This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, ശാന്തിനികേതനം (1922 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, ശാന്തിനികേതനം (1922 - 97)

സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും. 1922 ജൂണില്‍ തിരുവനന്തപുരത്തെ ആര്യനാട് ജനിച്ചു. വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച ഇദ്ദേഹം 1943-ല്‍ ടാഗൂറിന്റെ വിശ്വഭാരതിയില്‍ ചേര്‍ന്നു. അവിടത്തെ അന്തേവാസിയായിരിക്കെ ഗാന്ധിജിയുമായി അടുത്ത് പരിചയപ്പെടുകയും തുടര്‍ന്ന് സേവാഗ്രാമില്‍ നിന്ന് അടിസ്ഥാനവിദ്യാഭ്യാസം നേടുകയും ചെയ്തു. സാമൂഹികപുരോഗതിക്കും രാഷ്ട്രപുരോഗതിക്കും അടിസ്ഥാന ജനതയുടെ വിദ്യാഭ്യാസ ഉന്നമനം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തി അടിസ്ഥാന വിദ്യാഭ്യാസരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു.

1948-ല്‍ കാലടിയില്‍ ഗാന്ധിസേവാഗ്രാം സ്ഥാപിച്ച ഇദ്ദേഹം ഭൂദാനപ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആശ്രമവും കെട്ടിടവും ശ്രീശങ്കരാ കോളജ് സ്ഥാപിക്കുന്നതിനായി വിട്ടുകൊടുത്തു. പിന്നീട് തമിഴ്നാട്ടിലെ മൈലാപൂരില്‍ ഗാന്ധി പീസ് സെന്റര്‍ സ്ഥാപിച്ച ഇദ്ദേഹം 1962-63-ലെ ചൈനീസ് ആക്രമണകാലത്ത് സര്‍വസേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഹിമാലയന്‍ അതിര്‍ത്തിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ബാംഗ്ലാദേശ് യുദ്ധകാലത്തും അഭയാര്‍ഥികള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങളുമായി കൃഷ്ണന്‍നായര്‍ സജീവമായിരുന്നു. 1970-ല്‍ ഗാന്ധി പീസ് ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാജ്ഘട്ട് സ്കൂള്‍ ഒഫ് നോണ്‍ വയലന്‍സിന്റെ ഡയറക്ടറായി നിയമിതനാവുകയും ദക്ഷിണേന്ത്യയില്‍ സ്കൂള്‍ ഒഫ് നോണ്‍ വയലന്‍സ് സംഘടിപ്പിക്കുകയും ചെയ്തു. അഖിലേന്ത്യാ 'ഹരിജന്‍ സേവക് സംഘ'ത്തിന്റെ കേരള ശാഖാ പ്രസിഡന്റും സമാധാനത്തിനുള്ള ലോകമതങ്ങളുടെ കൌണ്‍സില്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുരുദേവ് ടാഗൂര്‍, ഗാന്ധിജിയും ആധുനിക ദാര്‍ശനികരും, ഗാന്ധിജിക്കുശേഷം, ഇന്ത്യ ജീവിക്കുന്നു, ബാപ്പു, വിനോബാ ഭാവേ, ഭൂദാനപ്രസ്ഥാനം, നക്ഷത്രങ്ങള്‍, ഹിമാലയ പര്യടനം, ഇന്ത്യ അമേരിക്കയില്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ സാഹിത്യരചനകള്‍.

1997 മാ. 7-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍