This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, എം. (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, എം. (1940 - )

കൃഷ്ണന്‍ നായര്‍.എം

തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടര്‍. 1963-ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം കരസ്ഥമാക്കിയ ഡോ. കൃഷ്ണന്‍നായര്‍, 1968-ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും എം.ഡി. ബിരുദം നേടി. പിന്നീട് 1972-ല്‍ ലണ്ടനിലെ റോയല്‍ കോളജ് ഒഫ് റേഡിയോളജിസ്റ്റില്‍ നിന്നും ക്ലിനിക്കല്‍ ഓങ്കോളജിയില്‍ എഫ്.ആര്‍.സി.ആര്‍. ബിരുദവും സ്വായത്തമാക്കി. തിരുവനന്തപുരത്തെ ആര്‍.സി.സി. സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹമാണ് ഇന്ത്യയിലാദ്യമായി അര്‍ബുദരോഗവുമായി ബന്ധപ്പെട്ട കമ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി എന്നീ ചികിത്സാ വിഭാഗങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുത്തത്. ഇന്ത്യയുടെ ദേശീയ അര്‍ബുദ നിയന്ത്രണ പദ്ധതിയിലെ വിദഗ്ധസംഘത്തില്‍ ഡോ. കൃഷ്ണന്‍നായര്‍ അംഗമായിരുന്നു. ഇതിനുപുറമേ ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ രോഗവിഭാഗത്തില്‍ ഒരു ദശാബ്ദത്തോളം ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അര്‍ബുദ രോഗികള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി-കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്- എന്ന പേരില്‍ ആര്‍.സി.സി. കേന്ദ്രമാക്കി ആരംഭിച്ചതും ഇദ്ദേഹമാണ്. കാന്‍സര്‍ രോഗബാധ പ്രാരംഭദിശയില്‍ ത്തന്നെ കണ്ടുപിടിച്ച് ചികിത്സ നടത്തുന്നതിനും, ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ആശ്വാസമേകുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിനും ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. നിലവില്‍ (2012) ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ടെക്നിക്കല്‍ ഗ്രൂപ്പില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ സ്റ്റാന്‍ഫോര്‍ഡ്, സതേണ്‍ കാലിഫോര്‍ണിയ എന്നീ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്.

ദേശീയതലത്തില്‍ അസോസിയേഷന്‍ ഒഫ് റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്സ് ഒഫ് ഇന്ത്യയുടെ പ്രസിഡന്റ്, ഐ.സി.എം.ആര്‍ ശാസ്ത്ര ഉപദേശകസമിതി അംഗം, ആണവോര്‍ജ മന്ത്രാലയത്തിന്റെ റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്നോളജി ബോര്‍ഡിലെ അംഗം എന്നീ പദവികളും ഡോ. കൃഷ്ണന്‍ നായര്‍ വഹിക്കുന്നു.

കേരളത്തിലെ വിവിധ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള കൃഷ്ണന്‍ നായര്‍, 1981 മുതല്‍ 2003 വരെ ആര്‍.സി.സി.യുടെ ഡയറക്ടറായിരുന്നു. ഇപ്പോള്‍ (2012) കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ക്ളിനിക്കല്‍ ഓങ്കോളജി പ്രൊഫസറും തിരുവനന്തപുരം എസ്.യു.റ്റി. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജിയിലെ ഡയറക്ടറുമായി സേവനമനുഷ്ഠിച്ചുവരുന്നു.

ഇദ്ദേഹം ആര്‍.സി.സി. ഡയറക്ടറായിരിക്കെ 1999- 2000 കാലയളവില്‍ അമേരിക്കയിലെ ഹോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുമായി സഹകരിച്ച് ആര്‍.സി.സി. യിലെ രോഗികളില്‍ നടത്തിയ മരുന്നുപരീക്ഷണം, അക്കാലത്ത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 300-ഓളം ശാസ്ത്രപ്രബന്ധങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.സി.എം.ആറിന്റെ സാന്റോസ് ഒറേഷന്‍ അവാര്‍ഡ് (1989), ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വിമലഷാ പുരസ്കാരം (1991), വൈദ്യശാസ്ത്രരംഗത്തെ സമഗ്രസംഭാവനയ്ക്ക് 1993-ലെ ഭീഷ്മാചാര്യ അവാര്‍ഡ്, ജനീവയിലെ ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗെയ്ന്‍സ്റ്റ് കാന്‍സറിന്റെ റോള്‍ ഒഫ് ഓണര്‍ അവാര്‍ഡ് (1996) എന്നിവ ഡോ. കൃഷ്ണന്‍നായര്‍ക്ക് ലഭിച്ച പുരസ്കാരങ്ങളില്‍ ചിലതാണ്.

വൈദ്യശാസ്ത്രരംഗത്ത് ഡോ. കൃഷ്ണന്‍നായര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍