This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെന്നഡി, റോബര്‍ട്ട് ഫ്രാന്‍സിസ് (1925 - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെന്നഡി, റോബര്‍ട്ട് ഫ്രാന്‍സിസ് (1925 - 68)

Robert Francis Kennedy

റോബര്‍ട്ട് ഫ്രാന്‍സിസ് കെന്നഡി

യു.എസ്.എ.യിലെ ഒരു രാഷ്ട്രീയ നേതാവ്. ജോസഫ് പാട്രിക് കെന്നഡിയുടെയും റോസി ഫിറ്റ്സ് ജെറാള്‍ഡിന്റെയും മകനായി 1925 ന. 20-ന് ബ്രൂക്ലിനില്‍ ജനിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ ഇളയ സഹോദരനായ ഇദ്ദേഹം 'ബോബി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1944-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കവേ അമേരിക്കന്‍ നാവികസേനയില്‍ ചേര്‍ന്നു. നാവികസേനയില്‍ നിന്ന് വിരമിച്ചശേഷം 1948-ല്‍ ഹാര്‍വാഡില്‍ തിരിച്ചെത്തിയ കെന്നഡി അവിടെ നിന്നും ബിരുദവും നേടി. 1951-ല്‍ യൂണിവേഴ്സിറ്റി ഒഫ് വെര്‍ജീനിയ ലാ സ്കൂളില്‍ നിന്നും നിയമബിരുദവും സമ്പാദിച്ചു. തുടര്‍ന്ന് മാസച്യുസെറ്റ്സ് ബാറില്‍ അഭിഭാഷകനായി. ജോണ്‍ എഫ്. കെന്നഡിയുടെ സെനറ്റ് തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിക്കാനായി ഇദ്ദേഹം 1952-ല്‍ അഭിഭാഷകവൃത്തിയില്‍നിന്നും വിരമിച്ചു.

സെനറ്റര്‍ ജോസഫ് മക്കാര്‍ത്തി ചെയര്‍മാനായുള്ള അന്വേഷണ കമ്മിറ്റിയില്‍ ഉപദേഷ്ടാവായി 1953-ല്‍ ഇദ്ദേഹം നിയമിതനായ ഇദ്ദേഹം 1957 മുതല്‍ 59 വരെ സെനറ്റിലെ റാക്കറ്റ്സ് കമ്മിറ്റിയുടെയും മുഖ്യോപദേഷ്ടാവായിരുന്നിട്ടുണ്ട്.

ജോണ്‍ എഫ്. കെന്നഡിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 1961-ല്‍ അറ്റോര്‍ണി ജനറലായി നിയമിതനായ ഇദ്ദേഹം പൗരാവകാശ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശ്രമിക്കുകയും ചെയ്തു. കറുത്തവരുടെ ബന്ധുവായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസ് കെന്നഡി വിദേശനയം, ആഭ്യന്തരനയം, ദേശീയ സുരക്ഷിതത്വനയം എന്നീ വിഷയങ്ങളില്‍ പ്രസിഡന്റിന്റെ പ്രധാനോപദേഷ്ടാവുമായിരുന്നു.

ജോണ്‍ എഫ്. കെന്നഡിയുടെ മരണത്തെത്തുടര്‍ന്ന് പ്രസിഡന്റായ ലിണ്ടന്‍ ബി. ജോണ്‍സന്റെ കീഴില്‍ കുറച്ചു കാലം കൂടി അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ച ശേഷം ഇദ്ദേഹം തത് സ്ഥാനം രാജിവച്ചു. 1964-ല്‍ ന്യൂയോര്‍ക്കില്‍ നിന്നും അമേരിക്കന്‍ സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം സാമൂഹിക നിയമനിര്‍മാണത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി ശക്തമായി വാദിച്ചു. വിയറ്റ്നാം യുദ്ധം രൂക്ഷമാക്കുന്നതിനെ വിമര്‍ശിച്ച ഇദ്ദേഹം തെക്കന്‍ വിയറ്റ്നാം ഗവണ്‍മെന്റില്‍ വിയറ്റ്കോങ് കള്‍ക്ക് പ്രാതിനിധ്യം നല്കണമെന്നു നിലപാടാണ് സ്വീകരിച്ചിരുന്നത്.

1968 മാ. 16-ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കെന്നഡിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടു. ശക്തമായ എതിര്‍പ്പുണ്ടായിരുന്നിട്ടുകൂടിയും പ്രാഥമിക മത്സരം നടന്ന ആറു മണ്ഡലങ്ങളില്‍ അഞ്ചിലും കെന്നഡിക്ക് അനുകൂലമായ വിധിയെഴുത്താണുണ്ടായത്. 1968 ജൂണ്‍ 4-ന് അര്‍ധരാത്രിയോടുകൂടി ലോസ് ആഞ്ജലസില്‍ വച്ച് ഇദ്ദേഹം ഒരു ഘാതകന്റെ നിറതോക്കിനിരയാവുകയും ആശുപത്രിയില്‍ വച്ച് ജൂണ്‍ 6-ന് മരണമടയുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍