This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, എസ്. (1917 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, എസ്. (1917 - 84)

എസ്. കൃഷ്ണന്‍ നായര്‍

മലയാള സാഹിത്യവിമര്‍ശകനും വിവര്‍ത്തകനും. ഡോ. എസ്.കെ. നായര്‍ എന്ന പേരിലാണ് ഇദ്ദേഹം സാഹിത്യലോകത്ത് അറിയപ്പെടുന്നത്.

ആലുവയില്‍ എലഞ്ഞിക്കോടത്തു നാരായണപിള്ളയുടെയും കുന്നത്തുവീട്ടില്‍ കല്യാണി ലക്ഷ്മി അമ്മയുടെയും മകനായി 1917 മാ. 26-ന് ഇദ്ദേഹം ജനിച്ചു. ഇന്റര്‍മീഡിയറ്റിനുശേഷം കുറേക്കാലം നാട്ടില്‍ സ്കൂളധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്നു മദ്രാസ് സര്‍വകലാശാലയുടെ വിദ്വാന്‍ പരീക്ഷ ഒന്നാം റാങ്കോടെ പാസായ ഇദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ബി.ഒ.എല്‍. (പില്ക്കാലത്ത് എം.എം. ആയി രൂപാന്തരപ്പെടുത്തി) ബിരുദവും, 1951-ല്‍ പിഎച്ച്.ഡി.യും സമ്പാദിച്ചു. പല സ്കൂളുകളിലായി അധ്യാപകവൃത്തി അനുഷ്ഠിച്ചിട്ടുള്ള എസ്.കെ. തിരുനെല്‍വേലി ഹിന്ദു കോളജ്, മദ്രാസ് പ്രസിഡന്‍സി കോളജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ചുരുങ്ങിയകാലം ലക്ചററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയകേരളത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കവേ മദിരാശി സര്‍വകലാശാലയില്‍ മലയാളവിഭാഗത്തില്‍ അധ്യാപകനായും മലയാള വിഭാഗം തലവനായും നിയമിതനായി. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും പിരിഞ്ഞശേഷം ഒരു വര്‍ഷം (1980) കേരള സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

കേരളീയകലകളുടെ പഠനത്തില്‍ അതീവതത്പരനായ എസ്.കെ. നാടോടിനാടകങ്ങള്‍, തുള്ളല്‍പ്പാട്ടുകള്‍ തുടങ്ങിയവയെക്കുറിച്ചു നടത്തിയിട്ടുള്ള ഗവേഷണ പഠനങ്ങള്‍ വിലയേറിയവയാണ്. വിവിധ സാഹിത്യവിഭാഗങ്ങളിലായി ഏതാണ്ട് അറുപതോളം കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. കേരളത്തിലെ നാടോടിനാടകങ്ങള്‍, സംസ്കാരകേദാരം, നര്‍മസല്ലാപം, വിചാരമഞ്ജരി, ശരിയും തെറ്റും, കലാചിന്തകള്‍, ഭാഷാവൃത്തമഞ്ജരി തുടങ്ങിയ പഠനങ്ങളും മേയര്‍ നായര്‍, അയ്യപ്പന്‍, കള്ളനാണയം എന്നീ നോവലുകളും, ദ് ഫോക്ഡാന്‍സസ് ഒഫ് കേരള, ദി ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ ഒഫ് കഥകളി, എ ഷോര്‍ട്ട് ഹിസ്റ്ററി ഒഫ് മലയാളം ലാങ്ഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ദ് ദ്രവീഡിയന്‍ പ്രോവര്‍ബ്സ് തുടങ്ങിയ ഇംഗ്ലീഷ് ഗ്രന്ഥങ്ങളും ഞാന്‍ കണ്ട സാഹിത്യകാരന്മാര്‍ (തൂലികാചിത്രം), മറക്കാത്ത കഥകള്‍ (ആത്മകഥ) തുടങ്ങിയ മലയാള കൃതികളും ശ്രദ്ധേയമാണ്. നിരൂപണപഠനം, വ്യാഖ്യാനം, നാടകം തുടങ്ങിയ രംഗങ്ങളിലും ഇദ്ദേഹം മികച്ച സംഭാവനകള്‍ നല്കി. തമിഴില്‍ നിന്നു മലയാളത്തിലേക്കും തിരിച്ചും നിരവധി കൃതികള്‍ ഇദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മറക്കാത്ത കഥകള്‍ എന്ന ആത്മകഥയ്ക്ക് 1973-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1984 ജനു. 2-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍