്ചു.

സോവിയറ്റ് മാതൃക പിന്തുടര്‍ന്ന് 1930-ല്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതികള്‍ വ്യാവസായികവും കാര്‍ഷികവുമായ വളര്‍ച്ചയ്ക്കാണു മുന്‍ഗണന നല്കിയത്. രാഷ്ട്രവാദവും പഞ്ചവത്സര പദ്ധതികളും രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നിന്ന് സ്വകാര്യ സമാരംഭങ്ങളെ ഒഴിവാക്കിയില്ല. ഗവണ്‍മെന്റിന്റെ സാമ്പത്തിക പദ്ധതികള്‍ വിജയിച്ചതുവഴിയായി ഗണ്യമായ സാമ്പത്തിക വളര്‍ച്ച നേടുവാന്‍ കെമാലിസ്റ്റു തുര്‍ക്കിക്കു കഴിഞ്ഞു. 1930നെക്കാള്‍ 1940-ല്‍ കല്‍ക്കരി 100-ല്‍ നിന്ന് 132 ശതമാനമായും പഞ്ചസാര 400 ശതമാനമായും പഞ്ഞി 540 ശതമാനമായും കമ്പിളി 100 ശതമാനമായും ഉത്പാദനം വര്‍ധിച്ചു.

മുസ്തഫാ കെമാലിന്റെ ജീവിതാവസാനത്തില്‍ ഇദ്ദേഹത്തിന് തന്റെ അനുയായികളില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പു നേരിടേണ്ടിവന്നു. സെലാല്‍ ബയാര്‍, ഖാലിദെ അദീബ്, അദ്നാല്‍ അദീവര്‍ എന്നിവര്‍ ഇദ്ദേഹത്തില്‍നിന്നും അകന്നുപോയ നേതാക്കളാണ്. ഇരുപതില്‍പ്പരം വര്‍ഷം ഒന്നിച്ചു പ്രവര്‍ത്തിച്ച ഇസ്മത് ഇനൂനു പോലും 1937 ഒക്ടോബറില്‍ ഇദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ നിന്ന് പ്രധാനമന്ത്രിപദം രാജിവച്ചു. 1938 ന. 10-ന് മുസ്തഫാ കെമാല്‍ അന്തരിച്ചു. 1953-ല്‍ നിര്‍മിച്ച അനില്‍ കബീര്‍ എന്ന സ്മാരക സൗധത്തില്‍ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിരിക്കുന്നു.

(എസ്. ഗോപീനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍