This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണവാരിയര്‍, എ.ജി. (1910 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണവാരിയര്‍, എ.ജി. (1910 - 84)

എ.ജി.കൃഷ്ണവാരിയര്‍

സംസ്കൃത പണ്ഡിതനും എഴുത്തുകാരനും. 1910 മാ. 7-ന് തിരുവല്ലയില്‍ ജനിച്ചു. തിരുവല്ലാ എം.ജി.എം. സ്കൂളില്‍ പഠിച്ചു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക് മാന്‍സ് കോളജില്‍ നിന്നു ഗണിതം ഐച്ഛിക വിഷയമായി പഠിച്ചു ബി.എ. പരീക്ഷ പാസായി. തുടര്‍ന്നു ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടി. പണ്ഡിറ്റ് മദനമോഹന മാളവ്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസം നടത്തുവാനുള്ള അവസരം ഇദ്ദേഹത്തിനു ലഭിച്ചു. ഗോപിനാഥ കവിരാജ്, പ്രമഥനാഥ തര്‍ക്കഭൂഷണ്‍, ടി.ആര്‍.വി. മൂര്‍ത്തി എന്നിവര്‍ ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു. വേദാന്തത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഭാരതീയ തത്ത്വദര്‍ശനങ്ങളായിരുന്നു എം.എ. ക്ക് ഇദ്ദേഹം തെരഞ്ഞെടുത്ത വിഷയം. പഠനാനന്തരം തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്കൃത ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായി. തുടര്‍ന്നു തിരുവനന്തപുരം സംസ്കൃത കോളജിലും മഹാരാജാസ് സയന്‍സ് കോളജിലും സംസ്കൃത ലക്ചററായി. 1952-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ ടി.എം.പി. മഹാദേവന്റെ മേല്‍നോട്ടത്തില്‍ ഗവേഷണമാരംഭിച്ചു. കോണ്‍സപ്റ്റ് ഒഫ് മുക്തി ഇന്‍ അദ്വൈത വേദാന്ത (Concept of Mukti in Advaita Vedanta) എന്ന വിഷയത്തില്‍ പിഎച്ച്. ഡി. ബിരുദം നേടി. മടങ്ങിയെത്തിയ ഇദ്ദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും തുടര്‍ന്നു കേരള സര്‍വകലാശാലയിലെ സംസ്കൃത വകുപ്പിലും പ്രൊഫസര്‍ സ്ഥാനം അലങ്കരിച്ചു. 1972-ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും വിരമിച്ച ഇദ്ദേഹം ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ സംസ്കൃത പ്രൊഫസറായി ഒരു വര്‍ഷവും സിംലായിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്ററില്‍ വിസിറ്റിങ് ഫെലോഷിപ്പ് നേടി രണ്ടു വര്‍ഷവും പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഒഫ് ഓറിയന്റല്‍ സ്റ്റഡീസിന്റെ ഡീനായും വാരിയര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവസാന കാലത്തില്‍ അഡയാര്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ രാഷ്ട്രീയ സംസ്കൃത സംസ്ഥാനിന്റെ ശാസ്ത്രചൂഡാമണി പദ്ധതിയനുസരിച്ചു പ്രവര്‍ത്തിച്ചുവന്നു.

വിസ്തൃതമായ ഉപോദ്ഘാതത്തോടും കുറിപ്പുകളോടും കൂടിയ ബ്രഹ്മസൂത്ര ശാങ്കരഭാഷ്യം - ഭാഷാനുവാദം (അഞ്ചു വാല്യങ്ങള്‍), ബുദ്ധചരിതം (1950), വിവേകാനന്ദന്‍ (ജീവചരിത്രം 1951) എന്നീ മലയാള കൃതികളും കോണ്‍സപ്റ്റ് ഒഫ് മുക്തി ഇന്‍ അദ്വൈത വേദാന്ത (Concept of Mukti in Advaita Vedanta, 1962), ഗോഡ് ഇന്‍ അദ്വൈത (God in Advaita, 1977), ശാക്ത ഉപനിഷദ്സ് (Sakta Upanishads, 1967), ഗീതഭാഷ്യ ഒഫ് ശങ്കര (Gita Bhasya of Sankara:English transltion) എന്നീ ഇംഗ്ലീഷ് കൃതികളും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. 1984 ജൂണ്‍ 6-ന് മദ്രാസില്‍ ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. വി. വെങ്കടരാജശര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍