This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ വൈദ്യന്‍, സി. (1877-1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ വൈദ്യന്‍, സി. (1877-1937)

വൈദ്യനും വൈദ്യഗ്രന്ഥകര്‍ത്താവും. 1053 തുലാം 30-ന് പാണാവള്ളിയില്‍ ജനിച്ചു. അനന്തപുരത്ത് മൂത്തകോയിത്തമ്പുരാനില്‍നിന്നും ആയുര്‍വേദം പഠിച്ച ഇദ്ദേഹം തുടര്‍ന്ന് വൈദ്യവൃത്തി സ്വീകരിച്ചു. നിദാനചിന്തയിലും പഞ്ചകര്‍മക്രിയകളിലും വിശേഷിച്ച് വസ്തിക്രിയകളിലും അതിവിദഗ്ധനായിരുന്നു കൃഷ്ണന്‍വൈദ്യര്‍. ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥശിഷ്യന്മാരില്‍ ഒരാളായിത്തീര്‍ന്ന ഇദ്ദേഹം ആലുവാ അദ്വൈതാശ്രമത്തിന്റെയും കോടംതുരുത്തു കളിയാംപറമ്പു പ്രൈമറിസ്കൂളുകളുടെയും എറണാകുളം വിദ്യാര്‍ഥിസദനത്തിന്റെയും സ്ഥാപനത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാണാവള്ളി ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിപ്പിക്കുന്നതിന് ഇദ്ദേഹം നേതൃത്വം കൊടുത്തു. നിരവധി ചെറുകിട വ്യവസായസംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഇദ്ദേഹമാണ് അഞ്ചുതെങ്ങില്‍ നിന്നു കയര്‍ പിരിക്കുന്ന റാട്ട് കൊണ്ടുവന്ന് ചേര്‍ത്തലയില്‍ ആദ്യമായി സ്ഥാപിച്ചത്. മൂന്നു പ്രാവശ്യം ഇദ്ദേഹം ശ്രീമൂലം പ്രജാസഭാമെമ്പറായി നോമിനേറ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഗുരുദേവന്റെ ചികിത്സാര്‍ഥം കൃഷ്ണന്‍ വൈദ്യന്‍ വര്‍ക്കലയില്‍ താമസിക്കുകയും ഗുരുദേവനില്‍ നിന്ന് സമ്മാനമായി പട്ടും പവനും നേടുകയും ചെയ്തിട്ടുണ്ട്.

വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കവേ സത്യഗ്രഹസന്നദ്ധഭടന്മാര്‍ക്കുവേണ്ടി ഇദ്ദേഹം എഴുതിയ

"വരികവരികസഹജരേ

പതിതരില്ല മനുജരില്‍

എന്നു തുടങ്ങുന്ന സമരഗാനം സുപ്രസിദ്ധമാണ്. വസ്തിപ്രദീപം, കാന്തോപദേശം, സ്നേഹപാനവിധി എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതര കൃതികള്‍. 1937 ഏ. 27-ന് (1112 മേടം 15) സി. കൃഷ്ണന്‍ വൈദ്യര്‍ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍