This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണരാജ ഉടയാര്‍ I (1704 - 32)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണരാജ ഉടയാര്‍ I (1704 - 32)

മുന്‍ മൈസൂര്‍ രാജാവ്. മൈസൂര്‍ രാജാവായ കണ്ഠീരവനരസരാജ ഉടയാര്‍ II-ന്റെ (ഭ.കാ. 1704-14) പുത്രനായ ഇദ്ദേഹം വളരെ ചെറുപ്പത്തില്‍ത്തന്നെ രാജാവായി (1714 മാ. 3). ദക്ഷിണേന്ത്യയില്‍ രാഷ്ട്രീയ അസ്വസ്ഥതകള്‍ നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. ഹൈദരാബാദില്‍ നൈസാം തന്റെ ശക്തി കര്‍ണാടകത്തിലേക്കുകൂടി വ്യാപിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. അതേസമയം പേഷ്വാമാരുടെ കീഴില്‍ മറാത്തികളും സ്വാധികാരം തെക്കേ ഇന്ത്യയിലേക്കു വികസിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇക്കേരിയിലെ സോമശേഖരനായക് II-ഉം മൈസൂറിനെതിരായിരുന്നു. ഈ കുഴപ്പം പിടിച്ച സാഹചര്യത്തിലാണു കൃഷ്ണരാജ ഉടയാര്‍ I രാജാവായത്.

1724-ല്‍ ആര്‍ക്കാട്-സിറാ-കടപ്പാ-കര്‍ണൂല്‍-സാവന്നൂര്‍-നവാബുമാര്‍, നൈസാം, ഇക്കേരി നായക് എന്നിവരുടെ ഒരു സംയുക്ത സൈന്യം മൈസൂര്‍ ആക്രമിച്ചു. വിപുലമായ ഈ സൈന്യത്തെ നേരിടാന്‍ കഴിയാതിരുന്ന മൈസൂര്‍ രാജാവ് കോഴ കൊടുത്ത് അവരെ തിരിച്ചയച്ചു. 1726-ല്‍ മറാത്തികള്‍ പേഷ്വാ ബാജിറാവു I-ന്റെ നേത്യത്വത്തില്‍ ശ്രീരംഗ പട്ടണം ആക്രമിച്ചുവെങ്കിലും തോല്പിക്കപ്പെടുകയാണുണ്ടായത്. മാഗഡിയും സാവന്‍ ദുര്‍ഗയും കീഴടക്കി ഉടയാര്‍ മൈസൂരിന്റെ അതിര്‍ത്തികള്‍ വിപുലപ്പെടുത്തി.

കുഴപ്പം പിടിച്ച ഈ സ്ഥലത്തു ഭരണത്തിന്റെ ചുക്കാന്‍ പിടിക്കത്തക്ക സാമര്‍ഥ്യമുള്ള ഒരു രാജാവായിരുന്നില്ല കൃഷ്ണരാജ ഉടയാര്‍ I. ഇക്കാലത്ത് രാജാവിന്റെ അധികാരം ക്ഷയിക്കുകയും മന്ത്രിമാരുടെ (ദളവായുടെയും സര്‍വാധികാരിയുടെയും) അധികാരം വര്‍ധിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ പിന്നീടു സിംഹാസനാരോഹണം ചെയ്ത രാജാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത് ഈ മന്ത്രിമാരായിരുന്നു. കൃഷ്ണരാജ ഉടയാര്‍ I, 1732 മാ. 5-നു അന്തരിച്ചു.

കൃഷ്ണരാജ ഉടയാര്‍ II (ഭ.കാ. 1734 - 66). മൈസൂര്‍ സാമ്രാജ്യത്തിലെ ഭരണാധികാരി. ചാമരാജ ഉടയാര്‍ IV-നെ സ്ഥാനഭ്രഷ്ടനാക്കിയശേഷമാണ് ദളവാ ദേവരാജയ്യാ കൃഷ്ണരാജ ഉടയാന്‍ II-നെ രാജാവാക്കിയത് (1734 ജൂണ്‍ 15). ഈ സമയത്ത് ഉടയാര്‍ക്ക് അഞ്ചുവയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഇങ്ങനെ രാജസ്ഥാനത്തെ പൂര്‍ണമായും നിയന്ത്രിച്ചിരുന്നത് ദളവാ ദേവരാജയ്യായും അദ്ദേഹത്തിന്റെ ചാര്‍ച്ചക്കാരനും സര്‍വാധികാരിയുമായ നഞ്ചരാജയ്യായും ആയിരുന്നു. തെക്കേ ഇന്ത്യയില്‍ നൈസാമിന്റെ ആശ്രിതരും മറാത്തികളും തമ്മില്‍ അധികാരമത്സരം നടക്കുന്ന കാലമായിരുന്നു ഇത്. കര്‍ണാടകത്തിലെ നവാബുമാര്‍ ഇക്കാലത്തു മധുരനായ്ക്കന്മാരില്‍ നിന്നും തൃശ്ശിനാപ്പള്ളി, മധുര, ദിണ്ടിഗല്‍ എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു (1736). മൈസൂര്‍ ആക്രമിച്ച നവാബിന്റെ സൈന്യത്തെ മൈസൂര്‍ സൈന്യം 'കൈലഞ്ചാ' യുദ്ധത്തില്‍ നിശ്ശേഷം തോല്പിച്ചോടിച്ചു (1737). തൃശ്ശിനാപ്പള്ളി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂറില്‍ ലയിപ്പിക്കുക എന്നതായിരുന്നു ദേവരാജയ്യായുടെ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി 1747 ഏപ്രിലില്‍ ദേവനഹള്ളി പിടിച്ചെടുത്തു. കര്‍ണാടകത്തിലെ കിരീടത്തിനു വേണ്ടി ചന്ദാ സാഹിബും ഫ്രഞ്ചുകാരും ഒരു ഭാഗത്തും, ഇംഗ്ലീഷുകാരും മുഹമ്മദാലിയും മറുഭാഗത്തുമായി നടന്ന യുദ്ധങ്ങള്‍ മൈസൂര്‍കാര്‍ക്ക് ഒരനുഗ്രഹമായിത്തീര്‍ന്നു (1748-51).

കൃഷ്ണരാജ ഉടയാര്‍ II

തങ്ങളുടെ സഹായത്തോടുകൂടി പിടിച്ചെടുത്ത തൃശ്ശിനാപ്പള്ളി വിട്ടുകിട്ടണമെന്ന് മൈസൂര്‍ അധികാരികള്‍ ചന്ദാ സാഹിബിനോട് ആവശ്യപ്പെട്ടു (ജൂണ്‍ 1752). നവാബ് വാഗ്ദാനം ലംഘിക്കുകയും നഞ്ചരാജയ്യായുടെ സൈന്യത്തെ ആക്രമിക്കുകയും ചെയ്തു. ഇംഗ്ലീഷ് സൈന്യം മുഹമ്മദാലിക്കനുകൂലമായിരുന്നതിനാല്‍ മൈസൂര്‍ സൈന്യത്തിനു തൃശ്ശിനാപ്പള്ളി പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല (1754-55).

25 വയസ്സു തികഞ്ഞ കൃഷ്ണരാജ ഉടയാര്‍ ഇതിനിടയില്‍ മന്ത്രിമാര്‍ക്കെതിരായി ഉപജാപം നടത്തി. നഞ്ചരാജയ്യായുടെ സഹായത്തിനെത്തിയ മറാത്താ സൈന്യം ബാംഗ്ലൂര്‍ ഉപരോധിച്ചു. ഈ ഉപരോധത്തിലാണു ഹൈദര്‍ അലിയുടെ സൈനിക സാമര്‍ഥ്യം ആദ്യമായി പ്രകടമായത് (1757). നഞ്ചരാജയ്യായ്ക്കെതിരായിത്തിരിഞ്ഞ ഹൈദര്‍ മൈസൂറിലെ ദളവാ ഭരണം അവസാനിപ്പിക്കുകയും കൃഷ്ണരാജ ഉടയാരുടെ പ്രധാന സഹായി ആയിത്തീരുകയും ചെയ്തു (1759). രാജധാനിയിലെ ഒരു വിഭാഗം ഇതിനെതിരായി പൊരുതിയെങ്കിലും ഹൈദര്‍ ആ ശ്രമത്തെ പരാജയപ്പെടുത്തുകയും കൃഷ്ണരാജ ഉടയാരെ 'മാന്യമായ തടവില്‍' ആക്കി രാജ്യത്തിന്റെ ആധിപത്യം ഏറ്റെടുക്കുകയും ചെയ്തു (ജൂല. 1761).

പിന്നീട് കൃഷ്ണരാജ ഉടയാര്‍ II രാജ്യഭരണമില്ലാത്ത ഒരു രാജാവിന്റെ നിലയില്‍ കഴിച്ചുകൂട്ടി. മദ്രാസിലെ ഇംഗ്ലീഷ് രേഖകളില്‍ കാണുന്ന ഒരു പരാമര്‍ശം രാജാവിന്റെ സ്ഥിതി വ്യക്തമാക്കുന്നുണ്ട്: 'രാജാവിന്റെ പുറംമോടികള്‍ (കൃഷ്ണരാജ ഉടയാര്‍) അനുഭവിക്കുന്നുണ്ട്; മറ്റൊന്നുമല്ല, രാജ്യകാര്യങ്ങളില്‍ നിന്നും ഹൈദര്‍ നായിക്ക് പൂര്‍ണമായും രാജാവിനെ ഒഴിവാക്കിയിരിക്കുന്നു'. 1766-ല്‍ ഇദ്ദേഹം അന്തരിച്ചു.

കൃഷ്ണരാജ ഉടയാര്‍ III (1799 - 1868). നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുസുല്‍ത്താന്‍ വധിക്കപ്പെട്ടതിനുശേഷം ഇംഗ്ലീഷ് കമ്പനിക്കാര്‍ മൈസൂറിലെ മുന്‍ ഹിന്ദു രാജകുടുംബത്തെ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. കൃഷ്ണരാജ ഉടയാര്‍ III 1799 ജൂണ്‍ 30-നു മൈസൂര്‍ രാജാവായി ഭരണമേറ്റു. രാജ്യഭരണത്തില്‍ പരിണതപ്രജ്ഞരായിരുന്ന ദിവാന്‍ പൂര്‍ണയ്യായുടെയും റെസിഡന്റ് ബാരിക്ലോസിന്റെയും പൂര്‍ണ സഹകരണം ഇദ്ദേഹത്തിനു കിട്ടിയിരുന്നതുകൊണ്ട് ഭരണമാറ്റത്തില്‍ ഉണ്ടാവുമായിരുന്ന പല പ്രശ്നങ്ങളും എളുപ്പത്തില്‍ പരിഹരിക്കുവാന്‍ കഴിഞ്ഞു.

കൃഷ്ണരാജ ഉടയാര്‍ III

ഭരണകാലത്തിന്റെ ആദ്യത്തെ പകുതിയില്‍ രാജാവിന്റെ ശ്രദ്ധ പതിഞ്ഞതു താഴെപ്പറയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലായിരുന്നു: 1. ഏകദേശം ഒരു നൂറ്റാണ്ടായി മൈസൂറും മറ്റു ശക്തികളുമായി നടന്നിരുന്ന യുദ്ധം കാരണം തകര്‍ന്നുകഴിഞ്ഞിരുന്ന ക്രമസമാധാനം പുനഃസ്ഥാപിക്കുക; 2. സബ്സിഡിയറി ഉടമ്പടി പ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റുക; 3. ഒരു ആധുനിക ഭരണവ്യവസ്ഥ ഏര്‍പ്പെടുത്തുക.

വിഷമമേറിയ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രാജാവിനു നന്നേ ക്ലേശിക്കേണ്ടിവന്നു. കലഹപ്രിയരും കുഴപ്പക്കാരുമായ പല പ്രമാണിമാരെയും ഒതുക്കി രാജാവിന്റെ അധികാരം ഉറപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. കുഴപ്പക്കാരായ പാളയക്കാരില്‍ കുറേപ്പേരെ ബന്ധനസ്ഥരാക്കുകയും കുറേപ്പേര്‍ക്ക് യോജിച്ച ഉദ്യോഗങ്ങള്‍ നല്കുകയും മറ്റു ചിലര്‍ക്ക് പെന്‍ഷന്‍ നല്കുകയുംവഴി നാട്ടില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുവാന്‍ സാധിച്ചു. ഉദ്യോഗങ്ങളും പെന്‍ഷനും നല്‍കപ്പെട്ടവര്‍ മൈസൂറില്‍ത്തന്നെ താമസിക്കണമെന്ന വ്യവസ്ഥ അവര്‍ അവരവരുടെ പ്രദേശങ്ങളില്‍ കുഴപ്പം കുത്തിപ്പൊക്കുകയില്ലെന്നതിന് ഉറപ്പായിരുന്നു.

റവന്യു ഭരണം മെച്ചപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ 1799-ല്‍ കോളിന്‍ മെക്കന്‍സി വിശദമായ ഒരു ഭൂസര്‍വേ നടത്തി. 1810-ലാണ് ആ സര്‍വേ പൂര്‍ത്തിയായത്. 1801-ല്‍ ഫ്രാന്‍സിസ് ബുക്കാനനെ മൈസൂറിന്റെ കൂടി സാമ്പത്തിക സ്ഥിതി അന്വേഷിക്കുവാന്‍ ചുമതലപ്പെടുത്തിയിരുന്നു. നീതി ന്യായഭരണം മെച്ചപ്പെടുത്തുന്നതിനുവേണ്ടി 1805-ല്‍ രണ്ടു ജഡ്ജിമാരും രണ്ടു ശിരസ്തദാര്‍മാരും ആറു പ്രമുഖ വ്യക്തികളും അടങ്ങുന്ന ഒരു അദാലത്ത് (കോടതി) ഇദ്ദേഹം സ്ഥാപിച്ചു. ഒരു ഖാസിയും ഒരു പണ്ഡിറ്റും നീതിന്യായഭരണത്തില്‍ കോടതിയെ സഹായിച്ചിരുന്നു. ആരോഗ്യപരിപാലനത്തിലും രാജാവിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. 1806-ല്‍ രാജ്യത്തുടനീളം രോഗപ്രതിരോധത്തിനുള്ള കുത്തിവയ്പു നിര്‍ബന്ധിതമാക്കി. വിദ്യാഭ്യാസ സൗകര്യങ്ങള്‍ വിപുലമാക്കാനും രാജാവു വേണ്ട നടപടികള്‍ സ്വീകരിച്ചു.

ഭരണ സൗകര്യാര്‍ഥം രാജ്യത്തെ ആറ് ഫൗജ്ദാരികളായും 125 താലൂക്കുകളായും ഭാഗിച്ചിരുന്നു. കേന്ദ്ര ഭരണം 18 വകുപ്പുകളായി വിഭജിച്ചു. ഈ വകുപ്പുകളെല്ലാം ദിവാന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. ഈ ഭരണക്രമം വലിയ മാറ്റങ്ങളൊന്നും കൂടാതെ വളരെക്കാലം തുടര്‍ന്നു.

1832-ല്‍ മൈസൂര്‍ രാജ്യത്തിന്റെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനി നേരിട്ട് ഏറ്റെടുത്തു. 1868-ല്‍ ഭരണം രാജകുടുംബത്തിനു തിരിച്ചു നല്‍കുന്നതുവരെയുള്ള കാലത്തു കമ്പനി ഉദ്യോഗസ്ഥന്മാര്‍ മൈസൂര്‍ ഭരണത്തില്‍ പല പ്രധാന പരിഷ്കാരങ്ങളും വരുത്തിയിരുന്നു. ഇക്കാലമത്രയും ഭരണം തന്റെ കുടുംബത്തിനു വീണ്ടുകിട്ടുന്നതിനു വേണ്ടി രാജാവു തുടര്‍ച്ചയായ നിവേദനങ്ങള്‍ നടത്തുകയുണ്ടായി. 1868 മാ. 28-ന് മൈസൂര്‍ ഭരണം വീണ്ടും ഉടയാര്‍ കുടുംബത്തിനു തന്നെ തിരിച്ചു കിട്ടി. ചാമരാജേന്ദ്ര ഉടയാര്‍ മൈസൂര്‍ രാജാവായി പ്രഖ്യാപിക്കപ്പെട്ടു.

കൃഷ്ണരാജ ഉടയാര്‍ IV (1885-1940). ചാമരാജേന്ദ്ര ഉടയാരുടെ മരണശേഷം കൃഷ്ണരാജ ഉടയാര്‍ IV സിംഹാസനാരൂഢനായെങ്കിലും, പത്തു വയസ്സുള്ള ബാലനായിരുന്നതിനാല്‍, ഒരു റീജന്‍സി കൗണ്‍സിലാണ് 1902 വരെയുള്ള ഭരണം നടത്തിയത്. 1902-ല്‍ കൃഷ്ണരാജ ഉടയാര്‍ ഭരണം സ്വയം കൈയേറ്റു. ഇദ്ദേഹത്തിന്റെ ഭരണാരംഭത്തില്‍ തന്നെ വമ്പിച്ച ഭരണ പരിഷ്കാരങ്ങള്‍ നടപ്പിലാക്കപ്പെട്ടു. കാവേരീതടപദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ ഇക്കാലത്താണു നടപ്പിലാക്കിയത്. 1905-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് സ്ഥാപിക്കപ്പെട്ടു. 1908-09-ല്‍ കാവേരീതടപദ്ധതിയുടെ മൂന്നാം ഘട്ടവും പൂര്‍ത്തിയാക്കി. 1911-12-ല്‍ കൃഷ്ണരാജസാഗര്‍ പദ്ധതിയുടെ പ്രാരംഭം കുറിച്ചു. കാവേരീതട പദ്ധതിയുടെ നാലാംഘട്ടം 1914-ല്‍ പൂര്‍ത്തിയാക്കി. ഭരണത്തില്‍ ജനപങ്കാളിത്തം ഉറപ്പിക്കുന്നതിനു വേണ്ടി ഗ്രാമപ്പഞ്ചായത്തുകളിലും ജില്ലാ ബോര്‍ഡുകളിലും മുന്‍സിപ്പാലിറ്റികളിലും ജനപ്രതിനിധികള്‍ക്കു വേണ്ടത്ര അധികാരം നല്‍കി. 1907-ല്‍ മൈസൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കരിച്ചു.

കൃഷ്ണരാജ ഉടയാര്‍ IV

ക്ഷാമബാധയെ തടയുന്നതിനുവേണ്ടി കൃഷി അഭിവൃദ്ധിപ്പെടുത്തുകയും രാജ്യത്തുടനീളം റോഡുകളും തീവണ്ടിപ്പാതകളും നിര്‍മിക്കുകയും ചെയ്തു. 1893-ല്‍ ബാംഗ്ലൂര്‍- ഹിന്ദുപൂര്‍ തീവണ്ടിപ്പാത പൂര്‍ത്തിയായതോടുകൂടി മൈസൂറില്‍ 315 മൈല്‍ റെയില്‍വേ ലൈനുകളുണ്ടായി. ജലസേചന പദ്ധതികളിലും വേണ്ടത്ര ശ്രദ്ധ ചെലുത്തപ്പെട്ടു. 1858 ച. മൈല്‍ സ്ഥലംകൂടി ജലസേചന പദ്ധതിയിന്‍ കീഴില്‍ കൊണ്ടുവന്നു. ജലസേചനത്തിനായി കിണറുകള്‍ കുഴിച്ച് 7000 ഏക്കര്‍ നിലം ജലസേചിതമാക്കാന്‍ ഏര്‍പ്പാടുണ്ടാക്കി.

സര്‍ വിശ്വേശ്വരയ്യ ദിവാനായിരുന്ന കാലത്ത് (1912-18) വ്യവസായത്തിനും വാണിജ്യത്തിനും വമ്പിച്ച ഉത്തേജനം ലഭിച്ചു. കാവേരീതടപദ്ധതിയുടെ അഞ്ചാംഘട്ടം 1916-ല്‍ പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂര്‍, മൈസൂര്‍ നഗരങ്ങളിലെ വൈദ്യുതി ആവശ്യം പൂര്‍ണമായും നിറവേറ്റാന്‍ സാധിച്ചു. തീവണ്ടിപ്പാതയുടെ നിര്‍മാണത്തിലും ശ്രദ്ധേയമായ പുരോഗതി ഇക്കാലത്തുണ്ടായി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വിപുലീകരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. 1916-ല്‍ മൈസൂര്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടു.

1926-ല്‍ ദിവാനായി നിയമിക്കപ്പെട്ട സര്‍ മിര്‍സാ ഇസ്മായിലിന്റെ കാലത്തും വമ്പിച്ച പുരോഗതിയുണ്ടായി. കാര്‍ഷികാഭിവൃദ്ധിക്കായി ഭൂപണയ ബാങ്കുകള്‍ സ്ഥാപിക്കുകയും കാര്‍ഷിക ഋണാശ്വാസനിയമം പാസാക്കുകയും ചെയ്തു. 1926-ല്‍ മലനാടു പ്രദേശത്ത് ഒരു രോഗവിവര സര്‍വേ നടത്തുകയുണ്ടായി.

1927 ഫെബ്രുവരിയില്‍ നടപ്പിലാക്കിയ മൈസൂര്‍ ഡിസ്റ്റ്രിക്റ്റ് ബോര്‍ഡ് റെഗുലേഷന്‍ ജില്ലാ ബോര്‍ഡുകള്‍ക്കു വിപുലമായ അധികാരങ്ങള്‍ നല്കി. പുതിയ ഗ്രാമപ്പഞ്ചായത്തു റെഗുലേഷന്‍ പ്രകാരം ഗ്രാമപ്പഞ്ചായത്തുകളെ നേരിട്ടു റവന്യു ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലാക്കി.

1927 ആഗസ്റ്റില്‍ രാജാവിന്റെ ഭരണരജതജൂബിലി സമുചിതമായി ആഘോഷിക്കപ്പെട്ടു. 1940-ല്‍ കൃഷ്ണ രാജ ഉടയാര്‍ IV ചരമം പ്രാപിച്ചു.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍