This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമേനോന്‍, പി.എം. (1904 - 44)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമേനോന്‍, പി.എം. (1904 - 44)

സ്വതന്ത്രസമരസേനാനി. ഏറനാട്ടു താലൂക്കിലെ വെലിപ്രം അംശം ദേശത്ത് കുട്ടികൃഷ്ണമേനോന്റെയും അമ്മാളു അമ്മയുടെയും മകനായി 1904-ല്‍ ജനിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം സംസ്കൃതം പഠിച്ചുകൊണ്ടിരിക്കേ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായി. 1924-ല്‍ പൊന്നാനി താലൂക്കിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കെ.പി.സി.സി.യുടെ ആഭിമുഖ്യത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം വ്യാപൃതനായിരുന്നു. യുവജനങ്ങളില്‍ രാഷ്ട്രീയബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടുകൂടി 1926-ല്‍ രാമനാട്ടുകരയില്‍ ഒരു വായനശാലയും സംസ്കൃതസ്കൂളും സ്ഥാപിച്ചു.

വളരെയേറെ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ട് ഏറനാട്ടിലും വള്ളുവനാട്ടിലും കോണ്‍ഗ്രസ്സിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം സജീവ നേതൃത്വം നല്കി. 1930-ല്‍ ഉപ്പു സത്യഗ്രഹവുമായി ബന്ധപ്പെട്ട് കോഴിക്കോടു കളക്ടറേറ്റില്‍ ദേശീയ പതാക നാട്ടിയതിന് ആറു മാസത്തെ കഠിന തടവിന് ഇദ്ദേഹം ശിക്ഷിക്കപ്പെടുകയുണ്ടായി. 1931-ല്‍ മദ്യഷാപ്പു പിക്കറ്റിങ്ങില്‍ പങ്കെടുത്ത ഇദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചു. ജയില്‍ വിമുക്തനായ ശേഷവും സജീവ രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന ഇദ്ദേഹം 1938-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റായും 1939-ല്‍ കമ്യൂണിസ്റ്റായും മാറി. 1944 സെപ്തംബറില്‍ ഇദ്ദേഹം അന്തരിച്ചു. കൃഷ്ണമേനോന്റെ സ്മാരകമായി 1969-ല്‍ രാമനാട്ടുകരയില്‍ ഒരു വായനശാല സ്ഥാപിതമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍