This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെക്കുലേ ഫൊണ്‍ ഷ്ട്രാഡോണിറ്റ്സ്, ഫ്രെഡറിക് അഗസ്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെക്കുലേ ഫൊണ്‍ ഷ്ട്രാഡോണിറ്റ്സ്, ഫ്രെഡറിക് അഗസ്റ്റ്

Kekule von Stradonitz, Friendrich August (1829-96)

ജര്‍മന്‍ രസതന്ത്രജ്ഞന്‍. 1829 സെപ്. 7-ന് ജര്‍മനിയില്‍ ഡംസ്റ്റാഡ്റ്റ് (Darmstadt) എന്ന സ്ഥലത്തു ജനിച്ചു. ശില്പകലാ വിദഗ്ധനാവുക എന്ന ലക്ഷ്യത്തോടെ ഗീസന്‍ സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച കെക്കുലേ, ലീബിക് എന്ന പ്രശസ്ത ശാസ്ത്രകാരന്റെ അധ്യാപനത്തില്‍ ആകൃഷ്ടനായാണ് രസതന്ത്ര പഠനത്തിലേക്കു തിരിഞ്ഞത്.

ഫ്രെഡറിക് അഗസ്റ്റ് കെക്കുലേ

ലീബിക്കിന്റെ ഉപദേശമനുസരിച്ച് കെക്കുലേ ഊര്‍ജതന്ത്രവും രസതന്ത്രവും പഠിക്കാന്‍ പാരിസിലെത്തിയ ഇദ്ദേഹത്തെ (1851-52) അവിടത്തെ പ്രൊഫസര്‍മാരായ ഴാങ് ഡൂമാ (Jean Dumas), ചാള്‍സ് ജെര്‍ഹാര്‍ട്ട് (Charles Gerhardt) എന്നിവരുടെ അധ്യാപനം ഏറെ സ്വാധീനിച്ചു. 1852-ല്‍ ഗവേഷണ ബിരുദം നേടിയ ഇദ്ദേഹം അല്പകാലം സ്വിറ്റ്സര്‍ലണ്ടിലും ലണ്ടനിലും പ്രവര്‍ത്തിച്ചശേഷം ബെല്‍ജിയത്തിലെ ഘെന്റ് സര്‍വകലാശാലയിലെ രസതന്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു (1858). 1867-ല്‍ ബോണ്‍ സര്‍വകലാശാലയിലെ രസതന്ത്ര വിഭാഗത്തില്‍ ജോലി സ്വീകരിച്ചു. ഇദ്ദേഹം തന്റെ പിന്നീടുള്ള പ്രവര്‍ത്തനം മുഴുവന്‍ ഇവിടെയാണ് നിര്‍വഹിച്ചത്.

കാര്‍ബണിക രസതന്ത്രത്തിലാണ് കെക്കുലേയുടെ മുഖ്യ സംഭാവനകള്‍. കാര്‍ബണ്‍ അണുവിന്റെ ഘടനയെയും സംയോജകതയു(valency)മായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. 1858-ല്‍ കെക്കുലേയും എ. കൂപ്പറും ചേര്‍ന്നു കാര്‍ബണിന്റെ, സംയോജകത നാല്(4)ആണെന്നും കാര്‍ബണ്‍ ആറ്റങ്ങള്‍ക്ക് തമ്മില്‍ യോജിക്കാന്‍ കഴിയുമെന്നും കണ്ടുപിടിച്ചു.

ബെന്‍സീനിന്റെ ഘടന ആവിഷ്കരിച്ചതാണ് കെക്കുലേയുടെ ഏറ്റവും പ്രസിദ്ധി നേടിയ സംഭാവന. 1825-ലാണ് മൈക്കല്‍ ഫാരഡേ ബെന്‍സീന്‍ കണ്ടുപിടിച്ചത്. അന്ന് അറിയപ്പെട്ടിരുന്ന യാതൊരു മാര്‍ഗവുമുപയോഗിച്ചു ഇതിന്റെ ഘടന നിര്‍വചിക്കാന്‍ സാധ്യമായിരുന്നില്ല. കെക്കുലേക്ക് ബെന്‍സീനിന്റെ ഘടനയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത് തികച്ചും ആകസ്മികമായിട്ടാണ്. ഒരു പാമ്പ് അതിന്റെ വാലറ്റം മുതല്‍ വിഴുങ്ങിക്കൊണ്ട് തന്റെ മുമ്പില്‍ അതിവേഗം ചുറ്റിത്തിരിയുന്നതായി ഇദ്ദേഹം സ്വപ്നം കണ്ടു. പക്ഷേ ഇത് ഒരു വളയത്തെ പ്രതിനിധീകരിക്കുന്നതായാണ് കെക്കുലേക്ക് തോന്നിയത്. അതിനാല്‍, ബെന്‍സീന് ഒരു വളയത്തിന്റെ ഘടന (ring structure) നല്കിയാല്‍ സംയോജകതയെപ്പറ്റിയുള്ള ചിന്താക്കുഴപ്പങ്ങള്‍ നീങ്ങുമെന്ന് ഇദ്ദേഹത്തിനു തോന്നി.

ചിത്രം:Screenpg81.png‎

പക്ഷേ ഇത്തരമൊരു ഘടനയില്‍, സമീപ സ്ഥാനങ്ങളില്‍ (orthoposition) ഇരട്ട ആദേശം (disubstitution) നടത്തിയാല്‍ രണ്ടു വ്യത്യസ്തമായ ഉത്പന്നങ്ങള്‍ ലഭിക്കേണ്ടതാണ്; യഥാര്‍ഥത്തില്‍ ഒരൊറ്റ ഉത്പന്നം മാത്രമേ ലഭിക്കുന്നുള്ളൂ. ഈ പ്രശ്നത്തിനു പരിഹാരമായി കെക്കുലേ, ബെന്‍സീനിലെ ഇരട്ട ബോണ്ടുകള്‍ക്ക് അതിദ്രുതമായ ചലനാവസ്ഥ നിര്‍ദേശിച്ചു. ഇത് പരിഷ്കരിക്കപ്പെട്ടതോടെ ഉത്പന്നങ്ങള്‍ തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമായി.

A-യും B-യും ബെന്‍സീനിന്റെ ഘടനകള്‍ തന്നെ. ഇങ്ങനെ, ഒരു രാസവസ്തുവിനെത്തന്നെ, ഒന്നിലധികം രാസഘടനകള്‍ കൊണ്ടു സൂചിപ്പിക്കുന്നതിനെയാണ് റെസൊണന്‍സ് (resonance) എന്നു പറയുന്നത്. ബെന്‍സീനിന്റെ എല്ലാ റെസൊണന്‍സ് രൂപങ്ങളുടെയും ആകെത്തുകയായി സാധാരണ ചിത്രീകരിക്കാറുള്ളത് ഇപ്രകാരമാണ്.

ആരോമാറ്റിക ആസോസംയുക്തങ്ങ(aromatic azoderivatives)ളെക്കുറിച്ചും കെക്കുലേ പഠനങ്ങള്‍ നടത്തി. ഡൈ ആസോ സംയുക്തങ്ങ(diazo compunds)ളുടെ ഘടനയെക്കുറിച്ചും അവ ബെന്‍സീന്‍ വളയത്തില്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന രീതിയെക്കുറിച്ചും ഇദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ബെന്‍സീനിന്റെ സള്‍ഫോണിക് ഉത്പന്നങ്ങള്‍ പൊട്ടാഷുമായിച്ചേര്‍ന്ന് അതതു ഫിനോളുകള്‍ ഉത്പാദിപ്പിക്കുന്നുവെന്നും ഇദ്ദേഹം കണ്ടുപിടിച്ചു.

1868-ല്‍ ബോണ്‍ സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഒരു പുതിയ കെമിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനവും കെക്കുലേയുടെ അധ്യക്ഷതയില്‍ ആരംഭിച്ചു. ഈ അവസരത്തില്‍, സൈദ്ധാന്തിക രസതന്ത്രത്തിന് കെക്കുലേ നല്കിയിട്ടുള്ള സംഭാവനകളെ പുരസ്കരിച്ച് ഇദ്ദേഹത്തിന് ‘എം.ഡി.’ ബിരുദം നല്കപ്പെട്ടു.

പ്രായാധിക്യം ആരോഗ്യത്തെ ബാധിച്ചിട്ടും ശാസ്ത്ര ഗവേഷണവും പരീക്ഷണങ്ങളും കെക്കുലേ തുടര്‍ന്നുകൊണ്ടിരുന്നു. 1890-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ (Ueberdic konstitutionen des pyridins), പിരിഡിന്, ബെന്‍സീനുമായുള്ള ഘടനാപരമായ സാദ്യശ്യം എടുത്തു പറഞ്ഞിട്ടുണ്ട്. 1892 - ല്‍ ഫോമിക് ആല്‍ഡിഹൈഡ് (formic aidehyde) ശുദ്ധരൂപത്തില്‍ നിര്‍മിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

1896-ല്‍ ജൂല. 13-ന് കെക്കുലേ ബോണില്‍ അന്തരിച്ചു. ഇദ്ദേഹം തന്നെ രൂപം നല്കിയിരുന്ന ഗവേഷണാലയത്തിന്റെ മുന്നില്‍ 1903-ല്‍ ഇദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിക്കുകയുണ്ടായി.

(വി.എസ്. ഗോവിന്ദന്‍ നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍