This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണവാരിയര്‍, എന്‍.വി. (1916 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണവാരിയര്‍, എന്‍.വി. (1916 - 89)

എന്‍.വി.കൃഷ്ണവാരിയര്‍

മലയാള സാഹിത്യകാരന്‍. കവി, നിരൂപകന്‍, ബഹുഭാഷാ പണ്ഡിതന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഇദ്ദേഹം തൃശൂര്‍ ജില്ലയിലെ ഞെരുവശ്ശേരിയില്‍ നരുവക്കാവു വാര്യത്ത് അച്യുതവാരിയരുടെയും മാധവി വാരിയസ്യാരുടെയും മകനായി 1916 മേയ് 13-ന് ജനിച്ചു. വല്ലച്ചിറ പ്രൈമറി സ്കൂള്‍, പെരുവനം സംസ്കൃത പാഠശാല, തൃപ്പൂണിത്തുറ സംസ്കൃത കോളജ്, മദിരാശി സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സംസ്കൃത വിദ്യാഭ്യാസം പാരമ്പര്യ പ്രകാരമാണു നേടിയത്. വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എല്‍, എം.എ. എന്നീ ബിരുദങ്ങള്‍ നേടി. മലയാള വൃത്തങ്ങളെ സംബന്ധിച്ചു ഗവേഷണം നടത്തി എം. ലിറ്റും സമ്പാദിച്ചു. ഇദ്ദേഹം ജര്‍മന്‍ ഭാഷയില്‍ സര്‍ട്ടിഫിക്കറ്റും ഹിന്ദിയില്‍ രാഷ്ട്ര ഭാഷാവിശാരദ് ബിരുദവും നേടിയിട്ടുണ്ട്. തമിഴ്, കര്‍ണാടകം, റഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ പരിചയവും മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ രചനാ സാമര്‍ഥ്യവുമുണ്ട്. തൃപ്പൂണിത്തുറ സംസ്കൃത കോളജില്‍ ട്യൂട്ടര്‍, കാലടി സംസ്കൃത സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ എന്നീ നിലകളില്‍ ആദ്യകാലത്തു ജോലിനോക്കി. 1942-ല്‍ ജോലി രാജിവച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. സ്വതന്ത്രഭാരതം എന്ന വിപ്ലവപത്രം ഒളിവിലിരുന്നുകൊണ്ടു പ്രസിദ്ധീകരിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിനുശേഷം കുറേനാള്‍ കോഴിക്കോട്ടും കൊടകരയിലും സംസ്കൃത അധ്യാപകനായിരുന്നിട്ടുണ്ട്. ഹൈസ്കൂളിലെ അധ്യാപകവൃത്തി ഉപേക്ഷിച്ചിട്ടാണ് മദ്രാസ് സര്‍വകലാശാലയില്‍ ചേര്‍ന്നു ഗവേഷണം നടത്തി എം. ലിറ്റ് ഡിഗ്രിയെടുത്തത്. തുടര്‍ന്ന് അവിടെ ക്രിസ്ത്യന്‍ കോളജില്‍ ചുരുങ്ങിയ കാലം ട്യൂട്ടറുമായിരുന്നു. പിന്നീടു തൃശൂര്‍ കേരളവര്‍മ കോളജില്‍ ലക്ചററായി. കോഴിക്കോട് മാതൃഭൂമി വാരികയുടെ പത്രാധിപരായി നിയമിതനായപ്പോള്‍ കോളജില്‍ നിന്നു രാജിവച്ചു. മാതൃഭൂമിയുടെ പത്രാധിപരെന്ന നിലയില്‍ കൃഷ്ണവാരിയര്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സേവനം വിലയേറിയതാണ്. മാതൃഭൂമിയില്‍ നിന്നും വിട്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടറായി (1968-75). വീണ്ടും മാതൃഭൂമിയിലേക്കു തിരിച്ചു പോയി. പിന്നീട് കുങ്കുമം, കലാലയം എന്നീ വാരികകളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍, കേരള സ്കൂള്‍ സംസ്കൃത പാഠപുസ്തകക്കമ്മിറ്റി എന്നിവയുടെ അധ്യക്ഷനായും കൊച്ചിന്‍ ടീച്ചേഴ്സ് അസോസിയേഷന്‍, കൊച്ചി പാഠപുസ്തക നിര്‍മാണ സമിതി, കേരള സര്‍വകലാശാലാ സെനറ്റ്, കോഴിക്കോടു സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍, കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നിവയില്‍ അംഗമായും സേവനം അനുഷ്ഠിച്ചു. ഇംഗ്ലണ്ടിലും (1958), അമേരിക്കയിലും (1958), സോവിയറ്റു യൂണിയനിലും (1967) പര്യടനം നടത്തിയിട്ടുണ്ട്.

നീണ്ടകവിതകള്‍, കുറേക്കൂടി നീണ്ടകവിതകള്‍, കൊച്ചു തൊമ്മന്‍, ഗാന്ധിയും ഗോഡ്സേയും (കവിതകള്‍), കലോത്സവം, പരിപ്രേക്ഷ്യം, സമാകലനം, വള്ളത്തോളിന്റെ കാവ്യശില്പം (സാഹിത്യ ലേഖനങ്ങള്‍), അമേരിക്കയിലൂടെ, ഉണരുന്ന ഉത്തരേന്ത്യ (സഞ്ചാര സാഹിത്യം), ബുദ്ധചരിതം, ചിത്രാംഗദ (ആട്ടക്കഥകള്‍), വാസ്കോഡി ഗാമ, അസതി (നാടകങ്ങള്‍), നയാഗരാപ്രപാതഃ (സംസ്കൃത കവിത) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. വള്ളത്തോളിന്റെ കാവ്യശില്പം, ഗാന്ധിയും ഗോദ്സേയും എന്നിവ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതികളാണ്.

നീണ്ടകവിതകള്‍ കൊണ്ടാണ് എന്‍.വി. കൃഷ്ണവാരിയര്‍ മലയാളത്തില്‍ പെട്ടെന്നു പ്രസിദ്ധനായത്. ആവര്‍ത്തന വിരസവും അതിവാചാലവുമെന്ന് നിരൂപകര്‍ പറയുന്ന ചങ്ങമ്പുഴയുടെ കാല്പനിക കവിതകള്‍ കൊണ്ടു മനം മടുത്ത് ഇദ്ദേഹം എഴുതിയ കുറെ ആഖ്യാന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ചങ്ങമ്പുഴയ്ക്കു ശേഷമുള്ള മലയാള കവിത യഥാതഥമാകുന്നതും, മനുഷ്യ ജീവിതാവസ്ഥകള്‍ ചിത്രീകരിക്കാന്‍ തുടങ്ങുന്നതും ഇദ്ദേഹത്തിന്റെ കൃതികളിലാണ്. കുറേക്കൂടി നീണ്ട കവിതകളും ആഖ്യാന രചനകള്‍ തന്നെ. പിന്നെപ്പിന്നെ ഇദ്ദേഹത്തിന്റെ കവിതകളില്‍ നേര്‍ത്ത വിഷാദ ഭാവവും ഉപഹാസ ഛായയും നിഴല്‍വീശിത്തുടങ്ങി. സറ്റയര്‍ അഥവാ ആക്ഷേപഹാസ്യം എന്നു പറയാവുന്ന മനോഭാവവും കൃഷ്ണവാരിയരുടെ കവിതകളില്‍ പലപ്പോഴും മുഖം കാണിക്കുന്നുണ്ട്. അങ്ങനെ ഇദ്ദേഹത്തിന്റെ കവിതകള്‍ സാമൂഹിക വിമര്‍ശനം നടത്തുന്നു.

കവിതയില്‍ പുതിയ രചനാശൈലിയും നിരൂപണത്തില്‍ പുതിയ ചിന്താശൈലിയും അവതരിപ്പിച്ചു മലയാള സാഹിത്യത്തെ ആധുനികമാക്കിത്തീര്‍ത്തവരില്‍ പ്രമുഖനാണു കൃഷ്ണവാരിയര്‍. പുരോഗാമിയായൊരു സാമൂഹിക ചിന്തകന്‍ കൂടിയായിരുന്ന ഇദ്ദേഹം 1989 ഒ. 12-ന് അന്തരിച്ചു.

(ഡോ. പി.വി. വേലായുധന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍