This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണാഹതീസിങ് (1907 - 67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണാഹതീസിങ് (1907 - 67)

പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും. പണ്ഡിറ്റ് മോത്തിലാല്‍ നെഹ്റുവിന്റെയും സ്വരൂപറാണിയുടെയും പുത്രിയായി 1907 നവംബറില്‍ അലഹബാദില്‍ ജനിച്ചു.

ജാലിയന്‍വാലാബാഗ് ദുരന്തമാണ് കൃഷ്ണയെ സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളോട് അടുപ്പിച്ചത്. തുടര്‍ന്ന് അഹമ്മദാബാദ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അമ്മ, ചേട്ടത്തി എന്നിവരോടൊപ്പം പങ്കെടുത്തശേഷം കുറേക്കാലം ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തില്‍ അന്തേവാസിയായി.

1926-ല്‍ യൂറോപ്പ് സന്ദര്‍ശനവേളയിലാണ് ജ്യേഷ്ഠനായ ജവാഹര്‍ലാലിനെ അടുത്തറിയാന്‍ ഇവര്‍ക്കു സാധിച്ചത്. നെഹ്റുവിനെ ആദര്‍ശ മിത്രമായും മാര്‍ഗദര്‍ശകനായും ഇവര്‍ ചിത്രീകരിച്ചിട്ടുണ്ട്. ലോക പ്രസിദ്ധരായ ഐന്‍സ്റ്റൈന്‍, റൊമാറോലാ മുതലായവരുമായി പരിചയപ്പെടുവാനും ഇക്കാലത്ത് ഇവര്‍ക്ക് അവസരം ലഭിച്ചു. ലണ്ടന്‍, ബര്‍ലിന്‍, മോസ്കോ മുതലായ നഗരങ്ങള്‍ സന്ദര്‍ശിച്ച ശേഷം 1927-ല്‍ ഇവര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി.

1930-ലെ ദണ്ഡി സത്യഗ്രഹത്തിലും മറ്റും പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1933 ഒ. 20-ന് ഗുണോത്തമ ഹതീസിങ്ങു(രാജ)മായുള്ള കൃഷ്ണയുടെ വിവാഹം നടന്നു. ഭര്‍ത്താവ് സ്വാതന്ത്ര്യസമര ഭടനായിരുന്നതു കൊണ്ട് ദീര്‍ഘമായ വിരഹം ഇവര്‍ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ക്രമേണ കുടുംബകാര്യങ്ങളില്‍ മുഴുകിയ കൃഷ്ണ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുവെങ്കിലും സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും സാമൂഹിക സേവനത്തിലും തത്പരയായി.

സാമൂഹിക സേവനത്തോടൊപ്പം സാഹിത്യരചനയ്ക്കും കൃഷ്ണ സമയം കണ്ടെത്തിയിരുന്നു. വിത്ത് നോ റിഗ്രറ്റ് എന്ന ആത്മകഥാരൂപത്തിലുള്ള ഇംഗ്ലീഷ് പുസ്തകം 1944-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഷാഡോസ് ഓണ്‍ ദ് വാള്‍, ഗാന്ധിജി (ബാലസാഹിത്യം), നെഹ്റൂസ് ലെറ്റേഴ്സ് ടു ഹിസ് സിസ്റ്റര്‍, വി നെഹ്റൂസ് മുതലായവയും കൃഷ്ണയുടെ ശ്രദ്ധേയമായ സാഹിത്യകൃതികളാണ്. 1967 ന. 9-ന് ലണ്ടനില്‍ കൃഷ്ണ അന്തരിച്ചു.

ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഡിയര്‍ ടു ബിഹോള്‍ഡ് എന്ന കൃതി ഇവരുടെ മരണാനന്തരം 1969-ല്‍ പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍