This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്‌ണകർണാമൃതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്‌ണകര്‍ണാമൃതം

ഒരു സംസ്‌കൃത സ്‌തോത്രകാവ്യം. വില്വമംഗലം സ്വാമിയാരെന്നുകൂടി അറിയപ്പെടുന്ന ലീലാശുകനാണ്‌ കര്‍ത്താവ്‌. കേരളീയനെന്നു വിശ്വസിക്കപ്പെടുന്ന ലീലാശുകന്റെ മാതാപിതാക്കള്‍ നീമിയും ദാമോദരനും, ഗുരു ഈശാനദേവനും ആണെന്നു കൃഷ്‌ണകര്‍ണാമൃതത്തില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്‌; സോമഗിരി ആധ്യാത്മിക ഗുരുവായിരുന്നുവെന്നും പറയപ്പെടുന്നു. 9-ാം ശതകം മുതല്‍ 15-ാം ശതകം വരെയുള്ള വ്യത്യസ്‌ത കാലഘട്ടമാണ്‌ കവിയുടെ ജീവിതകാലമായി വിമര്‍ശകന്മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്‌. കൃഷ്‌ണകര്‍ണാമൃതം, മുക്തകരൂപത്തിലുള്ള സ്‌തോത്രകാവ്യമാണ്‌. ദാക്ഷിണ്യാത്യപാഠത്തില്‍ മൂന്ന്‌ ആശ്വാസങ്ങളിലായി 303 ശ്ലോകങ്ങളുണ്ട്‌. ബംഗാളി പാഠത്തില്‍ 112 ശ്ലോകം ഉള്‍ക്കൊള്ളുന്ന ഒരാശ്വാസം മാത്രമാണുള്ളത്‌. പരമഭാഗവതനായ കവിയുടെ പ്രാര്‍ഥനയ്‌ക്കും സ്‌തുതിക്കും വിഷയമാകുന്നത്‌ മധുരോദാരമായ ശ്രീകൃഷ്‌ണരൂപമാണ്‌. ഭക്തിരസനിഷ്യന്ദിയാണ്‌ ഈ കൃതിയിലെ ഓരോ ശ്ലോകവും.

""മാരമാരമ മദീയമാനസേ
	മാധവൈകനിലയേ യദൃച്ഛയാ
	ഹേ രമാരമണ വാര്യതാമസൗ
	കഃസഹേതനിജവേശ്‌മലംഘനം''
 

തുടങ്ങിയ പദ്യങ്ങള്‍ കവിയുടെ ഹൃദയ ദ്രവീകരണക്ഷമമായ ഉല്ലേഖ വൈചിത്യ്രവും ഭക്തിപാരവശ്യവും പദഘടനാവൈഭവവും പ്രകടമാക്കുന്നു.

ദാക്ഷിണാത്യപാഠത്തിലുള്ള കൃഷ്‌ണകര്‍ണാമൃതം ശ്രീരംഗത്തിലെ വാണീവിലാസം പ്രസ്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബംഗാളീപാഠത്തിലുള്ള കൃതി മൂന്നു സംസ്‌കൃതവ്യാഖ്യാനത്തോടുകൂടി എസ്‌.കെ. ഡേ പ്രസാധനം ചെയ്‌തു പ്രകാശിതമായിട്ടുണ്ട്‌. പാപായല്ലയസൂരി, രാമചന്ദ്രബുധേന്ദ്രന്‍, ഗോപാലന്‍, വൃന്ദാവനദാസന്‍, ബ്രഹ്മദത്തന്‍ മുതലായവര്‍ കൃഷ്‌ണകര്‍ണാമൃതത്തിന്‌ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്‌.

ലീലാശുകന്റെ കൃഷ്‌ണകര്‍ണാമൃതത്തിന്റെ ചുവടുപിടിച്ചാണ്‌ പൂന്താനം തന്റെ ഭാഷാകര്‍ണാമൃതം രചിച്ചിട്ടുള്ളത്‌. നോ. പൂന്താനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍