This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെന്‍ഡാള്‍, എഡ് വേര്‍ഡ്‌ കാള്‍വിന്‍ (1886 - 1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെന്‍ഡാള്‍, എഡ് വേര്‍ഡ്‌ കാള്‍വിന്‍ (1886 - 1972)

Kendall, Edward Calvin

എഡ് വേര്‍ഡ്‌ കാള്‍വിന്‍ കെന്‍ഡാള്‍

നൊബേല്‍ ജേതാവായ യു.എസ്. ജൈവരസതന്ത്രജ്ഞന്‍. ഫിലിപ്പ് എസ്. ഹെഞ്ച് എന്ന ശാസ്ത്രജ്ഞനുമായി പ്രവര്‍ത്തിച്ച് കോര്‍ട്ടിസോണ്‍ എന്ന ഹോര്‍മോണ്‍ വേര്‍തിരിച്ചെടുത്താണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന.

1886 മാ. 8-ന് അമേരിക്കയിലെ സൗത്ത് നോര്‍വാക്കില്‍ ജനിച്ചു. 1910-ല്‍ കൊളംബിയാ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 1910-ല്‍ ഡെറ്റ്റൊയിറ്റിലുള്ള പാര്‍ക്ക് ഡേവിഡ് കമ്പനിയുടെ ഗവേഷണശാലയില്‍ ചേര്‍ന്നു.

1910-14 വര്‍ഷങ്ങളില്‍ ഇദ്ദേഹം തൈറോയ്ഡ്ഗ്രന്ഥിയെ സംബന്ധിച്ചുള്ള പഠനത്തിലേര്‍പ്പെട്ടു. 1915-ല്‍ മയോക്ലിനിക് സ്റ്റാഫിലെ ജൈവ രസതന്ത്ര വിഭാഗം തലവനായി. പിന്നീട് ജൈവ രസതന്ത്രലബോറട്ടറിയുടെ മേധാവിയായിത്തീര്‍ന്നു (1945-51). 1951-ല്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞതിതുശേഷം പ്രിന്‍സിടോണിലെ രസതന്ത്ര വിഭാഗം വിസിറ്റിങ് പ്രൊഫസറായിരുന്നു.

തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്നും തൈറോക്സിന്‍ വേര്‍തിരിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു; ഗ്ലൂട്ടാതയോണിനെ ക്രിസ്റ്റലീകരിക്കുകയും അതിന്റെ രാസ സ്വഭാവം വിശദീകരിക്കുകയും ചെയ്തു. തൈറോയ്ഡ് ഗ്രന്ഥിയുടെ പഠനം പൂര്‍ത്തിയാക്കിയശേഷമാണ് ഇദ്ദേഹം അഡ്രിനല്‍ കോര്‍ടെക്സിന്റെ മേഖലയിലേക്കു ഗവേഷണം വ്യാപിപ്പിച്ചത്. അഡ്രിനല്‍ ഹോര്‍മോണായ കോര്‍ട്ടിസോണിനെ ഭാഗികമായി സംസ്ലേഷണം ചെയ്യുന്നതില്‍ 1948-ല്‍ ഇദ്ദേഹം വിജയിച്ചു. അഡ്രിനല്‍ കോര്‍ടെക്സില്‍നിന്നും ഹൈഡ്രോ കോര്‍ട്ടിസോണ്‍ ലഭ്യമാക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. കോര്‍ട്ടിസോണ്‍ വേര്‍തിരിക്കുകയും സന്ധിവാത(റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്) ത്തിന്റെ ചികിത്സയ്ക്ക് അത് ഉപയോഗപ്പെടുത്തുകയും ചെയ്തതിന് കെന്‍ഡാള്‍, ഹെഞ്ച് എന്നിവര്‍ 1950-ലെ ഫിസിയോളജിക്കും വൈദ്യശാസ്ത്രത്തിനുമുള്ള നോബല്‍ സമ്മാനം ടി. റൈയ് ചെസ്റ്റൈന്‍ എന്ന ശാസ്ത്രജ്ഞനുമായി പങ്കിട്ടെടുത്തു. 1972 മേയ് 4-ന് അമേരിക്കയിലെ പ്രിന്‍സ്റ്റണില്‍ വച്ച് കെന്‍ഡാള്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍