This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെന്‍ഡ്രു, ജോണ്‍ കൗഡ്രി (1917 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെന്‍ഡ്രു, ജോണ്‍ കൗഡ്രി (1917 - 97)

Kendrew, John Cowdrey

ജോണ്‍ കൗഡ്രി കെന്‍ഡ്രു

നോബല്‍ സമ്മാന ജേതാവായ ഇംഗ്ലീഷ് ജൈവ രസതന്ത്രജ്ഞന്‍. 1917 മേയ് 24-ന് ഇംഗ്ളണ്ടിലെ ഓക്സ്ഫഡില്‍ ജനിച്ചു. ട്രിനിറ്റി കോളജ്, കേംബ്രിജ് എന്നിവിടങ്ങളില്‍ നിന്നും ബി.എ. (1939), എം.എ. (1943), പിഎച്ച്.ഡി. (1949) എസ്സി.ഡി (Sc.D, 1962) ബിരുദങ്ങള്‍ സമ്പാദിച്ചു. രണ്ടാംലോക യുദ്ധകാലത്ത്, റോയല്‍ എയര്‍ഫോഴ്സി (RAF)ലെ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ബ്രിട്ടനിലും മധ്യപൗരസ്ത്യ ദേശങ്ങളിലും മറ്റും പ്രവര്‍ത്തിച്ചു.

യുദ്ധാനന്തരം കേംബ്രിജിലേക്കു മടങ്ങിയ കെന്‍ഡ്രു (Kendrew), മാക്സ്. എഫ്. പെറുറ്റ്സ് (Maz. F. Perutz) എന്ന ശാസ്ത്രജ്ഞനോടൊപ്പം മാംസ്യത്തിന്റെ പൊതുഘടനയെക്കുറിച്ചും സൂക്ഷ്മഘടനയെക്കുറിച്ചും ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. എക്സ്-റേ വിഭംഗനം (X-ray Diffraction) ഉപയോഗിച്ച് മാംസത്തിന് അരുണവര്‍ണം നല്കുന്ന മയോഗ്ലോബിന്‍ എന്ന മാംസ്യ ഘടകത്തിന്റെ ഘടനയെ സംബന്ധിച്ച പഠനങ്ങള്‍ നടത്തി (1957). മയോഗ്ലോബിന്‍ ഏറിയപങ്കും വര്‍ത്തുളാകൃതിയില്‍ ചുരുണ്ടിരിക്കുന്നു (α- ഹെലിക്സ്) എന്ന് കെന്‍ഡ്രുവും കൂട്ടരും 1959-ല്‍ തെളിയിച്ചു. മയോഗ്ലോബിന്റെ ത്രിമാനരൂപത്തിലുള്ള ഒരേകദേശ ഘടന (6A വിയോജനത്തില്‍) കെന്‍ഡ്രു 1957-ല്‍ത്തന്നെ തയ്യാറാക്കിയിരുന്നു. മാംസ്യഘടനയെ അടിസ്ഥാനമാക്കി കെന്‍ഡ്രുവും പെറുറ്റ്സും നടത്തിയ പഠനങ്ങള്‍, 1962 - ലെ രസതന്ത്രത്തിലുള്ള നോബല്‍ സമ്മാനത്തിന് ഇവരെ അര്‍ഹരാക്കി.

1974 - ല്‍ കെന്‍ഡ്രുവിന് 'സര്‍' സ്ഥാനം നല്‍കപ്പെട്ടു. ഇദ്ദേഹം 1966-ല്‍ ദ ത്രെഡ് ഒഫ് ലൈഫ് എന്ന കൃതി രചിച്ചു. അവിവാഹിതനായ കെന്‍ഡ്രു 1997 ആഗ. 23-ന് അന്തരിച്ചു.

(വി.എസ്. ഗോവിന്ദന്‍ നമ്പൂതിരി, സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍