This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെന്റക്കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെന്റക്കി

Kentucky

യു.എസ്സിന്റെ തെക്കുകിഴക്കുഭാഗത്ത് മധ്യത്തിലായി വരുന്നതും 15-ാമത്തേതുമായ സ്റ്റേറ്റ്. വടക്ക് അക്ഷാംശം 36°30' മുതല്‍ 39°09' വരെയും പടിഞ്ഞാറ് അക്ഷാംശം 81°58' മുതല്‍ 89°34' വരെയും വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റേറ്റിന്റെ വടക്കും വടക്കുപടിഞ്ഞാറും ഇല്ലിനോയ്, ഇന്ത്യാന, ഒഹിയോ; കിഴക്കു പടിഞ്ഞാറന്‍ വെര്‍ജീനിയ, വെര്‍ജീനിയ; തെക്ക് ടെന്നസ്സി; പടിഞ്ഞാറ് മിസ്സോറി എന്നീ സംസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നു. നാല് കോമണ്‍വെല്‍ത്ത് സംസ്ഥാനങ്ങളില്‍ ഒന്നാണ് കെന്റക്കി. കെന്റക്കി എന്ന പദം കെയ്ന്‍-റ്റക്ക്-ഈ (കറുത്തരക്തനിലം), കാന്റക്കി (പ്രയറി), കയിന്‍-റ്റക്ക്-ഈ (ഊഷാരം) കെന്റുക്കി (നാളെ) കെന്റുക്കെ (നാളെയുടെ നാട്) എന്നീ വ്യത്യസ്തപദങ്ങളില്‍ നിന്നും രൂപഭേദം സംഭവിച്ചു നിഷ്പന്നമായിട്ടുള്ളതാണ്. ഈ സ്റ്റേറ്റിന്റെ മൊത്തം വിസ്തീര്‍ണം 104,659 ച.കി.മീ. ആണ്. ഇതില്‍ 102,880 ച.കി.മീ. കരയും 1779 ച.കി.മീ. ജലവുമാകുന്നു. മൊത്തം ജനസംഖ്യ: 4,369,356 (2011) ആണ്. കെന്റക്കിയുടെ തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടിലെ ജനസംഖ്യ: 25,527 ആണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ ഇതിന് ഒരു സ്റ്റേറ്റിന്റെ പദവി ലഭിച്ചത് 1792 ജൂണ്‍ 1-ന് ആയിരുന്നു. നീലപ്പുല്ലിന്റെ നാട് എന്നും ഇതറിയപ്പെടുന്നുണ്ട്.

കെന്റകി ഭൂപടം

കെന്റക്കി സ്റ്റേറ്റിന് ഒരു വികൃതമായ മുക്കോണത്തിന്റെ ആകൃതിയാണുള്ളത്. എഴുന്നേല്‍ക്കാന്‍ തുടങ്ങുന്ന ഒട്ടകത്തിന്റെ രൂപമാണ് ഇതിനുള്ളതെന്ന് കെന്റക്കിയിലെ ഹാസ്യ സാഹിത്യകാരനായ ഇര്‍വിന്‍ കോബ് അഭിപ്രായപ്പെട്ടിരിക്കുന്നു. കിഴക്കുപടിഞ്ഞാറായി കിടക്കുന്ന ഈ സ്റ്റേറ്റിനെ നീലപ്പുല്‍ മേഖല, (The knobs), കംബര്‍ലാന്‍ഡ് പ്ലേറ്റോ, മിസ്സിസ്സിപ്പി പ്ലേറ്റോ, പടിഞ്ഞാറന്‍ കല്‍ക്കരി മേഖല, ജാക്ക്സണ്‍ പര്‍ച്ചേസ് മേഖല എന്നിങ്ങനെ ഭൂവിജ്ഞാനപരമായി അഞ്ചു മേഖലകളായി തിരിച്ചിട്ടുണ്ട്. നീലപ്പുല്‍മേഖലയെ വീണ്ടും ആന്തര (inner), ബാഹ്യ (outer) നീലപ്പുല്‍മേഖലകളായും വര്‍ഗീകരിച്ചിട്ടുണ്ട്.

ഈ സ്റ്റേറ്റിലെ പ്രധാന നദി ഒഹിയോ ആണ്. സ്റ്റേറ്റിന്റെ വടക്കനതിര്‍ത്തിയിലൂടെയാണ് ഇത് ഒഴുകുന്നത്. കിഴക്കന്‍ മലനിരകളില്‍ നിന്നും നിരവധി ചെറുനദികളും അരുവികളും ഉദ്ഭവിച്ച് ഒഹിയോയില്‍ ചേരുന്നുണ്ട്. ടെന്നസ്സിയാണ് കെന്റക്കിയിലെ മറ്റൊരു പ്രധാന നദി.

കംബര്‍ലാന്‍ഡ് വെള്ളച്ചാട്ടം

സാധാരണ കാലാവസ്ഥയാണ് കെന്റക്കിയില്‍ അനുഭവപ്പെടുന്നത്. മഞ്ഞുകാലത്തെ ഊഷ്മാവ് 5° ആണ്. പല പക്ഷിമൃഗാദികളും സംരക്ഷണയിനങ്ങളായി മാറിയിട്ടുണ്ട്. വന്യജീവി പുനര്‍വിന്യാസത്തിലൂടെ മാന്‍, വന്യടര്‍ക്കി എന്നിവയുടെ ജനസംഖ്യ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മൃഗസമ്പത്തിലും കെന്റക്കി ഒരു കാലത്തു സമ്പന്നമായിരുന്നു. എരുമ, മാന്‍ വര്‍ഗങ്ങള്‍, കരടി തുടങ്ങിയ നിരവധിയിനം ജന്തുക്കള്‍ സമൃദ്ധമായിരുന്നെങ്കിലും ഇന്ന് എരുമ വര്‍ഗം അപ്രത്യക്ഷമായിരിക്കുന്നു. പാമ്പുകളുടെ 24 സ്പീഷീസുകള്‍ തന്നെ കെന്റക്കിയിലുണ്ട്. ഇവയില്‍ വിഷമുള്ളവ മൂന്നു സ്പീഷീസുകള്‍ മാത്രമാണ്.

ചരിത്രം. ഇവിടത്തെ ആദിമനിവാസികള്‍ ഇന്ത്യന്‍ വര്‍ഗക്കാരാണെന്ന് കരുതപ്പെടുന്നു. വെള്ളക്കാര്‍ ആദ്യമായി ഇവിടെ കുടിയേറിയപ്പോള്‍ ചെറോക്കി, ഇറോക്കോയ്, ഷാനി തുടങ്ങിയ ഇന്ത്യന്‍ വര്‍ഗക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. വെള്ളക്കാരുടെ ആദ്യത്തെ സ്ഥിരമായ കുടിയേറ്റം കെന്റക്കിയിലുണ്ടായത് ജെയിംസ് ഹാറോഡിന്റെ നേതൃത്വത്തില്‍ 1774-ല്‍ ആണ്. അവര്‍ ഹാറോഡ്സ്ബര്‍ഗ് എന്ന സ്ഥലത്താണ് താമസമുറപ്പിച്ചത്. ഡാനിയല്‍ ബൂണ്‍ 1767-ല്‍ കിഴക്കന്‍ കെന്റക്കി കണ്ടെത്തുകയും, തുടര്‍ന്ന് 1775-ല്‍ വേറൊരുകൂട്ടം വെളളക്കാരെ സ്ഥിരതാമസത്തിനായി കെന്റക്കിയില്‍ കൊണ്ടുവരികയും ചെയ്തു. ബൂണ്‍സ്ബറോ എന്ന സ്ഥലത്തായിരുന്നു ഡാനിയല്‍ ബൂണിന്റെ നേതൃത്വത്തില്‍ വന്നവര്‍ സ്ഥിര താമസമാക്കിയത്.

കെന്റക്കിയിലെ ആദിമ നിവാസികളായിരുന്ന ഇന്ത്യന്‍ വര്‍ഗക്കാര്‍, വെള്ളക്കാര്‍ അവിടെ പാര്‍പ്പുറപ്പിക്കുന്നതിനെതിരായിരുന്നു. ധീരന്മാരും കരുത്തന്മാരുമായിരുന്ന ഇവര്‍ വെള്ളക്കാരുടെ ആദ്യ കുടിയേറ്റ സമാരംഭങ്ങളെ നിഷ്പ്രയാസം തകര്‍ക്കുകയുണ്ടായി. 1773-ല്‍ ഡാനിയല്‍ ബൂണിന്റെ നേതൃത്വത്തില്‍ കുറേ വെള്ളക്കാര്‍ കെന്റക്കിയില്‍ സ്ഥിരതാമസത്തിനായി എത്തിയപ്പോള്‍ ഇന്ത്യക്കാര്‍ അവരെയും ആട്ടിയോടിച്ചു. ജെയിംസ് ഹാറോഡിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം വെള്ളക്കാര്‍ താമസമുറപ്പിച്ചതിനുശേഷമാണ് ബൂണ്‍ വെള്ളക്കാരുമായി കെന്റക്കിയില്‍ സ്ഥിരതാമസത്തിനെത്തിയത്. 1775-ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാരുടെ സുഹൃത്തുക്കളായിരുന്നു ഇന്ത്യന്‍ വര്‍ഗക്കാര്‍, കെന്റക്കിയിലെ കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണമാരംഭിച്ചു. അമേരിക്കന്‍ കോളനികള്‍ക്ക് വളരെ കുറച്ചു സഹായം മാത്രമേ കുടിയേറ്റക്കാര്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും ഡാനിയല്‍ ബൂണിന്റെയും ജോര്‍ജ് റോജേഴ്സ് ക്ലാര്‍ക്കിന്റെയും ധീരമായ നേതൃത്വം ഇന്ത്യക്കാരുടെ ആക്രമണങ്ങളെ ചെറുക്കുകയും കെന്റക്കിയിലെ കുടിയേറ്റക്കാരെ രക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യക്കാര്‍ അവരുടെ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

ഭരണസിരാകേന്ദ്രം - ഫ്രാങ്ക് ഫര്‍ട്ട്

1776-ല്‍ കെന്റക്കി വെര്‍ജീനിയയുടെ ഒരു കൗണ്ടിയായി മാറി. അതോടെ വളരെയധികം വെര്‍ജീനിയക്കാര്‍ കുടിയേറിപ്പാര്‍ക്കാന്‍ കെന്റക്കിയില്‍ പ്രവേശിച്ചുതുടങ്ങി. വെള്ളക്കാരായ കുടിയേറ്റക്കാരുടെ ശക്തി വര്‍ധിച്ചുവരുന്നതില്‍ അസ്വസ്ഥരായി മാറിയ ഇന്ത്യന്‍ വര്‍ഗക്കാര്‍, ബ്രിട്ടീഷുകാര്‍ നല്‍കിയ ആയുധങ്ങളുടെ സഹായത്തോടെ കുടിയേറ്റക്കാര്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിച്ചു. 1778-ല്‍ ജോര്‍ജ് റോജേഴ്സ് ക്ലാര്‍ക്ക് മൂന്നു ബ്രിട്ടീഷ് സൈനിക പോസ്റ്റുകള്‍ പിടിച്ചടക്കുകയും ഇന്ത്യക്കാര്‍ക്കുള്ള ബ്രിട്ടീഷുകാരുടെ സഹായങ്ങള്‍ തടയുകയും ചെയ്തതോടെയാണ് കുടിയേറ്റക്കാര്‍ക്കെതിരെയുള്ള അവരുടെ ആക്രമണങ്ങള്‍ കുറഞ്ഞത്.

1792 മേയില്‍ കെന്റക്കിക്കുവേണ്ടി ഒരു ഭരണഘടന നിര്‍മിക്കുകയും ആ വര്‍ഷം ജൂണ്‍ 1-ന് കെന്റക്കി യു.എസ്സിലെ ഒരു സ്റ്റേറ്റായിമാറുകയും ചെയ്തു. പതിനഞ്ചാമത് സ്റ്റേറ്റായാണ് യു.എസ്സില്‍ കെന്റക്കി സംയോജിപ്പിക്കപ്പെട്ടത്. അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു ധീരനായി അറിയപ്പെടുന്ന ഐസക്ക് ഷെല്‍ബി ആയിരുന്നു കെന്റക്കിയുടെ ആദ്യത്തെ ഗവര്‍ണര്‍. ഫ്രാങ്ക്ഫര്‍ട്ട് ഈ പുതിയ സ്റ്റേറ്റിന്റെ തലസ്ഥാനമായും മാറി.

യു.എസ്. കോണ്‍ഗ്രസ് 1798-ല്‍ പാസ്സാക്കിയ സുപ്രധാനമായ 'ഏലിയന്‍ ആന്‍ഡ് സെഡിഷന്‍' ആക്റ്റുകള്‍ക്ക് എതിരായിരുന്നു കെന്റക്കിയിലെ ജനത. ഈ ആക്റ്റുകള്‍ വിദേശീയര്‍ക്കുണ്ടായിരുന്ന സാധാരണ പൗരാവകാശങ്ങള്‍ നിഷേധിക്കുകയും അവരുടെ അഭിപ്രായ സ്വാതന്ത്ര്യം അവസാനിപ്പിക്കുകയും ചെയ്തു. ഈ ആക്റ്റുകളെ എതിര്‍ത്ത വൈസ് പ്രസിഡന്റ് തോമസ് ജെഫേഴ്സന്റെ അഭിപ്രായ ഗതികളെ കെന്റക്കിയിലെ ജനത പിന്താങ്ങി. തോമസ് ജെഫേഴ്സന്റെ ഈ ആക്റ്റുകളോടുളള എതിര്‍പ്പാണ് അദ്ദേഹത്തെ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കുന്നതിന് സഹായിച്ചത്.

കൃഷിയായിരുന്നു കെന്റക്കി പ്രദേശത്ത് കുടിയേറിപ്പാര്‍ത്തവരുടെ മുഖ്യ തൊഴില്‍. കെന്റക്കി ഒരു സ്റ്റേറ്റായി മാറിയതിനുശേഷം ഇവിടത്തെ ജനസംഖ്യ വര്‍ധിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. 19-ാം ശതകത്തിന്റെ ആരംഭത്തില്‍ സ്റ്റീംബോട്ടുകള്‍ കെന്റക്കിയില്‍ എത്തുകയും അവരുടെ ഉത്പന്നങ്ങള്‍ ന്യൂഓര്‍ലിയന്‍സ് തുടങ്ങിയ മറ്റു പ്രദേശങ്ങളിലേക്കെത്തിക്കുന്നതിന് സഹായിക്കുകയും ചെയ്തതോടെ കെന്റക്കി സമ്പന്നമായിത്തീര്‍ന്നു. ഈ സ്റ്റേറ്റിനെ അമേരിക്കയിലെ ചണമുത്പാദിപ്പിക്കുന്ന മുഖ്യ സ്റ്റേറ്റാക്കി മാറ്റി. എന്നാല്‍ 1830-ന് ശേഷം അവര്‍ പുകയിലച്ചെടി കൃഷി ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വളരെത്താമസിയാതെ കെന്റക്കി അമേരിക്കയിലെ പുകയില കൃഷി ചെയ്യുന്ന മുഖ്യ സ്റ്റേറ്റായി മാറി. ഇതോടൊപ്പം തന്നെ അവര്‍ വിസ്കി ഉത്പാദനവും ആരംഭിച്ചു. ക്രമേണ വിസ്കിയുത്പാദനം കെന്റക്കിയില്‍ ഒരു പ്രധാന വ്യവസായമായി വികസിച്ചു.

ലിങ്കണ്‍ ബെര്‍ത്ത്‌ പാലസ്
പുകയിലപ്പാടം

ഈ സ്റ്റേറ്റിന് ദക്ഷിണ സ്റ്റേറ്റുകളും വടക്കന്‍ സ്റ്റേറ്റുകളുമായി സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ ബന്ധമുണ്ടായിരുന്നതുകൊണ്ട്, 1861-ല്‍ അമേരിക്കന്‍ ആഭ്യന്തര യുദ്ധമുണ്ടായപ്പോള്‍ അവര്‍ നിഷ്പക്ഷത പാലിക്കുന്നതിനാണ് ശ്രമിച്ചത്. എന്നാല്‍ 1861-ല്‍ ദക്ഷിണ സ്റ്റേറ്റുകളുടെ കോണ്‍ഫെഡറേറ്റ് സൈന്യം പടിഞ്ഞാറന്‍ കെന്റക്കിയെ ആക്രമിച്ചതോടെ ഈ സ്റ്റേറ്റും ആഭ്യന്തരയുദ്ധത്തില്‍ ഉള്‍പ്പെട്ടു. വടക്കന്‍ സ്റ്റേറ്റുകളുടെ ഐക്യസൈന്യം ജനറല്‍ യൂളീസസ് എസ്. ഗ്രാന്റിന്റെ നേതൃത്വത്തില്‍ കെന്റക്കിയില്‍ പ്രവേശിക്കുകയും കോണ്‍ഫെഡറേറ്റ് സൈന്യത്തിന്റെ പിടിയിലായിരുന്ന പദുക്കാ എന്ന സ്ഥലം പിടിച്ചെടുക്കുകയും ചെയ്തു. കെന്റക്കി ലെജിസ്ളേച്ചര്‍ അവരുടെ നിഷ്പക്ഷത നിലനിര്‍ത്തുന്നതിനും ദക്ഷിണ സ്റ്റേറ്റുകളുടെ കോണ്‍ഫെഡറേറ്റ് സൈന്യത്തെ കെന്റക്കിയില്‍ നിന്നും പുറത്താക്കുന്നതിനുമായി ഒരു വലിയ സൈന്യത്തെ ശേഖരിച്ചു. കെന്റക്കിയുടെ ഈ പ്രവൃത്തി ഇവരെ ഐക്യവാദികളുടെ കൂടെയാണ് നിര്‍ത്തിയത്. എന്നാല്‍, കുറെയേറെ കെന്റക്കിക്കാര്‍ ദക്ഷിണ സ്റ്റേറ്റുകളുടെ വാദഗതിയെ പിന്താങ്ങുകയും അവരെ സഹായിക്കുകയും ചെയ്തിരുന്നു 1862 ജനുവരി 19-ന് വടക്കന്‍ സ്റ്റേറ്റുകളുടെ ഐക്യസൈന്യം ദക്ഷിണ സ്റ്റേറ്റുകളുടെ കോണ്‍ഫെഡറേറ്റ് സൈന്യത്തെ തോല്പിച്ചു. കോണ്‍ഫെഡറേറ്റ് സൈന്യത്തിനേറ്റ വലിയ ആഘാതമായിരുന്നു അത്. കിഴക്കന്‍ ടെന്നസ്സിയില്‍ ഐക്യസൈന്യത്തിന് പ്രവേശനം ലഭിച്ചത് അവരുടെ ഈ വിജയത്തോടെയായിരുന്നു. 1862 ആഗസ്റ്റില്‍ കോണ്‍ഫെഡറേറ്റ് സൈന്യം റിച്മണ്ടില്‍ വച്ചുണ്ടായ യുദ്ധത്തില്‍ വിജയിച്ചുവെങ്കിലും ഒടുവില്‍ അവര്‍ ടെന്നസ്സിയിലേക്ക് പിന്‍വാങ്ങുകയുണ്ടായി.

1865-ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോള്‍ കെന്റക്കി സ്റ്റേറ്റിന് സഹതാപം തോന്നിയത് ദക്ഷിണ സ്റ്റേറ്റുകളോടാണ്. ഇതിന് വളരെയധികം കാരണങ്ങളുണ്ടായിരുന്നു. ഉടമകള്‍ക്ക് നഷ്ടം നല്‍കാതെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ അടിമകളെ സ്വതന്ത്രരാക്കിയത്. ഇത് കെന്റക്കിയിലെ അടിമയുടമകള്‍ക്ക് കുറേയേറെ നഷ്ടം വരുത്തുകയും അതോടെ അവരുടെ സാമ്പത്തിക നിലവാരം താഴുകയും ചെയ്തു. ജനങ്ങള്‍ ആവശ്യമെന്നു വിചാരിച്ചിരുന്നതിലും വളരെക്കൂടുതല്‍ കാലം അമേരിക്കന്‍ സൈന്യം കെന്റക്കിയിലുണ്ടായിരുന്നു. കൂടാതെ, കറുത്ത വര്‍ഗക്കാരുടെ സൈന്യഘടകങ്ങളെയാണ് ദക്ഷിണ സ്റ്റേറ്റുകളെ സഹായിച്ച കെന്റക്കിയിലെ ജനവിഭാഗങ്ങളെ അമര്‍ച്ചചെയ്യുന്നതിനായി നിയോഗിച്ചത്. ഇക്കാരണങ്ങളാല്‍ കെന്റക്കിയിലെ ജനതയ്ക്ക് അവര്‍ യുദ്ധത്തില്‍ തോറ്റുവെന്ന തോന്നലായിരുന്നു ഉണ്ടായത്.

കെന്റക്കി സുപ്രീംകോടതി
കല്‍ക്കരിപ്പാടം - കെന്റക്കി

ആഭ്യന്തരയുദ്ധത്തിനുശേഷം ദക്ഷിണ സ്റ്റേറ്റുകളെയെന്നപോലെ കെന്റക്കിയെയും സാമ്പത്തിക ക്ഷീണം ബാധിച്ചു. കെന്റക്കിയുടെ കാര്‍ഷിക വിഭവങ്ങള്‍ വാങ്ങുന്നതിനുള്ള കഴിവ് സ്റ്റേറ്റുകള്‍ക്കില്ലാതായി. കൂടാതെ കെന്റക്കി ചണത്തിന് ബോട്ടുനിര്‍മാണരംഗത്തുണ്ടായിരുന്ന പ്രാധാന്യവും കുറഞ്ഞു. മിസ്സിസ്സിപ്പി-ഒഹിയോ നദികളിലൂടെയുള്ള വാണിജ്യ ബന്ധങ്ങള്‍ക്ക് അയവുതട്ടിയതോടെ ഇവിടത്തെ നദീതട പട്ടണങ്ങളും തകര്‍ച്ചയിലായി. ഈ സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നും കെന്റക്കി കരകയറിയത് പുകയിലക്കൃഷി വിപുലമായതോടെയാണ്. കൂടാതെ ഈ കാലത്ത് കല്‍ക്കരിഖനനവും തുടങ്ങി. വളരെയധികം റെയില്‍ റോഡുകള്‍ ആഭ്യന്തര യുദ്ധത്തിനുശേഷം നിര്‍മിച്ചത് വാണിജ്യ പുരോഗതിക്ക് കാരണമായി. ക്രമേണ കെന്റക്കിയുടെ സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെട്ടു. 19-ാം ശതകത്തിന്റെ അവസാന ദശകങ്ങളില്‍ ഉണ്ടായിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കെന്റക്കിയായിരുന്നു 20-ാം ശതകത്തിന്റെ ആരംഭത്തിലുണ്ടായിരുന്നത്.

പുകയിലയുടെ കുത്തക എടുത്തിരുന്ന ഒരു കൂട്ടം വ്യാപാരികള്‍ കൃഷിക്കാരെ വളരെ ദ്രോഹിച്ചുപോന്നു. കെന്റക്കിയിലെ എല്ലാ പുകയിലയും വാങ്ങിയിരുന്നതും വില നിയന്ത്രിച്ചിരുന്നതും അവരായിരുന്നു. പടിഞ്ഞാറന്‍ കെന്റക്കിയിലെ പുകയിലക്കൃഷിക്കാര്‍ ഈ കുത്തകയ്ക്കെതിരായി 1904 മുതല്‍ 09 വരെ പോരാടുകയും തത്ഫലമായി പുകയിലക്കുത്തക അവസാനിക്കുകയും പകരം പുകയില ലേലം ചെയ്തു വില്ക്കുന്ന സമ്പ്രദായം നിലവില്‍ വരുകയും ചെയ്തു. അതോടെ പുകയിലക്കൃഷിക്കാരുടെ സാമ്പത്തിക നില വളരെയധികം മെച്ചപ്പെട്ടു.

ഒന്നാം ലോകയുദ്ധത്തിനുശേഷമുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കെന്റക്കിയും വിമുക്തമായിരുന്നില്ല. ഖനിത്തൊഴിലാളികള്‍ക്ക് അവരുടെ ജോലികള്‍ നഷ്ടപ്പെട്ടു. ചെറുകിട കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമികളെ ഉപേക്ഷിക്കേണ്ടി വന്നു. അവരെല്ലാം ജോലികളന്വേഷിച്ചു പട്ടണങ്ങളിലേക്കു പോവുകയും അവിടെ താമസമുറപ്പിച്ച്, റോഡുതൊഴിലാളികളായും മറ്റു ജോലികള്‍ ചെയ്യുന്നവരായും മാറുകയും ചെയ്തു. ഇത് കെന്റക്കിയിലെ പട്ടണങ്ങളില്‍ കൂടുതല്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനു കാരണമായി. രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ കെന്റക്കിയിലെ കൃഷിഭൂമികളും ഖനികളും ഫാക്റ്ററികളും കൂടുതല്‍ പ്രവര്‍ത്തന നിരതമായി. ഫാക്റ്ററികള്‍ രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോള്‍ സ്വാഭാവികമായി ഉണ്ടാകാമായിരുന്ന ഉത്പാദന മാന്ദ്യം കെന്റക്കിയുടെ കാര്‍ഷിക വ്യാവസായിക രംഗത്തുണ്ടായില്ല. വ്യാവസായികോത്പാദനം വിപുലമായ തോതില്‍ വര്‍ധിച്ചുകൊണ്ടുതന്നെയിരുന്നു. അതോടെ കെന്റക്കിയുടെ കാര്‍ഷിക രംഗത്തു നിന്നും വ്യാവസായിക രംഗത്തേക്കുള്ള വിപ്ലവകരമായ മാറ്റം ആരംഭിച്ചു.

1970 ആയപ്പോഴേക്കും കല്‍ക്കരി ഉത്പാദിപ്പിക്കുന്ന മുഖ്യ സ്റ്റേറ്റ് കെന്റക്കിയായി മാറി. കല്‍ക്കരി ഖനനരംഗത്ത് യന്ത്രങ്ങളാണ് പ്രധാന ജോലികളെല്ലാം ചെയ്യുന്നത്. 1972-ല്‍ കെന്റക്കി സ്റ്റേറ്റ് ലെജിസ്ലേച്ചര്‍ കല്‍ക്കരി ഉത്പാദനത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തുകയും അത് സ്റ്റേറ്റിന്റെ ഒരു പ്രധാന വരുമാന മാര്‍ഗമായി മാറുകയും ചെയ്തു. ടൂറിസവും കെന്റക്കി സ്റ്റേറ്റിന്റെ ഒരു പ്രധാന വരുമാനമാര്‍ഗമാണ്. മനുഷ്യനിര്‍മിതമായ കുളങ്ങളും മധ്യകെന്റക്കിയിലെ 'വലിയ ഗുഹ'യും, കംബര്‍ലാന്‍ഡിലെ ചരിത്രപ്രധാനമായ പാര്‍ക്കുമെല്ലാം ഇവിടത്തെ പ്രധാന കാഴ്ചകളാണ്. വാഹനനിര്‍മാണരംഗത്ത് കെന്റക്കി സംസ്ഥാനം മുമ്പന്തിയിലാണ്.

കെന്റക്കി സര്‍വകലാശാല ലൈബ്രറി

ജനറല്‍ അസംബ്ലി എന്ന പേരിലാണ് കെന്റക്കിയുടെ ലെജിസ്ലേച്ചര്‍ അറിയപ്പെടുന്നത്. 38 അംഗങ്ങളുള്ള സെനറ്റും 100 അംഗങ്ങളുള്ള പ്രതിനിധിസഭയും ചേര്‍ന്നതാണിത്. സെനറ്റര്‍മാരെ നാല് വര്‍ഷത്തേക്കും പ്രതിനിധികളെ രണ്ട് വര്‍ഷക്കാലത്തേക്കുമാണു തിരഞ്ഞെടുക്കുന്നത്. ഗവര്‍ണറുടെ കാലാവധി നാലുവര്‍ഷമാണ്. ഇദ്ദേഹമാണ് കെന്റക്കി സ്റ്റേറ്റിന്റെ ഭരണത്തലവന്‍. ഇദ്ദേഹം അഡ്ജുട്ടന്റ് ജനറലിനെയും മറ്റ് ഇരുപത്തിമൂന്ന് ഭരണനിര്‍വഹണ സമിതികളുടെ തലവന്മാരെയും നിശ്ചയിക്കുന്നു. ഇവരുടെയും കാലാവധി നാലു വര്‍ഷമാണ്. ഇവിടത്തെ ഏറ്റവും ഉയര്‍ന്ന നീതിന്യായപീഠം 'സ്റ്റേറ്റ് കോര്‍ട്ട് ഒഫ് അപ്പീല്‍സ്' ആണ്. ഏഴു ജഡ്ജിമാര്‍ ഈ കോടതിയില്‍ സേവനമനുഷ്ഠിക്കുന്നു. പാരമ്പര്യമായി കെന്റക്കി അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയെ സഹായിച്ചുവരുന്നു. റിപ്പബ്ളിക്കന്‍ ഗവര്‍ണര്‍മാര്‍ വളരെ കുറച്ചു പ്രാവശ്യം മാത്രമേ കെന്റക്കി സ്റ്റേറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു. പതിനാറാമത്തെ അമേരിക്കന്‍ പ്രസിഡന്റും അടിമത്തത്തിനെതിരായി പോരാടി വിജയിച്ച നേതാവുമായ എബ്രഹാം ലിങ്കണ്‍ ജനിച്ചത് ഈ സ്റ്റേറ്റിലാണ്.

വിദ്യാഭ്യാസപരമായി മുന്‍നിരയിലാണ് കെന്റക്കി. 1775-ല്‍ വെള്ളക്കാരുടെ ആദ്യത്തെ കുടിയേറ്റ പ്രദേശമായ ഹാരോള്‍ഡ് ബര്‍ഗില്‍ വില്യംകൂംസ് എന്ന വനിതയാണ് ആദ്യത്തെ സ്കൂള്‍ സ്ഥാപിച്ചത്. ഇതിനെത്തുടര്‍ന്ന് വളരെയധികം സ്കൂളുകളും കോളജുകളും കെന്റക്കിയില്‍ സ്ഥാപിക്കപ്പെട്ടു. 1860-നും 1900-ത്തിനുമിടയ്ക്ക് വളരെയധികം നിയമങ്ങള്‍ വിദ്യാഭ്യാസപുരോഗതിക്കായി ലെജിസ്ലേച്ചര്‍ പാസ്സാക്കുകയും അത് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കല്‍ക്കരി ഖനി പ്രദേശങ്ങളിലെ വിദ്യാഭ്യാസനിലവാരം ഇന്നും താഴ്ന്ന നിലയിലാണ്. 1865-ല്‍ സ്ഥാപിച്ച കെന്റക്കി സര്‍വകലാശാല ഗവേഷണങ്ങളും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങളും നടത്തുന്നതുവഴി കാര്യമായ സംഭാവനകളാണ് കെന്റക്കിയുടെ വളര്‍ച്ചയ്ക്കു നല്കിവരുന്നത്.

(ഡോ. ആര്‍.എന്‍. യേശുദാസ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍