This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമൂര്‍ത്തിശാസ്ത്രി, ശ്രീപാദ (1866 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമൂര്‍ത്തിശാസ്ത്രി, ശ്രീപാദ (1866 - 1960)

തെലുഗുകവി. രാജമഹേന്ദ്രവരമെന്ന നഗരത്തില്‍ വസിച്ചിരുന്ന ഇദ്ദേഹം സംസ്കൃതത്തിലും തെലുഗുവിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നു. ആധുനിക ചിന്താഗതികൊണ്ടു പ്രഭാവിതനായിരുന്നെങ്കിലും ഇദ്ദേഹം പരമ്പരാഗതമായ കവിതാ മാര്‍ഗത്തെത്തന്നെയാണ് അവലംബിച്ചത്. ആന്ധ്ര സര്‍ക്കാര്‍ ആസ്ഥാന കവിയായും കേന്ദ്ര സര്‍ക്കാര്‍ പ്രതിഷ്ഠിത സംസ്കൃത പണ്ഡിതനായും ഇദ്ദേഹത്തെ അംഗീകരിച്ചു ബഹുമാനിച്ചിട്ടുണ്ട്.

ഇരുന്നൂറോളം കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ മഹാഭാരതമു, ശ്രീകൃഷ്ണ രാമായണമു, ശ്രീകൃഷ്ണ മഹാഭാഗവതമു, ഗണേശ പുരാണമു എന്നിവ പുരാണ സംബന്ധികളായ കൃതികളും ഗൗതമീ മഹാത്മ്യമു, ഗജാനന വിജയമു, ശ്രീകൃഷ്ണ കവിരാജീയമു മുതലായവ കാവ്യങ്ങളുമാണ്. ബോബ് ബിലിയുദ്ധമു, വേണീ സംഹാരമു, കളഭാഷിണി മുതലായ നാടകങ്ങളും സംസ്കൃത കവിജീവിതമുലു, തെനാലിരാമകൃഷ്ണ ചരിത്രമു മുതലായ ജീവചരിത്ര കൃതികളും മഹാഭാരത ചരിത്ര നിരാകരണമു, മഹാഭാരത ചരിത്ര വിമര്‍ശനമു മുതലായ നിരൂപണ ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ കൃതികളില്‍പ്പെടുന്നു. ഇദ്ദേഹം ഗൗതമീ, വജ്റായുധമു, മാനവസേവാ മുതലായ പത്രങ്ങളുടെ സമ്പാദകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആത്മകഥ, പ്രഹസനം, നാടകം, വിമര്‍ശനം എന്നീ വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ ആധുനിക ചിന്താഗതി സ്പഷ്ടമായി കാണുന്നു. കലാ പ്രപൂര്‍ണന്‍, മഹാ മഹോപാധ്യായന്‍ മുതലായ ബഹുമതിബിരുദങ്ങളാലും ഇദ്ദേഹം സമ്മാനിതനാണ്.

താളിന്റെ അനുബന്ധങ്ങള്‍