This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണസ്വാമി അയ്യര്‍, ടി.ആര്‍. (1891 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണസ്വാമി അയ്യര്‍, ടി.ആര്‍. (1891 - 1935)

ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കര്‍ത്താവും. തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ടി.കെ. രാമസ്വാമി അയ്യരുടെയും അരുന്ധതി അമ്മാളിന്റെയും മകനായി 1891 ഏ. 30-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട്ടു വിക്ടോറിയ കോളജിലും മദ്രാസ് പ്രസിഡന്‍സി കോളജിലും ലാ കോളജിലും അഭ്യസനം നടത്തി, മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം.എ.ബി.എല്‍. ബിരുദങ്ങള്‍ സമ്പാദിച്ചു. 1918-ല്‍ ചാവക്കാട്ടു മുന്‍സിഫ് കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. തുടര്‍ന്നു പാലക്കാട്ടും ചിറ്റൂരിലും അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട ഇദ്ദേഹം ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി 1919-ല്‍ പ്രാക്ടീസ് ഉപേക്ഷിച്ചു. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായി. 1922-ലെ ഒലവക്കോടു രാഷ്ട്രീയ സമ്മേളനത്തില്‍ ഒരു മിശ്രഭോജനം ഏര്‍പ്പാടു ചെയ്തത് യാഥാസ്ഥിതികരായ സ്വസമുദായക്കാരെ ക്ഷോഭിപ്പിച്ചു. നിസ്സഹകരണപ്രസ്ഥാനത്തിലെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളായ നൂല്‍നൂല്പ്, ഹിന്ദി പ്രചാരണം, 'ഹരിജനോദ്ധാരണം' എന്നിവ ലക്ഷ്യമാക്കി ഒലവക്കോട്ട് അകത്തേത്തറയില്‍ 'ശബരി ആശ്രമം' എന്ന പേരില്‍ ഒരവര്‍ണോദ്ധാരണ കേന്ദ്രവും, അതിനോടു ചേര്‍ന്ന് ആദിവാസികളായ നായാടികളുടെ കുട്ടികളെ സംരക്ഷിക്കുവാനായി ഒരനാഥാലയവും സ്ഥാപിച്ചു (1921). ഗാന്ധിജി രണ്ടു തവണ ഈ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.

വൈക്കം സത്യഗ്രഹത്തില്‍ കൃഷ്ണസ്വാമി അയ്യരും പങ്കെടുത്തിരുന്നു (1924). ജാതി ഹിന്ദുക്കളുടെ നേതാവായ ഇണ്ടന്തുരുത്തില്‍ നമ്പ്യാതിരിയും മറ്റുമായി ഗാന്ധിജി സംവാദത്തിലേര്‍പ്പെട്ടപ്പോള്‍ ഗാന്ധിജിയുടെ ഭാഗത്തു കൃഷ്ണസ്വാമി അയ്യരുമുണ്ടായിരുന്നു. ഇദ്ദേഹം 1930-ല്‍ ഉപ്പു നിയമ ലംഘനത്തിനായി പയ്യന്നൂരിലേക്ക് ഒരു സംഘം സന്നദ്ധഭടന്മാരെ നയിച്ചു. പിന്നീട് 1930 മേയ് 12-നു കോഴിക്കോട്ടു കടപ്പുറത്തു വച്ചു നടന്ന ഉപ്പു നിയമ ലംഘനത്തില്‍ പങ്കെടുത്ത ഇദ്ദേഹം ക്രൂരമായി മര്‍ദിക്കപ്പെട്ടു. അറസ്റ്റ് ചെയ്തു ഒമ്പതു മാസത്തേക്കു ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തെ കണ്ണൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍ പാര്‍പ്പിച്ചു.

കവിയും ഗായകനും കാഥികനും കൂടിയായിരുന്ന കൃഷ്ണസ്വാമി അയ്യര്‍ തികച്ചും ലളിതമായ ജീവിതമാണു നയിച്ചിരുന്നത്. കോണ്‍ഗ്രസ് ആദര്‍ശങ്ങളുടെ പ്രചാരണത്തിനായി അനേകം ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ നയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുവാനായി യുവഭാരതം എന്ന ഒരു വാരിക ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്ഷേത്ര പ്രവേശനത്തിനായി നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തെപ്പറ്റി യുവഭാരതത്തില്‍ പ്രസിദ്ധീകരിച്ച ഒരു കവിത രാജ്യദ്രോഹമായി ചിത്രീകരിച്ചുകൊണ്ട് 1931 ന. 7-ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഒമ്പതു മാസക്കാലത്തെ കഠിനതടവിനു ശിക്ഷിച്ചു.

ജയിലില്‍ നിന്നും പുറത്തുവന്ന കൃഷ്ണസ്വാമി അയ്യര്‍, കുടുംബസംബന്ധമായ ബുദ്ധിമുട്ടുകള്‍ നിമിത്തം മുഴുവന്‍ സമയവും പൊതുപ്രവര്‍ത്തനത്തിനു വിനിയോഗിക്കാനാകാതെ, യുണൈറ്റഡ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കോഴിക്കോട്ടു ശാഖയുടെ മാനേജരായി രണ്ടു കൊല്ലം പ്രവര്‍ത്തിച്ചു. 1935 ഏ. 30-ന് ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. കെ. കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍