This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, എം. (1923 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, എം. (1923 - 2006)

എം.കൃഷ്ണന്‍ നായര്‍

മലയാളവിമര്‍ശനസാഹിത്യകാരന്‍. 1923 മാ. 3-ന് വി.കെ. മാധവന്‍പിള്ളയുടെയും എല്‍. ശാരദാമ്മയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് 1945-ല്‍ ബി.എ. ഓണേഴ്സ് (മലയാളം) ബിരുദം നേടിയശേഷം ഏതാണ്ട് അഞ്ചുവര്‍ഷക്കാലം സെക്രട്ടേറിയറ്റില്‍ ക്ലാര്‍ക്കായി ഉദ്യോഗം നോക്കി. പിന്നീട് കൊളീജിയേറ്റ് എഡ്യൂക്കേഷന്‍ സര്‍വീസില്‍ ലക്ചററായി പ്രവേശിച്ച കൃഷ്ണന്‍നായര്‍ തിരുവനന്തപുരം സംസ്കൃതകോളജിലും യൂണിവേഴ്സിറ്റി കോളജിലും ചിറ്റൂര്‍, എറണാകുളം കോളജുകളിലും ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിക്കുകയുണ്ടായി. 1978-ല്‍ സര്‍വീസില്‍നിന്നും വിരമിച്ചു. മുഖംനോക്കാതെ അഭിപ്രായം പറയുന്ന വിമര്‍ശകന്‍ എന്ന് കൃഷ്ണന്‍ നായരെ വിശേഷിപ്പിക്കാം. അഗാധമായ ചിന്തയും സ്വതന്ത്രമായ അഭിപ്രായപ്രകടനവും രൂക്ഷമായ ശൈലിയും സ്വായത്തമായിട്ടുള്ള ഇദ്ദേഹം മലയാള വിമര്‍ശനരംഗത്ത് ഒരേകാന്തപഥികനായിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളിലെ സാഹിത്യ പ്രവണതകളും മറ്റും മലയാളികളെ പരിചയപ്പെടുത്തുന്നതിലും ഇദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ആധുനികമലയാളകവിത, കലാസങ്കല്പങ്ങള്‍ തുടങ്ങിയ കൃതികള്‍ക്കു പുറമേ ഒട്ടധികം ലേഖനങ്ങളും പഠനങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി സമാഹരിക്കപ്പെടാതെ കിടക്കുന്നു. നിരന്തരമായ അധ്യയനവും മനനവുംകൊണ്ടു നേടിയ വിജ്ഞാനസമ്പത്തിന്റെ കലവറയാണ് ഇദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും. 'സാഹിത്യവാരഫലം' എന്ന പംക്തി മലയാളനാട്, കലാകൗമുദി, മലയാളം വാരികകളില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു. മലയാള വിമര്‍ശനരംഗത്തു ശ്രദ്ധേയനായിരുന്ന ഇദ്ദേഹം 2006 ഫെബ്രുവരി 23-ന് അന്തരിച്ചു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍