This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണയ്യര്‍, ഘനം (19-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണയ്യര്‍, ഘനം (19-ാം ശ.)

പത്തൊമ്പതാം ശതകത്തില്‍ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന കര്‍ണാടക സംഗീതജ്ഞനും തമിഴ്പദ സാഹിത്യ കര്‍ത്താവും. ഘനം അഥവാ താനം പാടുന്നതില്‍ അതിവൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇദ്ദേഹം ഘനം കൃഷ്ണയ്യര്‍ എന്നറിയപ്പെട്ടിരുന്നത്. വിസ്താരമായി രാഗാലാപനം നടത്തിയതിനുശേഷം ത, അ, നം എന്നീ അക്ഷരങ്ങളുപയോഗിച്ചു മധ്യകാലത്തില്‍ പാടി രാഗത്തിന്റെ സ്വരൂപത്തെ പൂര്‍ണമായി അവതരിപ്പിക്കുന്നതാണ് താനം അഥവാ ഘനം.

കൃഷ്ണയ്യര്‍ തിരുച്ചിറപ്പള്ളിക്കടുത്തുള്ള പെരിയതിരുക്കുന്റത്തില്‍ രാമസ്വാമി അയ്യരുടെ മകനായി ജനിച്ചു. പച്ചിമിരിയം ആദിയപ്പയ്യായുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. പിന്നീട്, ബൊബ്ബിലി കേശവയ്യ എന്ന പ്രസിദ്ധ സംഗീതജ്ഞനുമായി പരിചയപ്പെടുകയും അദ്ദേഹത്തില്‍ നിന്നും ഘനം പാടുന്നതിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സര്‍വാദരണീയനായിത്തീര്‍ന്ന ഈ സംഗീതജ്ഞന്‍ തഞ്ചാവൂരിലെ സംസ്ഥാന വിദ്വാനായിരുന്നു.

കര്‍ണാടക സംഗീതലോകത്തിനു കിട്ടിയ വളരെ വിലപ്പെട്ട സംഭാവനകളാണ് ഇദ്ദേഹത്തിന്റെ തമിഴ് പദങ്ങള്‍. തെലുഗു പദസാഹിത്യ കര്‍ത്താവായ ക്ഷേത്രജ്ഞനു തുല്യനായി ഇദ്ദേഹം ആദരിക്കപ്പെടുന്നു. മനോഹരങ്ങളായ ആശയങ്ങള്‍കൊണ്ടും ആത്മപ്രഹര്‍ഷങ്ങളായ ഭാവങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഈ പദങ്ങള്‍. നൃത്തത്തിലെ അഭിനയ ആവിഷ്കാരത്തിന് വളരെ അനുയോജ്യമായവയാണിവ. ഭൈരവി രാഗത്തിലുള്ള 'വേലവരേ', കല്യാണിരാഗത്തിലുള്ള 'പാരെങ്കും പാര്‍ത്താലും' 'മാതേ അവര്‍ ശെയ്ദ വഞ്ചനൈ, 'ജഗജ്ജനനി തുടങ്ങുന്ന പദങ്ങള്‍ ഇദ്ദേഹത്തിന്റെ വ്യക്തിത്വമാര്‍ന്ന രചനാ പാടവത്തിന്റെയും അതുല്യമായ സംഗീതാവബോധത്തിന്റെയും ഉത്തമ നിദര്‍ശനങ്ങളാണ്.

'വേലവ', 'മുത്തുക്കുമാര', 'സുബ്രഹ്മണ്യ' മുതലായ മുരുകന്റെ പര്യായങ്ങളാണ് ഇദ്ദേഹത്തിന്റെ രചനകളിലെ മുദ്രകള്‍. ഇദ്ദേഹം അനവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ ദേവതകളെ പ്രകീര്‍ത്തിച്ചുകൊണ്ടു പദങ്ങളും ഭക്തിഗാനങ്ങളും രചിക്കുകയും ചെയ്തിട്ടുണ്ട്.

(പി. രവികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍