This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്‌ണഗാഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്‌ണഗാഥ

മഞ്‌ജരിവൃത്തത്തില്‍ ശ്രീകൃഷ്‌ണാവതാരകഥ ആദ്യന്തം ലളിതമധുരമാംവണ്ണം വര്‍ണിക്കുന്ന സുദീര്‍ഘമായ ഒരു മലയാളകാവ്യം. കൃഷ്‌ണപ്പാട്ട്‌, ചെറുശ്ശേരി, ചെറുശ്ശേരിഗാഥ എന്നിങ്ങനെ ഈ കൃതിക്കുള്ള മറ്റു പേരുകള്‍ക്ക്‌ കൃഷ്‌ണഗാഥ എന്ന പേരിനോളം പ്രചാരമില്ല.

കര്‍ത്താവും കാലവും. 1446 മുതല്‍ 1475 വരെ കോലത്തുനാടു വാണിരുന്ന ഉദയവര്‍മയുടെ സദസ്യനാണ്‌ കൃഷ്‌ണഗാഥാകാരന്‍ എന്ന്‌ ചരിത്രവസ്‌തുതകളും "ആജ്ഞയാ കോലഭൂപസ്യ പ്രാജ്‌ഞസ്യോദയ വര്‍മണഃ' എന്നുള്ള കൃഷ്‌ണഗാഥയിലെ ഖണ്ഡോപസംഹാരശ്ലോകവും വ്യക്തമാക്കുന്നു. കാവ്യശൈലി, പ്രതിപാദനരീതി, പല സന്ദര്‍ഭങ്ങളിലും പ്രതിഫലിപ്പിക്കുന്ന ഫലിതകൗതുകം എന്നിവയില്‍ നിന്ന്‌ ഒരു നമ്പൂതിരിയായിരിക്കാം ഇദ്ദേഹം എന്ന്‌ ഊഹിക്കപ്പെടുന്നു. ചെറുശ്ശേരിയെന്നാണോ അതോ പുനമെന്നാണോ ഈ മഹാകവിയുടെ പേരെന്നും, അദ്ദേഹം തന്നെയോ ഭാരതഗാഥയുടെയും രാമായണ ചമ്പുവിന്റെയും കര്‍ത്താവ്‌ എന്നുമൊക്കെ സാഹിത്യചരിത്രവേദിയില്‍ പല വാദകോലാഹലങ്ങളും ഉണ്ടായിട്ടുണ്ട്‌.

കോലത്തുനാടിന്റെ പന്ത്രണ്ടുവിഭാഗങ്ങളില്‍ ഒന്നായിരുന്ന ചെറുശ്ശേരിചേരിക്കല്‍ എന്ന പ്രദേശത്തെ ഒരു നമ്പൂതിരിബ്രാഹ്മണ ഭവനമായിരുന്നു ചെറുശ്ശേരി എന്ന്‌ ചിറയ്‌ക്കല്‍ ബാലകൃഷ്‌ണന്‍നായര്‍ പ്രസ്‌താവിക്കുന്നു. ഈ ചെറുശ്ശേരിയില്ലം പുനത്തില്ലത്തില്‍ ലയിച്ചു എന്നൊരൈതിഹ്യത്തിന്‌ ഉത്തരകേരളത്തില്‍ പ്രചാരമുണ്ടത്ര. വടക്കന്‍ ദിക്കുകളില്‍ പുനമെന്നും മററിടങ്ങളില്‍ ചെറുശ്ശേരി എന്നും കൃഷ്‌ണഗാഥാകാരന്‍ പ്രശസ്‌തനായതിന്‌ ഇതാവാം കാരണം. കാവ്യഭംഗിയുടെയും ഭാഷാശൈലിയുടെയും കാഴ്‌ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ തികച്ചും വിഭിന്നമായ മൂന്നു തട്ടുകളില്‍ നില്‌ക്കുന്ന കൃഷ്‌ണഗാഥയും ഭാരതഗാഥയും രാമായണചമ്പുവും ഏതായാലും ഏകകര്‍ത്തൃകങ്ങളല്ല എന്നു തീര്‍ച്ച.

"കാരക്കവേണ്ടുകില്‍ താരംകൊണ്ടാ' (ഒരുതരം നാണയം), "നിലം പിഴിഞ്ഞിട്ടു നാലുണ്ടു ചേലകള്‍', "അണ്ഡത്തില്‍ പ്പൂണ്‍ കൊണ്ടു ദണ്ഡിക്കുന്നു' (പറങ്കിപ്പുണ്ണ്‌?), "കോമപ്പട്ടാകിലേ ഞാനിന്നുടുപ്പിത്‌' ഇത്യാദി പ്രയോഗങ്ങളുടെ ചരിത്രപശ്ചാത്തലം ചര്‍ച്ച ചെയ്‌തുകൊണ്ട്‌ കൃഷ്‌ണഗാഥയുടെ കാലം പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണെന്ന ഒരഭിപ്രായവും എം.ജി.എസ്‌. നാരായണനും മറ്റും ഉന്നയിച്ചിട്ടുണ്ട്‌. നോ. ചെറുശ്ശേരി

ഗാഥാകാരന്റെ പൈതൃകം. മഹാഭാഗവതപുരാണത്തിലെ പത്തും പതിനൊന്നും സ്‌കന്ധങ്ങളാണ്‌ കൃഷ്‌ണഗാഥയിലെ കഥാതന്തുവിന്റെ മുഖ്യമായ ആധാരം. ഗാഥയിലെ സ്വര്‍ഗാരോഹണഖണ്ഡം മാത്രം മിക്കവാറും മഹാഭാരതത്തിലെ മൗസലം, മഹാപ്രസ്ഥാനികം, സ്വര്‍ഗാരോഹണം എന്നീ പര്‍വങ്ങളെ ആശ്രയിക്കുന്നു. പൗരാണികവും ഐതിഹാസികവുമായ മൂലകഥയിലെ വിവിധഭാഗങ്ങളെയും പരാമര്‍ശങ്ങളെയും സന്ദര്‍ഭാനുസരണം വേണ്ടാത്തതു വെട്ടിക്കുറച്ചും വേണ്ടതു കൂട്ടിച്ചേര്‍ത്തും, അലകും പിടിയും മാറ്റിയും, സംഗ്രഹിച്ചും, വിസ്‌തരിച്ചും ഭേദപ്പെടുത്തിയുമാണ്‌ ഗാഥാകാരന്‍ കൈകാര്യം ചെയ്‌തിട്ടുള്ളത്‌. സര്‍ഗാത്മകം, സാഹിത്യമീമാംസാപരം, ദാര്‍ശനികം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്പെട്ട നിരവധി പൂര്‍വകൃതികള്‍ ഗാഥാകാരനെ പല അളവുകളില്‍ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളതിനു വ്യക്തമായ തെളിവുകള്‍ കൃഷ്‌ണഗാഥയില്‍ ഉടനീളം കാണാം. ഭാഗവതം, മഹാഭാരതം എന്നിവയ്‌ക്കും കാളിദാസകൃതികള്‍ക്കും പുറമേ ഭഗവദ്‌ഗീത, സ്വപ്‌നവാസവദത്തം, കര്‍ണഭാരം, ശിശുപാലവധം, അനര്‍ഘരാഘവം, സൗന്ദര്യലഹരി, ശുകസന്ദേശം, മുണ്ഡകോപനിഷത്ത്‌, കാവ്യപ്രകാശം, ധ്വന്യാലോകം ഇത്യാദി കൃതികള്‍ ഇക്കൂട്ടത്തില്‍ പ്പെടും.

കാവ്യസ്വഭാവം. കൃഷ്‌ഗാഥയില്‍ വ്യക്തീഭവിക്കുന്ന കാവ്യശൈലി മലയാളസാഹിത്യത്തെ സംബന്ധിച്ചിടത്തോളം എല്ലാ പ്രകാരത്തിലും അനന്വയം എന്നുവേണം പറയാന്‍. നാടന്‍ പാട്ടിന്റെ നാനാമുഖമായ ഗാനാത്മകതയില്‍ വെണ്ണയും പാലും തേനും തൂനിലാവും എല്ലാ ഭാവവിശേഷങ്ങളും മനംമയക്കുന്ന സാമ്യോക്തികളും ഉക്തിവൈചിത്യ്രങ്ങളും വാരിക്കോരി വിളമ്പുകയാണ്‌ ചെറുശ്ശേരി ചെയ്‌തിരിക്കുന്നത്‌. എഴുത്തച്ഛന്റെ ദാര്‍ശനികഗൗരവമോ നമ്പ്യാരുടെ സാമൂഹികവീക്ഷണമോ ഉണ്ണായിവാര്യരുടെ ഊര്‍ജിതാശയമോ ചെറുശ്ശേരിക്കില്ലെങ്കിലും ഇവര്‍ക്കോ ഭാഷയിലെ അന്യകവികള്‍ക്കോ ആവിഷ്‌കരിക്കാനാവാത്ത ആകര്‍ഷകമായ പ്രത്യേകതകള്‍ പലതും ഗാഥാപംക്തികളില്‍ കാണാം.

കാവ്യദര്‍ശ നിര്‍ദേശാനുസരണം നഗരാര്‍ണവശൈലാദികള്‍ വര്‍ണിക്കാന്‍ വേണ്ട സൗകര്യം കൃഷ്‌ണാവതാരകഥ സ്വാഭാവികമായിത്തന്നെ ചെറുശ്ശേരിക്കു നല്‌കിയതിനാല്‍ മഹാകാവ്യത്തിന്റെ മൂശയിലാണ്‌ കൃഷ്‌ണഗാഥ വാര്‍ന്നുവീണിട്ടുള്ളതെങ്കിലും അലങ്കാരഭാരം കൊണ്ടും വാഗ്‌ജാലങ്ങള്‍കൊണ്ടും കവിത തളര്‍ന്നുവീണു പോയിട്ടുള്ള ഘട്ടങ്ങള്‍ ഈ കൃതിയില്‍ ഏറെയൊന്നുമില്ല. മാത്രമല്ല, ഭാവശാബള്യം ഓളംവെട്ടുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളും മനസ്സില്‍ നിന്ന്‌ ഒരിക്കലും മാഞ്ഞുപോകാത്ത നിരവധി വാങ്‌മയ ചിത്രങ്ങളും ചെറുശ്ശേരി അവതരിപ്പിച്ചിട്ടുമുണ്ട്‌.

ആപാദചൂഡം ലളിത കോമളകാന്തപദാവലികള്‍ അണിനിരക്കുന്ന കൃഷ്‌ണഗാഥയില്‍ ശബ്‌ദസൗന്ദര്യം വഴിഞ്ഞൊഴുകുന്ന വരികള്‍ക്കാണ്‌ നിര്‍ണായകമായ ഭൂരിപക്ഷം. ശബ്‌ദസൗഷ്‌ഠവത്തിന്റെ പൊട്ടോ പൊടിയോ പോലുമില്ലാത്ത വരികള്‍ ഈ കാവ്യത്തില്‍ അതീവ ദുര്‍ലഭവുമാണ്‌. ശ്വാസംപോയാലും പ്രാസം പോവരുതെന്ന വിടാവാശിയല്ല ഇതെന്നതിന്‌ ഗാഥയിലെ മിക്ക ഭാഗങ്ങളിലും കാണുന്ന വിസ്‌മയാവഹമായ ഭാവരൂപപ്പൊരുത്തം വേണ്ടത്ര തെളിവു നല്‌കുകയും ചെയ്യുന്നു. ഭാഷാശൈലി. കണ്ണശ്ശന്‍പാട്ടുകള്‍ക്കു പിമ്പും എഴുത്തച്ഛന്റെ കിളിപ്പാട്ടുകള്‍ക്കു മുമ്പുമെന്ന്‌ കാലപൗര്‍വാപര്യത്തിന്റെ മുഴക്കോല്‍ മാത്രമുപയോഗിച്ച്‌ കൃഷ്‌ണഗാഥയ്‌ക്കു സ്ഥാനം കല്‌പിക്കുമ്പോഴാണ്‌ ആ കൃതിയുടെ ഭാഷാപരമായ സവിശേഷതകള്‍ വലിയൊരു പ്രഹേളികയായി അവശേഷിക്കുന്നത്‌. ഭാഷാസ്വഭാവപഠനത്തില്‍ പ്രസക്തമായ ഘടകങ്ങളില്‍ കാലം കേവലം ഒന്നു മാത്രമേ ആകുന്നുള്ളൂ എന്നതാണ്‌ ഇത്തരുണത്തില്‍ ശ്രദ്ധേയമായ സത്യം. കൃഷ്‌ണഗാഥയുടെ രൂപം അതിന്റേതു മാത്രമാക്കിത്തീര്‍ത്ത പരിതഃസ്ഥിതിപരമായ പല വസ്‌തുതകളുമുണ്ട്‌: നാടന്‍ ശീലും മഹാകാവ്യമൂശയും തമ്മിലുള്ള വേഴ്‌ച, പ്രാദേശികം, സാമൂഹികം, ജാതിമതാദിനിഷ്‌ഠം എന്നിങ്ങനെയുള്ള ഉപഭാഷാവിശേഷങ്ങളെയും കര്‍ത്താവിന്റെ തന്മൊഴി (Idiolect)യെയും ആധാരമാക്കിയ പ്രത്യേകതകള്‍, ഇവയ്‌ക്കെല്ലാമുപരിയായ ഏതാനും വിലക്ഷണതകള്‍-ഇവയെല്ലാംകൂടി കണക്കില്‍ കൊള്ളിച്ചേ തീരൂ. പ്രയോക്താക്കളുടെ നാവിന്‍തുമ്പത്തു തത്തിക്കളിക്കുന്ന ജീവദ്‌ഭാഷ അതേപടി ഓലയിലേക്കു പകര്‍ന്നുവീണിട്ടുള്ള സന്ദര്‍ഭങ്ങള്‍ കൃഷ്‌ണഗാഥയില്‍ പലതുണ്ട്‌. ഗോപികാദുഃഖം എന്ന ഖണ്ഡത്തില്‍ ഗോപസ്‌ത്രീകളും രാജസൂയത്തിലെ കാണികളും പരസ്‌പരം നടത്തുന്ന സംസാരംതന്നെ ഇതിനുദാഹരണം. വ്യവഹാരഭാഷാപ്രയോഗങ്ങളോട്‌ ഇത്രത്തോളം അടുപ്പം പുലര്‍ത്തുന്ന ഗ്രന്ഥഗത പ്രയോഗങ്ങള്‍ വേറെ അധികമൊന്നും മലയാളഭാഷാഗവേഷകര്‍ക്കു കൈവന്നിട്ടില്ല.

ദൈനംദിനജീവിതത്തിലെ ഭാഷയില്‍ നിന്നുള്ള പ്രയോഗവിശേഷങ്ങള്‍ക്ക്‌ ഗ്രന്ഥത്തില്‍ പ്രവേശമരുളുന്നതിനുമുമ്പ്‌ അവയെ വേണ്ടിടത്തോളം "സംസ്‌കരി'ച്ചെടുക്കാന്‍ ഗാഥാകാരന്‍ ശ്രദ്ധിച്ചിട്ടില്ലെന്ന്‌ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ക്കു തോന്നാം. "കാച്ച്യപാല്‍ ', "ചിരിക്കേവേണ്ടു', "കയ്‌റോടു വേറാമ്മണികള്‍', "പണ്ടേവന്‍' (പണ്ടത്തെ അവന്‍), "ആവേടത്തോളം', "പിന്നേടം', "ആരേലും' (ആരെങ്കിലും) ഇത്യാദി പ്രയോഗങ്ങളില്‍ ഗാഥാകാരന്‍ പ്രദര്‍ശിപ്പിക്കുന്ന ഉച്ഛൃംഖലത്വം അത്യാധുനികരായ ഗദ്യകാരന്മാരെപ്പോലും അദ്‌ഭുതപ്പെടുത്തും. "അങ്കം തൊടുക്കുക', "കൈയും മെയ്യും മറക്കുക', "യാത്രവഴങ്ങുക', "വാതില്‍ വഴങ്ങുക', "പൊന്നുവരുക', "പോയ്‌ച്ചെല്ലുക', "അറുകൊല കുത്തുക', "കൊല്ലാതെ കൊല്ലുക', "കുറിക്കൊള്ളുക', "തീനിടുക', "നല്‍ വരവ്‌', "വച്ചരശ്‌', "ഏഴാമേടം' എന്നിങ്ങനെ കൃഷ്‌ണഗാഥയില്‍ ക്കാണുന്ന വിവിധപ്രയോഗങ്ങളില്‍ പ്പലതും അതേ രൂപത്തിലോ ഭാഗികമായ ഭേദത്തോടുകൂടിയോ നൂറ്റാണ്ടുകള്‍ക്കു ശേഷവും മലയാളത്തില്‍ ഇന്നും പ്രചരിക്കുന്നു. "വാക്കുകൊണ്ടു വൈദ്യം തുടങ്ങുന്നതും', "നാവിന്മേല്‍ നീരാകുന്നതും', "കൈത്തലംകൊണ്ട്‌ ചെവിയുടെ ചാരത്തു സല്‍ ക്കരിക്കു'ന്നതുമൊക്കെ ചെറുശ്ശേരിയുടെ വരികളിലാകുമ്പോള്‍ തികച്ചും സ്വാഭാവികമായിത്തീരുന്നു. "തങ്കൈയ്യേയല്ലോ തനിക്കുതകൂ', "പോക്കറ്റ വന്‍പുലി പുല്ലുമേയും', "കാളയുണ്ടങ്ങൂട്ടു പെറ്റുകിടക്കുന്നു, നീളമുണ്ടായൊരു പാശംകൊണ്ടാ', "കുക്കുടം തന്നുടെ പൂവുണ്ടോ ചൂടാവൂ?' "മന്ദിരവാര്‍ത്ത അങ്ങാടിപ്പാട്ടായിവന്നുകൂടി', "ശാഖിതന്മൂലത്തിലല്ലയോ വേണ്ടുന്നു, ശാഖകള്‍തോറും നനയ്‌ക്ക വേണ്ട', "അങ്ങാടിത്തോലിയങ്ങമ്മയോടായ്‌', "വേലിതാന്‍ ചെന്നു വിളതിന്നു പോരുന്ന കാലം' എന്നിങ്ങനെ ഗാഥാപംക്തികളില്‍ എത്രയോ പഴഞ്ചൊല്ലുകളും ശൈലികളും മിന്നിത്തിളങ്ങുന്നു.

"നില്‌ക്കുക', "ഈടുക', "തുടങ്ങുക' എന്നീ അനുപ്രയോഗങ്ങളും "ആയ' എന്ന പേരെച്ചത്തിനു സമമായി "ആയൊരു', "ആയുള്ള', "ആയുള്ളൊരു' എന്നീ വികസിതരൂപങ്ങളും ഭൂതകാലക്രിയകളോടോ, "എന്ന്‌' എന്ന മുന്‍വിനയച്ചത്തോടോ ചേര്‍ത്ത്‌ താച്ഛീല്യാര്‍ഥത്തില്‍ "ഞായ'വും കൃഷ്‌ണഗാഥയില്‍ ധാരാളം കാണാം. "ചിന്തിച്ചു ചിന്തിച്ചു', "ചെന്നുചെന്ന്‌', "വെന്തുവെന്ത്‌', "കണ്ട്‌ കണ്ട്‌' എന്നിങ്ങനെ നിര്‍ദിഷ്‌ടക്രിയയുടെ തുടര്‍ച്ച സൂചിപ്പിക്കും മട്ടിലുള്ള വിനയെച്ചങ്ങളുടെ ആവര്‍ത്തനവും "ഇന്നിന്ന്‌', "ഒന്നൊന്ന്‌', "ഓരോരോ', മുതലായ ആവര്‍ത്തനങ്ങളും "-ഇത്‌', "-ഈത്‌', "-ഉത്‌', "-ഊത്‌' എന്നിവയില്‍ അവസാനിക്കവേ ഏതു കര്‍ത്താവിനോടും അന്വയിക്കാവുന്ന പൂര്‍ണക്രിയാരൂപങ്ങളും "കുലുങ്ങീതായ്‌', "കലങ്ങീതായ്‌' "കണ്ടുതായ്‌', "കേട്ടുതായ്‌' എന്നിങ്ങനെ അവയെത്തന്നെ വീണ്ടും വികസിപ്പിക്കലും ഗാഥയില്‍ സാധാരണമാണ്‌.

"നേരം പുലര്‍ന്നൂതാനാല്‍ ' എന്ന്‌ ഒരിടത്തു മാത്രമേ ഗാഥാകാരന്‍ കണ്ണശ്ശകൃതികളെയും മറ്റും അനുസ്‌മരിപ്പിക്കത്തക്കവണ്ണം തമിഴ്‌ രീതിയില്‍ നകാരം ഭൂതകാലപ്രത്യയമായി പ്രയോഗിച്ചുകാണുന്നുള്ളൂ.

"കാമിനീകൈ', "കന്യകമെയ്യ്‌', "ദേവകീ ചാരത്ത്‌', "പങ്കജ നേര്‍മുഖീ കൊങ്കകള്‍', "കുയില്‍ പ്പേട ചൊല്ല്‌', "കൂകുന്ന കോകില നന്മൊഴികൊണ്ട്‌', "മുഖപങ്കജപരിനിന്ദിത വിലസച്ഛശിമണ്ഡല!', "മനകാമ്പ്‌' ഇത്യാദി പ്രയോഗങ്ങളിലെ സന്ധികളുടെയും സമാസങ്ങളുടെയും സ്വഭാവം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. "ആസ്ഥയാ', "മന്ദിരേ', "മോദേന', "അന്തരാ', "ആരഭ്യ', "സംവാദ്യ', "ഏഷ' എന്നിങ്ങനെ വിഭക്ത്യാദിപ്രത്യയങ്ങളോടുകൂടി സംസ്‌കൃത പദങ്ങള്‍ വളരെച്ചുരുക്കമായി ഗാഥയിലേക്കു കടന്നുവന്നിട്ടുള്ളപ്പോള്‍പ്പോലും അവ അതതു സന്ദര്‍ഭത്തില്‍ ഒട്ടും മുഴച്ചു നില്‌ക്കുന്നില്ല. "ആശ്രവ' (അനുസരണശീലമുള്ളവള്‍), "രങ്കു' (കൃഷ്‌ണമൃഗം), "സല്ലകി' (ഈന്തല്‍ ) മുതലായി മലയാളത്തില്‍ സാധാരണ പ്രചാരമില്ലാത്ത സംസ്‌കൃതപദങ്ങള്‍ ഗാഥയില്‍ സുദുര്‍ല്ലഭമാണ്‌. "പായം പായം', "ആധാരായിതം', "മധുപായിതം', "ചരണായിതം' ഇത്യാദി പ്രയോഗങ്ങള്‍ മണിപ്രവാളകൃതികളെ ഓര്‍മിപ്പിക്കുമെങ്കിലും അവയും സ്വര്‍ഗാരോഹണഘട്ടത്തില്‍ പ്രത്യേകം എഴുതിച്ചേര്‍ത്തതെന്നു തോന്നിക്കുന്ന സ്‌തുതികളിലെ കാണ്മാനുള്ളു. ഈ സന്ദര്‍ഭങ്ങളിലാകട്ടെ, സംസ്‌കൃതവും മലയാളവും പരസ്‌പരം ഇഴുകിച്ചേര്‍ന്നൊന്നായൊഴുകുന്ന

""മലര്‍ മാനിനി മന കാമ്പിനു മദയാമയമരുളും
	മണിവായ്‌ മമ മനകാമ്പിനൊരണിവായ്‌ വരികനിശം''
 

ഇത്യാദി വരികളും, മലയാളമോ സംസ്‌കൃതമോ മേമ്പൊടിക്കു മാത്രം ചേര്‍ത്തിട്ടുള്ള

""സരിത്‌ കൂപതോയ പ്രവേശേന ഭാസ്വാന്‍
	ബഹുത്വേന രൂപേണ നില്‌ക്കുന്നപോലെ
	സമസ്‌തേഷുഭൂതേഷ്വനുസ്യൂതമീഡേ
	നിരസ്‌താമയം ത്വാം മനസ്‌താപശാന്ത്യൈ'',
""പരനേ! നിന്നുടെ ചരണപ്പൂമ്പൊടി
	പലപ്പോഴുമെങ്ങള്‍ തല തന്നില്‍ 
	മരുവീടേണമേ പിറവിയുണ്ടാകില്‍ 
	മലര്‍ മാതിന്‍ മാര്‍വു പുണര്‍വോനേ!''
മുതലായ വരികളും ധാരാളമുണ്ടുതാനും!
 

മലയാളത്തിന്റെ മാണ്‍പും മഹത്ത്വവും വ്യക്തിത്വവും അനുപദം വ്യക്തമാകത്തക്കവണ്ണം മനോഹരവും മധുരവും ശക്തവുമായ ഭാഷാരീതിയാണ്‌ കൃഷ്‌ണഗാഥയില്‍ കാണുന്നത്‌.

പ്രാചീനമലയാളത്തിന്റെ നാടന്‍പാട്ട്‌, മണിപ്രവാളം, പാട്ട്‌ എന്നീ മൂന്നു ധാരകളില്‍ നിന്നും പോന്നുവന്ന വിവിധ ഗുണവിശേഷങ്ങള്‍ പല അളവുകളില്‍ കൃഷ്‌ണഗാഥയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. നാടന്‍ പാട്ടുകളിലെ ഗാനാത്മകത, തദ്ദേശീയത, നൈസര്‍ഗികത, സാങ്കേതികത്വവര്‍ജനം, തത്‌കാലസൃഷ്‌ട (improvisation) സ്വഭാവം, നാടകീയത, വ്യവഹാരഭാഷാരൂപങ്ങള്‍ക്കും പഴഞ്ചൊല്ലുകള്‍, സാരോക്തികള്‍, പ്രത്യേക പ്രയോഗങ്ങള്‍ എന്നിവയ്‌ക്കുമുള്ള പ്രാധാന്യം എന്നീ സവിശേഷതകള്‍ കൃഷ്‌ണഗാഥയില്‍ പല സ്ഥലങ്ങളിലും പ്രകടമാണ്‌. തദ്‌ഭവരൂപത്തിലും തത്സമമായി വിഭക്ത്യാദിപ്രത്യയങ്ങള്‍ ചേരാതെയോ ചേര്‍ന്നോ ഉള്ള രൂപത്തിലും കാണുന്ന സംസ്‌കൃതപദങ്ങള്‍, സംസ്‌കൃതരീതിയിലുള്ള സന്ധി സമാസങ്ങള്‍, പ്രയോഗവിശേഷങ്ങള്‍, ലക്ഷണമൊത്ത അലങ്കാരങ്ങളും കാവ്യസങ്കേതങ്ങളും എന്നിങ്ങനെ മണിപ്രവാളകാവ്യസാധാരണമായ ഏതാനും പ്രത്യേകതകളും ഈ കൃതിയില്‍ അങ്ങിങ്ങു കാണാം. ഇവയോടൊപ്പംതന്നെ പൗരാണിക വിഷയസ്വീകാരം, സംക്ഷേപണസ്വഭാവം, എതുകാദിപ്രാസനിഷ്‌ഠ എന്നിങ്ങനെ നമ്മുടെ പാട്ടുകൃതികള്‍ക്കുള്ള പ്രമുഖ സ്വഭാവങ്ങളില്‍ ചിലതും കൃഷ്‌ണഗാഥയില്‍ ആദ്യന്തം പ്രകടമാകുന്നു.

ഇതൊക്കെക്കൊണ്ടാണ്‌ അഞ്ചു നൂറ്റാണ്ടുകളുടെ അന്തരം അദ്‌ഭുതാവഹമായ മെയ്‌ വഴക്കത്തോടെ ചാടിക്കടന്ന്‌ കൃഷ്‌ണഗാഥയിലെ പല ഭാഗങ്ങളും അതേ വൃത്തത്തിലെഴുതിയ വള്ളത്തോള്‍ പ്രഭൃതികളുടെ പല ഖണ്ഡകൃതികളുടെയും തൊട്ടടുത്തു വന്നു നില്‌ക്കുന്നു എന്നുതോന്നിപ്പോകത്തക്കവണ്ണം ആധുനികമായിരിക്കുന്നത്‌.

വൃത്തം. മഗണത്തിനു പ്രവേശം നല്‌കി ശ്ലഥമാക്കിയ കാകളിവൃത്തത്തിന്റെ രണ്ടാംപാദത്തിലെ ഒടുവിലുള്ള രണ്ടക്ഷരം കുറയ്‌ക്കുക എന്നതാണല്ലോ വൃത്ത മഞ്‌ജരിയുടെ കാഴ്‌ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ മഞ്‌ജരീവൃത്തത്തിന്റെ ലക്ഷണം. "പാദത്തിന്നേറ്റക്കുറവോ നിയമങ്ങള്‍ക്കു ഭേദമോ' സംഭവിക്കുന്നതിനാല്‍ മഞ്‌ജരീവൃത്തം വൃത്തമഞ്‌ജരീനിയമപ്രകാരം ഒരു തരം ഗാഥ തന്നെ. കൃഷ്‌ണഗാഥ എന്ന ഗ്രന്ഥനാമത്തിലെ "ഗാഥ'യ്‌ക്ക്‌ "പാട്ട്‌' എന്ന സാമാന്യാര്‍ഥവും മഞ്‌ജരീവൃത്തത്തിനു മുന്‍തൂക്കമുള്ള കാവ്യം എന്ന വിശേഷാര്‍ഥവും ചേരും (കൃഷ്‌ണഗാഥയിലെ 16,842 വരികളില്‍ 16,386-ം മഞ്‌ജരിയിലാണ്‌). പഴയ പല നാടന്‍ പാട്ടുകളിലും സംഘക്കളിക്കളത്തില്‍ പാടിക്കേട്ടിരുന്ന ചില ഈരടികളിലുമൊക്കെ മഞ്‌ജരീവൃത്തത്തിന്റെ പൂര്‍വകാല പ്രയോഗങ്ങള്‍ കാണാം. എങ്കിലും നിഷ്‌കര്‍ഷിച്ചെഴുതിയ ഒരു സാഹിത്യകൃതിയില്‍ ആദ്യമായി ഈ വൃത്തം പ്രയോഗിച്ചു കാണുന്നത്‌ കൃഷ്‌ണഗാഥയിലത്ര. ഗാഥാകാരന്‍ ഈ വൃത്തത്തിനു നല്‌കിയ അംഗീകാരമാകട്ടെ വള്ളത്തോളിന്റെയും ജി.യുടെയും ചങ്ങമ്പുഴയുടെയുമെന്നല്ല പല അത്യാധുനിക കവികളുടെയും കൃതികളില്‍ പ്പോലും ഇന്നും മങ്ങലേതുമില്ലാതെ തുടരുകയും ചെയ്യുന്നു. നോ. ദ്രാവിഡവൃത്തങ്ങള്‍

(ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍