This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണോപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണോപനിഷത്ത്

ഉപനിഷത്തുക്കളില്‍ ഒന്ന്. ഇതില്‍ 25 മന്ത്രങ്ങളടങ്ങിയിരിക്കുന്നു. ഗ്രന്ഥാരംഭത്തില്‍ പ്രശ്നോപനിഷത്തിലെ ശാന്തിപാഠവും ചേര്‍ത്തുകാണുന്നു.

ഒരിക്കല്‍ വനവാസികളായ മഹര്‍ഷിമാര്‍, മഹാവിഷ്ണുവും 'സച്ചിദാനന്ദലക്ഷണ'നുമായ ശ്രീരാമചന്ദ്രനെക്കണ്ടു വിസ്മയിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യവും അംഗസ്പര്‍ശവും ലഭിക്കാന്‍ അപേക്ഷിച്ചു. 'കൃഷ്ണാവതാരത്തില്‍ നിങ്ങള്‍ ഗോപികമാരായിത്തീര്‍ന്ന് എന്റെ അംഗസ്പര്‍ശവും സാന്നിധ്യവും നേടുമെന്നു ഭഗവാന്‍ അരുളിച്ചെയ്തു. രുദ്രാദികളായ ദേവന്മാരെയും അപ്രകാരം തന്നെ അനുഗ്രഹിക്കാമെന്ന് ഏറ്റു.

മനുഷ്യജന്മം കൈക്കൊണ്ട ദേവന്മാര്‍ മനുഷ്യനായി അവതരിച്ച ഭഗവാന്റെ കിങ്കരന്മാരായി. മുക്തി യശോദയായും വൈഷ്ണവീമായ ദേവകിയായും പരമാനന്ദം നന്ദനായും വേദം വസുദേവനായും രൂപംപൂണ്ടു. വേദാര്‍ഥമായ ബ്രഹ്മം തന്നെ രാമകൃഷ്ണന്മാര്‍. ഗോക്കളും ഗോപന്മാരും ഋക്കുകളാണ്. യഷ്ടിയായി ബ്രഹ്മാവും വേണുവായി രുദ്രനും ശൃംഗമായി ഇന്ദ്രനും അവതരിച്ചു. വൈകുണ്ഠം ഗോകുലമായി. താപസന്മാര്‍ വൃക്ഷങ്ങളും ലോഭക്രോധാദികള്‍ അസുരന്മാരുമത്രേ. കലികാലത്തില്‍ ഭഗവാന്റെ നാമോച്ചാരണം കൊണ്ടു തന്നെ ലോഭക്രോധാദികള്‍ നശിക്കുന്നു. സനാതനബ്രഹ്മം ശ്രീകൃഷ്ണനായും ശേഷന്‍ ബലരാമനായും ജനിച്ചു. ഭഗവാന്റെ 16,008 കാന്തമാര്‍ ഋക്കുകളും ഉപനിഷത്തുകളുമാകുന്നു. ബ്രഹ്മസ്വരൂപിണികളായ ഋക്കുകള്‍ തന്നെ ഗോപികമാര്‍. ചാണൂരന്‍ ദ്വേഷവും മുഷ്ടികന്‍ മത്സരവും കുവലയാപീഡം ദര്‍പ്പവും ബകാസുരന്‍ ഗര്‍വവുമത്രേ. ദയയാണ് രോഹിണീ മാതാവ്; മഹാവ്യാധി അഘാസുരന്‍; കലി കംസന്‍; ശമം സുദാമാവ്; സത്യം അക്രൂരന്‍; ദമം ഉദ്ധവര്‍; ശംഖം വിഷ്ണു തന്നെ; പാല്‍ക്കുടങ്ങള്‍ ക്ഷീരനിധി; ചക്രം ബ്രഹ്മതുല്യം. ഇതാണ് കൃഷ്ണോപനിഷത്തിലെ പ്രമേയത്തിന്റെ സ്വരൂപം. ഈ തത്ത്വം ഗ്രഹിക്കുന്ന ജ്ഞാനിക്ക് സര്‍വ തീര്‍ഥങ്ങളിലും സ്നാനം ചെയ്താലുണ്ടാകുന്ന ഫലവും ശരീരപാതത്തില്‍ മുക്തിയും ലഭിക്കുമെന്നുള്ള പ്രസ്താവത്തോടെ കൃഷ്ണോപനിഷത്തു സമാപിക്കുന്നു.

അര്‍വാചീനമെന്നു കരുതപ്പെടുന്ന ഈ ഉപനിഷത്തില്‍ കൃഷ്ണ ചരിതത്തെ അധ്യാത്മവിദ്യയുടെയും അതിലെ കഥാപാത്രങ്ങളെ ഈ വിദ്യയുടെ വിവിധ ഭാവങ്ങളുടെയും പ്രതീകങ്ങളായാണ് പ്രതിപാദിച്ചിരിക്കുന്നത്.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍