This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, രമേശ് (1961 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, രമേശ് (1961 - )

രമേശ് കൃഷ്ണന്‍

ഇന്ത്യന്‍ ടെന്നീസ് താരം. 1961 ജൂണ്‍ 5-ന് മുന്‍ ഇന്ത്യന്‍ ടെന്നീസ് താരമായ രാമനാഥന്‍ കൃഷ്ണന്റെ മകനായി ചെന്നൈയില്‍ ജനിച്ചു. 1979-ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ടായിരുന്നു പിതാവിന്റെ പാതയിലേക്കുള്ള രമേശ് കൃഷ്ണന്റെ കടന്നുവരവ്. ഇതേവര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ പട്ടവും നേടുകവഴി ജൂനിയര്‍ വിഭാഗത്തില്‍ ലോക ഒന്നാംനമ്പര്‍ താരമായി ഇദ്ദേഹം ഉയര്‍ന്നു.

സീനിയര്‍ തലത്തില്‍ ഒരുതവണയും (1986) യു.എസ്. ഓപ്പണില്‍ രണ്ടുതവണയും (1981, 87) ഇദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തുകയുണ്ടായി. കളിയുടെ വിവിധ തലങ്ങളില്‍ രമേശ് തന്റെ പാടവം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എതിരാളിയെ നിഷ്പ്രഭമാക്കാവുന്ന സ്ട്രോക്കുകളോ അതിശക്തമായ സര്‍വീസുകളോ തൊടുക്കുന്നതിലുള്ള ആധികാരികതയില്ലായ്മയുമാണ് രമേശിന് ടെന്നീസിന്റെ ഉന്നതതലത്തില്‍ എത്തുന്നതിന് വിഘാതമായത്.

1987-ലെ ഡേവിസ് കപ്പില്‍ ഫൈനലില്‍ ടീം എത്തിയ ഇന്ത്യന്‍ ടെന്നീസ് ടീമിലെ നിര്‍ണായക കളിക്കാരനായിരുന്നു രമേശ്. ആസ്റ്റ്രേലിയയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഇദ്ദേഹം ജോണ്‍ ഫിറ്റ്സ് ജൊറാള്‍ഡിനെയും വാലി മേസറിനെയും തോല്പിക്കുകയുണ്ടായി. എന്നാല്‍ ഫൈനലില്‍ സ്വീഡനെതിരെ ഇദ്ദേഹം 5-0-ത്തിന് പരാജയപ്പെട്ടു. 1977-93 കാലഘട്ടത്തില്‍ ഇന്ത്യയുടെ ഡേവിസ് കപ്പ് താരമായിരുന്ന കൃഷ്ണന്‍ 29-21 എന്ന വിജയറെക്കോഡ് (23-19 സിംഗിള്‍സിലും 6-2 ഡബിള്‍സിലും) സ്വന്തമാക്കിയിരുന്നു. 1992-ലെ ബാര്‍സിലോണാ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ലിയാന്‍ഡര്‍പേസ്-രമേശ് കൃഷ്ണന്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുകയുണ്ടായി.

1993-ല്‍ ഇദ്ദേഹം പ്രൊഫഷണല്‍ ടെന്നീസില്‍നിന്നും വിടവാങ്ങി. തന്റെ കായികജീവിതത്തിലാകെ എട്ട് സിംഗിള്‍സ് കിരീടവും ഒരു ഡബിള്‍സും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1985 ജനുവരിയില്‍ ലോക 23-ാം നമ്പര്‍ താരമെന്ന നിലയില്‍ വരെ ഇദ്ദേഹം ഉയരുകയുണ്ടായി. ഇന്ത്യന്‍ ടെന്നീസ്രംഗത്തെ ഇദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് 1998-ല്‍ ഭാരത സര്‍ക്കാര്‍ രമേശ് കൃഷ്ണന് പദ്മശ്രീ നല്‍കി ആദരിച്ചു. 2007-ല്‍ ഡേവിസ് കപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഇദ്ദേഹം നിലവില്‍ (2013) ചെന്നൈയിലും അമേരിക്കയിലുമായി ഓരോ ടെന്നീസ് അക്കാദമി നടത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍