This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെപ്ലര്‍, യൊഹന്നാസ് (1571 - 1630)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെപ്ലര്‍, യൊഹന്നാസ് (1571 - 1630)

Kepler Yohannas

യൊഹന്നാസ് കെപ്ലര്‍

ഗലീലിയോയുടെയും ടൈക്കോ ബ്രാഹെയുടെയും സമകാലികനായിരുന്ന ജര്‍മന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. ഇദ്ദേഹം വുര്‍ട്ടെംബെര്‍ഗിലെ (Wurtemberg) വെയ്ല്‍ (Weil) പട്ടണത്തില്‍ 1571 ഡി. 27-ന് ജനിച്ചു. ഒരു കൂലിപ്പട്ടാളക്കാരന്‍ ആയിരുന്ന അച്ഛന്‍, യൊഹന്നാസിന് അഞ്ചുവയസ്സുള്ളപ്പോള്‍ മരിച്ചു. നാലാമത്തെ വയസ്സില്‍ പിടിപെട്ട വസൂരിരോഗം നിമിത്തം യൊഹന്നാസിന്റെ കാഴ്ച കുറയുകയും കൈകള്‍ ബലഹീനങ്ങളാവുകയും ചെയ്തിരുന്നു. എന്നിട്ടും വിദ്യാഭ്യാസത്തില്‍ വളരെ താത്പര്യവും മികവും പ്രകടിപ്പിച്ചു. മതപാഠശാലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1588-ല്‍ ബി.എ. ബിരുദം നേടി. തുടര്‍ന്ന് ട്യൂബിന്‍ജന്‍ സര്‍വകലാശാലയിലെ തത്ത്വശാസ്ത്രവകുപ്പില്‍ ചേര്‍ന്ന് എം.എ. ബിരുദവും സമ്പാദിച്ചു (1591). പിന്നീട് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്ര പഠനത്തിലേര്‍പ്പെട്ടു. ജ്യോതിശ്ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കെപ്ലറുടെ ഗുരുനാഥനായിരുന്ന മൈക്കള്‍ മെസ്റ്റലിന്‍ (Michel Maestlin) ആണ് കോപ്പര്‍നിക്കസ്സിന്റെ സൗരകേന്ദ്ര സംവിധാനവുമായി (heliocentric system) ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഇതോടുകൂടി കെപ്ലര്‍ ആ വിഷയത്തില്‍ ഏറെ തത്പരനായിത്തീര്‍ന്നു.

1594-ല്‍ ഗ്രാസിലെ (Graz) ലൂതറന്‍ സ്കൂളില്‍ ഗണിത ശാസ്ത്രാധ്യാപകനായി കെപ്ലര്‍ നിയമിതനായി. ജ്യോതിഷത്തില്‍ വിശ്വാസമില്ലാതിരുന്നിട്ടും (ജ്യോതിഷത്തെ 'ബുദ്ധിമതിയായ ജ്യോതിശ്ശാസ്ത്രം എന്ന അമ്മയുടെ വിഡ്ഢിയായ മകള്‍' എന്നാണിദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്.) കെപ്ലര്‍ ജീവിക്കാന്‍വേണ്ടി ജ്യോതിഷപ്രവചനങ്ങള്‍ നടത്തുകയും വല്ലന്‍സ്റ്റൈന്‍ രാജാവിന്റെ ജാതകം കുറിക്കുകയും ചെയ്തു. ഗ്രഹങ്ങള്‍ സൂര്യനെയാണ് പരിക്രമണം വയ്ക്കുന്നത് എന്ന് വാദിച്ചതിന് രണ്ടുതവണ പ്രൊട്ടസ്റ്റന്റ് പള്ളി ഇദ്ദേഹത്തിന് ഭ്രഷട് കല്പിച്ചിട്ടുണ്ട്. 1596-ല്‍ പ്രപഞ്ച രഹസ്യങ്ങള്‍ (Mysterium Cosmo graphycum) എന്ന ഗ്രന്ഥത്തിലൂടെ ഗ്രഹപഥങ്ങളെക്കുറിച്ചുള്ള തന്റെ ആശയങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ഒരു മികച്ച ഗണിതജ്ഞന്‍ എന്ന പേര് അതോടെ ഇദ്ദേഹത്തിന് കൈവന്നു. 1596-ല്‍ പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ടൈക്കോ ബ്രാഹെയുമായി സമ്പര്‍ക്കം സമ്പാദിച്ചു. പ്രൊട്ടസ്റ്റന്റ് മതവിശ്വാസിയായ ഇദ്ദേഹത്തിന് കത്തോലിക്കാ മതവിഭാഗക്കാരില്‍ നിന്നുള്ള പീഡനംമൂലം ഏറെക്കഴിയും മുമ്പേ ഗ്രാസ് വിട്ടുപോകേണ്ടിവന്നു. തുടര്‍ന്ന് ടൈക്കോ ബ്രാഹെയെ ഗവേഷണങ്ങളില്‍ സഹായിക്കുന്നതിനായി അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് പ്രേഗിലേക്കു പോയി (1600). 1601-ല്‍, ടൈക്കോ ബ്രാഹെയുടെ മരണശേഷം അന്നത്തെ ചക്രവര്‍ത്തിയായ റുഡോള്‍ഫ് രണ്ടാമന്‍ രാജകീയ ഗണിതശാസ്ത്രജ്ഞന്‍ എന്ന ടൈക്കോയുടെ സ്ഥാനം കെപ്ലര്‍ക്കു നല്കി.

1604-ല്‍ പ്രേഗില്‍ വച്ച് ഇദ്ദേഹം ജ്യോതിശ്ശാസ്ത്രത്തില്‍ പ്രകാശികത്തിന്റെ പ്രയോഗത്തെക്കുറിച്ച് ഒരു പഠനഗ്രന്ഥം (Advitellionem paralipomena quibus astronomiae parsoptica traditur) പ്രസിദ്ധീകരിച്ചു. 1611-ല്‍ പ്രസിദ്ധീകരിച്ച ഡയോപ്ട്രിസ് എന്ന പഠനഗ്രന്ഥത്തില്‍ സ്വന്തമായി സംവിധാനം ചെയ്ത, രണ്ടുകോണ്‍വെക്സ് ലെന്‍സുകള്‍ ഉപയോഗിച്ചുളള ഒരു ദൂരദര്‍ശിനിയെക്കുറിച്ച് ഇദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ആധുനിക അപവര്‍ത്തന ദൂരദര്‍ശിനികളുടെ ഒരു പ്രാഗ് രൂപമായി ഇത് കണക്കാക്കപ്പെടുന്നു.1604-ല്‍ ഒഫിയൂക്കസ് രാശിയില്‍ പ്രത്യക്ഷപ്പെട്ട സൂപ്പര്‍നോവയെ പഠനവിധേയമാക്കിയ കെപ്ലര്‍ ഡി സ്റ്റെല്ലാനോവ (നവതാര) എന്ന ഗ്രന്ഥം രചിച്ചു.

ടൈക്കോയുടെ വളരെ കൃത്യതയുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ചൊവ്വയുടെ പഥത്തെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ ഉള്‍പ്പെട്ട അസ്ട്രോണോമിയ നോവ എന്ന ഗ്രന്ഥമാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളില്‍ ഒന്ന്. 1609-ലാണ് ഇതിന്റെ പ്രസിദ്ധീകരണം നടന്നത്. ഇതിലാണ് ഗ്രഹചലനത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടു നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 1612-ല്‍ ഇദ്ദേഹം ലിന്‍സി (Linz) ലേക്കു പോയി. 1619-ല്‍ പ്രസിദ്ധീകൃതമായ ഹാര്‍മോണിസസ് മുണ്ടി (Harmonices Mundi) എന്ന കൃതിയിലാണ് ഗ്രഹചലനത്തെക്കുറിച്ചുള്ള മൂന്നാം നിയമം ഉള്‍ക്കൊള്ളുന്നത്. ചൊവ്വയുടെ മാത്രം ചലനത്തെക്കുറിക്കുന്നവയായിട്ടാണ് ഈ മൂന്നു നിയമങ്ങളും ആദ്യകാല കൃതികളില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നത്. 1618-21 കാലയളവില്‍ ഖണ്ഡശഃ പ്രസിദ്ധീകൃതമായ ഒരു ഗ്രന്ഥത്തില്‍ (The Epitome of the Copernican Astronomy) ഈ നിയമങ്ങള്‍ എല്ലാ ഗ്രഹങ്ങളും അനുസരിക്കുന്നുവെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ സൂര്യഗ്രഹണം പ്രവചിക്കുന്നതിന് ഒരു മാര്‍ഗവും ഇതില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് വാല്യങ്ങളുള്ള ഈ ഗ്രന്ഥമാണ് കെപ്ലറുടെ മാസ്റ്റര്‍പീസായി കരുതപ്പെടുന്നത്. 1619-ല്‍ ഡികോമറ്റിസ് (De Cometis) എന്ന ഗ്രന്ഥം പ്രസിദ്ധീകൃതമായി. ധൂമകേതുവിനെക്കുറിച്ചുള്ള കെപ്ലറുടെ മൌലിക പഠനമാണിത്.

എന്തുകൊണ്ടാണ് ഗ്രഹങ്ങള്‍ ദീര്‍ഘവൃത്തപഥങ്ങളില്‍ സൂര്യനെ ചുറ്റുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടാനും കെപ്ലര്‍ ശ്രമിക്കുകയുണ്ടായി. സൂര്യനില്‍ നിന്ന് ഉദ്ഗമിക്കുന്ന കാന്തികബലമാണ് ഗ്രഹങ്ങളെ അതിനു പ്രേരിപ്പിക്കുന്നത് എന്നദ്ദേഹം സിദ്ധാന്തിച്ചു. ഇത് അബദ്ധമായെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ധാരണങ്ങള്‍ പലതും ശരിയായി. ഇത് പില്ക്കാലത്ത് ന്യൂട്ടന് ഗുരുത്വാകര്‍ഷണ സിദ്ധാന്തം ഉപയോഗിച്ച് ഗ്രഹചലനത്തെ വ്യാഖ്യാനിക്കാന്‍ സഹായകമായി എന്നു കരുതപ്പെടുന്നു.

അവസാനകാലത്ത് അനാരോഗ്യവും ദാരിദ്ര്യവുംമൂലം കെപ്ലര്‍ വളരെ കഷ്ടപ്പെട്ടു. 30 കൊല്ലത്തോളം നീണ്ടുനിന്ന യുദ്ധവും കത്തോലിക്കരില്‍ നിന്നുള്ള പീഡനവുംമൂലം ഉലും പട്ടണത്തില്‍ അഭയം തേടുവാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. അതിനിടെ 'മന്ത്രവാദിനി'എന്ന് ആരോപിച്ച് അമ്മയെ അധികൃതര്‍ വിചാരണ ചെയ്തു. അമ്മയെ സഹായിക്കാന്‍ ഏറെ സമയം ചെലവിടേണ്ടിവന്നു. 1627-ല്‍ തന്റെ അവസാനത്തെ സംഭാവനയായ റുഡോള്‍ഫിന്‍ നക്ഷത്രപ്പട്ടിക (Tabulae Rudolphinae) പ്രസിദ്ധപ്പെടുത്തി. ഒരു ശതാബ്ദക്കാലത്തോളം വാനനിരീക്ഷകര്‍ പ്രാമാണികമായി ആശ്രയിച്ചത് ഈ പട്ടികയെയാണ്. 1628-ല്‍ ഉപജീവനത്തിനു വേണ്ടി ജനറല്‍ അഡ്മിറല്‍ ഫൊണ്‍ വാലന്‍സ്റ്റെയിനിന്റെ (Gen. A.Von wallenstein) കൊട്ടാര ജ്യോതിഷിയായി പ്രവര്‍ത്തിച്ചു. അതിനുള്ള പ്രതിഫലം വാങ്ങാനായി 1630 നവംബര്‍ 30-ന് റീഗന്‍സ്ബര്‍ഗിലേക്കു പോകും വഴി കെപ്ലര്‍ രോഗബാധിതനാവുകയും പട്ടണത്തില്‍ എത്തി അധികം താമസിയാതെ മരണമടയുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍